UPDATES

Explainer: അപ്രമാദിയായ ട്രംപ് ഇനിയില്ല; മിഡ്ടേം തെരഞ്ഞെടുപ്പ് അമേരിക്കയെ മാത്രമല്ല ലോകത്തെയും മാറ്റും

യുഎസ് ജനവിധി ഇന്ത്യയെ എങ്ങനെയെല്ലാം ബാധിക്കും?

യുഎസ്സിലെ പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വൻ മുന്നേറ്റം നടത്തിയിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഏകാധിപത്യപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണത്തിന് അതിശക്തമായ തിരിച്ചടിയാണ് ജനങ്ങളിൽ നിന്നും കിട്ടിയിട്ടുള്ളത്. അപ്രമാദിയായി വാണിരുന്ന അമേരിക്കൻ പ്രസിഡണ്ട് ഇനിയില്ല. ആഭ്യന്തരതലത്തിലും വിദേശനയങ്ങളുടെ കാര്യത്തിലും ട്രംപ് ഇനി വലിയ ചോദ്യം ചെയ്യലുകളെ നേരിടേണ്ടി വരും. മുൻകാലങ്ങളിൽ ചെയ്തുവെച്ച കാര്യങ്ങളിൽ ശക്തമായ അന്വേഷണങ്ങളും ട്രംപിനെതിരെ പ്രതീക്ഷിക്കാം. നിലവിൽ നടന്നുവരുന്ന അന്വേഷണങ്ങളും കൂടുതൽ ശക്തി പ്രാപിച്ചേക്കും. ചുരുക്കത്തിൽ ട്രംപ് ഒരു പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണെന്ന് പറയാം. ഇതുവരെ എല്ലാക്കാര്യങ്ങളെയും വാചോടോപം കൊണ്ട് നേരിട്ടിരുന്ന ട്രംപ് ഇനി നയതന്ത്രത്തിന്റെ ഭാഷയിലേക്ക് സ്വയം പരിഭാഷപ്പെടേത്തേണ്ട അവസ്ഥയാണുള്ളത്. എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്. എങ്കിലും നിലവിലെ സ്ഥിതിഗതികൾ നമുക്കൊന്ന് പരിശോധിക്കാം.

യുഎസ് മിഡ്ടേം ഇലക്ഷൻ എന്ത്, എങ്ങനെ?

യുനൈറ്റ‍ഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ പൊതു തെരഞ്ഞെടുപ്പ് നവംബർ ആറിനാണ് നടന്നത്. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ആദ്യ ടേമിന്റെ മധ്യത്തിലാണ് ഇവ വന്നു പെട്ടിരിക്കുന്നത് എന്നതിനാൽ ഇതുവരെയുള്ള ഭരണത്തെ സംബന്ധിച്ചുള്ള വിലയിരുത്തൽ എന്ന നിലയിലാണ് ലോകം മിഡ്ടേമിനെ നോക്കിക്കാണുന്നത്. നമ്മുടെ രീതിയിൽ നിന്നും വ്യത്യസ്തമായി, സെനറ്റിലേക്കും പ്രതിനിധി സഭയിലേക്കുമുള്ള പൊതുതെരഞ്ഞെടുപ്പിനെയാണ് യുഎസ്സിൽ മിഡ്ടേം എന്ന് വിളിച്ചുവരുന്നത്. ഇടക്കാല തെരഞ്ഞെടുപ്പുകളെ സ്പെഷ്യൽ ഇലക്ഷനുകളെന്നും വിളിക്കുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സി-ജനപ്രതിനിധി സഭ- ലെ മുഴുവൻ സീറ്റുകളിലേക്കും, യുനൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റി -ഉപരിസഭ- ലെ ഒരു ക്ലാസ്സിലേക്കുമുള്ള തെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതോടൊപ്പം 35 സ്റ്റേറ്റ് ടെറിട്ടോറിയൽ ഗവർണർഷിപ്പുകളിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. 435 സീറ്റുകളാണ് ജനപ്രതിനിധി സഭയിലുള്ളത്. ആകെ 100 സീറ്റുകളുള്ള സെനറ്റിലെ മൂന്നിലൊന്ന് ഭാഗത്തിലേക്കാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്. മൂന്ന് ക്ലാസ്സുകളായി സെനറ്റിനെ തിരിച്ചിരിക്കുകയാണ്. ഓരോ രണ്ടുവർഷം കൂടുമ്പോഴും ഇതിൽ ഓരോ ക്ലാസ്സിന്റെയും കാലാവധി അവസാനിക്കുകയും തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. ആകെ സെനറ്റ് മെമ്പർമാരെ പരമാവധി തുല്യമായി വീതിച്ചാണ് ക്ലാസ്സ് വിഭാഗീകരണം നടത്തുന്നത്. യുഎസ്സിൽ‌ ഉപരിസഭയിലേക്കുള്ള അംഗങ്ങളെയും ജനകീയ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹിതപരിശോധനയിലൂടെയാണ് നിരവധി സ്റ്റേറ്റുകൾ ഈ രീതിയിലേക്ക് മാറിയത്. പിന്നീട് എല്ലാ സ്റ്റേറ്റുകളും ഒരു ഭരണഘടനാഭേദഗതിയിലൂടെ ഈ രീതിയിലേക്ക് മാറ്റപ്പെട്ടു. ഓരോ സ്റ്റേറ്റിൽ നിന്നും രണ്ടുവീതം സെനറ്റ് മെമ്പർമാരാണ് തെരഞ്ഞെടുക്കപ്പെടുക.

തെരഞ്ഞെടുപ്പുഫലം

യുഎസ് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ പിടിച്ചടക്കിക്കഴിഞ്ഞു. ഗവർണർഷിപ്പുകളിലും ഡെമോക്രാറ്റുകള്‍ ആധിപത്യം നേടിയിട്ടുണ്ട്. സെനറ്റിൽ പക്ഷെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തങ്ങളുടെ ആധിപത്യം കൂടുതലുറപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു.

നഗരവാസികളുടെ വോട്ടുകൾ നിർണായകമായി

2016 തെരഞ്ഞെടുപ്പിൽ ട്രംപിനെ തുണച്ചത് നഗരങ്ങൾക്കു പുറത്ത് ജീവിക്കുന്നവരുടെ വോട്ടുകളായിരുന്നു. നഗരങ്ങളിലെയും നഗരപ്രാന്തങ്ങളിലെയും വോട്ടർമാരെ ഒരു പരിധിവരെ സ്വാധീനിക്കാനും ട്രംപിന് അന്ന് കഴിഞ്ഞു. എന്നാൽ ഇത്തവണ, നഗരങ്ങളിലെയും നഗരപ്രാന്തങ്ങളിലെയും വോട്ടർമാർ വൻതോതിൽ ഡെമോക്രാറ്റുകളിലേക്ക് തിരിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്ത്രീകളുടെ വോട്ടുകളും ട്രംപിനെതിരായി തിരിഞ്ഞുവെന്നാണ് കണക്കുകൂട്ടലുകൾ. വിദ്യാഭ്യാസമുള്ളവരും ലോകം തങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന വിവരലഭ്യത ഉള്ളവരുമാണ് ട്രംപിനെതിരെ എന്ന് ഏതാണ്ടുറപ്പിച്ചു വിളിക്കാവുന്ന ഈ ജനവിധിയുടെ കാരണക്കാർ.

ഡെമോക്രാറ്റിക് പാർട്ടി വൻതോതിൽ വനിതാ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. വലിയ മുന്നേറ്റം ഈയൊരു തീരുമാനം വഴി പാർട്ടിക്കുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് കരുതേണ്ടത്. വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കിടയിൽ ട്രംപിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ വളർന്നിരുന്ന രോഷം ഇവർക്ക് മുതലാക്കാനായി.

ട്രംപിന് വെളുത്ത വർഗക്കാർക്കിടയിലുണ്ടായിരുന്ന വലിയ പിടിപാട് അയയുന്നതിന്റെ ലക്ഷണവും ഈ തെരഞ്ഞെടുപ്പ് കാണിച്ചു തന്നു. വെളുത്ത വർഗക്കാർക്ക് മുൻതൂക്കമുള്ള ഇടങ്ങളിൽപ്പോലും വൻ തിരിച്ചടിയാണ് റിപ്പബ്ലിക്കന്മാർക്ക് കിട്ടിയത്.

ട്രംപിന്റെ ‘അൺപ്രസിഡൻഷ്യൽ’ ട്വീറ്റുകൾ

ഡോണള്‍‌‍ഡ് ട്രംപ് തനിക്ക് കിട്ടിയ ഒരേയൊരു കച്ചിത്തുരുമ്പാണ് സെനറ്റിലെ മുന്നേറ്റമെന്ന് പറയാതെ പറയുകയാണ് തന്റെ ട്വീറ്റുകളിലൂടെ. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് മുന്നേറ്റം ലോകമാധ്യമങ്ങൾ ആഘോഷിക്കാൻ‌ തുടങ്ങിയതോടെ ട്രംപിന്റെ ട്വീറ്റുകൾ എത്തി. അവിശ്വസനീയമായ സ്വയം പുകഴ്ത്തലാണ് ഈ ട്വീറ്റുകളിൽ കണ്ടത്. കഴിഞ്ഞ 105 വർഷത്തെ ചരിത്രത്തിനിടയിൽ വെറും അ‍ഞ്ച് പ്രസിഡണ്ടുമാർ മാത്രമേ മിഡ്ടേം തെരഞ്ഞെടുപ്പുകളിൽ സെനറ്റിൽ മുന്നേറ്റം സാധിച്ചിട്ടുള്ളൂ എന്നായിരുന്നു ട്വീറ്റിന്റെ സാരാംശം. ട്രംപ് ഒരു ഇന്ദ്രജാലക്കാരനാണ് എന്നും വോട്ടുപിടിത്തത്തിൽ അസാധ്യ ശേഷിയുള്ള ഒരു കാംപൈനറാണ് എന്നും റിപ്പബ്ലിക്കൻമാർ ഭാഗം ചെയ്തവരാണ് എന്നും അദ്ദേഹം ട്വീറ്റുകളിൽ പറഞ്ഞു. മൊത്തം മാധ്യമങ്ങളും തനിക്കെതിരായിട്ടും ഈ നേട്ടം കൈവരിക്കാനായെന്നും അദ്ദേഹം കുറിച്ചു. ഈ വാക്കുകളിൽ‌ വീഴ്ചയിൽ പതറാത്ത തന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കാനായിരിക്കാം ട്രംപ് ശ്രമിച്ചിരിക്കുക എന്ന് കരുതാം. എന്നാൽ, വിമർശകർ‌ ചൂണ്ടിക്കാട്ടാറുള്ളതുപോലെ ‘അൺപ്രസിഡൻഷ്യൽ’ ആയ ഈ വാക്കുകൾ അദ്ദേഹത്തിന്റെ പരിഭ്രമത്തെയാണ് തുറന്നു കാട്ടുന്നതെന്ന് കാണാം. എന്തൊക്കെയാണ് ട്രംപിന്റെ പരിഭ്രമങ്ങൾ?

ട്രംപിന്റെ പരിഭ്രമങ്ങൾ

ഡോണൾഡ് ട്രംപ് തന്റെ ഇതുവരെയുള്ള വൈറ്റ് ഹൗസ് കാലയളവിൽ കണ്ട അമേരിക്കയല്ല ഇന്നു മുതലുള്ള അമേരിക്ക. 2019 ജനുവരി മൂന്നാം തിയ്യതി യുഎസ് നിയമനിർമാണസഭ അതിന്റെ നൂറ്റിപ്പതിനാറാം സമ്മേളനം ചേരും. ഭരണപരമായും നിയമപരമായും നിരവധി വെല്ലുവിളികളെയാണ് ജനപ്രതിനിധി സഭയിൽ നിന്നും ട്രംപിന് നേരിടാനുള്ളത്.

യുഎസ് ഹൗസ് കമ്മിറ്റി ഓൺ ഓവർസൈറ്റ് ആൻഡ് ഗവൺമെന്റ് റിഫോം

ജനപ്രതിനിധി സഭയിലെ ഹൗസ് ഓവർസൈറ്റ് കമ്മറ്റിയുടെ നിയന്ത്രണം ഏറെക്കുറെ ഡെമോക്രാറ്റുകളുടെ കൈകളിലെത്തും എന്ന് ഉറപ്പായതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും നിർണായകമായ അനന്തരഫലങ്ങളിലൊന്ന്. സഭയിലെ സുപ്രധാന അന്വേഷണ സമിതിയാണിത്. സഭയിലെ ഏറ്റവും അധികാരമുള്ള സമിതി എന്ന വിശേഷണവും ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് ചേരും. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് തെളിവുകൾ ശേഖരിക്കാനും പ്രമാണങ്ങൾ വരുത്തിക്കാനുമെല്ലാം ഈ കമ്മിറ്റിക്ക് അധികാരമുണ്ട്. ഈ കമ്മിറ്റിയെ ഡെമോക്രാറ്റുകൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഈ വഴിക്കുള്ള പ്രസ്താവനകൾ ഡെമോക്രാറ്റുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുമുണ്ട്.

റിപ്പബ്ലിക്കൻ ഭൂരിപക്ഷമുണ്ടായിരുന്ന ജനപ്രതിനിധി സഭയിൽ പല അന്വേഷണങ്ങളും വഴിമുട്ടി നിന്നിരുന്നു. ഡെമോക്രാറ്റായ എലിജാ കമ്മിങ്സ് ആയിരിക്കും ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ അടുത്ത ചെയർമാൻ. എന്നാൽ, റിപ്പബ്ലിക്കന്മാർ തങ്ങളെ ആക്രമിച്ചതു പോലെ തങ്ങൾ പിന്നാലെ നടന്ന് ആക്രമിക്കുന്ന രീതി പിന്തുടരില്ലെന്ന് ജനപ്രതിനിധി സഭയിലെ മൈനോരിറ്റി ലീഡർ നാൻസി പെലോസി പറയുന്നു. തങ്ങളുടേത് ജനാധിപത്യപരമായ രീതികളായിരിക്കുമെന്നും പെലോസി ഉറപ്പു നൽകുന്നുണ്ട്. “ട്രംപിനെയോ കാവനോയെയോ ഇംപീച്ച് ചെയ്യാനാണോ നിങ്ങളുടെ പുറപ്പാടെന്ന് ചോദിച്ചാൽ ഞാൻ അല്ലെന്ന് പറയും. അത് ഒരു പാർട്ടി ഒറ്റയ്ക്ക് ചെയ്യുന്ന പ്രവൃത്തിയായിരിക്കില്ല” -പെലോസി പറയുന്നു.

ഒരുകാര്യം ഏതായാലും ഉറപ്പായിട്ടുണ്ട്. ഉയർന്ന ബിസിനസ്സ് താൽപര്യങ്ങളുള്ള ട്രംപിന്റെ ഓരോ നീക്കവും ഇനി സൂക്ഷ്മമായും കൃത്യതയോടെയും നിരീക്ഷിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ഇതുവരെ റിപ്പബ്ലിക്കൻ ആധിപത്യമുള്ള പ്രതിനിധിസഭയുടെ ആത്മവിശ്വാസത്തിൽ ചെയ്തുകൂട്ടിയ പണികൾ‍ക്കും കൃത്യമായ വിശദീകരണങ്ങൾ വരുംദിനങ്ങളിൽ ട്രംപ് കണ്ടെത്തേണ്ടതായി വരും. ട്രംപിന്റെ തീരുമാനമെടുക്കൽ ശേഷികളെ ഏറെ ബാധിക്കുന്ന ഒന്നുകൂടിയാണ് പ്രതിനിധി സഭയിലെ ഭൂരിപക്ഷനഷ്ടം. ട്രംപിന്റെ ഭരണകൂടത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാണ് ജനങ്ങൾ പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം നൽകിയതെന്ന് ഭാവി ഓവർസൈറ്റ് ചെയർമാൻ എലിജാ കമ്മിങ്സ് പറയുന്നു.

ഇതിനിടെ ഈ വിഷയത്തിൽ ട്രംപിനുള്ള ഭീതി ഒരു ട്വീറ്റിന്റെ രൂപത്തിൽ പുറത്തു വന്നിട്ടുണ്ട്. സഭാതലത്തിൽ തങ്ങള്‍ക്കെതിരെ അന്വേഷണങ്ങൾ നടത്തി ജനങ്ങളുടെ പണം നഷ്ടപ്പെടുത്താനാണ് ഡെമോക്രാറ്റുകൾ ഉദ്ദേശിക്കുന്നതെങ്കിൽ സെനറ്റ് തലത്തിൽ സമാനമായ അന്വേഷണങ്ങൾ ഡെമോക്രാറ്റുകൾക്കെതിരെയും വരുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. ആ കളി രണ്ടുകൂട്ടര്‍ക്കും കളിക്കാമെന്ന് ട്രംപ് താക്കീത് നൽകുന്നുണ്ട് തന്റെ ട്വീറ്റിൽ.

ഇനി മ്യുള്ളറുടെ കാലം?

റോബർട്ട് എസ് മ്യുള്ളർ കഴിഞ്ഞ കുരെ നാളുകളായി പൊതുപ്രസ്താവനകൾ ഒഴിവാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന യാതൊന്നും അദ്ദേഹത്തിൽ നിന്നും വരരുതെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശമുണ്ടായിരുന്നു. പതിനെട്ട് മാസമായി തുടരുന്ന മ്യുള്ളറുടെ അന്വേഷണം ട്രംപിന്റെ കൂട്ടാളികളെ ഇതിനകം കുടുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളിലേക്കും അന്വേഷണത്തിന്റെ മുന ചെന്നെത്തുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. 2016 തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യയുടെ ഇടപെടലുണ്ടായിട്ടുണ്ടോ എന്നതാണ് മ്യുള്ളറുടെ അന്വേഷണവിഷയം. 26 റഷ്യാക്കാർ അടക്കം 32 പേർക്കെതിരെ കുറ്റാരോപണങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ട്രംപിന്റെ പ്രചാരണസമിതി ചെയർമാൻ പോൾ മാനാഫോർട്ടിനെതിരെയും കുറ്റാരോപണമുണ്ട്. ഇനി വരാനിരിക്കുന്നത് ദീർഘകാലമായി ട്രംപിന്റെ ഉപദേശകനായി പ്രവർത്തിക്കുന്ന റോജർ സ്റ്റോമിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്.

കഴിഞ്ഞ നാലു മാസത്തോളമായി അമേരിക്കൻ പ്രസിഡണ്ടിനെ ചോദ്യം ചെയ്യണമെന്ന ആവശ്യമുന്നയിക്കുകയാണ് മ്യുള്ളർ. അന്വേഷണം തടയാൻ ട്രംപ് ശ്രമിച്ചിരുന്നുവോ എന്ന കാര്യവും മ്യുള്ളർ‍ തന്റെ അന്വേഷണവിഷയമാക്കിയിട്ടുണ്ട്. ട്രംപ് ഇനി ചെയ്യാനിടയുള്ള കാര്യം ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് ജെ റോസെന്റൈനിനെ നീക്കം ചെയ്യുകയാണ്. ഇദ്ദേഹമാണ് മ്യുള്ളറുടെ അന്വേഷണത്തിന് മേൽനോട്ടം ചെയ്യുന്നത്.

ഇംപീച്ച്മെന്റ്: ഡെമോക്രാറ്റുകൾക്കിടയിലെ അഭിപ്രായഭിന്നത

ഡെമോക്രാറ്റുകൾക്ക് അനുകൂലമായി വോട്ട് ചെയ്ത ജില്ലകളില്‍ നടന്ന ചില പോളുകൾ സൂചിപ്പിക്കുന്നത് ഭൂരിഭാഗവും ട്രംപിനെ ഇംപീച്ച് ചെയ്തേ പറ്റൂ എന്ന നിലപാടുകാരാണ് എന്നാണ്. ട്രംപിനെതിരെ ശക്തമായ അന്വേഷണങ്ങൾ ആവശ്യമാണെന്ന നിലപാട് ഡെമോക്രാറ്റുകൾക്കുണ്ടെങ്കിലും അദ്ദേഹത്തെ ഇംപീച്ച് ചെയ്യുന്ന വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ജനുവരി മൂന്നിന് സഭയുടെ നിയന്ത്രണം കൈക്കലാകുന്ന ഘട്ടത്തിൽ തന്നെ ട്രംപിനെ നിരവധി വിഷയങ്ങളിൽ അന്വേഷണത്തിന് വിധേയനാക്കാനുള്ള ശ്രമം നടക്കുമെന്നുറപ്പാണ്. എന്നാൽ ഇംപീച്ച് ചെയ്യുന്ന തരത്തിലുള്ള സ്പോടനാത്മകമായ രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കാൻ ഒരു വിഭാഗം ഡെമോക്രാറ്റ് അംഗങ്ങൾക്ക് താൽപര്യമില്ല. ഇതല്ലാതെ തന്നെ പ്രസിഡണ്ടിനെ കുരുക്കാനുള്ള വഴികൾ ധാരാളം കിടക്കുന്നുണ്ട്. ഇംപീച്ച്മെന്റിന് നീങ്ങിയാൽ അത് ട്രംപിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഡെമോക്രാറ്റുകൾക്ക് കൂടുതൽ ക്ഷീണമുണ്ടാക്കാനേ സഹായിക്കൂ എന്നാണ് ഉയരുന്ന വിരുദ്ധാഭിപ്രായം. വിവേകമില്ലാതെ ട്രംപിനെ ആക്രമിക്കുന്നതിലേക്ക് നീങ്ങിയാൽ അത് റിപ്പബ്ലിക്കൻമാരെ കൂടുതൽ ഊർജസ്വലരാക്കിയേക്കാം. നാൻസി പെലോസിയും ഇതേ അഭിപ്രായക്കാരിയാണ്. ട്രംപ് ചെളിയിൽ കുളിച്ച് നിൽക്കുകയാണ്. കൂടെ കുളിക്കാനിറങ്ങിയാൽ ഡെമോക്രാറ്റുകളും ചെളിക്കുളത്തിലിറങ്ങി എന്നേ വരൂ. ഇതോടൊപ്പം മ്യുള്ളറുടെ അന്വേഷണം പൂർത്തിയാകുക കൂടി വേണമെന്നും അഭിപ്രായമുണ്ട്. അല്ലാത്ത നീക്കം അനവസരത്തിലുള്ളതായിത്തീരും.

ജനവിധി നൽകുന്നത് ട്രംപിന്റെ കുടിയേറ്റവിരുദ്ധത ചോദ്യം ചെയ്യാനുള്ള അവസരം

തങ്ങൾക്ക് കിട്ടിയിട്ടുള്ള ജനവിധിയിൽ ട്രംപിന്റെ യുക്തിഭദ്രതയില്ലാത്ത കുടിയേറ്റവിരുദ്ധതയോടുള്ള എതിർപ്പും അടങ്ങിയിട്ടുണ്ടെന്നാണ് ഡെമോക്രാറ്റുകളുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിനു മുൻപായി കടുത്ത കുടിയേറ്റവിരുദ്ധത പ്രചരിപ്പിച്ച് അത് വോട്ടാക്കി മാറ്റാനുള്ള ശ്രമം പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവ വോട്ടായി മാറുമെന്നും പലരും പ്രതീക്ഷിച്ചു. എന്നാൽ അമിതമായി ഊതിവീർപ്പിച്ച ആ ബലൂൺ പൊട്ടിയെന്നാണ് തെരഞ്ഞെടുപ്പു ഫലം മനസ്സിലാക്കിത്തരുന്നത്. ട്രംപിന്റെ കുടിയേറ്റ നയം അതേപടി അംഗീകരിക്കുന്ന ചില റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പരാജയവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. കാന്‍സാസിലെ ഗവർണർ സ്ഥാനാർത്ഥി ക്രിസ് കോബാച്ചയുടെയും വിർജീനിയയിലെ റിപ്പബ്ലിക്കൻ റെപ്രസെന്റേറ്റീവ് സ്ഥാനാർത്ഥി ഡേവ് ബ്രാറ്റിന്റെയും പരാജയങ്ങൾ ഉദാഹരണങ്ങളാണ്. ഇരുവരും കടുത്ത ട്രംപ് അനുകൂലികളായിരുന്നു. ഇരുവരും തോറ്റത് താരതമ്യേന യാഥാസ്ഥിതിക വോട്ടുകള്‍ കൂടുതലുള്ള മണ്ഡലങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.

നിയമപരമായ കുടിയേറ്റത്തെക്കൂടി പരിമിതപ്പെടുത്താനുള്ള നീക്കങ്ങളാണ് ട്രംപ് തെരഞ്ഞെടുപ്പ് അടുത്ത സന്ദർഭത്തിൽ‌ നടത്തിയത്. ബിസിനസ്സ് സമൂഹത്തെ മൊത്തം അങ്കലാപ്പിലാക്കുന്ന ഒരു നീക്കമായിരുന്നു ഇത്. സിലിക്കൺ വാലിയിലും ഇത് ആശങ്ക വളർത്തി. രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരുടെ മക്കൾക്ക് യുഎസ് പൗരത്വം നിഷേധിക്കുന്ന ഓർഡർ ഇറക്കുമെന്ന പ്രസ്താവനയും ട്രംപിന്റെ വകയായി വന്നു. ഭരണഘടനാവിരുദ്ധമായ ഒരു വിഷയമാണ് വൈറ്റ് ഹൗസിൽ നിന്നുള്ള ഓർഡറിലൂടെ നടപ്പാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനിടെ ഹോണ്ടുറാസിൽ നിന്നും ഇതര മധ്യ അമേരിക്കൻ നാടുകളിൽ നിന്നും മെക്സിക്കോയിലേക്ക് നിങ്ങിക്കൊണ്ടിരിക്കുന്ന വൻ അഭയാർത്ഥി പ്രവാഹം യുഎസ്സിലേക്ക് കടക്കുന്നത് തടയാൻ താൻ 15,000 സൈനികരെ അതിർത്തിയിലേക്ക് അയയ്ക്കുമെന്നും ട്രംപ് പ്രസ്താവിച്ചു.

ഈ വിഷയങ്ങൾ തങ്ങൾ സഭയിൽ അന്വേഷണ വിധേയമാക്കുമെന്ന് മൈനോരിറ്റി നേതാവ് നാൻസി പെലോസിയുടെ പ്രസ്താവനയിൽ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ട്രംപ് ഭരണകൂടത്തെ ഭരണഘടനാപരമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അവർ പറയുകയുണ്ടായി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ട്രംപ് നടപ്പാക്കിയ എല്ലാ കുടിയേറ്റവിരുദ്ധ നയങ്ങളുടെ അന്വേഷണവിധേയമാക്കപ്പെടുമെന്നാണ് പെലോസിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വേനലിൽ കുടിയേറ്റക്കാരായ മാതാപിതാക്കളിൽ നിന്നും കുട്ടികളെ വേർപെടുത്തി താമസിപ്പിച്ച ക്രൂരമായ സംഭവവും അന്വേഷണപരിധിയിൽ വന്നേക്കും. 2020 സെൻസസിൽ പൗരത്വം സംബന്ധിച്ച ചോദ്യം കൂട്ടിച്ചേർക്കാൻ ട്രംപ് തീരുമാനിച്ചതും അന്വേഷണവിധേയമാകാനിടയുള്ള വിഷയമാണ്. രാജ്യത്തെ കുടിയേറ്റക്കാരെ ഭീതിയിലാഴ്ത്തുന്ന നീക്കമായിരുന്നു ഇത്. സെൻസസ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വിവിധ ഫണ്ട് അലോക്കേഷനുകൾ നടക്കുക എന്നതിനാൽ വളരെ ഗൗരവപ്പെട്ട വിഷയം കൂടിയാണ് ഈ ചോദ്യം കൂട്ടിച്ചേർക്കൽ.

റഷ്യയുടെ ഭീതി

ഡോണൾഡ് ട്രംപിനേറ്റ പരാജയം റഷ്യയെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. അമേരിക്കയുമായുള്ള ബന്ധത്തിൽ വലിയ പുരോഗതി സംഭവിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ സാധ്യത കമ്മിയാണെന്ന് റഷ്യ കരുതുന്നു. ട്രംപിന്റെ അജണ്ടകൾ ഇനി അത്ര ശക്തിയോടെ നടപ്പാകില്ലെന്നതും റഷ്യയെ സംബന്ധിച്ചിടത്തോളം നിരാശയുണ്ടാക്കുന്ന കാര്യമാണ്. വ്ലാദ്മിർ പുടിന്റെ സേവകനെന്ന ചീത്തപ്പേര് ട്രംപിന് ഒരുപക്ഷെ മാറിക്കിട്ടിയേക്കും ഇനി. ട്രംപിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഹായിച്ച് അധികാരത്തിലേറ്റിയതു മാത്രമല്ല ട്രംപിന് റഷ്യയോടുള്ള സേവനമനോഭാവത്തിനു പിന്നിലെന്ന് എല്ലാവർക്കുമറിയാം. തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ബാരക് ഒബാമയും ഭാര്യയും തങ്ങൾ താമസിച്ച ഹോട്ടൽ മുറി ഒഴിഞ്ഞപ്പോൾ ബിസിനസ്സുകാരനായിരുന്ന ട്രംപ് ആ മുറി തന്നെ വാടകയ്ക്ക് എടുക്കുകയും അവിടെ ലൈംഗിക തൊഴിലാളികളെ കൊണ്ടുവന്ന് കിടക്കയിൽ മൂത്രമൊഴിപ്പിച്ച സംഭവം ഓരോ യുഎസ്സുകാരനും നാണക്കേടായി മനസ്സിൽ കിടക്കുന്നുണ്ട്. ഇതിന്റെ ടേപ്പ് റഷ്യയുടെ പക്കലുണ്ടെന്നാണ് കേൾവി. സർവ്വാധികാരിയായിരുന്ന ട്രംപിനെയല്ല റഷ്യക്ക് തങ്ങളുടെ കളിപ്പാവയായി ഇനി കിട്ടുക എന്ന് ചുരുക്കം.

ട്രംപിന്റെ മിഡിൽ ഈസ്റ്റ് നയം മാറുമോ?

ട്രംപ് അങ്ങേയറ്റം രോഷാകുലമായ സമീപനമാണ് ഇറാനോട് പുലർത്തിവരുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ഇറാനെതിരെ ശക്തമായ ഉപരോധം അമേരിക്ക ഏർപ്പെടുത്തിയത്. സിനിമാശൈലിയിൽ തന്റെ പോസ്റ്ററുകൾ പ്രസിദ്ധീകരിച്ചാണ് ഉപരോധപ്രഖ്യാപനങ്ങളിലേക്ക് ട്രംപ് കടന്നത്. മുൻകാലങ്ങളിൽ യുക്തിഭദ്രമായി ചിന്തിക്കുന്ന യുഎസ് പ്രസിഡണ്ടുമാർ തങ്ങൾക്ക് തെരഞ്ഞെടുപ്പ് തിരിച്ചടി ലഭിച്ച ഘട്ടങ്ങളിൽ വിദേശനയങ്ങളിൽ ഗൗരവപ്പെട്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ജോർജ് ബുഷ് 2006ൽ നേരിട്ട മിഡ്ടേം തെരഞ്ഞെടുപ്പ് തിരിച്ചടിയോട് പ്രതികരിച്ചത് ഇറാഖിൽ സൈനികനീക്കം ശക്തമാക്കിയിട്ടായിരുന്നു. 2010 മിഡ്ടേമിൽ റിപ്പബ്ലിക്കന്മാർ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിയപ്പോൾ പ്രസിഡണ്ട് ബാരക് ഒബാമയും സമാനമായൊരു നീക്കം നടത്തി. ലിബിയയിലെ സൈനിക ഇടപെടൽ ശക്തമാക്കി. പിന്നീട് ഇത് തനിക്കു പറ്റിയ വൻ വീഴ്ചയാണെന്ന് ഒബാമ പറയുകയുണ്ടായി. ഇത്തരം വീഴ്ചകളിൽ നിന്നും മാറി നിൽക്കാൻ അമേരിക്കൻ പ്രസിഡണ്ടുമാർ നിസ്സഹായരാണ് എന്നതാകുന്നു സത്യം.

ജനപ്രതിനിധി സഭയിൽ കൂടുതൽ അന്വേഷണങ്ങളുടെ കുരുക്കുകളിലേക്ക് പോകുന്ന ട്രംപ് തന്റെ തീവ്ര വലത് ആരാധകരെ തൃപ്തിപ്പെടുത്താൻ ഏതു മാർഗ്ഗമായിരിക്കും അവലംബിക്കുക എന്നതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം. ഇറാനുമേൽ കൂടുതൽ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തെ ചൂണ്ടിക്കാട്ടി സൗദിക്കുമേൽ നടപടിയെടുക്കണമെന്നുമെല്ലാം റിപ്പബ്ലിക്കൻമാരിൽ നിന്നും തന്നെ ട്രംപിനു മേൽ സമ്മർദ്ദമുണ്ട്. തെരഞ്ഞെടുപ്പിനു മുൻപ് സൗദിയോടുള്ള തന്റെ ‘സോഫ്റ്റ് കോർണർ’ പ്രകടിപ്പിക്കുന്നതിൽ നിന്ന് ട്രംപ് പിൻവാങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, ചില വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്തായാലും ഡെമോക്രാറ്റുകൾ സൗദിക്കെതിരെ നടപടിയെടുക്കാനുള്ള സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുമെന്നുറപ്പാണ്. ഇറാനുമേലുള്ള കടുത്ത ഉപരോധങ്ങൾ നീക്കണമെന്ന ആവശ്യവും ഡെമോക്രാറ്റുകൾ ഉന്നയിക്കും.

ഇസ്രായേൽ പലസ്തീൻ വിഷയം

ഇസ്രായേൽ-പലസ്തീൻ സമാധാന ചര്‍ച്ചകൾ പുനരാരംഭിക്കാൻ നടപടിയെടുക്കുമെന്ന നിലപാട് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇരുകൂട്ടരെയും ഒരു മേശക്കിരുവശത്തുമിരുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഈ വഴിക്കുള്ള ശ്രമങ്ങൾ സംബന്ധിച്ച ചോദ്യങ്ങളും ഇനി സഭയിൽ ശക്തമാകും. ട്രംപ് മറുപടി പറയേണ്ടതായും വരും. ആഭ്യന്തര കാര്യങ്ങളിൽ തങ്ങളുടെ അജണ്ടകൾക്ക് തരക്കേടില്ലാത്ത ഒരു തടയാണ് വന്നുപെട്ടിരിക്കുന്നതെന്ന് റിപ്പബ്ലിക്കന്മാര്‍ക്കറിയാം. ഇത്തരം സന്ദർഭങ്ങളിൽ അമേരിക്കൻ പ്രസിഡണ്ടുമാർ സാധാരണ ചെയ്യാറുള്ളതുപോലെ വിദേശ പ്രശ്നങ്ങൾ ചർച്ചകളിലെത്തിക്കും. ട്രംപ് വ്യത്യസ്തനാകും എന്നതിന് ന്യായമൊന്നും കാണുന്നില്ല.

യുഎസ് ജനവിധി ഇന്ത്യയെ എങ്ങനെയെല്ലാം ബാധിക്കും?

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഇറാനുമേൽ ഉപരോധം സ്ഥാപിച്ചപ്പോൾ ട്രംപ് ഒഴിവാക്കിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇറാനില്‍ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുഎസ്സിന്റെ നേരത്തെയുള്ള ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി കിഴിവുകളോടെയാണ് ഇറാനിൽ നിന്ന് എണ്ണ ലഭിക്കുന്നത്. യുഎസ് പൊതുതെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് മിഡിൽ ഈസ്റ്റ് നയങ്ങളിൽ വരുന്ന ഏതൊരു മാറ്റവും ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയെ നേരിട്ടു തന്നെ ബാധിക്കും എന്നതാണ് സ്ഥിതി. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നും പിന്മാറിയ ഘട്ടം മുതൽക്കേ ഇന്ത്യക്കുമേൽ ചെറിയ തോതിൽ സമ്മർദ്ദം ചെലുത്താൻ യുഎസ് ശ്രമിച്ചു വന്നിരുന്നു. ആ സന്ദർഭത്തിൽ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസ്സഡർ നിക്കി ഹാലി, ഇന്ത്യ ഇറാനുമായുള്ള ബന്ധത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകുന്ന രാജ്യങ്ങളിൽ മൂന്നാംസ്ഥാനത്താണ് ഇറാൻ ഇപ്പോഴുള്ളത്. ഇറാന്റെ ഛബഹാർ തുറമുഖത്തിൽ ഇന്ത്യക്ക് വലിയ വാണിജ്യ-നയതന്ത്ര താൽപര്യങ്ങളുണ്ട്. മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള ഇന്ത്യയുടെ സമുദ്ര വാണിജ്യത്തിന്റെ ഇടത്താവളമാണ് ഈ തുറമുഖം. ഇതോടൊപ്പം ഇറാന്റെ ഫർസാദ് ബി ഗാസ് ഫീൽഡിൽ എണ്ണ കുഴിച്ചെടുക്കുന്നതിനുള്ള ഒരു ഉടമ്പടിക്കു വേണ്ടി ഇന്ത്യ ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ചുരുക്കത്തിൽ മിഡ്ടേമിനു ശേഷം ഇറാനുമേൽ യുഎസ് നടപ്പാക്കാനിടയുള്ള ഏതൊരു നയവും ഇന്ത്യയെ നേരിട്ടു തന്നെ ബാധിക്കും. യുഎസ്സിന്റെ വിദേശനയങ്ങളിൽ മാറ്റം തീർച്ചയാണ്. അത് എങ്ങനെയെല്ലാമാണ് സംഭവിക്കുക എന്നതുമാത്രമേ ഇനി നോക്കേണ്ടതുള്ളൂ.

വീണ്ടുവിചാരമില്ലാതെ ട്രംപ് വിതയ്ക്കുന്ന കുഴപ്പങ്ങള്‍; ലോകം അസ്വസ്ഥമാണ്

ഡെമോക്രാറ്റുകള്‍ക്ക് വന്‍ കുതിപ്പ്; ഇത് ട്രംപിന്റെ പടിയിറക്കമോ?

EXPLAINER: ഇറാൻ ആണവകരാറില്‍ നിന്നും എന്തുകൊണ്ട് ട്രംപ് പിന്‍മാറി?

ട്രംപിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്ന് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥന്‍; രാജ്യദ്രോഹമെന്ന് ട്രംപ്

എന്തുകൊണ്ട് ട്രംപ് ഒട്ടും അമേരിക്കനല്ലാത്ത ഒരു ബാഹുബലിയാണ്

ട്രംപ് വിരുദ്ധ പ്രതിഷേധങ്ങള്‍; ഒരു തുടക്കം മാത്രം- പങ്കജ് മിശ്ര എഴുതുന്നു

Share on

മറ്റുവാർത്തകൾ