TopTop
Begin typing your search above and press return to search.

അവിവാഹിതര്‍ക്ക് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശിക്ഷയില്ല, 21 കഴിഞ്ഞാല്‍ മദ്യപിക്കാം; യുഎഇ അടിമുടി മാറുന്നു

അവിവാഹിതര്‍ക്ക് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശിക്ഷയില്ല, 21 കഴിഞ്ഞാല്‍ മദ്യപിക്കാം; യുഎഇ അടിമുടി മാറുന്നു

യുഎഇയില്‍ സിവില്‍ ക്രിമിനല്‍ ശിക്ഷാനിയമങ്ങളിലെ സമഗ്ര മാറ്റത്തിന് അംഗീകാരം നല്‍കി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍. പ്രവാസികളുടെ വില്‍പ്പത്രവും പിന്തുടര്‍ച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇതോടെ മാറ്റമുണ്ടാകും.

ചില നിയമങ്ങള്‍ എടുത്ത് മാറ്റി പകരം പുതിയവ കൂട്ടിച്ചേര്‍ത്തുമാണ് പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇനി ശിക്ഷയില്ല. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഇതുവരെ ശിക്ഷാര്‍ഹമായിരുന്നു. അതേസമയം, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വശീകരിച്ചോ സ്ത്രീയേയോ പുരുഷനെയോ പീഡിപ്പിച്ചാല്‍ ശിക്ഷ ലഭിക്കും. കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷയാണ് നല്‍കുകയെന്ന് നിയമഭേദഗതിയില്‍ പറയുന്നു.

യുഎഇയിലെ പ്രവാസികള്‍ക്ക് പിന്തുടര്‍ച്ചാവകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പിന്തുടരാം. മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച് അനന്തരാവകാശം കൈകാര്യം ചെയ്യുമെന്ന് പുതിയ മാറ്റങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. വില്‍പ്പത്രമുണ്ടെങ്കില്‍ അതിനനുസരിച്ച് സ്വത്ത് കൈമാറ്റം ചെയ്യാം. അതേസമയം വിവാഹ വിഷയങ്ങളില്‍ ഏത് രാജ്യത്താണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമം ബാധകമാകും.

ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതും അതിന് സഹായിക്കുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ആത്മഹത്യക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയമാക്കും. പുതിയ ഭേദഗതി പ്രകാരം 21 വയസ്സില്‍ താഴെയുള്ളവര്‍ മദ്യവില്‍പ്പനയോ മദ്യപാനമോ നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കും. 21 വയസ്സില്‍ താഴെയുള്ളവര്‍ക്കുവേണ്ടി മദ്യം വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് മദ്യം കഴിക്കാനും വില്‍ക്കാനും സൂക്ഷികാനും ഇനി അനുമതി ഉണ്ടാവും. നേരത്തെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഇത് അനുവദിച്ചിരുന്നത്. മുസ്ലീങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നുമില്ല. ഇതിലാണ് ഇനി മാറ്റം വരുന്നത്. പൊതുസ്ഥലങ്ങളില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്ക് ജയില്‍ശിക്ഷയ്ക്ക് പകരം പിഴ ചുമത്തും. പൊതുയിടങ്ങളിലെ വഴക്ക്, അടികൂടല്‍, ചുംബനം തുടങ്ങി എല്ലാ പ്രവൃത്തികളിലും തടവിന് പകരം പിഴയാക്കി.

അമേരിക്കന്‍ മധ്യസ്ഥതയില്‍ യുഎഇ-ഇസ്രായേല്‍ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്നുള്ള മാറ്റങ്ങളുടെ ഭാഗമായി കൂടിയാണ് പുതിയ തീരുമാനങ്ങള്‍ എന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലില്‍ നിന്നുള്ള നിക്ഷേപവും ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്നതും പുതിയ നയത്തിന്റെ ഭാഗമാണ്. വൈകല്യമുള്ളവര്‍, രക്തബന്ധത്തില്‍പ്പെട്ടവര്‍, 14 വയസിനു താഴെയുള്ളവര്‍ എന്നിവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്. ലൈംഗിക പീഡനം, പെണ്‍വാണിഭം തുടങ്ങിയ കേസുകളില്‍ പ്രതികളുടെയോ സാക്ഷികളുടെയോ വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നതാണ്.ശാരീരികവും മാനസികവും ധാര്‍മികവും സുരക്ഷിതത്വപരവുമായ കേസുകളില്‍പ്പെട്ട കുട്ടികളുടെ വിവരങ്ങളും വെളിപ്പെടുത്തുകയില്ല. ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായാണ് കണക്കാക്കുക. പീനല്‍ കോഡിലെ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയും നല്‍കും.


Next Story

Related Stories