TopTop
Begin typing your search above and press return to search.

പുരുഷന്മാരല്ല, വനിതകളാണ് മികച്ച ഡ്രൈവര്‍മാര്‍; യുഎഇ സര്‍വേ പറയുന്നു

പുരുഷന്മാരല്ല, വനിതകളാണ് മികച്ച ഡ്രൈവര്‍മാര്‍; യുഎഇ സര്‍വേ പറയുന്നു

യുഎഇയില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിലും റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിലും പുരുഷന്മാരേക്കാള്‍ മുമ്പില്‍ വനിതകളെന്ന് സര്‍വേ റിപോര്‍ട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റോഡ് സേഫ്റ്റി യുഎഇയാണ് കണക്കുകള്‍ പുറത്തുവിട്ടത്. വനിതകള്‍ മിതമായ വേഗതയില്‍ സുരക്ഷിതമായി ഡ്രൈവിംഗ് ചെയ്യുന്നവരാണെന്നും പുരുഷന്മാരെ അപേക്ഷിച്ച് അപകടങ്ങള്‍ ഉണ്ടാക്കുന്നത് കുറവാണെന്നും റിപോര്‍ട്ട് പറയുന്നു. യുഎഇ റോഡ് സുരക്ഷാ മോണിറ്ററില്‍ നിന്നാണ് ആറു വര്‍ഷം നീണ്ട ഗവേഷണത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഡ്രൈവിങില്‍ പുരുഷന്‍മാരാണോ സ്ത്രീകളാണോ മികവുറ്റവര്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കണക്കുകളില്‍ നിന്ന് വ്യക്തമായത്.അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് റോഡ് സേഫ്റ്റി യുഎഇ നിര്‍ദ്ദിഷ്ട സ്ഥിതിവിവരക്കണക്കുകള്‍ പങ്കുവെക്കുകയും സ്ത്രീകളെ കുറിച്ചുള്ള മുന്‍വിധി അവസാനിപ്പിക്കുയും ചെയ്തത്.

''വനിതാ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഡ്രൈവിങിലെ മികവിന് പ്രശംസ ലഭിക്കാറില്ല, ലിംഗപരമായ മുന്‍വിധി ഇപ്പോഴും ഉള്ളതായി തോന്നുന്നു, എന്നിരുന്നാലും, സുരക്ഷിതമായ ഡ്രൈവിങിന്റെ നിര്‍ണായക തലങ്ങളില്‍ യുഎഇ വനിത ഡ്രൈവര്‍മാരുടെ പെരുമാറ്റം വിശകലനം ചെയ്യുമ്പോള്‍ മൊത്തത്തില്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വമായ മനോഭാവം കാണാന്‍ കഴിയും' റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡല്‍മാന്‍ പറഞ്ഞു.

2020ല്‍ അപകടം വരുത്തിയ വനിതകളുടെ എണ്ണം വളരെ കുറവാണ്. ആറുമാസത്തിനിടെ വെറും നാല് ശതമാനം വനിതകളാണ് അപകടം വരുത്തിയത്. ട്രാക്കുമാറ്റത്തിലും മറ്റും കൃത്യമായി സൂചകങ്ങള്‍ ഉപയോഗിക്കുന്നതിലും വനിതകളാണ് മുന്നില്‍. ഭൂരിഭാഗം വനിതാ ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം നന്നായി മനസിലാക്കുന്നുണ്ട്. യാത്രക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലും വനിതകള്‍ തന്നെയാണ് കൃത്യമായി നിയമങ്ങള്‍ പിന്തുടരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.


Next Story

Related Stories