Top

Explainer: ചൈനയെ ഹോങ്കോങ് ജനത ഭയപ്പെടുന്നതെന്തുകൊണ്ട്?

Explainer: ചൈനയെ ഹോങ്കോങ് ജനത ഭയപ്പെടുന്നതെന്തുകൊണ്ട്?
ഹോങ്കോങ് തങ്ങളുടെ കുറ്റവാളികളെ കൈമാറുന്ന നിയമം ഭേദഗതി ചെയ്യുകയാണ്. നിലവിൽ യുഎസ്സും യുകെയുമടക്കം ഇരുപത് രാജ്യങ്ങളുമായി ഈ ബിസിനസ് നഗരം കുറ്റവാളികളെ കൈമാറുന്ന ഉടമ്പടിയിൽ ഒപ്പു വെച്ചിട്ടുണ്ട്. എന്നാൽ, ചൈനയുമായി ഇത്തരമൊരു കരാർ നിലവിലില്ല. ചൈനയുമായും തായ്‌വാനുമായും മകാവുവുമായും ഒരു ഉടമ്പടിയിലെത്താൻ ഹോങ്കോങ് ഭരണാധികാരികൾ നീക്കം തുടങ്ങിയതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. നിലവിലെ കുറ്റവാളി കൈമാറ്റനിയമം ഭേദഗതി ചെയ്യുന്നതിനെ അവർ ശക്തമായി എതിർക്കുന്നു.

എന്നാൽ ഏതുവിധേനയും ഈ ഉടമ്പടി നടപ്പാക്കുമെന്നാണ് ഹോങ്കോങ് ഭരണാധികാരികൾ പറയുന്നത്. നഗരത്തിന്റെ പൗരസ്വാതന്ത്ര്യത്തെ വലിയ തോതിൽ ഇല്ലായ്മ ചെയ്യാൻ സാധ്യതയുള്ള നീക്കമായാണ് ജനങ്ങൾ ഇതിനെ കാണുന്നത്. രാഷ്ട്രീയ എതിരാളികളെ കേസുകളിൽ കുടുക്കി സ്വന്തം നിയമവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരാനാണ് ചൈന ഈ നീക്കം നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്നു.

എന്താണ് ഹോങ്കോങ്-ചൈന കുറ്റവാളികളെ കൈമാറൽ ഭേദഗതി നിയമം?

ഹോങ്കോങ്ങിന്റെ കുറ്റവാളികളെ കൈമാറൽ നിയമത്തിലെ 'ലൂപ്പ്ഹോളുകൾ' നീക്കുകയും ക്രിമിനലുകള്‍ നഗരത്തെ സുരക്ഷിത താവളമാക്കുന്ന സ്ഥിതിയിൽ മാറ്റം വരുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരത്തിന്റെ ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറയുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ ഹോങ്കോങ്ങുകാർ തയ്യാറല്ല. നഗരത്തെ കൂടുതൽ അധീനപ്പെടുത്താനുള്ള മെയിൻലാൻഡിന്റെ, ചൈനയുടെ, ശ്രമമാണ് ഈ നിയമഭേദഗതിക്കു പിന്നിലെന്നാണ് ഹോങ്കോങ്ങിലെ ബഹുഭൂരിപക്ഷവും കരുതുന്നത്. അവരാണ് തെരുവിലിറങ്ങിയിരിക്കുന്നത്. സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അവർക്ക് കൃത്യമായറിയാം. ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കും. ശേഷം മെയിൻലാൻഡിലേക്ക് കൊണ്ടുപോകും. പുറംലോകത്തിന് വ്യക്തമായറിയാത്ത നിയമസംവിധാനങ്ങളിൽ കുടുക്കി പീഡിപ്പിക്കും. ഈ ഭീതിയാണ് ഹോങ്കോങ്ങുകാരെ ഒന്നടങ്കം തെരുവിലിറക്കിയിരിക്കുന്നത്.

നഗരത്തിന്റെ നീതിന്യായപരമായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ചൈനയുടെ പദ്ധതിയെന്നാണ് ആരോപണം. ജൂലൈ മാസത്തിനു മുമ്പ് ഭേദഗതി ബിൽ പാസ്സാക്കിയെടുക്കാനുള്ള നീക്കമാണ് കാരീ ലാം നടത്തുന്നത്. കുറ്റവാളികളെ കൈമാറാനുള്ള നിയമം പ്രാബല്യത്തില്‍ വന്നാല്‍ ചൈനക്ക് ഹോങ്കോങ്ങിലുള്ള അവരുടെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാന്‍ എളുപ്പമാകും.

എന്തൊക്കെയാണ് നിർദ്ദിഷ്ട ഭേദഗതികൾ?

ചൈന, മകാവു, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുറ്റവാളികളെ കൈമാറൽ അപേക്ഷകൾ സ്വീകരിക്കാൻ പാകത്തിൽ നിയമഭേദഗതി വരുത്തുകയാണ് ഹോങ്കോങ് ചെയ്യുന്നത്. ഈ അപേക്ഷകളിൽ ഓരോന്നായി തീർപ്പ് കൽപ്പിക്കാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. ഈ കൈമാറ്റ അപേക്ഷകൾ അനുവദിക്കണോയെന്നതിൽ അവസാന തീർപ്പ് ഹോങ്കാങ്ങിലെ കോടതികളാണെന്നും രാഷ്ട്രീയപരമായതും മതപരമായതുമായ കുറ്റങ്ങള്‍ ചെയ്തവരെ കൈമാറില്ലെന്നും ഹോങ്കോങ് അധികാരികൾ പറയുന്നുണ്ട്. കൂടാതെ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചെയ്തവരെ മാത്രമേ കൈമാറൂ എന്നും ഹോങ്കോങ് പറയുന്നു.

എന്നാൽ ഇത് വിശ്വസിക്കാൻ ജനങ്ങൾ തയ്യാറായിട്ടില്ലെന്നാണ് പ്രക്ഷോഭത്തിന്റെ വലിപ്പം കാണിക്കുന്നത്. ചൈനയിൽ അന്യായമായ തടങ്കലുകളും നീതിരഹിതമായ വിചാരണകളും പീഡനങ്ങളുമാണ് ഹോങ്കോങ്ങുകാർ നേരിടാൻ പോകുന്നതെന്ന് അവർ ഭയപ്പെടുന്നുണ്ട്.

നിലവില്‍ ചൈനയ്ക്ക് ഇത്തരം സ്വാധീനങ്ങൾ നഗരത്തിലില്ലേ?

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർവ്വാധിപത്യം നിലനില്‍ക്കുന്ന ചൈനയിൽ നിന്നും വ്യത്യസ്തമായി താരതമ്യേന മെച്ചപ്പെട്ട നിയമപാലന വ്യവസ്ഥയാണ് ഹോങ്കോങ്ങിലുള്ളതെന്ന് പറയപ്പെടുന്നു. ചൈനയുടെ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനം സംബന്ധിച്ച് എതിരാളികൾ കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ബ്രിട്ടിഷുകാർ‌ തങ്ങളുടെ കോളനി സമ്പ്രദായത്തിൽ നിന്നും ഹോങ്കോങ്ങിനെ മോചിപ്പിച്ചെങ്കിലും ചൈനയ്ക്ക് പൂർണമായ അധികാരങ്ങള്‍ ഈ മേഖലയിലില്ല. ഒരു അർധ സ്വയംഭരണ സംവിധാനമാണ് നിലവിലുള്ളത്. 'ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ' എന്ന തത്വത്തിലാണ് ഹോങ്കാങ് പ്രവർത്തിച്ചു വരുന്നത്. താരതമ്യേന മെച്ചപ്പെട്ട പൗരസ്വാതന്ത്ര്യം ഹോങ്കോങ്ങുകാർ അനുഭവിക്കുന്നുണ്ട്. നഗരത്തിന് സ്വന്തമായ, ചൈനയ്ക്ക് കൈകടത്താനരുതാത്ത നിയമങ്ങളുണ്ട്.

യുകെ, യുഎസ് തുടങ്ങിയ 20 രാജ്യങ്ങളുമായി ഹോങ്കോങ് നേരത്തെ തന്നെ കുറ്റവാളികളെ കൈമാറുന്ന കരാറിലൊപ്പിട്ടിട്ടുണ്ട്. ചൈനയുമായി ഇത്തരമൊരു കരാർ നിലവിലില്ല. ഇതു പരിഹരിക്കാനുള്ള ഭേദഗതിയാണ് വരുത്താനൊരുങ്ങുന്നത്.

എന്താണ് ഈ നിയമഭേദഗതിക്ക് സമ്മർദ്ദം നൽകിയത്?

കഴിഞ്ഞവർഷം ഫെബ്രുവരി മാസത്തിൽ 19കാരനായ ഒരു ഹോങ്കോങ്ങുകാരൻ 20കാരിയായ തന്റെ കാമുകിയെ തായ്‌വാനിൽ വെച്ച് കൊലപ്പെടുത്തി. ഈ പെൺകുട്ടി ഗർഭിണിയായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാൾ ഹോങ്കോങ്ങിലേക്ക് തിരിച്ചെത്തി. തായ്‌വാൻ അധികൃതർ കുറ്റവാളിയെ വിട്ടുകിട്ടണമെന്ന് തായ്‌വാൻ അപേക്ഷിച്ചെങ്കിലും കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ഇരുരാജ്യങ്ങളും തമ്മിൽ നിലവിലില്ലാത്തത് ചൂണ്ടിക്കാട്ടി ഹോങ്കോങ് പിൻവാങ്ങി. ഈ കേസിനെ പ്രത്യേകമായി കൈകാര്യം ചെയ്യാൻ ഹോങ്കോങ്ങിനോട് ആവശ്യപ്പെടുമെന്നാണ് തായ്‌വാൻ അധികൃതർ നിലപാടെടുത്തത്. കുറ്റവാളിയെ വിട്ടുകിട്ടാൻ ശ്രമം നടത്തില്ലെന്ന് അവർ വ്യക്തമാക്കി.

ഈ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് ചൈനയുമായും മകാവുവുമായും തായ്‍‌വാനുമായും ഉടമ്പടി വേണമെന്ന് ഹോങ്കോങ് അധികാരികൾ വാദിക്കുന്നത്.

ആരൊക്കെയാണ് നിയമഭേദഗതിയെ എതിർക്കുന്നവരുടെ മുൻനിരയിൽ

സമൂഹത്തിലെ ബൗദ്ധികലോകം വലിയ തോതിൽ ഈ നിയമഭേദഗതിയെ എതിർക്കുന്നുണ്ട്. മുവ്വായിരത്തോളം വക്കീലന്മാർ കഴിഞ്ഞദിവസത്തെ റാലിയിൽ പങ്കു ചേർന്നിരുന്നു. നിയമനവിദ്യാർത്ഥികളും അക്കാദമീഷ്യന്മാരുമെല്ലാം റാലിയില്‍ ആവേശപൂർവ്വം പങ്കെടുത്തു. വെള്ള വസ്ത്രം ധരിച്ചെത്തിയ പ്രതിഷേധക്കാരില്‍ വിദ്യാര്‍ഥികള്‍, ജനാധിപത്യവാദികള്‍, മതസംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരുമുണ്ട്.

എന്താണ് ഇപ്പോൾ പ്രതിഷേധ നീക്കങ്ങളുടെ സ്ഥിതി?

ഇക്കഴിഞ്ഞ ദിവസം പാർലമെന്‍റിനും സർക്കാർ ആസ്ഥാനത്തിനും പുറത്ത് വളരെ സമാധാനപരമായി നടന്ന സമരം പെട്ടന്ന് അക്രമാസക്തമാവുകയായിരുന്നു. ലാത്തിയും കുരുമുളക് സ്പ്രേയുമൊക്കെയായി പോലീസും തിരിച്ചടിച്ചു.

ഹോങ്കോങിന്റെ കിഴക്ക് ഭാഗത്തുള്ള വിക്ടോറിയ പാർക്കിൽ നിന്നും സർക്കാര്‍ ആസ്ഥാനത്തേക്ക് രണ്ട് മൈലോളം ദൂരം സഞ്ചരിച്ചാണ് ജനസാഗരം ഇരമ്പിയെത്തിയെത്. പൊതുഗതാഗത സംവിധാനങ്ങളിലെ തിരക്കുമൂലം പതിനായിരക്കണക്കിന് ആളുകൾ ഹോങ്കോങിന് പുറത്തുള്ള കൌലൂൺ പോലുള്ള സ്ഥലങ്ങളില്‍ നിന്നും എത്തിപ്പെടാന്‍ ബുദ്ധിമുട്ടി. ഏഴുമണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധ പ്രകടനത്തില്‍ 10 ലക്ഷത്തിലധികം പേർ പങ്കെടുത്തുവെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. 2003-ല്‍, ദേശീയ സുരക്ഷാ നിയമം ശക്തമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തതിനെക്കാളധികമാളുകൾ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തു. 240,000 പേരാണ് വിക്ടോറിയ പാർക്കിൽ തമ്പടിച്ച് പ്രതിഷേധിച്ചതെന്ന് പോലീസ് വക്താവ് പറയുന്നു.

ബില്ലിന്മേലുള്ള രണ്ടാംഘട്ട ചര്‍ച്ച നടക്കുന്നതിനാല്‍, കഴിഞ്ഞ ബുധനാഴ്ച, ചെറുപ്രായക്കാരായ പ്രതിഷേധക്കാരുടെ ഒരു സംഘം സർക്കാര്‍ ആസ്ഥാനത്തിനു പുറത്ത് നിലയുറപ്പിച്ചിരുന്നു. എന്നാൽ, പ്രതിഷേധിക്കാൻ അനുവാദം നല്‍കിയ സമയം അര്‍ദ്ധരാത്രിയോടെ കഴിഞ്ഞപ്പോള്‍ പോലീസ് അവരുടെ നേരെ നീങ്ങി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്.

നേരത്തെ മെട്രോ സ്റ്റേഷനുകൾ അടച്ചു പൂട്ടിയ പോലീസ് ഇടുങ്ങിയ പാതകളിലൂടെ ജനങ്ങളെ തുരത്തിയോടിച്ചിരുന്നു. അതോടെ പ്രതിഷേധത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കാന്‍ അവർ മനഃപൂർവ്വം ശ്രമിക്കുകയാണെന്ന വിമർശനവും ഉയര്‍ന്നു. മനുഷ്യാവകാശ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

എന്താണ് ചൈനയുടെ പ്രതികരണം?

ചൈനയുടെ ഔദ്യോഗിക പത്രമായ ചൈന ഡെയ്‌ലി പറയുന്നതു പ്രകാരം വിദേശശക്തികളാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഹോങ്കോങ്ങിൽ പ്രശ്നമുണ്ടാക്കി ചൈനയെ പ്രശ്നത്തിലാക്കുകയാണ് വിദേശശക്തികൾ. സത്യസന്ധമായി ആലോചിക്കുന്ന ഏതൊരാളും ഈ ഭേദഗതി ബില്ലിനെ നിയമപരവും യുക്തിസഹവുമെന്ന് വിലയിരുത്തുമെന്നും ചൈന അവകാശപ്പെടുന്നു.

Next Story

Related Stories