TopTop
Begin typing your search above and press return to search.

Explainer: ഡോയ്ചെ ബാങ്ക് 18,000 തൊഴിലാളികളെ പിരിച്ചു വിടുന്നതിനു പിന്നിൽ

Explainer: ഡോയ്ചെ ബാങ്ക് 18,000 തൊഴിലാളികളെ പിരിച്ചു വിടുന്നതിനു പിന്നിൽ

ഡോയ്‌ചെ ബാങ്ക് 18,000 തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ഏറെ നാളുകളായി പ്രതീക്ഷിക്കപ്പെട്ടിരുന്ന നടപടിയാണിത്. ചില സാമ്പത്തിക പ്രതിസന്ധികളിൽ‌ കുടുങ്ങിയ ബാങ്ക് അതിൽ നിന്നും ഊരിപ്പോരാൻ പല മാർഗങ്ങൾ പയറ്റി വരികയായിരുന്നു. തങ്ങളുടെ വിപണിയിലെ എതിരാളികളെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പിൻവാങ്ങിലിന് ഡോയ്‌ചെ ബാങ്ക് തയ്യാറെടുക്കുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ തൊഴിലാളികളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കുകയാണ് ബാങ്കിനു മുന്നിൽ ഇപ്പോഴുള്ള പോംവഴി.

തൊഴിലാളികളുടെ ചോരയിൽ കുളിച്ചുള്ള 'പുനരാരംഭം'

തങ്ങളുടെ ഈ നടപടിയെ 'പുനരാരംഭം' എന്നാണ് ഡോയ്‌ചെ ബാങ്ക് വിശേഷിപ്പിക്കുന്നത്. ആഗോള തലത്തിൽ വലിയ ശൃഖലയുള്ള ബാങ്കിന്റെ ഇപ്പോഴത്തെ നടപടിയിലൂടെ ആകെ തൊഴിലാളികളിൽ 20 ശതമാനത്തിന് തൊഴിൽ നഷ്ടമാകും.

എന്താണ് ഡോയ്‌ചെ ബാങ്ക്?

1970ലാണ് ഡോയ്‍‌ചെ ബാങ്ക് തുടങ്ങുന്നത്. ഇതൊരു ജർമൻ ധനകാര്യ സ്ഥാപനമാണ്. ലോകമെങ്ങും ബ്രാഞ്ചുകളുണ്ട് ഈ ബാങ്കിന്. 74 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ഡോയ്‌ചെക്കുണ്ട്. ഈ രാജ്യങ്ങളിലെല്ലാം ഓഹരിവിപണികളിലും ഡോയ്‌ചെ ബാങ്കിന്റെ സേവനങ്ങൾ ലഭിച്ചു വന്നിരുന്നു. ഈ സേവനങ്ങളാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്.

കോർപ്പറേറ്റ് ഫിനാൻസ്, ഇക്യുറ്റീസ്, ക്യാപിറ്റൽ മാർക്കറ്റ്, ട്രാൻസാക്ഷൻ ബാങ്കിങ്, ബാങ്ക് റിസർച്ച്, വെൽത്ത് മാനേജ്മെന്റ് തുടങ്ങിയ നിരവധി ധനകാര്യ മേഖലകളിൽ ബാങ്കിന് സാന്നിധ്യമുണ്ട്. ഇതിൽ ഓഹരികൾ വാങ്ങലും വിൽക്കലുമുൾപ്പെടുന്ന ഇക്യുറ്റീസ്/ഫിക്സഡ് ഇൻകം ആൻഡ് കറന്‍സീസ് എന്നീ വിഭാഗങ്ങളാണ് വെല്ലുവിളികൾ നേരിടുന്നത്.

എന്താണ് ഡോയ്‌ചെ ബാങ്കിന്റെ പുനസ്സംഘടനാ പദ്ധതി?

ജൂണ്‍ 30നാണ് ഡോയ്‌ചെ സിഇഒ ‍ക്രിസ്റ്റ്യൻ സീവിങ് തന്റെ പുനസ്സംഘടനാ പദ്ധതി കമ്പനിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന വാർത്ത പുറത്തുവരുന്നത്. ഇരുപതിനായിരത്തോളം തൊഴിലാളികളുടെ ഭാവി തുലാസിലായി എന്നു മാത്രമാണ് അന്നത്തെ വാർത്തകളിലുണ്ടായിരുന്നത്. കൃത്യമായി എത്ര പേരുടെ ജോലി പോകുമെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോൾ വരുന്ന വാർത്തകൾ 18,000 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് പറയുന്നത്.

ആകെ എത്ര തൊഴിലാളികളുണ്ട് ഡോയ്‌ചെ ബാങ്കിൽ?

നിലവിൽ 91,500 തൊഴിലാളികളാണ് ബാങ്കിനുള്ളത്. നിലവിലെ സിഇഒ ചാർജെടുത്തതിനു ശേഷം മാത്രം തൊഴിലാളികളുടെ എണ്ണത്തിൽ നാലായിരത്തിനടുത്ത് കുറവ് വന്നിട്ടുണ്ട്.

ഓഹരിക്കച്ചവടം നിർത്താനുള്ള നീക്കത്തിനു പിന്നിൽ?

ഏപ്രിൽ മാസത്തിൽ കൊമേഴ്സ്ബാങ്കുമായി ലയിക്കാന്‍ നടത്തിയ ശ്രമങ്ങൾ പാളിയതോടെയാണ് ഡോയ്‌ചെ ബാങ്ക് കടുത്ത നടപടികളിലേക്ക് കടന്നത്. ഇരുകൂട്ടർക്കും ഈ ലയനം റിസ്ക് ഏറ്റുമെന്ന് കണ്ടായിരുന്നു ലയനത്തിൽ നിന്നുള്ള പിൻവാങ്ങൽ. ലയനത്തിന് വരുന്ന ഭീമമായ ചെലവാണ് പ്രശ്നങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

എന്താണ് അമേരിക്കയുടെ നഷ്ടം?

മുംബൈ അടക്കമുള്ള ലോകനഗരങ്ങളിലെ ഓഹരിവിപണികളിൽ ഡോയ്‌ചെ ബാങ്കിന് പ്രവർത്തനമുണ്ട്. ഇവിടങ്ങളിലെല്ലാം തൊഴിൽനഷ്ട‍വുമുണ്ടാകും. എന്നാൽ, ഇതേറെ ബാധിക്കുക ന്യൂയോർക്കിനെയായിരിക്കും. ഡോയ്‌ചെ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിക്കച്ചവട കേന്ദ്രം കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ന്യൂയോർക്കിലേത്. ഇവിടെ എല്ലാ വിഭാഗങ്ങളിലുമായി 8000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

'പുനസ്സംഘടന'യ്ക്ക് എന്ത് ചെലവ് വരും?

തൊഴിലാളികളെ പിരിച്ചു വിടുമ്പോൾ കൊടുക്കേണ്ടുന്ന അവകാശങ്ങളും മറ്റുമായി വലിയ ചെലവ് ഡോയ്‌ചെ ബാങ്കിന് വരും. രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ടോടെ 74,000 തൊഴിലാളികളേ (നിലവിലിത് 91,500 ആണ്) കമ്പനിയിലുണ്ടാകൂ. ഈ പിരിച്ചുവിടലുകൾക്കായി 8.3 ബില്യൺ ഡോളർ ചെലവിടേണ്ടി വരും.

മുൻകാലങ്ങളില്‍ പിരിച്ചുവിടൽ നടന്നിരുന്നോ?

നിലവിലെ സിഇഒ അധികാരത്തിലേറിയ ശേഷം നാലായിരത്തോളം തൊഴിലാളികളെ കമ്പനി പിരിച്ചു വിട്ടിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. 2018ൽ ആറായിരത്തോളം തൊഴിലുകൾ ബാങ്ക് ഇല്ലാതാക്കിയിട്ടുണ്ട്.

ന്യൂയോർക്ക് കൂടാതെ എവിടെയെല്ലാം തൊഴിൽനഷ്ടം വരും?

കമ്പനിയുടെ ഏഷ്യാ-പസിഫിക് മേഖലയിലെ ഓഫീസുകളിലെല്ലാം തൊഴിൽ ഇല്ലാതാകും. ആദ്യത്തെ പിരിച്ചുവിടൽ ഇന്നാണ് നടന്നത്. ഹോങ്കോങ്, സിഡ്നി എന്നിവിടങ്ങളിലെ ഓഫീസുകളില്‍ ഇതിനകം തന്നെ നീക്കം ചെയ്യപ്പെട്ട സ്ഥാനങ്ങൾ സംബന്ധിച്ച വിവരമെത്തിയിട്ടുണ്ട്. ലണ്ടനിലെ ഓഫീസിലും ചില സ്റ്റാഫുകളോട് പുറത്തു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സിഇഒ ക്രിസ്റ്റ്യൻ സീവിങ്ങിന്റെ കത്ത്

"ആദ്യമേ ഞാൻ പറയട്ടെ, നമ്മൾ വലിയ തൊഴിൽനഷ്ടങ്ങളിലേക്ക് നീങ്ങുകയാണ്. ബാങ്ക് ഒരു പുനസ്സംഘടനയ്ക്ക് തയ്യാറെടുക്കുകയാണ്.

നിങ്ങളിൽച്ചിലർക്കുണ്ടാകാനിടയുള്ള ആഘാതത്തിൽ വ്യക്തിപരമായി എനിക്ക് വലിയ ഖേദമുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ബാങ്കിന്റെ താൽപര്യങ്ങളിലൂന്നി ആലോചിക്കുമ്പോൾ ഞങ്ങൾക്കു മുമ്പിൽ ഈ പരിവർത്തനത്തിന് നിന്നു കൊടുക്കുക എന്നതല്ലാതെ മറ്റു വഴികളില്ല."


Next Story

Related Stories