കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച യു എ ഇയില്‍ പ്രവാസികള്‍ ദുരിതത്തില്‍. രണ്ടായിരത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്ന് ദിവസം മുമ്പാണ് എമിറേറ്റ്സില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചിട്ടും ആശുപത്രിയില്‍ ചികിത്സ തേടാനാകാതെ ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ വലയുകയാണ്. ഇവര്‍ക്കായി ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകള്‍ അന്വേഷിക്കുകയാണ് സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ രോഗം സ്ഥിരീകരിച്ചവരെ പോലും അധികൃതര്‍ മടക്കി അയക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാമ്പത്തിക ശേഷിയും ഇവരില്‍ പലര്‍ക്കുമില്ല. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ ഇവരില്‍ പലരും മടിക്കുകയും ചെയ്യുന്നു.
രോഗം സംശയിക്കുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തി സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കുകയാണ് ചെയ്യുന്നത്. 48 മണിക്കൂറുകള്‍ക്ക് ശേഷം ഓണ്‍ലൈനില്‍ ഇതിന്റെ ഫലം പ്രസിദ്ധീകരിക്കുന്നു. ഫലം ആശുപത്രിയില്‍ വിളിച്ചു പറയുമ്പോള്‍ അവര്‍ വന്ന് പരിശോധിക്കുകയോ ആശുപത്രിയിലേക്ക് എത്താന്‍ നിര്‍ദ്ദേശിക്കുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ പരിശോധനാ ഫലം പോസിറ്റീവാകുന്ന രോഗികളോട് 48 മണിക്കൂര്‍ കൂടി കാത്തിരിക്കാനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പറയുന്നത്. കിടക്കകള്‍ ഒഴിവില്ലാത്തതിനാലാണ് ഇത്. പണമുള്ളവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കും. എന്നാല്‍ വലിയ തുകകള്‍ മുടക്കാനില്ലാത്തവര്‍ താമസ സ്ഥലത്തേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. ഇവരെല്ലാവരും തന്നെ കൂട്ടമായി താമസിക്കുന്നവരാണ്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടേതിന് സമാനമായ സാഹചര്യത്തിലാണ് ഇവര്‍ താമസിക്കുന്നത്. പത്ത് പേര്‍ക്ക് കിടക്കാന്‍ സൗകര്യമുള്ള ഒരു ഹാളില്‍ ഇരുപത് പേരൊക്കെയാണ് താമസം. ഇവരില്‍ രോഗം ബാധിച്ചവര്‍ക്കും രോഗം പിടിപെട്ടുവെന്ന് സംശയിക്കുന്നവര്‍ക്കും ഫ്ലാറ്റുകളിലും ഹോട്ടലുകളിലുമൊക്കെ ഒറ്റമുറി ലഭിക്കുമോയെന്നാണ് സന്നദ്ധ സംഘടനകള്‍ അന്വേഷിക്കുന്നത്.
എന്നാല്‍ ഇവരെ പാര്‍പ്പിക്കാനുള്ള സ്ഥലങ്ങള്‍ ലഭ്യമാകുന്നില്ല. പ്രവാസി തൊഴിലാളികള്‍ പലരും ഈയവസ്ഥയില്‍ ആത്മവിശ്വാസം നഷ്ടമായാണ് ജീവിക്കുന്നതെന്ന് അവിടുത്തെ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ പറയുന്നു. തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലെ തൊഴിലാളികളില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. അറബിനാട്ടില്‍ തങ്ങളുടെ ജീവിതം അവസാനിക്കുകയാണെന്ന ആശങ്കയിലാണ് ഇവര്‍. അതേസമയം രോഗകാലം കഴിഞ്ഞ് തൊഴില്‍ നഷ്ടമാകുമോയെന്ന ഭയത്തില്‍ ഇവരില്‍ പലരും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ല. തയ്യാറാകുന്നവര്‍ പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് വിവരങ്ങള്‍ കൈമാറുന്നത്. അധികൃതരെ വിളിച്ച് രോഗവിവരങ്ങള്‍ പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഫോര്ലാന്സില് മൂന്ന് ദിവസമായി രോഗം ബാധിച്ചു കിടക്കുന്നയാളെ ഇനിയും ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ലെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വരാമെന്നാണ് ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ അറിയിച്ചിരുന്നതെങ്കിലും ആരും വന്നില്ലെന്നും പ്രവാസികള്‍ പറയുന്നു. ഒടുവില്‍ ഇന്നലെ ചെല്ലാന്‍ പറഞ്ഞ് വിളിച്ചു വരുത്തിയെങ്കിലും രാത്രിയായെന്ന് പറഞ്ഞ് മടക്കിയയ്ക്കുകയായിരുന്നുവെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. നൂറോളം പേര് താമസിക്കുന്ന വില്ലയിലെ ഒരു മുറിയിലാണ് ഇയാള്‍ കഴിയുന്നത്. പുറം ലോകം മനസിലാക്കിയതിനേക്കാള്‍ എത്രയോ ഭീകരമാണ് നൈഫിലെയും പരിസര പ്രദേശങ്ങളിലെയും അവസ്ഥ. ഈ മേഖലയില്‍ പ്രവാസികളെ ആശുപത്രിയിലെത്തിക്കാനും മറ്റുമായി ഓടിനടന്ന സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളിക്കും കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഷെയ്ഖ് കോളനി, ബറാമ, അല്‍ക്കൂസ്, അബുദാബിയിലെ ചില കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും രോഗാണു ബാധയുള്ളതായി ആശങ്കയുണ്ട്. ഇവിടങ്ങളിലും വരും ദിവസങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും. ഓരോരുത്തര്‍ക്കും ഒറ്റയ്ക്ക് താമസിക്കാറുള്ള മുറികളാണ് വേണ്ടതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. രോഗാണു ഭീതി മൂലം പുതുതായി ആരെയും പ്രവാസികളുടെ മുറികളില്‍ പോലും പ്രവേശിപ്പിക്കുന്നില്ല. കോവിഡ് ആണെന്ന് തെളിഞ്ഞ വ്യക്തികള്‍ക്കൊപ്പം താമസിച്ചിരുന്നവരെയും രോഗം മാറിയവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. അതേസമയം സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം എല്ലായിടങ്ങളിലും ഭക്ഷണമെത്തുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. അതേസമയം സഹായത്തിനായി വിളിക്കുന്ന നമ്പരുകളില്‍ നിന്നും ഇനി വിളിക്കേണ്ടതില്ല, സജ്ജീകരണങ്ങള്‍ തയ്യാറാകുമ്പോള്‍ തിരിച്ച് വിളിക്കാമെന്ന മറുപടിയാണ് ലഭിക്കുന്നത്. നൈഫില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ സഡക്കയില് സൗജന്യ പരിശോധനയും ആരംഭിച്ചു. പലയിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്ത് മൂന്നും നാലും ദിവസം കഴിഞ്ഞാണ് രോഗികളെ മാറ്റിപ്പാര്പ്പിക്കാനാകുന്നത്. എന്നാല്‍ നൈഫില്‍ ഇപ്പോള്‍ കാര്യങ്ങള്‍ വേഗതയിലായിട്ടുണ്ട്. കാസറഗോഡ് രോഗാണു വ്യാപനമുണ്ടായത് നൈഫില്‍ നിന്നും വന്നവരില്‍ നിന്നാണ്. അറബ് രാജ്യങ്ങളിലെ കാസറഗോഡ് എന്നറിയപ്പെടുന്ന ഇവിടെ കാസറഗോഡു നിന്നുള്ളവരാണ് തിങ്ങിപ്പാര്‍ക്കുന്നത്. മലപ്പുറം സ്വദേശിയായ മോട്ടോര്‍ വേള്‍ഡ് ജീവനക്കാരന് ഗുരുതരാവസ്ഥയിലായതായും പ്രവാസികള്‍ വെളിപ്പെടുത്തി. ഇയാളെ മാത്രമാണ് ഇവിടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ലുലു മാളിലെ ജീവനക്കാര്‍ താമസിക്കുന്ന ചൈനാ ക്യാമ്പില്‍ എല്ലാവരെയും അവിടെത്തന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. എല്ലാ ആശുപത്രികളും നിറഞ്ഞിരിക്കുന്നതിനാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ പോലും ആശുപത്രിയിലെത്തിക്കാനാകാത്തതിനാല് കനത്ത ജാഗ്രതയാണ് പ്രവാസികള്‍ പുലര്‍ത്തുന്നത്. ദുബായിലാണ് രോഗവ്യാപനം കൂടുതെലെന്നാണ് കരുതപ്പെട്ടതെങ്കിലും അജ്മാനിലും എമിറേറ്റ്സിന്റെ മറ്റു ഭാഗങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാലും മാളുകളിലും മറ്റും വലിയ തോതിലുള്ള തിരക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. ഹോട്ടല്‍ മുറികളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് രോഗം ബാധിച്ചവരെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. എന്നാല്‍ അടിയന്തിരഘട്ടത്തില്‍ മാത്രമാണ് ഇവര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നത്. ശരിയായ ചികിത്സ ലഭ്യമാകുന്നുണ്ടോയെന്ന സംശയവും മറ്റ് പ്രവാസികള്‍ക്കുണ്ട്.
കഴിഞ്ഞ പത്ത് ദിവസങ്ങള്‍ കൊണ്ടാണ് 2300 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് 14 ദിവസം മുമ്പ് തന്നെ രോഗാണു വ്യാപനം നടന്നിട്ടുണ്ടാകും. കൊറോണയ്ക്കെതിരെ ലോകം ജാഗ്രത പുലര്‍ത്താന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ എംബസിയോ ലോക കേരള സഭയോ മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തിരുന്നെങ്കില്‍ ഈ വ്യാപനം തടയാമായിരുന്നുവെന്ന് കരുതുന്നവരാണ് ഇവിടെയുള്ള പ്രവാസികളിലേറെ പേരും. 2300 കേസുകളും 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മാത്രമാണ് രണ്ട് ദിവസം മുമ്പ് യു എ ഇ 24 മണിക്കൂര്‍ ലോക്ക് ഡൗണിലേക്ക് കടന്നത്. ഇന്ത്യയില്‍ 500 കേസ് ആയപ്പോഴേക്കും രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നു.
നടപടികള്‍ താമസിച്ചു പോയതാണ് യുഎഇയില്‍ തിരിച്ചടിയാകുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് റെജിമോന് കുട്ടപ്പന് പറയുന്നു. ഇത് മുന്‍കൂട്ടി കാണേണ്ടതായിരുന്നു. 80 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ യുഎഇയില്‍ തന്നെയുണ്ട്. നൈഫിലും മറ്റും ആളുകള്‍ തിങ്ങിഞെരുങ്ങിയാണ് താമസിക്കുന്നത്. വളരെ വൃത്തിഹീനമായ ചുറ്റുവട്ടത്താണ് ഇവരുടെ താമസം. ഇവിടെയെല്ലാം രോഗാണു വ്യാപനം ശക്തമായി തന്നെയുണ്ടായേക്കാം. ഇത് മുന്കൂടിക്കണ്ട് യു എ ഇ സര്‍ക്കാരും ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍സും ലോക കേരള സഭയും നോര്ക്കുമെല്ലാം ഇവിടെ ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ ഇതൊരു സാമൂഹിക വ്യാപനമായി മാറുകയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ ബംഗാളികളെ കാണുന്നത് പോലെ തന്നെയാണ് അവിടെ ഇന്ത്യാക്കാരെ കാണുന്നതെന്നും റെജിമോന് പറഞ്ഞു.