TopTop
Begin typing your search above and press return to search.

Explainer: വിദ്വേഷ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി മാലി ജനത; ഇന്ത്യയുടെ സുഹൃത്ത് ഇബ്രാഹിം മുഹമ്മദ് സോളിഹ് അധികാരത്തിലെത്തുമ്പോൾ

Explainer: വിദ്വേഷ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി മാലി ജനത; ഇന്ത്യയുടെ സുഹൃത്ത് ഇബ്രാഹിം മുഹമ്മദ് സോളിഹ് അധികാരത്തിലെത്തുമ്പോൾ

വൻ ഭൂരിപക്ഷത്തിൽ മാലിദ്വീപ് പൊതുതിരഞ്ഞെടുപ്പിൽ മാൽഡിവിയൻ ഡെമോക്രാറ്റിക് പാർട്ടി (MDP) ജയിച്ചുകയറിയപ്പോൾ മുൻ പ്രസിഡണ്ട് മുഹമ്മദ് നഷീദ് പറഞ്ഞത് ‘റോളക്സ് വാച്ചുകളുടെയും കോഹിന്നൂർ രത്നങ്ങളുടെയും കാലം കഴിഞ്ഞു’വെന്നാണ്. എംഡിപി തോൽപ്പിച്ച പ്രോഗ്രസ്സിവ് പാർട്ടി നേതാവ് അബ്ദുല്ല യാമീന്റെ ഭരണകാലത്തെ അഴിമതിയും നേതാക്കളുടെ സുഖലോലുപതയും സൂചിപ്പിക്കാനാണ് നഷീദ് ഇങ്ങനെ ഒരു പ്രയോഗം നടത്തിയത്. നഗ്നമായ ജനാധിപത്യ ധ്വംസനങ്ങളും അഴിമതിയും നടന്നുവെന്ന് പറയുന്ന യാമീനിൽ നിന്നും എംഡിപി നേതാവ് ഇബ്രാഹിം മുഹമ്മദ് സോളിഹ് അധികാരം പിടിച്ചെടുത്തപ്പോൾ മാലിദ്വീപിന്‌ പുത്തൻ പ്രതീക്ഷകൾ അനവധിയായിരുന്നു. മാലിദ്വീപിന്‌ ഇന്ത്യയുമായും ചൈനയുമായുമുള്ള ബന്ധങ്ങളൊക്കെ പുനരാലോചിക്കുന്ന ഈ ഘട്ടത്തിൽ മാലി തിരഞ്ഞെടുപ്പ് ഫലം വളരെ നിർണ്ണായകമാണ്. മാലി തിരഞ്ഞെടുപ്പ് എന്തൊക്കെ ചോദ്യങ്ങളാണ് ഉയർത്തുന്നത്?

പൊതു തിരഞ്ഞെടുപ്പ് ഫലം?

മാലി പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ ഞായറാഴ്ച അധികൃതർ പുറത്ത് വിട്ടപ്പോൾ നിലവിൽ രാജ്യം ഭരിച്ച് കൊണ്ടിരുന്ന മാൽഡിവിയൻ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് അത്ഭുതകരമായ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. 87 സീറ്റുകളിൽ 67 സീറ്റുകളും പിടിച്ചടക്കിയ MDP യുടെ നേതാവും നിലവിലെ പ്രസിഡന്റുമായ ഇബ്രാഹിം മുഹമ്മദ് സോളിഹ് തന്നെയാണ് ജനഹിത പ്രകാരം മാലിദ്വീപ് നയിക്കാൻ യോഗ്യനായത്. മുഖ്യ എതിരാളിയായിരുന്ന പ്രോഗ്രസ്സിവ് പാർട്ടിയ്ക്ക് ‘പീപ്പിൾസ് മജ്‌ലിസ്’ എന്ന പാർലമെന്റിൽ വെറും നാലു സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. പാർട്ടിയുടെ പ്രമുഖ നേതാവും മുൻ പ്രസിഡന്റുമായ അബ്ദുല്ല യാമീൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.യാമീൻ ഭരണകാലത്ത് നാടുകടത്തപ്പെട്ട മുൻ പ്രസിഡണ്ട് മുഹമ്മദ് നഷീദ് മാലി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതാണ് മാലി പൊതുതിരഞ്ഞെടുപ്പിന് ആഗോള ശ്രദ്ധ നൽകിയത്.

മാലി രാഷ്ട്രീയത്തിലെ ആ മൂന്ന് പ്രമുഖർ ആരെല്ലാം? മുഹമ്മദ് സോളിഹ്? മുഹമ്മദ് നഷീദ് ? അബ്ദുല്ല യാമീൻ?

മാലിദ്വീപിൽ ആദ്യമായി ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായ മാൽഡിവിസ്‌ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് മുഹമ്മദ് നഷീദ്. 2008 ലാണ് നഷീദ് മാലിദ്വീപിലെ പ്രസിഡന്റാകുന്നത്. രാഷ്ട്രീയ പ്രേരിതമെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ വിശേഷിപ്പിച്ച ഒരു തീവ്രവാദകേസുമായി ബന്ധപ്പെട്ട് 2015 ൽ ഇദ്ദേഹത്തിന് വിചാരണ നേരിടേണ്ടി വന്നു. 13 വർഷം തടവിന് വിധിക്കപ്പെട്ടുവെങ്കിലും പിന്നീട് ചികിത്സയ്ക്കായി യുകെയിലേക്ക് പോകുകയും അവിടെ അഭയം തേടുകയുമായിരുന്നു.

മാൽഡിവിസ്‌ ഡെമോക്രാറ്റിക് പാർട്ടിയെ തോൽപ്പിച്ച് 2013ലാണ് അബ്ദുല്ല യാമീൻ അധികാരത്തിലേറുന്നത്. രാഷ്ട്രീയ എതിരാളികളെ തന്ത്രപൂർവം കേസിൽ കുടുക്കി ജയിലിൽ അടച്ചതിന്റെയും അഴിമതികൾ നടത്തിയതിന്റെയും പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ഇദ്ദേഹത്തിനെ തോല്പിച്ചുകൊണ്ടണ് എംഡിപി നേതാവ് മുഹമ്മദ് സോളിഹ് പ്രസിഡന്റായത്.

എങ്ങനെയായിരുന്നു എംഡിപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം? എന്തൊക്കെയാണ് വാഗ്ദാനങ്ങൾ? തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതികരണം?

ജനാധിപത്യമൂല്യങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ടു തന്നെയായിരുന്നു ഡെമോക്രാറ്റിക് പാർട്ടി വോട്ടു തേടിയത്. ചൈനയുമായുള്ള മാലിദ്വീപിന്റെ ബന്ധങ്ങൾ പുനരാലോചിക്കുമെന്നും സാമ്പത്തിക കാര്യങ്ങളിൽ ബീജിങ്ങിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുമെന്നും ഇന്ത്യയുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നുമാണ് സോളിഹ് ആവർത്തിച്ച് പറഞ്ഞിരുന്നത്. യാമീൻ ഭരണകാലത്തെ സാമ്പത്തിക ക്രമക്കേടുകളും പാർലമെന്റ് അംഗങ്ങളുടെ സുഖലോലുപതയും കൈക്കൂലിയും എടുത്ത് പറഞ്ഞുകൊണ്ട് തന്നെയായിരുന്നു പ്രചാരണം. വെറുപ്പിലൂന്നിക്കൊണ്ടുള്ളതല്ല ഞങ്ങളുടെ പ്രചാരണമെന്നും, രാജ്യത്തെ സംബന്ധിച്ച നീറുന്ന വിഷയങ്ങളാണ് തങ്ങൾ അഭിസംബോധന ചെയ്യുന്നതെന്നുമായിരുന്നു സോളിഹ് പറഞ്ഞിരുന്നത്. വിജയം കണ്ടതോടെ മുഹമ്മദ് നഷീദിന്റെ തിരിച്ചുവരവ് സാധ്യമായി. ഇതാണ് ഈ പൊതു തിരഞ്ഞെടുപ്പിനെ ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നത്.

ഫലം പ്രഖ്യാപിച്ചയുടൻ ഡെമോക്രാറ്റിക് പാർട്ടി അനുഭാവികൾ നൃത്തം ചെയ്താണ് വിജയം ആഘോഷിച്ചത്. ഇത് വളരെയധികം സന്തോഷമുള്ള ഒരു ദിവസമാണെന്നും ജയിച്ചത് തങ്ങളല്ല മാലി ജനതയാണെന്നുമായിരുന്നു പ്രസിഡണ്ട് മുഹമ്മദ് സോളിഹിന്റെ പ്രതികരണം.

മാലിദ്വീപും ഇന്ത്യയും

യാമീന്റെ ഭരണകാലത്താണ് മാലിയുടെ സാമ്പത്തിക കാര്യങ്ങളിലും ഭരണകാര്യത്തിലും ചൈനയ്ക്ക് കൂടുതൽ സ്വാധീനം കൈവരുന്നത്. ഇരുരാജ്യങ്ങൾക്കിടയിൽ സൗഹൃദത്തിനായുള്ള പാലം നിർമ്മിച്ചുകൊണ്ടും ബീജിങ്ങിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ ആവശ്യപ്പെട്ടുകൊണ്ടും യാമീൻ മനഃപൂർവം രാജ്യത്തെ ചൈനയ്ക്ക് ഏല്പിച്ചുകൊടുത്തു എന്ന് വ്യാപകമായ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ചൈനയ്ക്ക് കൂടുതൽ സ്വാധീനം കൈവന്നതോടെ ഇന്ത്യയും മാലിദ്വീപുമായി അല്പം അകലം വന്നിരുന്നു. പുതിയ ഗവൺമെൻറ്റ് ഉണ്ടാക്കുന്നതു കൂടി ഇന്ത്യയുമായും ചൈനയുമായുള്ള ബന്ധങ്ങൾ പുനരാലോചിക്കുമെന്നാണ് നഷീദും സോളിഹും പ്രഖ്യാപിച്ചത്. യാമീന്റെ “പ്രൊ ബീജിംഗ്” ഭരണത്തിൽ ഇന്ത്യ ആവുന്നത്ര വ്യക്തമായി അതൃപ്തി പ്രകടിപ്പിക്കുകയും യാമീൻ രാജി വെച്ച് പുറത്തു പോകണമെന്ന് അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിരുന്നതാണ്.


Next Story

Related Stories