യുഎഇയില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യവേതനം നടപ്പാക്കുന്നു. 1980ലെ ഫെഡറല്‍ നിയത്തില്‍ മാറ്റം വരുത്തി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഒരേ ജോലി അല്ലെങ്കില്‍ തുല്യ മൂല്യമുള്ള മറ്റൊരു ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം ലഭിക്കും.
തുല്യ മൂല്യമുള്ള ജോലികള്‍ വിലയിരുത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിസഭാ തീരുമാനത്തെ അടിസ്ഥാനമാക്കി സജ്ജീകരിക്കും. 2020 ഓഗസ്റ്റ് 25ന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് വേതനത്തിന്റെ കാര്യത്തില്‍ ലിംഗസമത്വം കൈവരിക്കുന്നതിനുള്ള നടപടികള്‍ മാനവവിഭവശേഷി മന്ത്രാലയം നടപ്പലാക്കുകയാണ്. ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പേരില്‍ രാജ്യത്തിന്റെ പ്രാദേശിക, അന്തര്‍ദേശീയ നില ശക്തിപ്പെടുത്തുന്നതിന് പുതിയ ഭേദഗതികള്‍ സഹായിക്കുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് അനുസരിച്ച് ലിംഗവ്യത്യാസപ്രകാരമുള്ള ശമ്പള വിടവ് നികത്തുന്നതില്‍ മേഖലയിലെ രാജ്യങ്ങളില്‍ യുഎഇ മുന്നിലാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. യുഎഇ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും അഭിനന്ദനങ്ങള്‍. ഈ നടപടി നിസ്സംശയമായും സ്ത്രീകളുടെ സാമൂഹിക ഇടപെടല്‍ വര്‍ദ്ധിപ്പിക്കുകയും ദേശീയ വികസനത്തില്‍ അവരുടെ പങ്ക് ഉറപ്പാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്. ഈ നടപടി ലോകത്തെ ലിംഗസമത്വ സൂചികയില്‍ യുഎഇയുടെ നിലവാരം ഉയര്‍ത്തുകയും ചെയ്യും, ''യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഷെയ്ഖ മനല്‍ ബിന്ത് മുഹമ്മദ് ട്വിറ്ററില്‍ പറഞ്ഞു. ഐക്യരാഷ്ട്ര വികസന പരിപാടികളുടെ 2019 ലെ ലിംഗ അസമത്വ സൂചികയില്‍ യുഎഇ ആഗോളതലത്തില്‍ 26 ആം സ്ഥാനത്താണ്.