TopTop
Begin typing your search above and press return to search.

Explainer: ഇനി ഇഷ്ടമുള്ള ചാനലുകൾ മാത്രം പണം കൊടുത്ത് കാണാം; എങ്ങനെ?

Explainer: ഇനി ഇഷ്ടമുള്ള ചാനലുകൾ മാത്രം പണം കൊടുത്ത് കാണാം; എങ്ങനെ?

കേബിൾ ടെലിവിഷൻ സേവനങ്ങൾക്ക് പുതിയ ചട്ടങ്ങൾക്ക് ട്രായ് രൂപം കൊടുത്തത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ്. ദീർഘകാലത്തെ കോടതി വ്യവഹാരങ്ങൾക്കു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ട്രായ് ഈ ചട്ടങ്ങൾ നടപ്പാക്കുന്നത്. അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഈ ചട്ടങ്ങളിന്മേൽ നടക്കുന്നുണ്ട്. അവയെക്കുറിച്ചുള്ള വിശദമായ ഒരു ചർച്ചയാണ് ഇവിടെ.

എന്താണ് ചാനൽ സബ്സ്ക്രിബ്ഷൻ സംബന്ധിച്ച ട്രായിയുടെ പുതിയ ഉത്തരവ്?

ഉപഭോക്താക്കൾക്ക് തങ്ങൾ ഏത് ചാനൽ കാണണമെന്ന് നിശ്ചയിക്കാനുള്ള അവകാശം സ്ഥാപിച്ചു നൽകുകയാണ് ട്രായ് തങ്ങളുടെ പുതിയ ഉത്തരവിലൂടെ നൽകിയിരിക്കുന്നത്. ന്യൂ റെഗുലേറ്ററി ഫ്രെയിംവർക്ക് ഫോർ ബ്രോഡ്കാസ്റ്റിങ്‌ ആൻഡ്‌ കേബിൾ സർവീസസ് എന്ന ഈ നിർദ്ദേശം നടപ്പിലാകുന്നതോടെ ആവശ്യമുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് ചാനലുകൾ സബ്സ്ക്രൈബ് ചെയ്തിടേണ്ടി വരുന്ന ഉപഭോക്താവിന്റെ ഗതികേട് അവസാനിക്കുമെന്നാണ് ട്രായ് പറയുന്നത്. പുതിയ നിർദ്ദേശമനുസരിച്ച് 'ഫ്രീ റ്റു എയർ ചാനലുകൾ' എന്ന വിഭാഗത്തിൽ വരുന്ന, നിർബന്ധമായ അടിസ്ഥാന പാക്കേജ് ഒഴികെയുള്ള എല്ലാ ചാനലുകളും പ്രത്യേകം പണം കൊടുത്ത് വാങ്ങാനുള്ള സൗകര്യമുണ്ടാകും ഉപഭോക്താവിന്.

എങ്ങനെയാണ് ഈ പുതിയ നയം നടപ്പാകാൻ അവസരമൊരുങ്ങിയത്?

മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന അനലോഗ് ഹെഡ്എൻഡ് സാങ്കേതികതയിൽ നിരവധിയായ പരിമിതികളുണ്ടായിരുന്നു. ഇതിൽ ഇപ്പോൾ നടപ്പാക്കാനുദ്ദേശിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ അസാധ്യവുമായിരുന്നു. എന്നാൽ 2017 മാർച്ച് മുതൽ നിലവിൽ വന്ന ഡിജിറ്റൽ അഡ്രസ്സബിൾ സിസ്റ്റംസ് ഓഫ് കേബിൾ ടിവി നെറ്റ്‌വർക്സ് കുറെക്കൂടി ഉയർന്ന സാങ്കേതിക നിലവാരത്തിലുള്ള സംവിധാനം കൊണ്ടുവന്നു. ഇതുവഴി കാണുന്ന ചാനലുകൾ പ്രത്യേകമായി തിരിച്ചറിയാനുള്ള സൗകര്യമുണ്ടായി. ഉപഭോക്താവിന് ആവശ്യമുള്ള ചാനലുകൾ പ്രത്യേകമായി നൽകാനും സൗകര്യം വന്നു. ഈ പുതിയ സംവിധാനത്തിന്റെ ഉദ്ദേശ്യം തന്നെ ഇത്തരത്തിൽ ഉപഭോക്താവിന് ലഭിക്കുന്ന സൗകര്യങ്ങളാണ് എന്നിരിക്കെ പ്രസ്തുത ആനുകൂല്യം കൈമാറാതിരിക്കുന്നതിന്റെ നൈതികതാ പ്രശ്നമാണ് ട്രായ് ഉന്നയിച്ചത്. ഈ പ്രശ്നം കോടതിയിലെത്തിയപ്പോഴും ട്രായ് ഈ വാദമുന്നയിച്ചു. മദ്രാസ് ഹൈക്കോടതി ട്രായിക്ക് അനുകൂല വിധി നൽകി. പിന്നീട് സുപ്രീംകോടതിയിലെത്തിയപ്പോഴും 2018 ഒക്ടോബർ 30ന് പുറപ്പെടുവിച്ച വിധിയും ട്രായിക്ക് അനുകൂലമായിരുന്നു. ചുരുക്കത്തിൽ ഈ നയം നടപ്പാകാനുള്ള എല്ലാ അവസരങ്ങളും ഒരുങ്ങി. ചാനലിന്റെ ഉള്ളടക്കത്തിന് വില നിശ്ചയിക്കാനുള്ള അവകാശം ബ്രോഡ്കാസ്റ്റർ‍ക്കാണെന്ന വാദം കോടതി തള്ളി. ഇപ്പോഴും ബ്രോഡ്കാസ്റ്റർ തന്നെയാണ് വില നിശ്ചയിക്കുകയെങ്കിലും അതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും.

എന്താണ് ട്രായ്‌ കാണുന്ന നേട്ടം?

ഉയർന്ന മത്സരം ഏതൊരു മുതലാളിത്ത വിപണിയുടെയും വളർച്ചയ്ക്ക് അത്യാവശ്യമാണ്. ചാനലുകൾക്കിടയിൽ ഇത്തരമൊരു മത്സരം രൂപപ്പെടുത്തുന്നതിന് ട്രായിയുടെ ഈ നീക്കം സഹായകമാകും. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ്‌ ചാനൽ വിതരണ മേഖലയിൽ പുതിയൊരു ക്രമവും സുതാര്യതയും സേവനമികവും നടപ്പാക്കാനും ട്രായിക്ക് ഇതുവഴി സാധിക്കും. രാജ്യത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ തങ്ങളുടെ ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള സൗകര്യവും ട്രായിക്കുണ്ടാകും. സേവനത്തിന് കൃത്യമായ നിരക്കുകളുണ്ടായിരിക്കും. അതായത് കേബിൾ ഓപ്പറേറ്റർക്ക് ഇടപെടൽ സാധ്യത ഇല്ലാതാകും. ഡിസ്കൗണ്ട് നൽകലും മറ്റും ഇനി നടക്കില്ല. ബ്രോഡ്കാസ്റ്റർ, ഡി.എസ്‌.പി., ലോക്കൽ ഓപ്പറേറ്റർ എന്നിവരുടെ വരുമാനം കൃത്യമായ കണക്കുകൾ ട്രായിയുടെ പക്കലുണ്ടാകും ഇനി.

ഉപഭോക്താക്കൾക്കുള്ള നേട്ടങ്ങളെന്തെല്ലാം?

ഇഷ്ടമുള്ള ചാനലുകൾ മാത്രം പണം കൊടുത്തു വാങ്ങാം എന്നതാണ് ഉപഭോക്താവിനുള്ള നേട്ടം. ഓരോ ചാനലിലും എംആർപി ഇടും. ബ്രോഡ്കാസ്റ്റർമാർ അനാവശ്യമായ ചാനലുകൾ ആരംഭിച്ച്, അവ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കുകളിലൂടെ പ്രേക്ഷകരിൽ അടിച്ചേല്പിക്കുന്ന പ്രവണത ഇതോടെ ഇല്ലാതാകുമെന്നതാണ് മറ്റൊരു ഗുണം. വരിക്കാർക്ക് മികച്ച സേവനം ഉറപ്പുവരുത്താൻ ട്രായിക്ക് കൂടുതൽ ഇടപെടലുകൾ നടത്താനാകും. ഡിസ്ട്രിബ്യൂഷൻ സർവ്വീസ് പ്രൊവൈഡർമാർ നിലവിൽ ഉപഭോക്താക്കളോട് കാണിക്കുന്ന അവഗണനയ്ക്കും അറുതി വരും. പരാതികൾ സ്വീകരിക്കാൻ കോൾ സെന്ററുകള്‍ സ്ഥാപിക്കാൻ ഇവർ ബാധ്യസ്ഥരാണ്. ഇതിന് വെബ്സൈറ്റിലും സൗകര്യമുണ്ടായിരിക്കണം. പരാതികൾക്ക് പ്രത്യേക നമ്പർ നൽകണം. 90 ശതമാനം പരാതികളും 24 മണിക്കൂറിനുള്ളിൽ പരിഹരിക്കേണ്ടതായി വരും.

ചാനലുകൾ തെരഞ്ഞെടുക്കുന്ന രീതി എങ്ങനെ?

ഉപഭോക്താവിന് ഇഷ്ടമുള്ള ചാനലുകൾ ഇഷ്ടമുള്ള കാലയളവിലേക്ക് തെരഞ്ഞെടുക്കാൻ സൗകര്യം കിട്ടുമെന്നതാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. 100 ചാനലുകളുൾക്കൊള്ളുന്ന (26 ദൂരദർശൻ ചാനലുകളടക്കം) ഒരു ബേസിക് പാക്ക് ഡിസ്ട്രിബ്യൂഷൻ സർവ്വീസ് പ്രൊവൈഡർമാർ നൽകണം. ഇതിൽ 74 ചാനലുകൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. അടിസ്ഥാന പാക്കേജിന് 130 രൂപ കപ്പാസിറ്റി ഫീസായി കേബിൾ ഓപ്പറേറ്റർമാർക്ക് വാങ്ങാം. 30 രൂപയോളം ജിഎസ്‌ടിയും കൂടെ വരും. പിന്നീട് വരുന്നത് 25 ചാനലുകൾ ഉൾക്കൊള്ളുന്ന ബൊക്കെകളാണ്. ഇങ്ങനെ ബൊക്കെകളാക്കി നിരക്ക് നിശ്ചയിക്കാനുള്ള അനുമതി ട്രായ് നൽകിയിട്ടുണ്ട്. വരിക്കാർക്ക് ഇതിൽ താൽപര്യമുള്ള ചാനലുകളെ ഉൾക്കൊള്ളിക്കാം. എസ്ഡി ചാനലൊന്നിന് പരമാവധി 20 രൂപയും എച്ച്ഡി ചാനലൊന്നിന് പരമാവധി 40 രൂപയുമായിരിക്കും വില. നിരക്കുകൾ ഉപഭോക്താക്കൾക്ക് താങ്ങാവുന്നവയാകുമെന്നാണ് ട്രായ് പറയുന്നത്. പ്രത്യേകമായ കാലയളവിലേക്ക് ചാനലുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും പുതിയ വ്യവസ്ഥ പ്രകാരം വരും. ഉദാഹരണത്തിന് ലോകകപ്പ് ഫൂട്ബോൾ നടക്കുന്ന കാലയളവിലേക്കു മാത്രം അത് സംപ്രേഷണം ചെയ്യുന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാനാകും.

വിമർശനങ്ങളെന്തെല്ലാം?

ഉപഭോക്താവിന് കൂടുതൽ സൗകര്യപ്രദവും ലാഭകരവുമാണ് പുതിയ രീതിയെന്നാണ് ട്രായിയുടെ അവകാശവാദം. ഇതിന് ബലമായി ട്രായ് നിരത്തുന്ന വാദം ഒരു കുടുംബം അമ്പതിൽ കൂടുതൽ ചാനലുകൾ സ്ഥിരമായി കാണുകയില്ല എന്നതാണ്. അതായത് അത്രയും ചാനലുകൾ പണം കൊടുത്ത് വാങ്ങുന്ന വ്യവസ്ഥ വരുന്നതോടെ ഇപ്പോഴത്തെ നിരക്കിനെക്കാൾ കുറഞ്ഞ നിരക്കു മാത്രമേ ഉപഭോക്താവിന് നൽകേണ്ടി വരികയുള്ളൂ എന്ന് ചുരുക്കം. പത്തറുന്നൂറ് ചാനലുകളുടെ ആവശ്യമൊന്നും ഒരു കുടുംബത്തിനില്ല എന്ന യുക്തിയിൽ പിടിച്ചാണ് ട്രായിയുടെ നിൽപ്പ്. എന്നാൽ, ബേസിക് പാക്കിന്റെ 130 രൂപയും ഓരോ ചാനലിന്റെയും എംആർപിയും ചേർന്നാൽ പ്രതിമാസം ഉപഭോക്താവ് അറുന്നൂറ് രൂപയെങ്കിലും അടയ്ക്കേണ്ട സ്ഥിതിയാണ് ഇനി വരാൻ പോകുന്നതെന്നാണ് സർവ്വീസ് പ്രൊവൈഡർമാരുടെ വിമർശനം. നിലവിൽ ഇതിന്റെ പകുതി തുക കൊണ്ട് നൂറുകണക്കിന് ചാനലുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഈ സ്ഥിതിയിൽ മാറ്റം വരും. ഓരോ ചാനലിനും പണം എണ്ണിക്കൊടുക്കേണ്ടി വരും. ഉപഭോക്താക്കൾക്ക് നിലവിൽ നിരവധി ചാനലുകൾ ഒറ്റ ഫീസിനകത്ത് ലഭിക്കുന്നുണ്ട്. അതെല്ലാം ഇല്ലാതാകും. ഇതോടെ നിരവധി ചാനലുകളാണ് പ്രതിസന്ധിയിലാവുക. ജനപ്രിയത കുറഞ്ഞ ചാനലുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതാകും.

സ്ഥിരമായി ഉപയോഗിക്കുന്ന ചാനലുകൾ മാത്രം മതിയെന്ന് കരുതുന്നവർക്ക് ഇത് ലാഭകരമാകും. എന്നാൽ പേ ചാനലുകളെല്ലാം ആവശ്യമായവർ കുടുങ്ങും. മലയാളത്തിൽ നിലവിൽ പതിനാല് പേ ചാനലുകളുണ്ട്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ എച്ച്ഡി, സൂര്യ മൂവീസ്, സൂര്യ മ്യൂസിക്, സൂര്യ കോമഡി, കൊച്ചു ടിവി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്ഡി, രാജ്ന്യൂസ് എന്നിവയാണ് നിലവിലെ പേ ചാനലുകൾ. ഏഷ്യാനെറ്റിന്റെ പാക്കേജിന് 19 രൂപയാണ് നിരക്ക്. സ്റ്റാർ സ്പോർട്സ് ഉൾപ്പെടെയുള്ള സ്റ്റാര്‌‍ മലയാളം പാക്കേജിന് 39 രൂപയാണ് നിരക്ക്. മറ്റുള്ള സർവ്വീസ് പ്രൊവൈഡർമാർ നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല.

എന്താണ് ഡിടിഎച്ച്, കേബിൾ ഓപ്പറേറ്റർമാരുടെ ആശങ്ക

തങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നതാണ് പുതിയ നിർദ്ദേശങ്ങളെന്ന് ഡിടിഎച്ച്, കേബിൾ‍ ഓപ്പറേറ്റർമാർ പറയുന്നു. ഇക്കാര്യം കോടതിയിൽ തങ്ങളുടെ വാദമായി ഇവർ ഉന്നയിക്കുകയും ചെയ്തിരുന്നു. നിലവിൽ ട്രായ് നിർദ്ദേശിക്കുന്ന എംആർപി നിരക്കുകൾ അന്യായമാണെന്നും ഇവർക്കഭിപ്രായമുണ്ട്. ഇന്ത്യയിലെ പേ ചാനലുകളുടെ വരുമാനം 80 ശതമാനവും പരസ്യത്തിൽ നിന്നാണ്. ബാക്കി 20 ശതമാനമാണ് വരിസംഖ്യയിലൂടെ ലഭിക്കുന്നത്. പുതിയ വ്യവസ്ഥ വരുന്നതോടെ ഉപഭോക്താക്കളുടെ കൈകളിലാണ് എല്ലാം. ഉപഭോക്താക്കൾ ഏതെല്ലാം ചാനലുകൾ തെരഞ്ഞെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

ഡിസംബർ 29നാണ് ഈ വ്യവസ്ഥ നിലവിൽ വന്നത്. ഇതിനിടയിൽ ഉപഭോക്താക്കൾക്കാവശ്യമായ പാക്കേജുകൾ തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ‌ ഡിസ്ട്രിബ്യൂഷൻ സർവ്വീസ് പ്രൊവൈഡർമാർക്ക് സാധിച്ചിട്ടില്ല. ഇതിന് അടുത്തവർഷം ജനുവരി 31 വരെ സമയം നൽകിയിട്ടുണ്ട് ട്രായ്. അതുവരെ നിലവിൽ ലഭിക്കുന്ന ചാനലുകൾ മുടക്കമില്ലാതെ ലഭിക്കും.


Next Story

Related Stories