UPDATES

EXPLAINER: ഇന്‍റര്‍പോള്‍ തലവനെ ചൈനയില്‍ വച്ച് കാണാതായതിനു പിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രശ്നങ്ങളോ?

വിദേശം

1975-ല്‍ സിപിസി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന) യില്‍ അംഗമായ ആളാണ്‌ മെങ് ഹോങ് വെ

സ്വദേശമായ ചൈനയിലേക്ക് പോയ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്‌ വെയുടെ തിരോധാനം സംബന്ധിച്ച വാര്‍ത്ത സ്വാഭാവികമായും വലിയ ചര്‍ച്ചയായി. തുടര്‍ന്ന് മെങ് ഹോങ് വെ ചൈനയില്‍ തടവിലാണ് എന്ന വാര്‍ത്തയാണ് പുറത്തു വന്നത്. ഇന്റര്‍പോള്‍ ആസ്ഥാനമുള്ള ഫ്രാന്‍സിലെ ലിയോണില്‍ നിന്നും നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയ മെങിനെ കാണാനില്ല എന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്റര്‍പോള്‍ ലോകത്തെ അറിയിച്ചത്. ഭാര്യ ഫ്രഞ്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് അന്താരാഷ്ട്ര പോലീസ് ഏജന്‍സിയുടെ പ്രസിഡന്റ്‌ സ്ഥാനം മെങ് ഹോങ് വെ രാജി വച്ചതായി ഇന്‍റര്‍പോള്‍ അറിയിച്ചു. ഏറ്റവും ഒടുവില്‍ ചൈന പുറത്തുവിടുന്ന വിവരം കൈക്കൂലി കേസിലാണ് മെങ് ഹോങ് വെ അന്വേഷണവും നിയമനടപടികളും നേരിടുന്നത് എന്നാണ്. ചൈനയുടെ പബ്ലിക് സെക്യൂരിറ്റി വൈസ് മിനിസ്റ്റര്‍ കൂടിയാണ് മെങ് ഹോങ് വേ. അതേസമയം കൂടുതല്‍ ചൈനീസ് ഉദ്യോഗസ്ഥരെ അന്താരാഷ്ട്ര പദവികളില്‍ എത്തിക്കാനുള്ള ചൈനയുടെ നീക്കത്തിന് മെങിനെതിരായ നടപടി തിരിച്ചടിയായേക്കും.

ചൈനീസ് നിയമങ്ങള്‍ മനസിലാക്കാതെയാണ് മെങ് ഹോങ് വെയുടെ കേസില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി ആരോപിച്ച് തങ്ങള്‍ക്കെതിരെ പാശ്ചാത്യമാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നത് എന്നാണ് ചൈനയുടെ പരാതി. ഇക്കാര്യമാണ് ഗവണ്‍മെന്റ് പത്രം ഗ്ലോബല്‍ ടൈംസിന്റെ ഇന്നലത്തെ എഡിറ്റോറിയല്‍ ആരോപിക്കുന്നത്.

അതേസമയം ചൈനീസ് ഉദ്യോഗസ്ഥരെ അന്താരാഷ്ട്ര ഏജന്‍സികളുടെ തലപ്പത്ത് നിയമിക്കുന്നതിലെ പ്രശ്‌നങ്ങളാണ് ഇന്റര്‍പോള്‍ പ്രസിഡന്റിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സംഘടനകളും ഏജന്‍സികളും ഉന്നയിക്കുന്നത്. ഭാര്യ ഗ്രേസ് അടക്കമുള്ള കുടുംബാംഗങ്ങള്‍ മെങിനൊപ്പം ഫ്രാന്‍സില്‍ താമസിച്ച് വരുകയായിരുന്നു. മെങിന്റെ ഭാര്യയും കുട്ടികളും പ്രൊട്ടക്ടീവ് കസ്റ്റഡിയിലാണ് എന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറയുന്നു.

ആരാണ് മെങ് ഹോങ് വെ?

1975-ല്‍ സിപിസി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന) യില്‍ അംഗമായി. 2004-ല്‍ ഇന്റര്‍പോള്‍ ചൈന ബ്രാഞ്ച് അംഗം. 2016-ലാണ് മെങ് ഹോങ് വെ ഇന്റര്‍പോള്‍ പ്രസിഡന്റാകുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ചൈനാക്കാരനാണ് മെങ്. അന്താരാഷ്ട്ര ഏജന്‍സികളുടെ തലപ്പത്ത് തങ്ങളുടെ ഉദ്യോഗസ്ഥരെ കൊണ്ടുവരാനുള്ള ചൈനയുടെ നീക്കത്തിന്റെ വിജയമായി ഈ നിയമനം. അതേസമയം വിദേശത്ത് രാഷ്ട്രീയ അഭയം തേടിയ എതിരാളികളെ മെങിനെ ഉപയോഗിച്ച് ചൈന പിന്തുടരും എന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കി.

ചൈനീസ് സെക്യൂരിറ്റി തലവന്‍ സൂ യോങ് കാങ് ജയിലിലടയ്ക്കപ്പെട്ട ശേഷമാണ് മെങ് ഇന്റര്‍പോള്‍ തലവനാകുന്നത്. നേരത്തെ ചൈനീസ് ബ്യൂറോ ഓഫ് ഓഷ്യാനോഗ്രഫിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും തലവനായിരുന്നു. പിന്നീട് സൂവിന് കീഴില്‍ നാഷണല്‍ പൊലീസ് വൈസ് മിനിസ്റ്ററായി ഉയര്‍ത്തപ്പെട്ടു. അഴിമതി-കൈക്കൂലി കേസില്‍ വിചാരണ നേരിടുന്ന ചൈനയുടെ ഉന്നതതല ഉദ്യോഗസ്ഥരില്‍ ഏറ്റവും ഒടുവിലത്തെയാളാണ് മെങ് ഹോങ് വെ.

മെങ്ങിനെതിരെ നടക്കുന്ന അന്വേഷണം/ ചൈന പറയുന്നത്

ചൈനീസ് നാഷണല്‍ സൂപ്പര്‍വൈസറി കമ്മീഷനാണ് മെങിനെതിരെ അന്വേഷണം നടത്തുന്നത്. പാര്‍ട്ടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് മെങ് എന്ന് ചൈന അറിയിച്ചു. തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് സിപിസിയുടെ പൊതുസുരക്ഷ മന്ത്രാലയത്തിലെ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 18ാം കോണ്‍ഗ്രസ് മുതല്‍ അഴിമതിക്കെതിരായ ശക്തമായ നടപടികളും പ്രചാരണം ദേശീയ നയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് എന്ന് ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് പൊതുസുരക്ഷ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന പ്രസ്താവനയില്‍ മെങ് കൈക്കൂലി വാങ്ങിയതിന് അന്വേഷണം നേരിടുകയാണ് എന്ന് പറയുന്നു. നിയമത്തിന് പിന്നില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നും ചൈന വ്യക്തമാക്കി. ഇന്റര്‍പോള്‍ ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഞായറാഴ്ച രാത്രിയാണ് മെങ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും വിചാരണ നേരിടുകയാണെന്നും ചൈന വ്യക്തമാക്കിയത്. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകുന്നതായി ചൈനീസ് മന്ത്രാലയം അവകാശപ്പെടുന്നു. അതേസമയം കൈക്കൂലി സംബന്ധിച്ച വിശദാംശങ്ങളില്ല.

2011ല്‍ ഐഎംഎഫ് എംഡി ആയിരുന്ന ഡൊമിനിക് സ്‌ട്രോസ് കാനെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് യുഎസ് അറസ്റ്റ് ചെയ്തിരുന്നു. മാന്‍ഹട്ടനിലെ ഹോട്ടലില്‍ വച്ച് ജോലിക്കാരിയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഐഎംഎഫില്‍ ഉന്നത സ്ഥാനം വഹിക്കുകയും ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നയാളുമായ ഡൊമിനിക് സ്‌ട്രോസ് കാനെ ഈ പദവികളെല്ലാം അവഗണിച്ച് അമേരിക്ക അറസ്റ്റ് ചെയ്തിരുന്നതായി ചൈന ചൂണ്ടിക്കാട്ടുന്നു. മെങ് ഒരു യുഎസ് പൗരനാണെന്ന് കരുതുക, യുഎസ് നിയമം ലംഘിക്കുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുകയോ ചെയ്യുന്ന പക്ഷം എന്തായിരിക്കും യുഎസിന്റെ നിലപാട് എന്ന് ചൈന ചോദിക്കുന്നു.

ഇന്റര്‍പോള്‍ പറയുന്നത്

ചൈനയുടെ നിലപാടിനെ വിമര്‍ശിച്ച് തിങ്കളാഴ്ച ഇന്റര്‍പോള്‍ പ്രസ്താവനയിറക്കിയിരുന്നു. മെങ് ഹോങ് വെയുടെ അറസ്റ്റും വിചാരണയും സംബന്ധിച്ച് ഒരു വിവരവും ചൈന തങ്ങളെ അറിയിച്ചിട്ടില്ല എന്നാണ് ആക്ടിംഗ് പ്രസിഡന്റ് കിം ജോങ് യാങ് പറഞ്ഞത്. ചൈനീസ് രാഷ്ട്രീയവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും കിം ജോങ് യാങ് പ്രതികരിച്ചിരുന്നു.

പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്, നിരീക്ഷകരുടെ വിമര്‍ശനം

അന്താരാഷ്ട്ര ഏജന്‍സിയുടെ തലവനെ ഇത്തരത്തില്‍ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്യുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് ചൈന വില കല്‍പ്പിക്കുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് ചൈനീസ് നടന്‍ ഫാന്‍ ബിംഗ് ബോംഗ് പെട്ടൊന്നൊരു ദിവസം അപ്രത്യക്ഷനാവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. നികുതി വെട്ടിപ്പ് വിഷയത്തില്‍ മാപ്പ് പറയുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറ് പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നുമാണ് ബ്രിട്ടീഷ് പത്രം ദി ഗാര്‍ഡിയന്‍ പറയുന്നത്.

പല ഉന്നത ഉദ്യോഗസ്ഥരും ഇത്തരത്തില്‍ അപ്രത്യക്ഷരാകുന്നു. ഷി ജിന്‍ പിങിന്റെ ഭരണത്തില്‍ ഇത്തരം അടിച്ചമര്‍ത്തലുകളും ഉദ്യോഗസ്ഥരുടെ അറസ്റ്റുകളും കൂടിയതായി മെങിന്റെ ഭാര്യ ആരോപിക്കുന്നു. സാധാരണഗതിയില്‍ ചൈനീസ് ഉദ്യോസ്ഥരുടെ ഭാര്യമാര്‍ കൂടുതല്‍ കടുത്ത ശിക്ഷാനടപടികള്‍ ഭയന്ന് ഇത്തരത്തില്‍ ഗവണ്‍മെന്റിനെതിരെ പരസ്യ പ്രസ്താവനയ്ക്ക് മുതിരാറില്ല.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും ഷി ജിന്‍ പിങിന്റെ ഏകാധിപത്യവും

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സംഘര്‍ഷങ്ങള്‍ ഈ നടപടിക്ക് പിന്നിലുണ്ടെന്ന വിലയിരുത്തലുകളുണ്ട്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ഈ ആഭ്യന്തര സംഘര്‍ഷത്തിന്റെ തീവ്രത കൂട്ടിയിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. മെങിന്റെ അറസ്റ്റിന് കാരണം അഴിമതിയല്ലെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അധികാര മത്സരമാണെന്നും വിലയിരുത്തുന്നവരുണ്ട്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനയുടെ ഭരണത്തലവനെന്ന പദവിയില്‍ ആജീവനാന്ത സാധുത നേടിയ ഷീ ജിന്‍ പിങ് നടത്തുന്ന രാഷ്ട്രീയമായ അടിച്ചമര്‍ത്തലാണ് അഴിമതിവിരുദ്ധ നടപടി എന്ന് വിമര്‍ശനമുയരുന്നു.

ചൈനീസ് സെക്യൂരിറ്റി തലവനായിരുന്ന സൂ യോങ് കാങ് ജയിലിലടയ്ക്കപ്പെട്ട ശേഷമാണ് മെങ് ഇന്റര്‍പോള്‍ തലവനാകുന്നത്. പിന്നീട് സൂവിന് കീഴില്‍ നാഷണല്‍ പൊലീസ് വൈസ് മിനിസ്റ്ററായി ഉയര്‍ത്തപ്പെട്ടു. സൂവും ശിക്ഷിക്കപ്പെട്ടത് കൈക്കൂലി കേസില്‍. നിലവില്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്നു. മെങിനെ ഒതുക്കുന്ന പരിപാടി ഏപ്രിലില്‍ തന്നെ തുടങ്ങിയിരുന്നു. പാര്‍ട്ടി കമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഗവണ്‍മെന്റിനും പാര്‍ട്ടിക്കും അലോസരമുണ്ടാക്കുന്ന പൊതുപ്രസ്താവന മെങിന്റെ ഭാര്യ ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ചൈനയില്‍ ഇനി ഷി ജിന്‍പിങിന്റെ ഏകാധിപത്യം; ആജീവനാന്തം പ്രസിഡന്റായി തുടരാം

അധികാര ദുര്‍വിനിയോഗവും അഴിമതിയും: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗത്തെ പുറത്താക്കി

ഇന്ന് തുടങ്ങുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രാധാന്യം: അറിയേണ്ട കാര്യങ്ങള്‍

ഷീ ജിന്‍ പിങിന്റെ പുസ്തകം ഉദ്യോഗസ്ഥ സഖാക്കള്‍ വായിച്ചിരിക്കണം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവ്

Share on

മറ്റുവാർത്തകൾ