കരിപ്പൂരിൽ 18 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായവുമായി പ്രവാസി വ്യവസായി. അൽ ആദിൽ ട്രേഡിങ് ചെയർമാൻ ഡോ. ധനഞ്ജയ് ദത്താറാണ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. സഹായ ധനമായി 20 ലക്ഷം രൂപയാണ് ഡോ. ധനഞ്ജയ് ദത്താർ പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കായിരിക്കും സഹായം വിതരണം ചെയ്യുക.
മഹാരാഷ്ട്രയിലെ അഗോര സ്വദേശിയായ ധനഞ്ജയ് ദത്താർ ദുരിതമനുമഭിക്കുന്ന പ്രവാസികൾക്കായി നേരത്തെയും രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ്. ഇതിന് പിറകെയാണ് കോഴിക്കോട് അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാര്ക്കും സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ' കരിപ്പൂരിൽ അപകടത്തിൽ പെട്ടവരിൽ ഏറെയും ജോലി നഷ്ടപ്പെട്ടവരോ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരോ ആണ്. അവരെ ചെറുതായെങ്കിലും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തുക നൽകുന്നതെന്നാണ് ഡോ. ദത്താർ ഇതിനോട് പ്രതികരിച്ചത്.
സഹായം അർഹിക്കുന്നവർക്കായി ഈ സഹായം എത്തിക്കാൻ എയർ ഇന്ത്യയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിനെ പണം ഏൽപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകം കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായതിന് പിന്നാലെ പ്രവാസികളായ നിരാലംബരായ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാനായും ഡോ. ധനഞ്ജയ ദത്താർ ഇടപെട്ടിരുന്നു. പത്ത് ലക്ഷം ദിർഹത്തിലേറെ (ഏകദേശം രണ്ടുകോടി രൂപ)യാണ് അന്ന് അദ്ദേഹം ഇതിനായി നീക്കിവച്ചത്. ആയിരത്തിയെണ്ണൂറോളം പേരാണ് ഈ സഹായത്താൽ നാട്ടിലെത്തിയത്. സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം, കോവിഡ് പരിശോധനയ്ക്ക് അവസരം എന്നിവയ്ക്കായും അദ്ദേഹം ഇക്കാലയളവിൽ ഇടപെട്ടിരുന്നു.
ജിസിസി മേഖലയിലെ മികച്ച പത്ത് ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ഒരാളാണ് അൽ ആദിൽ ട്രേഡിങ് സിഎംഡി ഡോ. ധനഞ്ജയ് ദത്താർ. മസാല കിംഗ് എന്നറിയപ്പെടുന്ന ഡോ. ദത്തറിനെ 'ദി ഇന്ത്യൻ ബില്യണയർ ക്ലബ്' എന്ന് പേരിട്ടിരിക്കുന്ന പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ബിസിനസ് രംഗം സ്വപ്നം കാണുന്ന വ്യക്തികൾക്ക് ഏറെ പ്രചോദനമാണ് ധനഞ്ജയ് ദത്താറിന്റെ ജിവിതം. ബാല്യം ദാരിദ്ര്യത്തിലൂടെ കടന്നുപോയിയ ബാല്യത്തിൽ നിന്നും സ്വാശ്രയത്വവും കഠിനാധ്വാനവും കൊണ്ട് ശതകോടീശ്വരനായി വളർന്ന വ്യക്തിയാണ് അദ്ദേഹം. മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ വീടുതോറും ഫിനൈൽ, മസാലപ്പൊടികൾ എന്നിവ വിൽപ്പന നടത്തിക്കൊണ്ടായിരുന്നു അദ്ദേഹം വ്യവസായ രംഗത്തേക്ക് കടന്നുവരുന്നത്. ദുബായിൽ ആരംഭിച്ച ഒരു ചെറിയ പലചരക്ക് കടയിൽ തുടങ്ങിയ ബിസിനസ്സ് ജീവിതം പിന്നീട് ജീസിസിലെ വൻ വ്യവസായി എന്ന നിലയിലേക്ക് വളരുകയായിരുന്നു.