TopTop
Begin typing your search above and press return to search.

Explainer: അമ്രപാലിയും ധോണിയും സാക്ഷി ധോണിയും; സൈനികസേവനം വഴി കിട്ടാനിടയുള്ള സൽപ്പേരിന് ഈ കുംഭകോണ വാർത്തകളെ മറച്ചു പിടിക്കാനുള്ള ശേഷിയുണ്ടോ?

Explainer: അമ്രപാലിയും ധോണിയും സാക്ഷി ധോണിയും; സൈനികസേവനം വഴി കിട്ടാനിടയുള്ള സൽപ്പേരിന് ഈ കുംഭകോണ വാർത്തകളെ മറച്ചു പിടിക്കാനുള്ള ശേഷിയുണ്ടോ?
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒരു ദശകക്കാലം വിജയകരമായി നയിച്ച മഹേന്ദ്ര സിങ് ധോണി സൈനിക സേവനത്തിന് കശ്മീരിലേക്ക് പോകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് മാധ്യമങ്ങൾ ആഘോഷിച്ചത്. പട്രോളിങ്, ഗാർഡ് തുടങ്ങിയ ജോലികളാണത്രെ കശ്മീരിൽ ടെറിട്ടോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവിയിലുള്ള ധോണി ചെയ്യുക. ഈ വാർത്തകൾ ആഘോഷിക്കപ്പെടുന്നതിനിടയിൽ ധോണിക്ക് അത്ര രുചികരമായി തോന്നാനിടയില്ലാത്ത മറ്റുചില വാർത്തകളും മാധ്യമങ്ങളിൽ വരുന്നുണ്ടായിരുന്നു. ദേശസ്നേഹപരമായ നടപടികൾ കൊണ്ടൊന്നും മറയ്ക്കാൻ കഴിയാത്തവണ്ണം വലിപ്പമേറിയ ഒരു പ്രശ്നമായിരുന്നു ആ വാർത്തകൾ ചൂണ്ടിക്കാട്ടിയത്. അമ്രപാലി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് പദ്ധതികളിലൂടെ നടന്ന വലിയ തട്ടിപ്പിൽ ധോണിക്കും ഭാര്യ സാക്ഷിക്കും പങ്കുണ്ടെന്നതായിരുന്നു ഈ വാർത്തകളിലൂടെ പുറത്തുവന്നത്. ഈ കുംഭകോണവുമായി ബന്ധപ്പെട്ട് ധോണി ഉയർത്തിയ വാദങ്ങളെല്ലാം കോടതിയിൽ സമർപ്പിക്കപ്പെട്ട ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പൊളിച്ചുകളഞ്ഞു. സൈനികസേവനം നടത്തുന്നതു വഴി കിട്ടാനിടയുള്ള സൽപ്പേരിന് ഈ കുംഭകോണ വാർത്തകളെ മറച്ചു പിടിക്കാനുള്ള ശേഷിയുള്ളതായി തോന്നുന്നില്ല. എല്ലാ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച വാർത്തകൾ നിറഞ്ഞിരിക്കുകയാണ്.

എന്താണ് അമ്രപാലി തട്ടിപ്പ്?

റിയൽ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി ഗ്രൂപ്പിന്റെ പാർപ്പിടങ്ങൾ സ്വന്തമാക്കാനായി പതിനായിരക്കണക്കിനാളുകൾ നിക്ഷേപിച്ച കോടിക്കണക്കിന് രൂപ പലതരത്തിൽ വകമാറ്റിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. 42,000ത്തിലേറെ ആളുകളാണ് നിക്ഷേപം നടത്തി ആശങ്കയിലായത്.

എങ്ങനെയാണ് ധോണി ഈ കേസിൽ ഉൾപ്പെടുന്നത്?

കുറച്ചുകാലം അവരുടെ ബ്രാൻഡ് അംബാസഡറായിരുന്നുവെന്നതല്ലാതെ അമ്രപാലിയുമായി തനിക്ക് നേരിട്ടുള്ള ബന്ധങ്ങളൊന്നുമില്ലെന്നാണ് ധോണി വാദിച്ചു കൊണ്ടിരുന്നത്. ആറേഴ് കൊല്ലക്കാലം ഇദ്ദേഹം ബ്രാൻഡ് അംബാസഡർ സ്ഥാനത്തുണ്ടായിരുന്നു. ഇക്കാലയളവിൽ അമ്രപാലിയുടെ നിരവധി പരസ്യങ്ങളിൽ ധോണി അഭിനയിച്ചു.

എന്നാൽ കേസുമായി ബന്ധപ്പെട്ട് അമ്രപാലി ഗ്രൂപ്പ് രജിസ്ട്രാർക്ക് സമര്‍പ്പിച്ച രേഖകളിൽ ധോണിയും കമ്പനിയും തമ്മിൽ അനിഷേധ്യമായ ബന്ധങ്ങളുള്ളത് വെളിപ്പെടുകയുണ്ടായി.

അമ്രപാലി മഹി ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 25% ഓഹരികൾ ധോണിയുടെയും സാക്ഷിയുടെയും പേരിലാണുള്ളതെന്ന ഫോറന്‍സിക് ഓഡിറ്റ് റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് അമ്രപാലി ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ 75% ഓഹരികൾ കിടക്കുന്നത് അമ്രപാലി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അനിൽ കുമാർ ശർമയുടെ പേരിലാണെന്ന വസ്തുതയും പുറത്തു വന്നു. അമ്രപാലി മഹി ഡവലപ്പേഴ്സിന്റെ ഡയറക്ടറായി സാക്ഷി കുറച്ചുകാലം ഉണ്ടായിരുന്നെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

അമ്രപാലി ഗ്രൂപ്പിനു കീഴിലുള്ള 47 ഉപസ്ഥാപനങ്ങളിലൊന്നാണ് അമ്രപാലി മഹി ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ സ്ഥാപനത്തിലേക്കാണ് അനധികൃതമായി പണം നീക്കിയത്.

ഓഡിറ്റ് റിപ്പോർട്ട് പ്രകാരം അമ്രപാലി ഗ്രൂപ്പിൽ നിന്നും അമ്രപാലി മഹി ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്കും മറ്റ് ഉപസ്ഥാപനങ്ങളിലേക്കും മാറ്റിയത് കോടിക്കണക്കിന് രൂപയാണ്. 5,619 കോടി രൂപയുണ്ടെന്നാണ് കണ്ടെത്തൽ. ഇവ മുഴുവനും പാർപ്പിടത്തിനായി ആളുകൾ നിക്ഷേപിച്ച പണമാണെന്നും കണ്ടെത്തലുണ്ട്. സുപ്രീം കോടതി നിയോഗിച്ച ഫോറന്‍സിക് ഓഡിറ്റര്‍മാരായ രവി ഭാട്ടിയയും പവന്‍ കുമാര്‍ അഗര്‍വാളും നടത്തിയ അന്വേഷണത്തിലാണ് ഈ വസ്തുതകളെല്ലാം പുറത്തു വന്നത്.

എന്താണ് സാക്ഷി ധോണിക്ക് ഈ തട്ടിപ്പിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന പങ്ക്?

സാക്ഷിക്കും അമ്രപാലി മഹി ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ഓഹരിയുണ്ട്. ഇതുകൂടാതെ ഇരുവരുടെയും സ്വന്തം ഉടമസ്ഥതയിലുള്ള റിഥി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കും അമ്രപാലി ഗ്രൂപ്പ് കോടിക്കണക്കിന് രൂപ വകമാറ്റി നൽകിയിട്ടുണ്ട്. സാക്ഷി തന്നെയാണ് റിഥി സ്പോർട്സിന്റെ ഡയറക്ടർ. ധോണിയുടെ സ്പോർട്സ് കാര്യങ്ങൾ നോക്കിനടത്തുന്നതും ഈ കമ്പനിയാണ്.

റിഥി സ്പോർട്സിലേക്ക് അമ്രപാലി ഗ്രൂപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ നിക്ഷേപത്തിൽ നിന്നെടുത്ത് 42.22 കോടി രൂപയാണ് മാറ്റിയത്. ഇതിൽ 6.52 കോടി രൂപ നൽകിയത് അമ്രപാലി സഫയർ ഡവലപ്പേഴ്സാണ്. ഇത് നടന്നത് 2009നും 2015നും ഇടയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്താണ് 2016ൽ സംഭവിച്ചത്?

താൻ അമ്രപാലിയുമായുള്ള ബന്ധം 2016ൽ വിട്ടുവെന്നാണ് ധോണി പറയുന്നത്. ഇതുപക്ഷെ ബ്രാൻഡ് അംബാസഡർ സ്ഥാനം ഒഴിയുന്നതിൽ മാത്രം ഒതുങ്ങിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പലതും സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം അമ്രപാലി ഗ്രൂപ്പിനെതിരെ ധോണി കോടതി വ്യവഹാരത്തിന് പോയിരുന്നു. തനിക്ക് ബ്രാൻഡ് അംബാസഡറെന്ന നിലയ്ക്ക് ലഭിക്കേണ്ടിയിരുന്ന തുക തന്നു തീർത്തിട്ടില്ലെന്നായിരുന്നു ഹരജി. 150 കോടി രൂപ തനിക്ക് കിട്ടാനുണ്ടെന്നാണ് ധോണി അന്ന് ബോധിപ്പിച്ചത്.

എന്താണ് നിക്ഷേപകരുടെ ഇപ്പോഴത്തെ അവസ്ഥ?

ആശ്വാസകരമായ വിധിയാണ് സുപ്രീംകോടതിയിൽ നിന്നും വന്നിരിക്കുന്നത്. അമ്രപാലി ഗ്രൂപ്പിന്റെ രജിസ്ട്രേഷൻ കോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഇത് പാര്‍പ്പിടത്തിനായി പണം നിക്ഷേപിച്ചവരെ ബാധിക്കില്ല. ഗ്രൂപ്പിന്റെ മുടങ്ങിക്കിടക്കുന്ന മുഴുവൻ പാർപ്പിടസമുച്ചയ പദ്ധതികളും പൂർത്തിയാക്കാൻ നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ (എൻ.ബി.സി.സി.) ജഡ്ജിമാരായ അരുൺ മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിയോഗിച്ചിട്ടുണ്ട്. നോയ്ഡ, ഗ്രേറ്റർ നോയ്ഡ അതോറിറ്റികളുമായുള്ള അമ്രപാലി ഗ്രൂപ്പിന്റെ പാട്ടക്കരാറുകൾ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

മുതിർന്ന അഭിഭാഷകൻ ആർ വെങ്കിട്ടരമണിയാണ് കേസിൽ റിസീവറായി പ്രവർത്തിക്കുക. ഗ്രൂപ്പിന്റെ എല്ലാ ആസ്തികളുടെയും അവകാശങ്ങൾ റിസീവറിൽ കോടതി നിക്ഷിപ്തമാക്കി.

എന്താണ് ഈ കേസിലെ വിദേശവിനിമയ ചട്ട ലംഘനം?

ഫ്ലാറ്റിനായി ഇടപാടുകാർ നൽകിയ പണം വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച് ഗ്രൂപ്പ് വകമാറ്റി ചെലവഴിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജെപിമോർഗൻ ചേസ് ആൻഡ് കമ്പനി ഇന്ത്യൻ വിദേശവിനിമയ നിയമങ്ങൾ ലംഘിച്ച് ഇടപാടുകൾ നടത്താൻ അമ്രപാലി ഗ്രൂപ്പിനെ സഹായിച്ചെന്ന് സൂപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. ഈ പ്രശ്നത്തിൽ അന്വേഷണം വ്യാജ കമ്പനികൾ രൂപീകരിച്ചു, ലാഭമില്ലാതെ ഡിവിഡന്റുകൾ നൽകി, ഓഹരികളുടെ മൂല്യം കൂട്ടിക്കാണിച്ചു തുടങ്ങിയവയാണ് ജെപിമോർഗൻ ചേസ് ആൻഡ് കമ്പനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.

രാജ്യത്തെ നിക്ഷേപം വിദേശരാജ്യങ്ങളിലേക്ക് മാറ്റാന്‍ ജെപിമോർഗൻ ചേസ് ആൻഡ് കമ്പനി അമ്രപാലിയെ സഹായിച്ചെന്നാണ് ഫോറന്‍സിക് ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്. 850 ദശലക്ഷം രൂപയുടെ നിക്ഷേപം അമ്രപാലിയിൽ നടത്തിയ ജെപിമോർഗൻ പിന്നീടിത് 1.4 ബില്യൺ രൂപയ്ക്കാണ് വിറ്റഴിച്ചത്.

അതേസമയം കടം നൽകിയവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുമെന്നാണ് കോടതിവിധിയിൽ നിന്നും മനസ്സിലാക്കാനാകുന്നത്. ബാങ്കുകളെക്കാള്‍ പ്രാധാന്യം കോടതി കൽപ്പിച്ചിരിക്കുന്നത് വീടുകൾ വാങ്ങിയവർക്കാണ്. ഇവരുടെ പ്രശ്നം തീർപ്പാക്കിയ ശേഷമേ ബാങ്കുകളുടെ കാര്യത്തിൽ തീരുമാനം വരൂ.

അമ്രപാലിയുടെ ഭാവിയെന്ത്?

2003ലാണ് അനിൽ കുമാർ ശർമയുടെ നേതൃത്വത്തിൽ അമ്രപാലി ഗ്രൂപ്പ് സ്ഥാപിക്കപ്പെട്ടത്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ വൻ വളർച്ചയെ ഏറ്റവും നന്നായി മുതലെടുത്തത് ഈ ഗ്രൂപ്പാണെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ഡൽഹി എൻസിആർ മേഖലയിൽ വലിയ ആധിപത്യം തന്നെ സ്ഥാപിച്ചു ഈ കമ്പനി. ഗ്രൂപ്പിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടതോടെ ഇനിയൊരു മുമ്പോട്ടു പോക്ക് സാധ്യമല്ലാതെ വന്നിരിക്കുകയാണ്. കൂടാതെ ദേശീയ തലസ്ഥാന മേഖലയിലെ ആസ്തികളിൽ നിന്നും ഗ്രൂപ്പിനെ സുപ്രീംകോടതി നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആസ്തികൾക്ക് കാവലായി റിസീവറെയും നിയമിച്ചു. ഗ്രൂപ്പിന്റെ എല്ലാ ഹൗസിങ് പ്രോജക്ടുകളും ഇനി നാഷണൽ ബിൽഡിങ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരിക്കും നോക്കിനടത്തുക. സമയബന്ധിതമായി പ്രോജക്ട് തീർക്കേണ്ട ചുമതലയും ഇവർക്കാണ്.

അമ്രപാലി ഗ്രൂപ്പിന്റെ മാനേജ്മെന്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് സുപ്രീംകോടതി. കമ്പനിയുടെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെയും അന്വേഷണം വരും.

റിയൽ എസ്റ്റേറ്റ് മേഖലയെ ഇതെങ്ങനെ ബാധിക്കും?

റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ മാർഗ്ഗനിർദ്ദേശം പോലെ വർത്തിക്കാവുന്ന വിധികളാണ് കഴിഞ്ഞദിവസം സുപ്രീംകോടതി നൽകിയത്. കോടതിയിലുള്ള നിരവധി കേസുകള്‍ തീർപ്പാക്കുന്നതിന് ഈ വിധികൾ വഴികാട്ടിയായി മാറും.

Next Story

Related Stories