TopTop
Begin typing your search above and press return to search.

മത്തങ്ങാഭരണിയിലെ കണ്ണിമാങ്ങകള്‍

മത്തങ്ങാഭരണിയിലെ കണ്ണിമാങ്ങകള്‍

'ഒടുക്കം എണ്ണപ്പെടുക നാം ജീവിച്ച വര്‍ഷങ്ങള്‍ അല്ല മറിച്ച് നാം വര്‍ഷിച്ച ജീവിതം ആണ്' - അബ്രഹാം ലിങ്കണ്‍

'പുത്തന്‍ പള്ളീല് അമിട്ട് പോട്ടണ പോലെയാ കൊല്ലങ്ങള് പോണേ. ശീ ന്നു കത്തി ഠോ...ന്നു പൊട്ടി കണ്ണിലെ മഞ്ഞളിപ്പ് മാറുമ്പോളെക്കും കൊല്ലാ മാറി. മ്മള് കണ്ടാ കണ്ടു. ഇല്ല്യെങ്കി ഇല്ല്യ-റപ്പായി മാപ്ല.

'2016 ഒന്ന് ആവട്ടെ ഒന്നരാടം പൂക്കണ നാട്ടുമാവ് പൂത്താല്‍ മത്തങ്ങ ഭരണി നിറയെ കണ്ണിമാങ്ങ ഉപ്പില്‍ ഇട്ടു വക്കാം. പിന്നെ 40 ദിവസം കൊണ്ട് കഞ്ഞിക്കു കടിച്ചു കൂട്ടാന്‍ പാകം. 60 ആയാല്‍ ഉടയ്ച്ചു കൂട്ടാം. തൊണ്ണൂറു ദിവസായാല് ചമ്മന്തി പരുവം ആവും. ച്ചാല്‍, ഇനി മേടത്തില് മൂവാണ്ടന്‍ പൂക്കണ വരെ, ഉപ്പിലിട്ടത് കുശാല്. ഇടവത്തിലേക്ക് മൂവാണ്ടന്‍ കൊണ്ട് ചെത്ത്കറി ഉണ്ടാക്ക്യാല്‍ മഴയത്ത് കായോം മുളകും ചേര്‍ന്ന് ശിരസ്സ് പെരുപ്പിക്കും. ബഹുരസം!'

വല്യമുത്തശ്ശന് 2016 ജനുവരി മുതല്‍ വയസ്സ് 102 നടപ്പ്. മാമ്പൂ കണക്കെ വര്‍ഷങ്ങള്‍ വിരിഞ്ഞും പൊഴിഞ്ഞും ഒടുങ്ങിയത് ഉപ്പിലിട്ട കണ്ണിമാങ്ങകളുടെയും നെല്ലിക്കയുടെയും എണ്ണിയാല്‍ ഒടുങ്ങാത്ത സ്‌തോത്രങ്ങളുടെയും മന്ത്രങ്ങളുടെയും ലഹരിയില്‍ ആണ്. വല്ല്യമുത്തശ്ശന്റെ ഓര്‍മയുടെ ഉപ്പില്‍ വേദഗണിതം വരെ പതം വന്നു കിടപ്പുണ്ട്. സംസ്‌കൃതത്തിലും മണിപ്രവാളത്തിലും വഴങ്ങാത്ത കൃതികള്‍ തുച്ഛം. നൂറാം വയസ്സ് വരെ കേരളത്തില്‍ ഉടനീളം ഒറ്റയ്ക്ക് സഞ്ചരിച്ചു നടത്തിയ പൂജകളും, കാശിയും വാരണാസിയും വരെ നീണ്ട യാത്രകളും എല്ലാം കൂട്ടി വച്ച്, ഇടമന വാസുദേവന്‍ ഇളയത് എന്ന കുഞ്ഞുണ്ണിയേട്ടന്‍ രണ്ടു മത്തങ്ങാഭരണികളില്‍ 2016 ന്റെ പ്രതീക്ഷയര്‍പ്പിച്ചു. 'കണ്ണടയ്ക്ക് ഇതിലും കട്ടിയുള്ള ചില്ല് കിട്ടാനില്ലത്രെ. പഠിച്ചുകൊണ്ട് ഇരുന്ന സ്‌തോത്രം മുഴുവന്‍ ആയില്ല.' നൂറ്റിയന്‍പത് വര്‍ഷത്തെ കേരള രാഷ്ട്രീയസാംസ്‌കാരികസാഹിത്യ ചരിത്രം അഭിപ്രായം ചേര്‍ത്ത് വിളമ്പുന്ന വല്യമുത്തശ്ശന്‍ 2016 നെ പരിഭവത്തോടെ മാത്രമാണ് നോക്കുന്നത്.

'മണ്ഡലക്കാലം കഴിയാറായി. 79 പ്രാവശ്യം മല ചവുട്ടിയതാ.. ഇരട്ടസംഖ്യ ആക്കില്ല. വയ്യ.'

തൃശ്ശൂര്‍ ജില്ലയില്‍ ഉള്ള തൃക്കൂര്‍ പഞ്ചായത്തിലെ റോഡുകളും 2016 ല്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു. എന്‍ എച്ച് 47 ല്‍ ഏറെ വിവാദമായ പാലിയേക്കര ടോള്‍ പ്ലാസയില്‍ തുടര്‍ന്ന് പോകുന്ന ചട്ടവിരുദ്ധമായ ടോള്‍ പിരിവും അശാസ്ത്രീയമായ റോഡ് നിര്‍മാണവും മൂലം ഹെവി വെഹിക്കിളുകള്‍ ഉള്‍പ്പടെ എല്ലാ വിധ വാഹനങ്ങളും ടോള്‍ ഒഴിവാക്കാനായി ആശ്രയിക്കുന്നത് ത്രിക്കൂരിലെ പഞ്ചായത്ത് റോഡുകളെ ആണ്. പൊട്ടിപ്പൊളിഞ്ഞു ഉപയോഗ്യമല്ലാതെ കിടക്കുന്ന റോഡുകളുടെയും സ്ഥിരമായി കുഴികളില്‍ തെന്നിവീഴുന്ന ഇരുചക്ര വാഹനക്കാരുടെയും ഭാവി 'ഭരണം മാറിയില്ലേ മാഷെ.. 2016 ഒന്നാവട്ടെ. ഈ റോഡ് തിളങ്ങും!' എന്ന് പറഞ്ഞ ഭരണപക്ഷ അനുഭാവികളുടെ ആത്മവിശ്വാസത്തില്‍ മാത്രമാണ്. അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം നാഷണല്‍ ഹൈവേയുടെ കുറുമാലി ഭാഗത്ത് പെരുകുന്ന റോഡ് അപകടങ്ങള്‍ മനുഷ്യാവകാശ കമ്മിഷന്‍ വരെ ചര്‍ച്ച ചെയ്തതാണ്. ഇപ്പോഴും ടോള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രൈം ടൈമില്‍ വരെ മണിക്കൂറുകളോളം വാഹനങ്ങള്‍ ഹൈവേയില്‍ കാത്തു നിര്‍ത്തി ടോള്‍ പിരിച്ചു പോരുകയാണ് പാലിയേക്കര പ്ലാസ. അതെ 2016 പ്രതീക്ഷകളുടെ വര്‍ഷം മാത്രമാണ്.എനിക്ക് 2016 വേളിവര്‍ഷമാണ്. ഇരുപത്തിമൂന്നാമത്തെ ഓണം പൂത്തിരുവോണം ആകുന്നതും വിഷുവിനു ഗുണ്ട് പൊട്ടിക്കാന്‍ കൂട്ട് കിട്ടുന്നതും ആതിരക്കുളിരില്‍ തെന്മാവില്‍ മുല്ലവള്ളി കണക്കെ ആത്മാവില്‍ പറ്റിപ്പിണഞ്ഞു ചേരുന്നതും അടക്കമുള്ള സ്വപ്‌നങ്ങള്‍ പൊതിയഴിക്കാന്‍ സമയമായത്രേ. മേടവറളിയില്‍ പിറന്നവള്‍ക്ക് മലരു വറുക്കാന്‍ മേടസൂര്യന്‍ തന്നെ വേണ്ടേ..? അമര്‍ത്തി തൊട്ടാല്‍ മാമ്പഴനീര് ഒലിക്കുന്ന ബാല്യവും ചൂരല്‍ക്കമ്പ് കൊണ്ട് കാലില്‍ പപ്പടപ്പോളകള്‍ ഏറെ തീര്‍ത്ത കൌമാരവും കടന്നു ആയിരം നീര്‍മണി തപിപ്പിക്കാന്‍ മാത്രം മരുവൊരുക്കി യൗവനം വന്നുപോലും!

2016 വിഹ്വലത കൂടിയാണ്. 'പഠിപ്പ് കഴിയുന്നു. ഇനിയെന്ത്?' 'വിവാഹം കഴിയുന്നു. ഇനി കുട്ടിയല്ല.' ചുരുക്കി പറഞ്ഞാല്‍ ഇനിയിപ്പോ പഴയ പോലെ ഒന്നുമല്ല. ന്യൂയറിനു 'ഇനി നേരത്തെ എഴുനേല്‍ക്കും' എന്ന സ്ഥിരം പ്രതിജ്ഞയ്ക്ക് ഇനി പ്രസക്തിയില്ല. പല വലെന്റൈന്‌സ് ഡേയ്ക്ക് പറയാന്‍ മടിച്ച രഹസ്യം ഉള്ളില്‍ ചാട്ടുളി തീര്‍ക്കേണ്ട. കൊല്ലപ്പരീക്ഷയ്ക്ക് പഠിക്കാന്‍ മണിക്കൂറുകള്‍ എണ്ണി ടൈംടേബില്‍ ഉണ്ടാക്കേണ്ട. ജൂണില്‍ ബ്രൌണ്‍ പേപ്പറും നെയിം സ്ലിപ്പും വാങ്ങേണ്ട. പകരം എന്തൊക്കെയാണ് വേണ്ടത്? 2016 പഠിപ്പിക്കട്ടെ.

മത്തങ്ങാഭരണിയില്‍ കണ്ണിമാങ്ങകള്‍ കണക്കെ, പഴുക്കാതെ, മൂക്കാതെ, പതം വന്നു കിടക്കുന്ന കുറെയേറെ ഓര്‍മ്മകള്‍ 2016 ഉം സമ്മാനിക്കും. വാഗ്ദാനങ്ങളും പ്രതിജ്ഞകളും ഏറിയും കുറഞ്ഞും പെയ്യും. ഓണവും ക്രിസ്മസ്സും വന്നു പോവും. ഒടുങ്ങാത്ത മാമ്പഴക്കാലങ്ങളുടെ പ്രതീക്ഷകള്‍ കൊണ്ട് ഭരണി നിറച്ച് നമ്മള്‍ ദിവസമെണ്ണി കാത്തിരിക്കുകയും ചെയ്യും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories