TopTop

യുഎഇ കോടതി വിധി ഇന്ത്യയില്‍ നടപ്പാക്കാം; രാജ്യം വിട്ടവര്‍ കുടുങ്ങിയേക്കും

യുഎഇ കോടതി വിധി ഇന്ത്യയില്‍ നടപ്പാക്കാം; രാജ്യം വിട്ടവര്‍  കുടുങ്ങിയേക്കും

യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതായി റിപോര്‍ട്ടുകള്‍. യുഎഇയിലെ വിവിധ കേസുകളില്‍ അകപെട്ട് ഇന്ത്യയില്‍ എത്തിയവര്‍ക്കെതിരെ ബന്ധപ്പെട്ട ജില്ലാ കോടതി മുഖേന നടപടി സ്വീകരിക്കാന്‍ സാധിക്കും. യുഎഇയിലെ സിവില്‍, കമേഴ്‌സ്യല്‍ കോടതി വിധികള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് 1999-ല്‍ ധാരണയിലെത്തിയിരുന്നു ഈ ഉടമ്പടി കഴിഞ്ഞ 18ന് ഗസറ്റില്‍ വിജ്ഞാപനം നടത്തുകയായിരുന്നു. യുഎഇയിലെ ഏതൊക്കെ കോടതികളുടെ വിധികളാണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും നിയമ മന്ത്രാലയം 18ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

വിവിധ കേസുകളില്‍ വിധി വന്ന ശേഷം രാജ്യം വിടുന്നവര്‍ക്കെതിരെ വിധി നടപ്പാക്കാന്‍ പുതിയ തീരുമാനമനുസരിച്ചു സാധിക്കും. വിവാഹ മോചന കേസുകളിലും കുട്ടികളുടെ രക്ഷകര്‍തൃത്വം നിശ്ചയിക്കുന്നതിനുള്ള കേസുകളിലും സ്വത്തവകാശ കേസുകളിലുമുള്ള വിധികള്‍ നടപ്പാക്കാനാകും. അതേസമയം, യുഎഇയില്‍നിന്ന് വായ്പയോ മറ്റോ എടുത്ത് ഇവിടെ കേസ് തുടങ്ങുന്നതിന് മുന്‍പ് രാജ്യം വിട്ട് പോയവര്‍ക്ക് എതിരായി വിധി നടപ്പാക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടാകും. ഇന്ത്യയിലെ സിവില്‍ നടപടിക്രമങ്ങളിലെ സെക്ഷന്‍ 44 എ പ്രകാരമാണ് വിധി നടപ്പിലാക്കാന്‍ അപേക്ഷ സമര്‍പിക്കേണ്ടത്. എന്നാല്‍ ഇത്തരം അപേക്ഷകളെല്ലാം കോടതികള്‍ പരിഗണമിക്കണമെന്നില്ല. കാരണം ഇന്ത്യന്‍ സിവില്‍ നടപടിക്രമത്തിലെ സെക്ഷന്‍ 13 അനുസരിച്ച് വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ ഇന്ത്യയില്‍ അംഗീകരിക്കണമെങ്കില്‍ 6 വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം അധികാരമുള്ള കോടതികളുടെ വിധിയായിരിക്കണം, വിധി രണ്ടുകൂട്ടരുടെയും വാദം കേട്ട ശേഷം ആയിരിക്കണം, സ്വാഭാവിക നീതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള വിധികള്‍ പ്രസ്താവിക്കാന്‍ പാടില്ല, കൃത്രിമ രേഖ ചമച്ചോ കോടതിയെ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുത്ത വിധിയാകരുത്, സ്വകാര്യ രാജ്യാന്തര നിയമ തത്വങ്ങള്‍ അനുസരിച്ചുള്ള വിധികളായിരിക്കണം, ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വിധികളായിരിക്കരുത്. വിവാഹ മോചന കേസുകളിലും കുട്ടികളുടെ രക്ഷാകര്‍തൃത്വം നിശ്ചയിക്കുന്ന കേസുകളിലും സ്വത്തവകാശ കേസുകളിലും പ്രസ്തുത കോടതികളില്‍ നിന്ന് ലഭിക്കുന്ന വിധികള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.


Next Story

Related Stories