കോവിഡിനെ പ്രതിരോധിക്കാന്‍ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പൊതുജനങ്ങള്‍ക്ക് ഇന്നുമുതല്‍ ഏത് സമയത്തും പുറത്തിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാം. അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും.
യുഎഇയില്‍ അണുനശീകരണം പൂര്‍ത്തിയായതോടെ രാത്രിയിലടക്കമുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം ഏത് പ്രായക്കാര്‍ക്കും ഇനി ഏത് സമയത്തും യാത്രചെയ്യാം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഇനി മാളുകളിലും ഭക്ഷണശാലകളിലും അടക്കം എല്ലായിടത്തും പ്രവേശനമുണ്ടാകും. എന്നാല്‍ കോവിഡ് വ്യാപനം തടയാനുള്ള വ്യക്തിഗത മുന്‍കരുതലുകള്‍ പാലിക്കണം. സാമൂഹിക അകലം പാലിച്ചിരിക്കണം, മാസ്ക് ധരിച്ചിരിക്കണം, ഒത്തുചേരലുകള്‍ക്കും, ഗൃഹസന്ദര്‍ശനങ്ങള്‍ക്കും വിലക്ക് തുടരും. കാറില്‍ മൂന്ന് യാത്രക്കാരില്‍ കൂടുതല്‍ പാടില്ല. എന്നാല്‍, ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും കാറില്‍ യാത്രചെയ്യാം. നിയമലംഘനത്തിന് നേരത്തേ പ്രഖ്യാപിച്ച പിഴ അടക്കമുള്ള ശിക്ഷകള്‍ നിലനില്‍ക്കുന്നുണ്ടെന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസയം കുട്ടികള്‍ക്ക് എല്ലാ എമിറേറ്റുകളിലെയും മാളുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ ദുബായില്‍ രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണിവരെയും മറ്റ് എമിറേറ്റുകളില്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറ് വരെയും പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. രാജ്യത്തെ പൊതു സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായും എല്ലാ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടര്‍ന്നും അണുവിമുക്തമാക്കുമെന്നും നാഷണല്‍ ക്രൈസിസി ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റി (എന്‍.സി.ഇ.എം.എ) വക്താവ് ഡോ. സൈഫ് അല്‍ ദാഹെരി പറഞ്ഞു.
കോവിഡ് നിയന്ത്രണവിധേയമായതോടെ അബൂദബി എക്സിബിഷന് സെന്ററില്‍ തുറന്ന ഫീല്‍ഡ് ആശുപത്രി കോവിഡ് മുക്തമായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഇവിടെത്തെ സംവിധാനങ്ങള്‍ നിലനിര്‍ത്തും. മുസഫയിലെ പരിശോധനാകേന്ദ്രവും പ്രവര്‍ത്തനം അവസാനിപ്പിച്ചു. അബുദാബിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ തുടരും. എമിറേറ്റിനകത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നതിന് തടസ്സമില്ല. അബുദാബിക്ക് പുറത്ത് പോകുന്നതിനും അനുമതി ആവശ്യമില്ല. എന്നാല്‍ എമിറേറ്റിനകത്തേക്ക് കടക്കുന്നതിന് അബുദാബി പൊലീസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അവശ്യ സര്‍വ്വീസുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.