കോവിഡ് 19 വ്യാപനം തടയുന്നതിനായി സൗദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഏകീകൃത പാസ് സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രേഖകളില്ലാതെ പുറത്തിറങ്ങിയാല്‍ 10000 റിയാലാണ് പിഴ ചുമത്തുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ മാറ്റിപാര്‍പ്പിച്ചു തുടങ്ങി. രാജ്യത്ത് ഏകീകൃത പാസ് നിലവില്‍ വരുണ്ണതോടെ കര്‍ഫ്യൂവില്‍ ഇളവ് ലഭിക്കുവാനായി ഉപയോഗിച്ചിരുന്ന പാസുകള്‍ക്ക് പകരം ആഭ്യന്തര മന്ത്രായത്തില്‍ നിന്നുള്ള പ്രത്യേക പാസ് നിര്‍ബന്ധമാകും. ആദ്യ ഘട്ടത്തില്‍ ഇന്ന് മുതല്‍ റിയാദിലാണ് പുതിയ ചട്ടം പ്രാബല്യത്തിലാകുന്നത്. സര്‍ക്കാര്‍ മേഖലകളിലുള്‍പ്പെടെ മുഴുവന്‍ മേഖലകളിലുള്ളവര്‍ക്കും ഇത് ബാധകമാണ്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും. പുറത്ത് കറങ്ങി നടന്ന മലയാളികളുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു.
രാജ്യത്തെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവശ്യയില്‍ 15 സ്കൂളുകളിലായി നിരവധി പേര്‍ക്ക് താമസ സൗകര്യമൊരുക്കി. ജിദ്ദയില്‍ ലേബര്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ ആയിരത്തിലധികം പേരെ ഗവണ്മെന്റ് സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റും. സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാതെ ലേബര്‍ ക്യാമ്പുകളില്‍ ആശങ്കയോടെ കഴിഞ്ഞിരുന്ന മലയാളികളുള്‍പ്പെടെയുള്ള നിരവധി തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ നടപടി.