TopTop
Begin typing your search above and press return to search.

Explainer: എത്യോപ്യക്കും എറിത്രിയക്കും ഇടയിൽ സംഭവിച്ചതെന്ത്?

Explainer: എത്യോപ്യക്കും എറിത്രിയക്കും ഇടയിൽ സംഭവിച്ചതെന്ത്?

ആധുനിക മനുഷ്യൻ ആദ്യം അധിവസിച്ചിരുന്നത് എന്നു കരുതുന്ന, ആഫ്രിക്കൻ മുനമ്പിൽ സ്ഥിതിചെയ്യുന്ന നിത്യവൈരികളായ എത്യോപ്യക്കും എറിത്രിയക്കും ഇടയിൽ അവസാനം സമാധാനത്തിന്റെ കാലം പിറക്കുന്നു എന്ന് പ്രതീക്ഷിക്കാം.

രണ്ടു ദശാബ്ദങ്ങളായി പരസ്പര ശത്രുതയുടെ സംഘർഷമുന്നണിയായിരുന്ന അതിർത്തിയിലൂടെ എത്യോപ്യൻ എയർലൈൻസിന്റെ ഒരു വിമാനം ബുധനാഴ്ച്ച എറിത്രിയയിലേക്കു പറന്നു.

തങ്ങളുടെ അതിർത്തി തർക്കത്തിന്റെ പേരിൽ ഉണ്ടായിരുന്ന 'യുദ്ധ കാലം' (State of war ) അവസാനിപ്പിച്ചുകൊണ്ട് എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്നും പ്രാദേശിക സമയം രാവിലെ 9 മണിക്ക് 312-ആം നമ്പർ വിമാനം എറിത്രിയൻ തലസ്ഥാനമായ അസ്‌മാരയിലേക്കു പറക്കുകയായിരുന്നു.

ഒപ്പം, രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി എറിത്രിയ തങ്ങളുടെ എംബസി എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ കഴിഞ്ഞ ദിവസം തുറന്നു. എറിത്രിയയുടെ മുന്‍ യുഎസ് അംബാസിഡറും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ സെമേരേ റുസോം ആണ് എത്യോപ്യയിലെ പുതിയ നയതന്ത്ര പ്രതിനിധി.

ഇരുരാജ്യങ്ങളും തമ്മിൽ ജൂലായ് 9-നു പ്രഖ്യാപിച്ച പുതിയ കരാർ, പതിവില്ലാത്ത വിധത്തിൽ, ശീതയുദ്ധകാലത്തോളമെത്തുന്ന തർക്കങ്ങളുടെ മേഖലയായ ആഫ്രിക്കൻ മുനമ്പിലെ സുസ്ഥിരതയുടെ സൂചനയാണെന്ന് നിരീക്ഷകർ കരുതുന്നു. എത്യോപ്യൻ പ്രധാനമന്ത്രി അബീയേയ് അഹമ്മദും എറിത്രിയൻ പ്രസിഡണ്ട് ഈസയാസ് അഫ്വെർക്കിയുമാണ് പുതിയ കരാർ പ്രഖ്യാപിച്ചത്. വാണിജ്യം, സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾ എന്നിവ പുനരുജ്ജീവിപ്പിക്കാനും വിമാനയാത്ര വീണ്ടും ആരംഭിക്കാനും നയതന്ത്ര കാര്യാലയങ്ങൾ തുറക്കാനും കരാറിൽ പറയുന്നുണ്ട്. അതിന്റെ തുടക്കമെന്ന നിലയിലായിരുന്നു വിമാന യാത്ര ആരംഭിച്ചതും നയതന്ത്ര കാര്യാലയം തുറന്നതും.

"എത്യോപ്യയും എറിത്രിയയും തമ്മിലുള്ള 'യുദ്ധകാലത്തിന് അന്ത്യമായി," എന്ന് നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു. "സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഒരു പുതിയ യുഗം തുറന്നിരിക്കുന്നു."

എത്യോപ്യയുടെ മുൻ പ്രധാനമന്ത്രി ഹൈലെമറിയം ഡിസ്‌ലെഗാൻ, മുതിർന്ന ഉദ്യോഗസ്ഥർ, എത്യോപ്യയിൽ നിന്നുള്ള കലാകാരന്മാർ, വ്യാപാരികൾ, മാധ്യമ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം ആദ്യ യാത്രയിൽ ഉണ്ടായിരുന്നു.

ആദ്യ വിമാനത്തിനുശേഷം 15 മിനിറ്റിനുള്ളിൽ അടുത്ത വിമാനം പറപ്പിക്കേണ്ടിവന്ന തരത്തിലായിരുന്നു യാത്രയ്ക്കുള്ള തിരക്ക്. വിമാന ജീവനക്കാർ ഷാമ്പെയ്‌നും പനിനീർപ്പൂക്കളും നൽകിയാണ് യാത്രക്കാരെ സ്വീകരിച്ചത്.

എന്തുകൊണ്ടാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഈ ശത്രുത?

പതിറ്റാണ്ടുകൾ നീണ്ട സമരത്തിനൊടുവിലാണ് എത്യോപ്യൻ ആധിപത്യത്തിൽ നിന്നും കൂട്ടിച്ചേർക്കലിൽ നിന്നും എറിത്രിയ 1993 -ൽ സ്വാതന്ത്ര്യം നേടിയത്. അഞ്ചു വർഷങ്ങൾക്ക് ശേഷം എത്യോപ്യയും ഇറ്റലിയുടെ മുൻ കോളനിയായിരുന്ന എറിത്രിയയും തമ്മിൽ അതിർത്തിയെച്ചൊല്ലി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. എറിത്രിയയുടെ സ്വാതന്ത്ര്യത്തിനും ഇവർ തമ്മിലുള്ള ശത്രുതയ്ക്കും നീണ്ട ചരിത്രമുണ്ട്. 1952-ൽ എത്യോപ്യൻ നേതാവ് ഹൈലെ സലാസിയാണ് എറിത്രിയൻ സ്വാതന്ത്ര്യത്തിന് അരങ്ങൊരുക്കിയതും പിന്നീട് 1962 -ൽ ഇത് പിരിച്ചുവിട്ട് നിയമവിരുദ്ധമായി എറിത്രിയയെ കൂട്ടിച്ചേർത്തതും. 1961-ൽ എറിത്രിയ എത്യോപ്യയുമായി 1991- വരെ നീണ്ടു നിന്ന സ്വാതന്ത്ര്യസമരപോരാട്ടം തുടങ്ങി. 1993-ൽ എറിത്രിയയിൽ ഒരു പരിവർത്തനകാല സർക്കാരിന്റെ കീഴിൽ, എറിത്രിയക്കാർ എത്യോപ്യയിൽ നിന്നും വിട്ടുപോകാൻ ആഗ്രഹിക്കുന്നുവോ എന്നറിയുന്നതിനായി യു എൻ മേൽനോട്ടത്തിൽ ഒരു ഹിതപരിശോധന നടത്തി. സ്വാതന്ത്ര്യത്തിനനുകൂലമായിരുന്നു മഹാഭൂരിപക്ഷവും. 1993 ഏപ്രിലിൽ സ്വാതന്ത്ര്യം നേടുകയും പുതിയ രാഷ്ട്രം യു എന്നിൽ അംഗമാവുകയും ചെയ്തു.

പക്ഷെ സമാധാനം എന്നിട്ടും ഉണ്ടായില്ല?

അതിർത്തിയിലെ സായുധ സംഘർഷ പരമ്പരകൾക്ക് ശേഷം ഒരു വലിയ എറിത്രിയൻ സൈനിക സംഘം 1998 -ലെ വേനൽക്കാലത്ത് ബാദ്‌മേ പ്രദേശത്തേക്ക് കടന്നുകയറി. 1998 മെയ് 13-ന് 'പൂർണ യുദ്ധനയം' എന്ന് എറിത്രിയൻ റേഡിയോ വിശേഷിപ്പിച്ച ഒരു നീക്കത്തിൽ എറിത്രിയക്കെതിരെ വലിയൊരു ആക്രമണത്തിന് എത്യോപ്യ സജ്ജമായി. അതാകട്ടെ യുദ്ധപ്രഖ്യാപനമായിരുന്നില്ല, നിലനിന്നിരുന്ന യുദ്ധാവസ്ഥയുടെ ഉറപ്പിക്കലായിരുന്നു. 1998 മുതൽ 2000 വരെ നീണ്ടുനിന്ന യുദ്ധത്തിൽ 80,000 ജീവനുകൾ നഷ്ടപ്പെട്ടു.

2000 ജൂൺ 18-ന് ഇരുകക്ഷികളും ഒരു സമഗ്ര സമാധാന കരാറിൽ ഏർപ്പെട്ടു. എറിത്രിയയിൽ സ്ഥാപിച്ച 25 കിലോമീറ്റർ വീതിയുള്ള താത്ക്കാലിക സുരക്ഷാ മേഖലയിൽ എത്യോപ്യയിലെയും എറിത്രിയയിലെയും യു എൻ ദൗത്യസേന റോന്തുചുറ്റൽ നടത്തി. ഈ ദൗത്യത്തിലേക്കു സൈനികരെ അയച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉണ്ടായിരുന്നു.

ഈ ശ്രമങ്ങളെല്ലാം നടത്തിയിട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം തുടർന്നു. രണ്ടു രാജ്യങ്ങളും എതിർ രാജ്യത്തെ കലാപ സംഘങ്ങളെ സഹായിച്ചു. തർക്കം തീർക്കാൻ നിരവധി ശ്രമങ്ങൾ അന്താരാഷ്ട്രതലത്തിൽ ഇതിനിടയിൽ നടന്നു.

ഇനിയെന്ത്‌ സംഭവിക്കും?

ഇത് രണ്ട് രാജ്യങ്ങളും തമ്മിൽ നീണ്ടുനിൽക്കുന്ന സമാധാനത്തിനും ആഫ്രിക്കയിലെ ഏറ്റവും നീണ്ടുനിന്ന സംഘർഷത്തിനും അറുതി വരുത്തുമെന്നും പ്രതീക്ഷിക്കാം. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും, ഭൂമിശാസ്ത്രപരമായി കുടുങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായ എത്യോപ്യക്ക്, ചെങ്കടലിലെ എത്യോപ്യയുടെ തുറമുഖ സൗകര്യങ്ങൾ പ്രാപ്യമാക്കും ഇതെന്നും കരുതാം.

ഈ സമാധാന കരാർ സ്വന്തം രാജ്യത്ത് കൂടുതൽ സ്വാതന്ത്ര്യം കൊണ്ടുവരുമോ എന്ന് എറിത്രിയക്കാർ ചോദിക്കാനും ഇതിടയാക്കിയിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവുമധികം അടിച്ചമർത്തലും രഹസ്യാത്മകതയും നിറഞ്ഞ രാഷ്ട്രമാണ് എറിത്രിയ ഇപ്പോൾ.

ഒരു കാലത്ത് എത്യോപ്യയുമായുള്ള യുദ്ധത്തിന്റെ പേരിൽ ന്യായീകരിച്ചിരുന്ന നിർബന്ധിത സൈനിക സേവനത്തിൽ നിന്നും രക്ഷ നേടാൻ അടുത്ത കാലത്തായി ആയിരക്കണക്കിന് എറിത്രിയൻ യുവാക്കൾ സഹാറ മരുഭൂമിയും മധ്യധരണ്യാഴിയും കടന്ന് യൂറോപ്പിലേക്ക് കടന്നതായി യു എൻ കണക്കുകൾ പറയുന്നു. സ്വേച്ഛാധിപതിയായ ഈസായിസ് 1993- മുതൽ അധികാരത്തിലിരിക്കുകയാണ്.

ആധുനിക മനുഷ്യനെ സംബന്ധിച്ച് ഈ പ്രദേശത്തിന്റെ പ്രാധാന്യമെന്താണ്?

ആധുനിക മനുഷ്യന്റേത് എന്ന് കരുതാവുന്ന ഏറ്റവും പഴക്കമുള്ള അസ്ഥികൂടങ്ങളിൽ ചിലത് കിട്ടിയിട്ടുള്ളത് എത്യോപ്യയിൽ നിന്നുമാണ്. മധ്യേഷ്യയിലേക്കും മറ്റിടങ്ങളിലേക്കും ആധുനിക മനുഷ്യൻ യാത്ര തിരിച്ചത് ഈ മേഖലയിൽ നിന്നുമാണെന്നു കരുതുന്നു.

എത്യോപ്യയിൽ നിന്നുള്ള ചില കണ്ടെത്തലുകൾ നമുക്ക് നമ്മുടെ ചരിത്രത്തെക്കുറിച്ച് ചില വലിയ വെളിപ്പെടുത്തലുകൾ നൽകി. ഏറ്റവും പഴയ മനുഷ്യപൂർവികൻ 4.2 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് എത്യോപ്യയിൽ ഉണ്ടായിരുന്ന Ardipithicus ramidus (Ardi) ആണ്.

Australopithecus afarensis അഥവാ ലൂസി എന്നറിയപ്പെടുന്നതാണ് ഏറ്റവും പ്രശസ്തമായ കണ്ടെത്തൽ. പ്രാദേശികമായി ഡിങ്കിനേഷ്‌ എന്നറിയുന്ന ഈ മാതൃക എത്യോപ്യയിലെ അവാഷ് താഴ്വരയിലാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഒരു മുതിർന്ന Australopithecine ഫോസിലിന്റെ ഏറ്റവും നന്നായി സൂക്ഷിക്കപ്പെട്ട പൂർണമായ മാതൃകയാണിത്. ലൂസിക്ക് ഏതാണ്ട് 32 ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു.

https://www.azhimukham.com/offbeat-africa-diversity-dress-fight-onam-colours-by-somy/

https://www.azhimukham.com/world-al-shabab-attack-in-somalia-killed-300/

https://www.azhimukham.com/civil-war-african-miners-gold-bloom/

https://www.azhimukham.com/how-bengali-became-an-official-language-in-sierra-leone-in-west-africa-international-mother-language-day/

https://www.azhimukham.com/chinese-furniture-fashion-ravages-west-africas-savannas/

https://www.azhimukham.com/islamic-state-sunni-shiite-thuluyah-us-force-iraq-tigris-river/


Next Story

Related Stories