TopTop
Begin typing your search above and press return to search.

Explainer: വിശ്വാസത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്നതിങ്ങനെയാണ്; എന്താണ് മതങ്ങളുടെ 'ചൈനാവൽക്കരണം'?

Explainer: വിശ്വാസത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്നതിങ്ങനെയാണ്; എന്താണ് മതങ്ങളുടെ ചൈനാവൽക്കരണം?

1966ലാണ് പാർട്ടിക്കകത്തും പുറത്തും മാവോ സെദോങ്ങിന്റെ ആശയഗതികൾക്ക് വീണ്ടുമൊരു മുന്നേറ്റം സാധ്യമാക്കിയ സാംസ്കാരിക വിപ്ലവം നടന്നത്. വർഗ്ഗശത്രുക്കളെ നേരിടുന്നതിനെന്ന നിലയിൽ നടപ്പാക്കപ്പെട്ട ഈ മുന്നേറ്റം പക്ഷെ, പാര്‍ട്ടിയിലെ ബൂര്‍ഷ്വാ വ്യതിയാനം സംഭവിച്ച സഖാക്കളെയും ലക്ഷ്യം വെച്ചുവെന്നും ഈ നീക്കത്തിൽ മാവോ വിജയിച്ചുവെന്നും വിമർശനങ്ങളുയരുകയുണ്ടായി. രാജ്യത്തെ ഹാൻ, ഹുയ് വംശജരായ മുസ്ലിങ്ങളും മംഗോളിയർ, തിബറ്റൻ തുടങ്ങിയ വംശീയ ന്യൂനപക്ഷങ്ങളുമെല്ലാം സാംസ്കാരിക വിപ്ലവകാലത്ത് ആക്രമിക്കപ്പെടുകയുണ്ടായെന്ന് ആരോപണങ്ങൾ നിലവിലുണ്ട്. സോഷ്യലിസത്തിലേക്കുള്ള പാതയിൽ വർഗ്ഗശത്രുക്കളെന്ന് കരുതപ്പെടുന്ന എല്ലാവർക്കുമെതിരെ ജനങ്ങളെ തിരിച്ചു വിടുകയായിരുന്നു മാവോ ചെയ്തത്. സ്വന്തം പാർ‌ട്ടിക്കെതിരെയും അതിവിദഗ്ധമായി ഈ ആയുധം പ്രയോഗിക്കാൻ മാവോയ്ക്ക് സാധിച്ചു. ഇക്കാലത്തു തന്നെയാണ് ഉയ്ഗുർ മുസ്ലിങ്ങളുടെ മതഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടതായി റിപ്പോർട്ടുകള്‍ വന്നതും. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാർ നൽകിവന്നിരുന്ന ഇളവുകളെല്ലാം പിൻവലിക്കപ്പെട്ടു.

60കളിലെ സാംസ്കാരിക വിപ്ലവകാലത്തു തുടങ്ങിയ ന്യൂനപക്ഷ വിരോധം ചൈനീസ് ഭരണകൂടത്തെ ഇപ്പോഴും വിട്ടുപോയിട്ടില്ലെന്നാണ് പടിഞ്ഞാറൻ നാടുകൾ വിമര്‍ശനമുന്നയിക്കുന്നത്. മറ്റു പല കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർ സംശയങ്ങളോടെയാണ് ചൈനയെ നോക്കുന്നത്. രണ്ടായിരാമാണ്ടിൽ അന്നത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായ ജിയാങ് സെമിൻ ഈ വിഷയത്തിൽ നിലനിൽക്കുന്നതിൽ നിന്നും വേറിട്ടൊരു കാഴ്ചപ്പാട് അവതരിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. വർഗ്ഗവ്യത്യാസങ്ങൾ ഇല്ലാതാകുന്ന കാലത്തോളം മതങ്ങളില്ലാതാകുന്നത് അസാധ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാരണത്താൽ തന്നെ കടുത്ത മതവിരോധമുള്ള നിലപാടെടുക്കുകയും മതത്തിനെതിരായ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നതിൽ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നിലപാടിന് ബുദ്ധിജീവികൾക്കിടയിൽ വലിയ പിന്തുണ ലഭിക്കുകയുണ്ടായില്ല. കടുത്ത വിമർശനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തു. മതങ്ങളെ ആക്രമിക്കുന്നതിനു പകരം കുറെക്കൂടി സൗമ്യമായ സമീപനം സ്വീകരിക്കണമെന്ന നിലപാടും ചില പണ്ഡിതർ മുമ്പോട്ടു വെക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റുകാർ വിശ്വാസികളാകാതിരിക്കുന്നതിനോടൊപ്പം തന്നെ വിശ്വാസിസമൂഹത്തെ മനസ്സിലാക്കുകയും അവർക്കിടയില്‍ വിമർശനപരതയോടെ ഇടപെടുന്ന വൈരുദ്ധ്യാത്മക സമീപനം കൈക്കൊള്ളണമെന്നും സൈദ്ധാന്തികനായ മൗ സോങ്ജിയാൻ (Mou Zhongjian) ചൂണ്ടിക്കാട്ടുകയുണ്ടായി. 2007ൽ അവതരിപ്പിക്കപ്പെട്ട ഈ സമീപനത്തിനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർക്കിടയിൽ അംഗീകാരം കിട്ടുകയുണ്ടായില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മതത്തോടുള്ള ഈ സമീപനത്തെ കമ്മ്യൂണിസ സിദ്ധാന്തങ്ങളിൽ തെരഞ്ഞു നടക്കുന്നതിൽ കാര്യമില്ല. മതന്യൂനപക്ഷങ്ങൾ അതിർത്തി പ്രദേശങ്ങളിൽ ജനസംഖ്യാപരമായി ഉയർന്നു നിൽക്കുന്നതിനാൽ അവരുടെ നിലപാടുകൾ രാജ്യതന്ത്രപരമായി പ്രാധാന്യമുള്ളവയുമാണ് എന്ന ഒരു വസ്തുത നിലനിൽക്കുന്നുണ്ട്. തിബറ്റൻ, മംഗോളിയൻ വിഭാഗങ്ങളോടുള്ള ചൈനയുടെ നിലപാടുകൾക്കും വ്യത്യാസമില്ലെന്നത് കാണേണ്ടതുണ്ട്. അതിർത്തി പ്രദേശത്തെ ദുർബലപ്പെടുത്താൻ മതന്യൂനപക്ഷങ്ങൾ കാരണമാകുമോ എന്ന് ചൈന ഭയക്കുന്നുണ്ട്. പഴയ ക്വിങ് ഭരണകൂടത്തിന്റെ കാലം മുതൽ കൈവിട്ടും കൈവന്നുമിരുന്ന പ്രദേശങ്ങളെ ചൈനയോട് ഒരുമിപ്പിച്ചു നിര്‍ത്തുക എന്നത് വെല്ലുവിളി നിറഞ്ഞൊരു ദൗത്യമാണ്. ഉയ്ഗുർ മുസ്ലിങ്ങൾ ധാരാളമുള്ള സിങ്ജിങ്ങും ബുദ്ധമതക്കാരുടെ തിബറ്റുമെല്ലാം ചൈന ഇത്തരമൊരു പ്രശ്നം നേരിടുന്ന പ്രദേശങ്ങളാണ്. ഇതാണ് മതന്യൂനപക്ഷങ്ങളുമായി ചൈനയുടെ കൊമ്പുകോർക്കലിന്റെ പലകാരണങ്ങളിലൊന്ന് എന്ന് ഈ വിഷയത്തിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ ഡോ. മൈക്കേൽ ദില്ലൻ പറയുന്നു.

എന്താണ് മതത്തെ 'ചൈനാവൽക്കരിക്കൽ'?

ശനിയാഴ്ച ചൈനയിലെ എട്ട് ഇസ്ലാമിക് സംഘടനകളുടെ പ്രതിനിധികളുമായി ഒരു യോഗം സർക്കാർ സംഘടിപ്പിച്ചതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിൽ ചൈനയിലെ ഇസ്ലാം മതത്തെ 'ചൈനാവൽക്കരിക്കാൻ' ഐകകണ്ഠ്യേന തീരുമാനമെടുത്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സംഘടനകൾ ഏതെല്ലാമാണെന്നത് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമല്ല. ഒരു പഞ്ചവൽസര പദ്ധതിയായാണ് ഈ ചൈനാവൽക്കരണം നടപ്പാക്കുക. രാജ്യത്തിന്റെ സാംസ്കാരിക, സാമൂഹിക പ്രത്യേകതകളോട് ചേർന്നു നിൽക്കുന്ന വിധത്തിൽ ഇസ്ലാമിനെ പരുവപ്പെടുത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ നൽകുന്ന സൂചനകളിൽ നിന്നും മനസ്സിലാക്കാം. ചൈനയിലെ ഇസ്ലാമിനെ സോഷ്യലിസ്റ്റ് വ്യവസ്ഥയുമായി അനുയോജ്യമാക്കുന്നതിനായാണ് ഈ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളതത്രെ.

എന്തുകൊണ്ട് ഇസ്ലാം?

ചൈനയിലെ ക്സിങ്ജിയാങ് ഉയ്ഗുർ അട്ടോണമസ് റീജ്യൺ എന്നറിയപ്പെടുന്ന പ്രദേശത്തെ മുസ്ലിം വിഭാഗവുമായി ഭരണകൂടം ദീർഘകാലമായി പ്രശ്നങ്ങളിലാണ്. പടിഞ്ഞാറന്‍ മാധ്യമങ്ങൾ ഈ പ്രശ്നത്തെ വലുതാക്കിക്കാട്ടുന്നുണ്ടെന്ന് ചൈനയ്ക്ക് പരാതിയുണ്ട്. ഈ മേഖലയില്‍ വളർന്നു വന്നിട്ടുള്ള തീവ്രവാദത്തെ മാത്രമാണ് തങ്ങൾ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നതെന്നാണ് ചൈന പറയുന്നത്. പടിഞ്ഞാറൻ രാജ്യങ്ങൾ ചൈനയിലെ മുസ്ലിങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനു മുമ്പ് സ്വന്തം രാജ്യങ്ങളിലെയും വിദേശരാജ്യങ്ങളിലെയും മുസ്ലിങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കണമെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്.

പുതിയ കാലത്ത് മതങ്ങളുടെ നവീനവൽക്കരണം ലോകത്തെമ്പാടും നടന്നുവരുന്നുണ്ടെന്നും ചൈനയിലെ ഇസ്ലാമിനെയും അവ ബാധിക്കുന്നുണ്ടെന്നുമാണ് ചൈനീസ് ഭരണകൂടം കരുതുന്നത്. ഇതോടൊപ്പം വിവിധ മതങ്ങൾ ശക്തി പ്രാപിക്കുകയും പുതിയ പ്രദേശങ്ങളിലേക്ക് കടന്നുകയറാന്‍ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത് ചെറുതല്ലാത്ത സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ട്. മതത്തെ കൈകാര്യം ചെയ്യുന്നത് എല്ലാം ആധുനിക രാഷ്ട്രങ്ങളുടെ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ആഗോളീകൃത കാലത്തെ ആധുനിക രാഷ്ട്രങ്ങൾ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നിയാണ് മുമ്പോട്ടു പോകുന്നത്. ഇതിന് വിഘാതമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്സിങ്ജിങ് മേഖലയിൽ നടക്കുന്നുണ്ട്. അതിന് തടയിടണം. -ഇതാണ് ഉദ്ദേശ്യം.

മതത്തെ കാര്യക്ഷമമായി ഭരിക്കുന്നതിൽ ചൈന ഏറെ മുന്നേറിയിട്ടുണ്ടെന്നും ക്സിങ്ജിങ് പ്രവിശ്യയിൽ മതതീവ്രവാദത്തെ ചെറുക്കുന്നതിൽ തങ്ങൾ വിജയിച്ചിട്ടുണ്ടെന്നും ചൈന പറയുന്നു. ഈ വഴിക്ക് കൂടുതൽ മുന്നേറണമെങ്കിൽ വിദേശത്തു നിന്നും ചൈനയിലെ മതങ്ങളിലേക്കുള്ള ഇടപെടലുകളെ ഇല്ലാതാക്കണം. ഫണ്ടും ആശയങ്ങളും പുറത്തു നിന്നും വരുന്നത് ചെറുക്കണം. മതങ്ങൾ ചൈനയുടെ സാമൂഹിക സ്വത്വത്തെ തിരിച്ചറിഞ്ഞ് അതിനോടിണങ്ങി, വിശ്വാസങ്ങളെ തനിമയോടെ നിലനിർത്തി കൊണ്ടുപോകണം. ഇതിനു വേണ്ടിയുള്ള ശ്രമമാണ് 'സോഷ്യലിസത്തിലേക്കുള്ള മതങ്ങളുടെ ചൈനാവൽക്കരണം' വഴി ചൈന ഉദ്ദേശിക്കുന്നത്.

ഒളിച്ചുകടത്തുന്ന തീവ്രദേശീയത?

തീവ്രവാദത്തെ തടയാനുള്ള സാംസ്കാരിക-സാമൂഹിക പ്രതിരോധം എന്ന നിലയിൽ ചൈനാവൽക്കരണത്തെ അവതരിപ്പിച്ച് ചൈനീസ് ഭൂരിപക്ഷ ദേശീയത ഒളിച്ചു കടത്തുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് ആരോപണമുണ്ട്. ചൈനയിലെ വലിയ ഭാഷയായ മൻ‍ഡാരിൻ കൂടാതെ 292 ഇതര തനത് ഭാഷകളുണ്ടെന്നാണ് കണക്ക്. പുറത്തു നിന്നെത്തിയ ഇംഗ്ലീഷ് അടക്കമുള്ള നിരവധി ഭാഷകൾ വേറെയും. ഇവയെയെല്ലാം ചൂഴ്ന്നു നിൽക്കുന്ന സാംസ്കാരിക അധിനിവേശ രൂപമായി ചൈനയുടെ ഭൂരിപക്ഷ സംസ്കാരം വളരുന്നതായി ആരോപണങ്ങളുണ്ട്.

സി ജിങ്പിങ്ങിന്റെ പങ്കെന്ത്?

മാവോ സെദോങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും കരുത്തനായ നേതാവായാണ് ഇപ്പോഴത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡണ്ടുമായ സി ജിങ്പിങ് അറിയപ്പെടുന്നത്. മതങ്ങളോട് യുദ്ധപ്രഖ്യാപനം നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാടെടുത്തത് ഇദ്ദേഹത്തിന്റെ അധികാരവലയത്തിനുള്ളിൽ പെട്ടതിനു ശേഷമാണ്. 1951ൽ ചൈനീസ് ഭരണകൂടം രൂപപ്പെടുത്തിയ മതകാര്യങ്ങളുടെ ഭരണവ്യവസ്ഥയെ കൂടുതൽ കർശനമായി പിന്തുടരുകയാണ് സി ജിങ്പിങ് ചെയ്യുന്നത്. രാജ്യത്ത് പാർട്ടി അനുവദിച്ചിട്ടുള്ള മതങ്ങൾ അഞ്ചെണ്ണമാണ്. ബുദ്ധിസം, താവോയിസം, ഇസ്ലാം, പ്രൊട്ടസ്റ്റന്റിസം, കത്തോലിസിസം എന്നിവ. ഇവർക്ക് ആരാധനയ്ക്കുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. മതകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുമാകാം. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിലൊന്നും വിലക്കില്ല. എന്നാൽ ഇവയെല്ലാം ഭരണകൂടത്തിന്റെ പൂർണമായ അറിവോടു കൂടിയേ നടക്കാവൂ എന്നു മാത്രം. ഇതെല്ലാം 1950കളിൽ തന്നെ തുടങ്ങുകയും തുടർന്നു വരികയും ചെയ്യുന്നതാണ്. എന്നാൽ ജിങ്പിങ്ങിന്റെ പുതിയ കാലത്ത് നടക്കുന്നത് ഇതും പിന്നിട്ടുള്ള ചില കാര്യങ്ങളാണ്.

ഉയ്ഗുർ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങൾ

അന്തർദ്ദേശീയ മാധ്യമങ്ങൾ ഏറെ ശ്രദ്ധ നൽകുന്ന ഒരു വിഷയമാണിത്. ഉയ്ഗുറുകൾക്ക് ഭൂരിപക്ഷമുള്ള ക്സിങ്ജിയാങ്ങിനെ ഒരുതരം സൈനികഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ഇസ്ലാമിൽ വിശ്വസിക്കാൻ അനുവാദം നൽകുന്നുണ്ടെങ്കിലും അതിന്റെ അടയാളങ്ങൾ പേറുന്നതിനെ ചൈന വിലക്കുന്നുണ്ടെന്നാണ് വിദേശമാധ്യമങ്ങൾ പറയുന്നത്. താടി വളർത്തുന്നതും തല മറയ്ക്കുന്നതുമെല്ലാം തടയപ്പെടുന്നുണ്ടത്രെ. ഹൂയി മുസ്ലിങ്ങൾ കൂടുതൽ വസിക്കുന്ന യിൻചുവാൻ നഗരത്തിൽ ഭീതിയുടെ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും ബാങ്ക് വിളിക്കാൻ പോലും അധികാരികൾ അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടുകൽ പറയുന്നു.

'മതേതരവൽക്കരണം' എന്താണ് മുസ്ലിങ്ങൾ മനസ്സിലാക്കുന്നത്?

ചൈനയുടെ വിശദീകരണം, ആധുനിക രാഷ്ട്രങ്ങളുമായി ചേർന്നുപോകുന്ന സാംസ്കാരിക-സാമൂഹിക മുന്നേറ്റമാണ് ഈ 'മതേതരവൽക്കരണം' വഴി നടക്കുന്നത്. എന്നാൽ ലിങ്സിയ നഗരത്തിലെ ഒരു ഇമാം ഒരു വിദേശമാധ്യമ പ്രതിനിധിയോടു പറഞ്ഞത് ചൈനീസ് അധികാരികൾ ഈ തന്ത്രവുമായി വന്നിരിക്കുന്നത് ഇസ്ലാമിനെ അതിന്റെ വേരുകളോടെ പറിച്ചു നീക്കുന്നതിനായിട്ടാണെന്നാണ്. ഈയിടെയായി കുട്ടികൾ മതത്തിൽ വിശ്വസിക്കുന്നത് ഭരണകൂടം വിലക്കുകയാണെന്നും കമ്മ്യൂണിസവും പാർട്ടിയും മാത്രമേ അവർ പഠിക്കാവൂ എന്ന നിബന്ധന വെക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

മറ്റു മതങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടോ?

ക്രിസ്ത്യാനികളുടെയും ബുദ്ധമതത്തിന്റെയും കാര്യങ്ങളും വ്യത്യസ്തമല്ല ചൈനയിൽ‍. ബൈബിളുകൾ കത്തിക്കലും കുരിശുകൾ നശിപ്പിക്കലുമെല്ലാം സാധാരണമാണ്. പള്ളികളിൽ ഫേഷ്യൽ റെക്കഗ്നൈസിങ് കാമറകൾ സ്ഥാപിക്കാൻ നിർബന്ധിക്കുന്നു ഭരണകൂടം. പുരോഹിതരുടെ പ്രഭാഷണങ്ങളിൽ പോലും ഭരണകൂടം ഇടപെടുന്നു. ഭരണകൂടത്തിന്റെ പ്രചാരണത്തിന് ഇത്തരം പ്രഭാഷണങ്ങളെ ഉപയോഗിക്കുന്നത് പതിവാണ്.


Next Story

Related Stories