TopTop

ആരോപണങ്ങള്‍ മാത്രമേ ഇനിയുണ്ടാകൂവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രാജിവച്ചത്: അല്‍ നീമ പ്രതികരിക്കുന്നു

ആരോപണങ്ങള്‍ മാത്രമേ ഇനിയുണ്ടാകൂവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രാജിവച്ചത്: അല്‍ നീമ പ്രതികരിക്കുന്നു
എംജി സര്‍വകലാശാലയിലുടെ ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ 2013-15 ബാച്ചില്‍ ബിരുദാനന്തര ബിരുദം പഠിച്ച അല്‍ നീമ അഷ്‌റഫ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെയാണ് മംഗളം ചാനലിന്റെ ഭാഗമാകുന്നത്. മംഗളം ചാനല്‍ ഇക്കഴിഞ്ഞ 26ന് സംപ്രേഷണം ചെയ്ത വിവാദ വാര്‍ത്തയുടെ പേരില്‍ അല്‍ നീമ അവിടെ നിന്നും ജോലി രാജിവച്ചത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച വാര്‍ത്ത സമൂഹത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ തന്നിലുമുണ്ടെന്ന് പ്രഖ്യാപിച്ചായിരുന്നു അല്‍ നീമയുടെ രാജി. മന്ത്രിയെ വിളിച്ചുവെന്ന് പറയപ്പെടുന്ന സ്ത്രീ ആരാണ്? എന്താണ് അവരുടെ പരാതി? അവരുടെ സംഭാഷണം എന്തിന് എഡിറ്റ് ചെയ്തു? തുടങ്ങിയ ചോദ്യങ്ങളാണ് അല്‍ നീമ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉന്നയിച്ചത്.

അതേസമയം അല്‍ നീമയുടേത് ഒരു പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള രാജിയാണെന്ന ആരോപണം ഉന്നയിച്ച് ചാനലിന്റെ ന്യൂസ് എഡിറ്ററായ പ്രദീപ് രംഗത്തെത്തുകയും ചെയ്തു. തൊഴില്‍പരമായും വ്യക്തിപരമായും ഈ പെണ്‍കുട്ടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് പ്രദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും അല്ലാതെയും നടത്തിയതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അഭിമുഖത്തില്‍ ഒഴിവാക്കപ്പെട്ട ശേഷവും സിഇഒയുടെ ഇടപെടലാണ് അല്‍ നീമയെ ജോലിയ്‌ക്കെടുക്കാന്‍ കാരണമായതെന്ന് തുടങ്ങി ജോലിയില്‍ പ്രവേശിക്കാന്‍ വ്യാജ വീഡിയോ രേഖ ഹാജരാക്കിയെന്ന ഗുരുതരമായ ആരോപണങ്ങള്‍ വരെ പ്രദീപ് ഉന്നയിക്കുന്നു. ഇതിനെല്ലാം അഴിമുഖത്തിലൂടെ മറുപടി പറയുകയാണ് അല്‍ നീമ.

താന്‍ പഠിച്ച സ്ഥാപനത്തില്‍ അന്വേഷിച്ചാല്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ തനിക്കുള്ള യോഗ്യത ആര്‍ക്കും മനസിലാക്കാമെന്നാണ് അല്‍ നീമ പറയുന്നത്. അഭിമുഖത്തില്‍ അവസാന ലിസ്റ്റിലാണ് താന്‍ കടന്നുകൂടിയതെന്ന ആരോപണം ആദ്യമായി കേള്‍ക്കുകയാണ്. അങ്ങനെയൊന്നും പറഞ്ഞല്ല തന്നെ മംഗളം ചാനലിലേക്ക് ജോലിയ്‌ക്കെടുത്തത്. ആദ്യമേ തന്നെ ഓഫര്‍ ലെറ്റര്‍ ലഭിച്ച കൂട്ടത്തിലൊരാളാണ് താന്‍. ആദ്യഘട്ടത്തിലുണ്ടായിരുന്ന പരിശീലനത്തിലും പങ്കെടുത്തിരുന്നു. മംഗളം ചാനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച അന്ന് മുതല്‍ ചാനലിന്റെ ഭാഗമായിരുന്നു. എല്ലാവരും ജോലിയില്‍ പ്രവേശിച്ചപ്പോള്‍ താനും ജോലിയില്‍ പ്രവേശിച്ചു. അത് തെളിയിക്കാന്‍ ഓഫര്‍ ലെറ്ററും കോള്‍ ലെറ്ററും എല്ലാം കൈവശമുണ്ട്. അത് എവിടെ വേണമെങ്കിലും ഹാജരാക്കാന്‍ തയ്യാറുമാണ്. പ്രദീപ് എന്ന മംഗളം ചാനലിന്റെ ന്യൂസ് എഡിറ്റര്‍ അവിടെ ജോലിയില്‍ പ്രവേശിച്ചിട്ട് ആറ് മാസം പോലും ആയിട്ടില്ല. പിന്നെങ്ങനെയാണ് തന്നെ അഭിമുഖം ചെയ്തപ്പോഴുള്ള വിശദവിവരങ്ങള്‍ അദ്ദേഹത്തിന് അറിയാന്‍ സാധിക്കുന്നതെന്നാണ് അല്‍ നീമ ചോദിക്കുന്നത്. കൂടാതെ തന്നെക്കുറിച്ച് ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി, എന്ത് അറിഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും അല്‍ നീമ കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍വ്യൂവില്‍ വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണമാണ് മറ്റൊന്ന്. എന്നാല്‍ അങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ല. ന്യൂസ് റീഡര്‍ പോസ്റ്റിലേക്കാണ് താന്‍ മംഗളം ചാനലില്‍ അപേക്ഷിച്ചത്. തിരുവനന്തപുരത്തെ മംഗളം ഓഫീസിന് മുന്നിലെ ഹൊറൈസണ്‍ ഹോട്ടലില്‍ വച്ചായിരുന്നു അഭിമുഖം. എവിടെയെങ്കിലും വാര്‍ത്ത വായിച്ചതോ റിപ്പോര്‍ട്ട് ചെയ്തതോ ആയ വീഡിയോകളുമായി അഭിമുഖത്തിനെത്താനായിരുന്നു നിര്‍ദ്ദേശം. ആ സമയത്ത് ജീവന്‍ ടിവിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നെങ്കിലും ചെയ്ത വാര്‍ത്തകളുടെയൊന്നും വീഡിയോ കൈവശമുണ്ടായിരുന്നില്ല. ചെയ്ത റിപ്പോര്‍ട്ടുകളുടെയെല്ലാം കോപ്പി അവിടുത്തെ സ്റ്റുഡിയോയില്‍ നിന്നും വാങ്ങിയിരുന്നില്ല. പഠന കാലത്തെ പ്രാക്ടിക്കല്‍ വര്‍ക്കായ വീഡിയോ ന്യൂസ് പ്രൊഡക്ഷന് വേണ്ടി തയ്യാറാക്കിയ വീഡിയോ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ഇക്കാര്യം മംഗളത്തില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അതുമായി വരാനാണ് പറഞ്ഞത്. അവര്‍ അത് കാണുകയും അതിന് അംഗീകാരം നല്‍കുകയും ചെയ്തതാണ്. ആ വീഡിയോ ഇഷ്ടമായതിനാലായിരിക്കുമല്ലോ ഇന്റര്‍വ്യൂ ബോര്‍ഡ് തന്നെ ജോലിയ്‌ക്കെടുത്തതെന്ന് അല്‍ നീമ ചോദിക്കുന്നു.

വിമര്‍ശകരോട് മംഗളം ന്യൂസ് എഡിറ്റര്‍ പ്രദീപ് എസ് വിക്കുള്ള ചോദ്യങ്ങള്‍

ഈ ഇന്റര്‍വ്യൂ ബോര്‍ഡിലൊന്നുമില്ലാതിരുന്ന പ്രദീപിന് എങ്ങനെയാണ് ഇക്കാര്യം പറയാന്‍ സാധിക്കുന്നത്. മെയ് മാസത്തില്‍ ജോലി തുടങ്ങി ഇത്രയും കാലമായിട്ടും ആരും ഈ വീഡിയോയെക്കുറിച്ച് തന്നോട് ചോദിച്ചിട്ടില്ല. ഈ രേഖയാണ് അവരുടെ പ്രശ്‌നമെങ്കില്‍ അവിടെ ജോലി ചെയ്യുന്ന പലരും എവിടെ ജോലി ചെയ്തതിന്റെ രേഖകളൊക്കെയാണ് കാണിച്ചിട്ടുള്ളതെന്ന് ചോദിക്കേണ്ടി വരും. മുന്‍പരിചയമില്ലാത്ത പലരും തനിക്കൊപ്പം ജോലിക്ക് കയറിയിരുന്നു. അവരെല്ലാം വ്യാജരേഖ ഹാജരാക്കിയാണോ ജോലിയില്‍ പ്രവേശിച്ചത്? അല്‍ നീമ ചോദിക്കുന്നു.

വാര്‍ത്താ വായനയിലെ കഴിവിനെക്കുറിച്ചാണ് പിന്നെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ന്യൂസ് റീഡര്‍ സെലക്ഷന്‍ നടന്നത് മൂന്ന് ഘട്ടമായിട്ടാണ്. ഇതില്‍ ആദ്യഘട്ടത്തില്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. താനുള്‍പ്പെടെ നിരവധി പേര്‍ ഇതില്‍ തെരഞ്ഞെടുക്കപ്പെടാതെ വന്നു. കുറച്ചു നാളിന് ശേഷം വീണ്ടും ഒരു സെലക്ഷന്‍ നടത്തിയപ്പോള്‍ അതില്‍ വിജയിച്ചിരുന്നു. അവസാനഘട്ടത്തിലും വിജയിക്കാന്‍ സാധിച്ചിരുന്നു. ഇതില്‍ ആദ്യഘട്ടത്തിലേതാകാം പ്രദീപ് ചൂണ്ടിക്കാട്ടുന്നത്. വാര്‍ത്ത വായിച്ച് മുന്‍പരിചയമില്ലാത്ത ഏതൊരാള്‍ക്കും സംഭവിക്കുന്നത് തന്നെയാണ് ആദ്യഘട്ടത്തില്‍ തങ്ങള്‍ക്കെല്ലാവര്‍ക്കും സംഭവിച്ചത്. പിന്നീട് എല്ലാവര്‍ക്കും ചാനല്‍ നല്‍കിയ പ്രാക്ടീസാണ് രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഗുണം ചെയ്തത്.

മംഗളത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് തന്നെ ചീത്ത വിളിച്ചുകൊണ്ടല്ലേ ചാനലിനോടുള്ള കൂറ് പ്രകടിപ്പിക്കാന്‍ സാധിക്കൂ. അതിനാലാണ് പ്രദീപ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് അറിയാമെന്നും അല്‍നീമ പറയുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച സമയത്ത് തന്നെ തനിക്ക് അതിനോടുള്ള അഭിപ്രായ വ്യത്യാസം വ്യക്തമാക്കിയതാണ്. പിന്നീട് അതിനുള്ള മീറ്റിംഗുകളിലൊന്നും തന്നെ പങ്കെടുപ്പിച്ചിട്ടുമില്ല. അന്വേഷിച്ചപ്പോള്‍ ഇപ്പോഴൊന്നും ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നില്ലെന്നാണ് വ്യക്തമാക്കിയത്. ചാനല്‍ തുടങ്ങുമ്പോഴുണ്ടാകുന്ന തിരക്കുകള്‍ മൂലം ഇന്‍വെസ്റ്റിഗേഷന്‍ ഇല്ലെന്നാണ് ഋഷി സര്‍ അന്ന് അറിയിച്ചത്. ആ ടീം തന്നെ ഇല്ലെന്നാണ് താന്‍ ഇതില്‍ നിന്നും മനസിലാക്കിയത്. പിന്നെ താനെന്തിന് അന്നേ രാജിവയ്ക്കണമെന്നാണ് അല്‍ നീമയുടെ ചോദ്യം.

താനൊരു പരാജയമാണെന്നും ഈ പ്രൊഫഷന്‍ വിടാന്‍ തീരുമാനിച്ചുവെന്നും പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന പ്രദീപിന്റെ പ്രസ്താവന അത്ഭുതമുണ്ടാക്കുന്നുവെന്നും അല്‍നീമ അറിയിച്ചു. ഇന്നെന്താണോ തോന്നുന്നത് അത് ചെയ്യുന്ന ഒരാളാണ് താന്‍. അതിനുള്ള ധൈര്യം തനിക്കുണ്ട്. ഇന്നേ വരെ ഈ പ്രൊഫഷന്‍ വിടണമെന്ന് ചിന്തിച്ചിട്ടില്ല. ഈ ആരോപണം തനിക്ക് മറ്റെവിടെയും ജോലി കിട്ടാതിരിക്കാന്‍ കരുതിക്കൂട്ടി ചെയ്യുന്നതാകാമെന്നും അല്‍ നീമ ആരോപിച്ചു. തനിക്ക് നേരെ ആരോപണങ്ങള്‍ മാത്രമേ ഇനിയുണ്ടാകൂവെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇന്നലെ രാജിവയ്ക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്നെ ഇത്തരം ആരോപണങ്ങളെ നിസാരമായി മാത്രമേ താന്‍ കണക്കാക്കുന്നുള്ളുവെന്നും അവര്‍ വ്യക്തമാക്കി.

മംഗളത്തില്‍ നിന്ന് രാജി വച്ചതിനു ശേഷം അല്‍ നീമ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്

ഇന്നലെ വരെ മംഗളത്തിൽ ജോലി ചെയ്ത ഞാൻ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലിൽ ജോലി കിട്ടിയപ്പോൾ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചത്.ആദ്യ വാർത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്
ചിരുന്നു.എന്നാൽ ഇത്രക്കു തരം താഴ്ന്ന രീതിയിൽ ആകുമെന്ന് കരുതിയിരുന്നേയില്ല.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഞാൻ മംഗളത്തിൽ ജോയിൻ ചെയ്തത്.ആ ഘട്ടത്തിൽ തന്നെ 5 റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഒരു investigation team നെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിർദ്ദേശിച്ചിരുന്നു.എന്നാൽ ഞാൻ അതിന് തയ്യാർ അല്ല എന്ന് അറിയിച്ചിരുന്നു.investigation team ന്റെ ഉദ്ദേശങ്ങൾ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവർത്തനം അല്ല എന്ന് അപ്പോൾ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.
മന്ത്രി A.K. ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാർത്ത, ചാനൽ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാൽ വലിയ ചാനൽ breaking ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാർത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തിൽ investigation team രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേർത്ത് ആലോചിച്ചപ്പോൾ ഇതിലെ ശരികേട് പൂർണമായും ബോധ്യപ്പെട്ടത്. എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് transport മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങൾ കൂടി എന്റെ ഉള്ളിൽ ഉണ്ട്.
ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.അത് സങ്കടകരമാണ്.
ഞാൻ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവർത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കൽപങ്ങൾ ഏതായാലും ഇവിടെ ഇപ്പോൾ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാർത്ഥ journalism ചെയ്യാൻ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവർക്കും നന്ദി.


https://www.facebook.com/alneema.ashruf/posts/1352832978140637മംഗളം ന്യൂസ് എഡിറ്റര്‍ പ്രദീപ്‌ എസ് വിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്‌

സ്ത്രീ പക്ഷം…….പാഠഭേദം……….

“കപട” മുഖത്തെ സ്ഥാപനത്തിലെ ഓരോ സെക്ഷനും തിരിച്ചറിഞ്ഞ് വിലയിരുത്തി സഹികെട്ടിരുന്നു… മംഗളം മാനേജ്മെൻ്റ് സംരക്ഷിച്ചത് കൊണ്ട് മാത്രം മറ്റുള്ളവർ സഹിച്ചു,,,
കള്ള വീഡിയോ കാട്ടി ഇൻ്റർവ്യൂ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് തെളിഞ്ഞ ദിവസം പുറത്താക്കാൻ എഡിറ്റോറിയൽ ബോർഡ് നിർദ്ദേശിച്ചതാണ്…അപ്പോഴും മംഗളം മാനേജ്മെൻ്റ് സംരക്ഷിച്ചു….

ഇനി മറ്റുള്ളവർ ആശ്വസിക്കും….
————-++++++++

എൻ്റെ കുഞ്ഞനുജത്തി അൽനീമ അഷറഫിന്,,,
സ്ഥാപനത്തിലെ മറ്റൊരു പെൺകുട്ടിയുടെ കുറിപ്പ്……
—————–++++++++

COPY PASTE WRITING OF ANOTHER WOMAN MEMBER FROM MANGALAM FAMILY —-
————-++++++++

പ്രിയപ്പെട്ട മാധ്യമ സുഹൃത്തേ ,
നീ ചെയ്തത് വളരെ മഹത്തരമായ കാര്യമാണെന്ന് ഒരുപക്ഷേ ആൾക്കാർ പറഞ്ഞേക്കാം. നിനക്ക് കയ്യടികൾ നൽകിയേക്കാം. പക്ഷെ ഒന്നു നീ ഓർക്കുക ആ മന്ത്രി രാജി വെച്ച ദിവസം നിന്റെ മുഖത്തും സന്തോഷം ഉണ്ടായിരുന്നു. അന്നേദിവസം ഈ സംഭവത്തിൽ പ്രതിഷേധിച്ചു ഡെസ്കിൽ വന്ന പല കോളുകൾക്കും നീ മറുപടി കൊടുക്കുകയും വിളിച്ചവരെ പരിഹസിച്ചു കോൾ വെക്കുകയും ചെയ്ത ആളാണ്. അപ്പോൾ കൂടെ നിന്നവർ പറഞ്ഞു നിന്റെ നാവിനെ കണ്ട്രോൾ ചെയ്യൂ അല്ലെങ്കിൽ വേറൊരു രീതിയിൽ നീ വ്യാഖ്യാനിക്കപ്പെടും എന്ന്. അന്ന് നീ അത് ചെറിയ ചിരിയോടെ ഏറ്റെടുത്തു.


ഒരു കാര്യം നീ ഓർക്കുക. നിനക്കെതിരെ ഒത്തിരി പ്രോബ്ലംസ് വന്നപ്പോൾ നിന്റെ റീഡിങ് പെർഫോർമൻസ് മോശമായത് സഹിതം, നിന്നെ സപ്പോർട്ട് ചെയ്ത സ്ഥാപനമാണ് മംഗളം . നിന്റെ ചെയ്തികൾ ചില കാര്യങ്ങളിൽ അതിരു വിട്ടപ്പോഴും, നിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഉത്തമ ബോധ്യവും, തെളിവുകളും ഉണ്ടായിട്ടും നിന്നെ നിലനിർത്താനാണ് മംഗളം നോക്കിയത്. അവിടെ നീ സുരക്ഷിതയല്ലായിരുന്നു എന്ന് പറയാൻ പറ്റുമോ ? കഴിഞ്ഞ മെയ്‌ മാസത്തിൽ നിനക്ക് എന്തൊക്കെയോ മനസിലായി എന്നാണല്ലോ നീ പറഞ്ഞത്. അന്ന് നീ ഈ പറഞ്ഞ ധാർമികത എവിടെ ആയിരുന്നു. അന്നും നീ സാലറി വാങ്ങുന്നുണ്ടായിരുന്നല്ലോ. നിന്റെ ധാർമികത മംഗലവുമായി ഇണങ്ങുന്നത് അല്ലായിരുന്നു എങ്കിൽ ആ നിമിഷം നീ ഇറങ്ങണമായിരുന്നു..


Faces of mangalam എന്നാ പ്രോഗ്രാമിൽ നിനക്ക് വളരെ അടുപ്പമുണ്ടെന്ന് പറഞ്ഞ നിന്റെ ”പ്രിയപ്പെട്ട ചേച്ചി”യെപ്പറ്റി നീ എന്തുമാത്രം കുറ്റങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നത്. അതിനു ശേഷം അവരെ കാണുമ്പോൾ ഉള്ള സ്നേഹപ്രകടനങ്ങളിൽ മറ്റാരെക്കാളും മികച്ച വ്യക്തിയും നീ ആയിരുന്നു. Best performer.. അതുകൊണ്ടു നീ അഭിപ്രായങ്ങളിൽ മറിഞ്ഞു തിരിയുമെന്നതിൽ ഞങ്ങൾക്കാർക്കും തർക്കമില്ല. പക്ഷെ ഒരുകാര്യം നല്ല കാറ്റുള്ള ടൈംയിൽ നീ ഇത് ചെയ്തതുകൊണ്ട് നിനക്ക് നേട്ടമുണ്ട്. .


നീ മംഗളത്തിൽ സബ്എഡിറ്റർ പോസ്റ്റിൽ എങ്ങനെ കയറി എന്ന് എനിക്ക് നന്നായി അറിയാം. നീ ഒരു ചാനലിലും ചെയ്യാതെ, പേർസണൽ ആവിശ്യത്തിന് നിർമിച്ച വീഡിയോ ഇന്റർവ്യൂ നു കൊണ്ട് വന്നിട്ട് അത് ഏതോ ചാനലിൽ കാണിച്ചതാണ് എന്ന് കള്ളം പറഞ്ഞതും…. പിന്നീടു ആ കള്ളം പൊളിയുകയും നീ സമ്മതിക്കുകയും ചെയ്തു… so ഈ രണ്ട് വേഷം നിനക്കിണങ്ങും…
മറ്റൊരു കാര്യം. ഇവിടുത്തെ പെൺകുട്ടികൾ safe അല്ലാന്നു കള്ളം പറഞ്ഞു നീ നീറണ്ട… They are all protected here..അവരുടെ പ്രശ്നങ്ങൾ പുറംലോകത്തെ അറിയിക്കാൻ നിന്റെ നാവിനെ ആശ്രയിക്കുന്ന കുട്ടികളും അല്ല അവർ. നീ പരാജയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നീ ഇറങ്ങി. പലവട്ടം ഒഴിവാക്കപ്പെടേണ്ട നിന്നെ മാനേജ്‌മന്റ് നിലനിർത്തിയത് മംഗളം സ്ഥാപനത്തിൽ നിന്ന് ഒരു പെൺകുട്ടിയും മനസ്സ് നൊന്തു ഇറങ്ങിപ്പോകരുത്‌ എന്ന്‌ സ്ഥാപനത്തിന് നിർബന്ധം ഉള്ളതുകൊണ്ട് മാത്രമാണ് . നീ ഈ വിഷയം legally സോൾവ്‌ ആകുന്നതു വരെ പിടിച്ചു നിന്നിരുന്നേൽ ഒരു പക്ഷെ നിനക്ക് നഷ്ടക്കച്ചോടം ആയേനെ..


Watever… i dont know wats ur catch in this performance… so enjoy ur fame for a shoooorttt tym span… and a peace of advice for free…ഇനിയുള്ള സ്ഥാപനത്തിൽ എങ്കിലും വിശ്വാസ്യത കാണിക്കണം.. wish u al d bst for ur next move….—–
————++++++++++

-“””BY A WOMAN MEMBER FROM MANGALAM FAMILY””””

https://www.facebook.com/pradeep.sv.90/posts/1641667109182337വിവാദ പോസ്റ്റിനെക്കുറിച്ചുള്ള മറുപടിക്കായി പ്രദീപ്‌ എസ് വിയെ ബന്ധപ്പെട്ടപ്പോഴുള്ള മറുപടി 

വിമര്‍ശകരോട് മംഗളം ന്യൂസ് എഡിറ്റര്‍ പ്രദീപ് എസ് വിക്കുള്ള ചോദ്യങ്ങള്‍

(ചിത്രം: സെയ്ദ്  ഷിയാസ് മിര്‍സ)


Next Story

Related Stories