TopTop

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി യുഎഇ

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി യുഎഇ

ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സ്ഥിര താമസാനുമതി രേഖയായ ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി യുഎഇ. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും താമസരേഖ പുതുക്കി നല്‍കുന്നതാണ് ഗോള്‍ഡ് കാര്‍ഡ്. ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ് പ്രസിഡന്റ് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നാണ് റൊണാള്‍ഡോ വിസ ഏറ്റുവാങ്ങിയത്. 2019 ഡിസംബറില്‍ ദുബായ് ഗ്ലോബ് സോക്കര്‍ അവാര്‍ഡ് നേടിയ താരം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.എ.ഇയിലെ പതിവ് സന്ദര്‍ശകനാണ്.

അന്താരാഷ്ട്ര കായിക താരങ്ങളെ യുഎഇയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള യുഎഇ സര്‍ക്കാരിന്റെ ശ്രമഫലമായാണ് ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ക്രിസ്റ്റിയാനോയ്ക്ക് പുറമെ ആറു കായിക താരങ്ങള്‍ക്കു കൂടി ഗോള്‍ഡന്‍ വിസ അനുവദിച്ചിട്ടുണ്ട്. 2019 മെയിലാണ് മികച്ച കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് യുഎഇയിലെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അടങ്ങിയ ക്യാബിനറ്റ് അനുമതി നല്‍കുന്നത്.

ഇതുപ്രകാരം മികച്ച കായികതാരങ്ങള്‍, ബിസിനസ് വ്യക്തികള്‍, ശാസ്ത്രജ്ഞര്‍, പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കും. ലോകത്തെ മികച്ച കായിക താരങ്ങളെയും ബിസിനസ് ശക്തികളെയും യു.എ.ഇയില്‍ നിക്ഷേപം നടത്താന്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് 10 വര്‍ഷം യു.എ.ഇയില്‍ തുടര്‍ച്ചയായി താമസിക്കാം. ഈ കാലാവധിക്കു ശേഷം മെഡിക്കല്‍ ഇന്‍ഷുറന്‍സുകള്‍ പുതുക്കിയാല്‍ വീണ്ടും പത്തു വര്‍ഷം യു.എ.ഇയില്‍ സ്ഥിര താമസമാക്കാം.


Next Story

Related Stories