കോവിഡ് പശ്ചാത്തലത്തില്‍ വിസാ നിയമത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ ഇളവ് വരുത്തി യുഎഇ. വിസ, എന്‍ട്രി പെര്‍മിറ്റ്, ഐഡി കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുന്നത് നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അനുമതി നല്കി. ജൂലൈ 11 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫീസ് ജൂലൈ 12 മുതല്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ചുതുടങ്ങും.
രാജ്യത്തുള്ള സ്വദേശികള്‍, ജിസിസി പൗരന്മാര്, പ്രവാസികള്‍ എന്നിവര്‍ക്ക് തങ്ങളുടെ രേഖകള്‍ പുതുക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കും. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് നിന്ന താമസവിസക്കാര്‍ക്ക് മടങ്ങിയെത്താനും രേഖകള്‍ ശരിയാക്കാനും ഗ്രേസ് പിരിയഡ് അനുവദിക്കും. കോവിഡ് ഭീതിയൊഴിഞ്ഞ് കാര്യങ്ങള്‍ സാധാരണ നില കൈവരിക്കുന്ന സാഹചര്യത്തിലാണ് വിസ നിയമങ്ങളില്‍ പ്രഖ്യാപിച്ച മാറ്റങ്ങളില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും ഗ്രേസ് പിരിയഡ് തീരുമാനിക്കുക. ഈ കാലയളവില്‍ തിരിച്ചുവരുന്നവര്‍ക്ക് പിഴ ബാധകമായിരിക്കില്ല. എന്നാല്‍, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഫീസുകളും പിഴകളും ജൂലൈ 11 മുതല്‍ നിലവില്‍ വരും. നേരത്തേ ഡിസംബര്‍ വരെ കാലാവധി നീട്ടി നല്കിയ വിസിറ്റ് വിസക്കാര്‍ക്കും മറ്റും പുതിയ ഭേദഗതി ബാധകമാകുമോ എന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്.