TopTop
Begin typing your search above and press return to search.

Explainer: എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്? ഇടത്തും വലത്തും നിന്ന് എതിർക്കുന്നവർ ആരൊക്കെ?

Explainer: എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്? ഇടത്തും വലത്തും നിന്ന് എതിർക്കുന്നവർ ആരൊക്കെ?

കേരളത്തിലെ പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട വിദഗ്ധസമിതി 'ഖാദർ വിദഗ്ധസമിതി' സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കുന്നത് ജൂൺ 17ന് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഹയർ സെക്കൻഡറി അധ്യാപകരും ഹെഡ് മാസ്റ്റര്‍മാരും നൽകിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഈ നടപടിയെടുത്തിരിക്കുന്നത്. ജൂൺ ഒന്നാംതിയ്യതി ഈ റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. ഇടതുപക്ഷ സർക്കാർ കൊണ്ടുവരുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങൾ എല്ലാക്കാലത്തും എതിർപ്പുകളെ നേരിടാറുണ്ടെന്നും ഇങ്ങനെ എതിർപ്പുകളെ നേരിട്ട് കൊണ്ടുവന്ന പരിഷ്കാരങ്ങളെല്ലാം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഗുണകരമായിട്ടേയുള്ളൂവെന്നുമാണ് റിപ്പോർട്ടിനെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ, വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്ന നിർദ്ദേശങ്ങളാണ് ഖാദർ സമിതി മുമ്പോട്ടു വെച്ചിരിക്കുന്നതെന്നും അത് നടപ്പാക്കരുതെന്നുമാണ് എതിർപ്പുമായി രംഗത്തുള്ള പ്രതിപക്ഷ പാർട്ടികളും സമുദായ നേതാക്കളും പറയുന്നത്.

ആരാണ് ഡോ. എംഎ ഖാദർ?

ദേശീയതലത്തിൽ ഖ്യാതി നേടിയ വിദ്യാഭ്യാസ വിചക്ഷണനാണ് ഡോ. എംഎ ഖാദർ. എസ്‌സിഇആർടി മുൻ ഡയറക്ടറായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എൻസിഇആർടിയിലും നാഷണൽ കരിക്കുലം ഫ്രെയിം വർക്കിന്റെ ദേശീയ സ്റ്റീയറിങ് കമ്മറ്റിയിലുമെല്ലാം ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്താണ് ഖാദർ വിദഗ്ധസമിതി?

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണിത്. ഡോ. എംഎ ഖാദർ അധ്യക്ഷനായുള്ള ഒരു മൂന്നംഗ വിദഗ്ധസമിതിയാണിത്. ജി. ജ്യോതിചൂഢൻ (നിയമവകുപ്പിൽ നിന്നും റിട്ടയർ ചെയ്ത സ്പെഷ്യൽ സെക്രട്ടറി), ഡോ. സി. രാമകൃഷ്ണൻ എന്നിവരാണ് മറ്റംഗങ്ങൾ. ഖാദർ സമിതിയെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2018 മാർച്ച് മാസത്തിലെ ഉത്തരവ് പറയുന്നതു പ്രകാരം 2009ലെ വിദ്യാഭ്യാസം അവകാശനിയമം സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല.

എന്താണ് ഖാദർ സമിതിയെ സര്‍ക്കാർ ഏൽപ്പിച്ച ജോലി?

പ്രൈമറി തലം മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി, അവസരതുല്യത, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ സമര്‍പ്പിക്കാനാണ് കേരള സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ചകൾ നടത്തി രൂപീകരിക്കുന്നതായിരിക്കണം നിർദ്ദേശങ്ങളെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. പൊതുവിദ്യാഭ്യാസരംഗം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിട്ടത്.

എന്താണ് ഈ നീക്കത്തിന് അടിയന്തിര കാരണമായിത്തീർന്നത്?

സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിക്കുതിന് കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കമ്മിറ്റിയുടെ നിയമനം. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പരിഷ്കരണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാക്കിത്തീർത്തിട്ടുണ്ട്. പ്രീസ്കൂൾ തലം മുതൽ ഹയർ സെക്കണ്ടറി വരെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഉൾപ്പെടണമെങ്കിൽ ഈ സംയോജനം ആവശ്യമാണ്. സംയോജനം വരുന്നതോടെ എല്ലാം ഒരു മേധാവിയുടെ കീഴിലായി മാറും. തസ്തികകളുടെ പേരിലും മാറ്റം വരും. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ പ്രകാരം ഏപ്രിൽ 1 മുതൽ എൻസിടിഇ മാനദണ്ഡപ്രകാരമുള്ള അധ്യാപക യോഗ്യത അത്യാവശ്യമാകുന്നുണ്ട്. ഇത് ഉറപ്പു വരുത്തുകയെന്ന ലക്ഷ്യവും സർക്കാരിനുണ്ട്.

കേരളത്തിൽ സർക്കാർ സ്കൂളുകൾ ഇടക്കാലത്ത് ഏതാണ്ടുപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സർക്കാരുകളുടെ ശ്രദ്ധയില്ലായ്മയുടെയും നയവൈകല്യങ്ങളുടെയും ഫലമായി സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഏറെ സംശയിക്കപ്പെട്ടു. ഇന്ന് ഈ നിലയിൽ കാര്യമായ മാറ്റം വരുന്നുണ്ട് എന്നതിന് സ്കൂൾ പ്രവേശനക്കണക്കുകൾ തന്നെ തെളിവാണ്. പാവപ്പെട്ടവരുടെ കുട്ടികളാണ് സർക്കാർ സ്കൂളുകളിൽ അധികവുമെന്നതിനാൽ പ്രസ്തുത മേഖലയുടെ ഇടിവ് തിരിച്ചടിയായതും അവർക്കാണ്. സർക്കാർ സ്കൂളുകളുടെ ഗുണനിലവാരം ഉയർത്തുന്നത് സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് അത്യാവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. ഇക്കാരണത്താൽ തന്നെ അധ്യാപകരുടെ യോഗ്യത ഉയർത്തണമെന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന പ്രത്യേക നിർദ്ദേശം ഖാദർ സമിതിക്ക് ലഭിച്ചിരുന്നു.

ഡയറക്ടറേറ്റുകളുടെ സംയോജനം കൊണ്ടുള്ള പ്രായോഗിക പ്രയോജനമെന്ത്?

വിദ്യാഭ്യാസ നയങ്ങളും തീരുമാനങ്ങളും നടപ്പാക്കുകയെന്നത് നിലവിൽ മൂന്ന് ഡയറക്ടറേറ്റുകളിലൂടെയുള്ള സങ്കീർണമായ പ്രക്രിയയാണ്. ഈ പ്രശ്നം പരിഹരിക്കുകയാണ് ഒരു ഡയറക്ടറേറ്റിന്റെ കീഴിലേക്ക് ഇവയെയെല്ലാം കൊണ്ടുവരുന്നതിലൂടെ ചെയ്യുന്നത്. നയങ്ങൾ ഏകോപനത്തോടെ കാര്യക്ഷമമായി നടപ്പാക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും.

എന്നാണ് ഖാദർ സമിതി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്?

ഖാദർ സമിതി റിപ്പോർട്ട് പൂർണമായി സമർപ്പിക്കപ്പെട്ടിട്ടില്ല. ഇതിന്റെ ആദ്യഭാഗം മാത്രമാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ അധ്യാപക യോഗ്യത, അധ്യാപക പരിശീലനം, പ്രീസ്‌കൂൾ, സ്‌കൂൾ പ്രവേശനപ്രായം, സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങള്‍, ഭരണനിർവഹണം, കേരള വിദ്യാഭ്യാസ സർവീസ്, കായികവിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, തൊഴില്‍വിദ്യാഭ്യാസം, റിസോഴ്സ് അധ്യാപകര്‍, ലൈബ്രറേറിയൻ, നിയന്ത്രണവും മോണിറ്ററിങ്ങും, വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജൻസികള്‍, അധ്യാപക യോഗ്യത, അധ്യാപക പരിശീലനം എന്നീ 14 വിഷയങ്ങളെ സംബന്ധിച്ച നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നു.

ഈ നിർദ്ദേശങ്ങൾ ഒറ്റയടിക്ക് നടപ്പാക്കുമോ?

ഖാദർ സമിതി നിർദ്ദേശങ്ങൾ സമഗ്രമായി നടപ്പാക്കണമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകൾ ആവശ്യപ്പെടുന്നതെങ്കതിലും ഘട്ടംഘട്ടമായി ഇവ നടപ്പാക്കിയെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇപ്പോൾ സമർപ്പിക്കപ്പെട്ടിട്ടുള്ള ആദ്യഘട്ട റിപ്പോർട്ടിലെ രണ്ട് നിര്‍ദ്ദേശങ്ങൾ മാത്രമേ ഉടനെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുള്ളൂ. കേന്ദ്രനിയമം വരുന്നതിനാൽ അനിവാര്യമായി മാറിയ സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളെ യോജിപ്പിക്കൽ ആണ് അവയിലൊന്ന്. രണ്ടാമത്തേത് ഭരണനിർവ്വഹണം സംബന്ധിച്ചുള്ള നിർദ്ദേശങ്ങളാണ്.

എന്താണ് ഈ നിർദ്ദേശങ്ങളുടെ പിന്നിലുള്ള സിദ്ധാന്തം?

ഡോ. കോത്താരി കമ്മീഷനാണ് നിലവിലുള്ള വിദ്യാഭ്യാസത്തിന്റെ ഘടന നിശ്ചയിച്ചത്. 1064-66 കാലത്ത് ഇദ്ദേഹം പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടാണ് സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയെക്കുറിച്ച് പുറത്തുവന്ന ആദ്യത്തെ കമ്മീഷൻ റിപ്പോർട്ട്. 10+2+3 എന്ന നിലവിലെ വിദ്യാഭ്യാസ ഘടന നിർദ്ദേശിച്ചത് കോത്താരിയാണ്. അതായത് പ്ലസ് ടു സ്കൂൾ വിദ്യാഭ്യാസത്തിനു പുറത്തു നില്‍ക്കുന്ന ഒന്നായി അദ്ദേഹം കണക്കാക്കി. എന്നാൽ, പുതിയ പഠനങ്ങളുടെ സിദ്ധാന്തങ്ങളുടെയും വാദം പ്ലസ് ടു എന്നത് സ്കൂൾ വിദ്യാഭ്യാസത്തിനു പുറത്തു നിൽക്കേണ്ടുന്ന ഒന്നല്ലായെന്നാണ്. പൊതുവിദ്യാഭ്യാസം പ്ലസ് ടു വരെയാണ് എന്ന് ഇന്ന് പൊതുവിൽ എല്ലാവരും അംഗീകരിക്കുന്നുണ്ട്. പ്ലസ് ത്രീയുടെ കാര്യത്തിലും മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ കാലയളവു സംബന്ധിച്ചുള്ള പുതിയ കാഴ്ചപ്പാടുകളെ സ്ഥാപിക്കുക കൂടിയാണ് തങ്ങൾ ചെയ്യുന്നതെന്ന് സർക്കാർ വാദിക്കുന്നു.

എന്തൊക്കെയാണ് ഉടൻ നടപ്പാക്കാനുദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ?

പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലേക്ക് വരുമെന്നതാണ് പ്രധാനപ്പെട്ടത്. ഒരു പരീക്ഷാ കമ്മീഷണർ മാത്രമേ ഇനിയുണ്ടാകൂ. ഹൈസ്കൂൾ ഓഫീസായിരിക്കും സ്കൂളിന്റെ പൊതു ഓഫീസ്. ആറാംതരം മുതൽ പന്ത്രണ്ടാംതരം വരെയുള്ള സ്കൂളുകളുടെ മേധാവി പ്രിൻസിപ്പലായിരിക്കും. ഹയർ സെക്കണ്ടറി സ്കൂളുള്ള സ്ഥാപനങ്ങളിൽ നിലവിലെ സ്കൂൾ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലായി മാറും. ഒരു സ്ഥാപനത്തിൽ രണ്ട് അധികാരകേന്ദ്രങ്ങൾ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് സർക്കാർ കരുതുന്നു. ഈ പ്രശ്നമാണ് ഇതോടെ പരിഹരിക്കപ്പെടുക. കൂടാതെ, പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ ശൃംഖല ഒരു സംവിധാനത്തിനു കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് എന്നതും സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

ആരൊക്കെയാണ് എതിർപ്പുമായി മുന്നിലുള്ളത്?

പൊതുവിൽ യുഡിഎഫ് ഖാദർ സമിതി റിപ്പോർട്ട് നടപ്പാക്കുന്നതിന് എതിരാണ്. എൻഎസ്എസ്സും ഹയർ സെക്കൻഡറി അധ്യാപകരും സ്കൂൾ ഹെഡ് മാസ്റ്റർമാരും സ്കൂൾ മാനേജ്മെന്റുകളുമെല്ലാമടങ്ങുന്ന ഒരു വിഭാഗം ഈ വിദഗ്ധസമിതി റിപ്പോർട്ട് നടപ്പാക്കുന്നതിനെ എതിർക്കുന്നുണ്ട്. പൊതുവിൽ വലതുപക്ഷം നിർദ്ദിഷ്ട പരിഷ്കാരങ്ങളെ എതിര്‍ക്കുന്നുണ്ട്. യുഡിഎഫ് അനുകൂല ഹയർ സെക്കൻഡറി സംഘടന പരസ്യമായി രംഗത്തുണ്ട്. ശ്രദ്ധേയമായ കാര്യം ഹെഡ്മാസ്റ്റർമാരും ഹയർ സെക്കൻഡറി അധ്യാപകരുമാണ് കൂടുതലായി രംഗത്തുള്ളത് എന്നതാണ്.

എന്താണ് എതിർക്കുന്നവരുടെ പ്രധാന വാദങ്ങൾ?

ഖാദർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എതിർക്കുന്നവർ വാദിക്കുന്നു. അക്കാദമിക ഗുണമേന്മയോടും ഭരണകാര്യക്ഷമതയോടും കൂടി പ്രവർത്തിച്ച് ഇതിനകം പൊതുവിദ്യാഭ്യാസമേഖലയ്ക്ക് അഭിമാനമായിത്തീർന്നിട്ടുണ്ട് നിലവിലെ ഹയർ സെക്കൻഡറി വകുപ്പെന്ന് ചൂണ്ടിക്കാട്ടുന്ന ഇവർ ഇതിനെ തകർക്കുകയാണ് സർ‌ക്കാരിന്റെ ലക്ഷ്യമെന്നും ആരോപിക്കുന്നു. ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷന്റെ ഭാഗമാക്കുന്നത് ഗുണനിലവാരത്തകർച്ചയ്ക്കായിരിക്കും വഴിവയ്ക്കുകയെന്ന് അവർ പറയുന്നു. ഈ പരിഷ്കാരം കൊണ്ടുവരുന്നതിനു മുമ്പായി വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കാനോ അഭിപ്രായമാരായാനോ സർക്കാർ ശ്രമിക്കുകയുണ്ടായില്ലെന്നതാണ് മറ്റൊരാരോപണം.

ഈ എതിർവാദങ്ങളോട് പരിഷ്കരണ അനുകൂലികളുടെ മറുപടിയെന്താണ്?

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്ഥാപനത്തിന്റെ മൊത്തം മേധാവിത്വത്തിലേക്ക് വരികയും ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലായി മാറുകയും ചെയ്യുന്നത് നിലവിൽ സ്ഥാപനങ്ങൾക്കകത്തെ ആഭ്യന്തര രാഷ്ട്രീയത്തിൽ ചില പ്രശ്നങ്ങളുണ്ടാക്കും. ഇതാണ് ഹെഡ്മാസ്റ്റർമാരെ അടിസ്ഥാനപരമായി പ്രശ്നത്തിലാക്കിയിരിക്കുന്നത്. മറ്റൊരു പ്രശ്നം എട്ടാംതരം മുതൽ തങ്ങളും ക്ലാസ്സെടുക്കേണ്ടി വരുമോയെന്ന തോന്നൽ ഹയർ സെക്കണ്ടറി അധ്യാപകർക്കുണ്ട്. ഇതോടൊപ്പം പ്രമോഷൻ സാധ്യതകൾ സംബന്ധിച്ചുള്ള ആശങ്കകളും വരുന്നു. ലയനമുണ്ടായാൽ നിലവിലെ ഹൈസ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം കിട്ടും. അതായത് ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഒഴിവ് പ്രമോഷൻ വഴി നികത്തപ്പെടും. ഇത് പ്രസ്തുത ഒഴിവുകളിൽ തങ്ങൾക്ക് നേരിട്ട് നിയമനം നടത്താനുള്ള അവസരം നഷ്ടമാകുമെന്ന് സ്വകാര്യ മാനേജ്മെന്റുകള്‍ മനസ്സിലാക്കുന്നു.

ഹയർ സെക്കണ്ടറിയിലെ നിയമനാധികാരം സംബന്ധിച്ചുള്ള ആശങ്കയാണ് മാനേജ്മെന്റുകളെ പ്രയാസത്തിലാക്കുന്നത്. നിരവധി തസ്തികകൾ നിയമനാംഗീകാരം കാത്തിരിക്കുന്നുണ്ട്. ഇതെല്ലാം തങ്ങൾക്ക് നഷ്ടമാകുമെന്ന ഭീതിയാണ് എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകളെ രംഗത്തിറക്കിയിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അഞ്ച് പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയാണ് ഇപ്പോൾ സമരത്തിലുള്ളത്. ഇവരുമായി സർക്കാരുമായി ചർച്ച വിളിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി അതിൽ കണ്ടെത്താനായില്ല. മാനേജ്മെന്റിന്റെ വിദ്യാഭ്യാസ കച്ചവടത്തിനും കോഴയ്ക്കും ഒത്താശ ചെയ്യാത്തതു കൊണ്ടാണ് അവർ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ് പരിഷ്കരണ അനുകൂലികള്‍ ആരോപിക്കുന്നത്.


Next Story

Related Stories