TopTop

Explainer: ക്രൂരപീഡനങ്ങളേറ്റ് കൊല്ലപ്പെട്ടത് നാലായിരത്തിലധികം തദ്ദേശീയ സ്ത്രീകൾ: ലോകം ഉറ്റുനോക്കിയ കനേഡിയൻ വംശഹത്യയുടെ കുറ്റപത്രം

Explainer: ക്രൂരപീഡനങ്ങളേറ്റ് കൊല്ലപ്പെട്ടത് നാലായിരത്തിലധികം തദ്ദേശീയ സ്ത്രീകൾ: ലോകം ഉറ്റുനോക്കിയ കനേഡിയൻ വംശഹത്യയുടെ കുറ്റപത്രം
1971 നവംബർ 13നാണ് ഹെലെൻ ബെറ്റി ഓസ്ബോൺ എന്ന കനേഡിയൻ തദ്ദേശീയ യുവതി കൊല്ലപ്പെടുന്നത്. ക്രീ എന്ന തദ്ദേശീയ വിഭാഗത്തിൽ പെട്ട ഈ പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. അതിക്രൂരമായ കൊലപാതകമായിരുന്നു അത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അമ്പതോളം തവണ ഓസ്ബോണിനെ അക്രമികൾ കുത്തി. തലയോട്ടി തകർന്നിരുന്നു. കവിളെല്ലുകളും തകർക്കപ്പെട്ടിരുന്നു. സമൂഹത്തിൽ നിലനില്ക്കുന്ന കടുത്ത വംശീയതയാണ് കൊലപാതകത്തിനു പിന്നില്‍ പ്രവർത്തിച്ചതെന്ന് അന്വേഷകർ കണ്ടെത്തി. 1999ലാണ് ഈ കേസ് ക്ലോസ് ചെയ്തത്. അന്വേഷകരുടെയും സർക്കാരിന്റെയും നിസ്സംഗതയും വീഴ്ചകളുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. രണ്ടായിരാമാണ്ടിൽ‌ ഇതിനെല്ലാം സർക്കാർ മാപ്പ് പറയകയുമുണ്ടായി.

ഹെലെൻ ബെറ്റി ഓസ്ബോണിന്റെ പേര് വീണ്ടും ചർച്ചകളിൽ നിറയുകയാണിപ്പോൾ. കഴിഞ്ഞ നാലു പതിറ്റാണ്ടുകൾക്കിടയിൽ നടന്ന ഒരു വലിയ വംശീയ കൂട്ടക്കൊലയെക്കുറിച്ചുള്ള വസ്തുതകൾ പൊതുജനമധ്യത്തിലെത്തിയതാണ് കാരണം.

എന്താണ് 'കനേഡിയൻ ജീനോസൈഡ് റിപ്പോര്‍ട്ട്?'

1980 മുതലിങ്ങോട്ട് കാനഡയിൽ ആയിരക്കണക്കിന് തദ്ദേശീയ സ്ത്രീകളെ കാണാതായിട്ടുണ്ട്. ഈ സംഭവങ്ങളിലേക്കുള്ള അന്വേഷണം നടന്നു വരികയായിരുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഈ കേസുകളിലേക്ക് ദേശീയാന്വേഷണം പ്രഖ്യാപിച്ചത്. 2016 സെപ്തംബർ മാസത്തിലായിരുന്നു ഇത്. 2015ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇത്തരമൊരു അന്വേഷണം നടക്കുമെന്ന് കനേഡിയൻ ലിബറൽ പാർട്ടി പ്രഖ്യാപിച്ചിരുന്നത്. ഈ വാഗ്ദാനം നിറവേറ്റുകയായിരുന്നു ട്രൂഡോ.

ദേശീയതലത്തിൽ നടന്ന നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട അന്വേഷണത്തിന്റെ ഫലത്തിലേക്ക് ലോകം മുഴുവൻ ഉറ്റുനോക്കിക്കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോർട്ട് ലീക്ക് ചെയ്യപ്പെട്ടു. തിങ്കളാഴ്ച ഈ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തിറക്കാനിരിക്കെയായിരുന്നു ചോർന്നത്.

1200 പേജ് വരുന്ന ഈ റിപ്പോർട്ട് ഗൗരവമേറിയ കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ തദ്ദേശീയ വിഭാഗങ്ങളോട് ഭരണകൂടം നടത്തിയ കൊടിയ അക്രമത്തിന്റെ ചിത്രങ്ങളാണ് പൊതുസമൂഹത്തിനു മുമ്പിൽ വെളിവായിരിക്കുന്നത്. ഇന്നും സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ള കോളനി മനോഭാവത്തെക്കൂടി റിപ്പോർട്ട് പുറത്തു കൊണ്ടു വരുന്നു.

92 ദശലക്ഷം കനേഡിയൻ ഡോളറാണ് ഈ അന്വേഷണത്തിനു വേണ്ടി സർക്കാർ ചെലവിട്ടത്. കൂട്ടക്കൊലയുടെ കാരണങ്ങളിലേക്കുള്ള അന്വേഷണവും, അവ വംശീയ കൂട്ടക്കൊലയാണോയെന്ന് തിരിച്ചറിയാനുള്ള അന്വേഷണവും, പ്രശ്നപരിഹാരങ്ങൾ നിർദ്ദേശിക്കലുമെല്ലാം അന്വേഷകരുടെ ചുമതലകളിൽ പെട്ടിരുന്നു. രണ്ടായിരത്തിലധികം സാക്ഷികളെ അന്വേഷകർ വിസ്തരിച്ചു. ഇവരിൽ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടവരും ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുമെല്ലാം പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 24 സാക്ഷിവിസ്താരങ്ങൾ സംഘടിപ്പിച്ചു. അക്കാദമിക രംഗത്തെ വിദഗ്ധരിൽ നിന്നും മൊഴികളെടുത്തു. സമൂഹത്തിലെ മുതിർന്ന അംഗങ്ങളുടെ മൊഴികളും അന്വേഷകര്‍ ശേഖരിച്ചു.

എങ്ങനെയാണ് അന്വേഷണത്തിലേക്ക് വഴി തുറന്നത്?

2014ലാണ് ആ സംഭവം. ടിന മിഷേൽ ഫോണ്ടൈൻ എന്ന 15കാരി കൊല ചെയ്യപ്പെട്ടത് രാജ്യവ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. ടിനയെ കാണാതാവുകയായിരുന്നു. പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ആയിരക്കണക്കിന് തദ്ദേശീയ സ്ത്രീകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അതേ ദുരനുഭവം ഈ 15കാരിക്കുമുണ്ടായെന്ന് വെളിവായി. ഈ കേസിൽ കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ടയാളെ തെളിവുകളില്ലെന്ന കാരണത്താൽ കോടതിക്ക് വെറുതെ വിടേണ്ടി വന്നു. ഈ സംഭവം കാനഡയിലെ തദ്ദേശീയ സമൂഹത്തിന്റെ മനസ്സിനേൽപ്പിച്ച മുറിവ് വലുതായിരുന്നു. പതിറ്റാണ്ടുകളായി തുടർന്നു വരുന്ന വംശീയ പീഡനങ്ങളിലെ ഏറ്റവുമൊടുവിലത്തെ ഇരയാകണം ടിനയെന്നുറപ്പിച്ച് നിരവധി സംഘടനകളും സാമൂഹ്യപ്രവർത്തകരും രംഗത്തിറങ്ങി.

എത്ര തദ്ദേശീയ സ്ത്രീകളെ കാണാതായിട്ടുണ്ട്/കൊലപ്പെടുത്തിയിട്ടുണ്ട്?

ഇതിൽ കൃത്യമായ കണക്കുകൾ ആരുടെയും പക്കലില്ല. 1200 സ്ത്രീകളുടെ കാര്യം മാത്രമേ കനേഡിയൻ സർക്കാരിന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 1980 മുതല്‍ 2012 വരെയുള്ള കണക്കാണിത്. എന്നാല്‍ സംഖ്യ ഇതിലും എത്രയോ അധികമാണെന്നാണ് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഫസ്റ്റ് നേഷൻസ്, ഇനൾട്ട്, മെറ്റിസ്, നേറ്റീവ് അമേരിക്കൻസ് തുടങ്ങിയ വിഭാഗങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇവരിൽ വലിയൊരു ഭാഗം പേരെ പിന്നീടൊരിക്കലും കണ്ടെത്തുകയുണ്ടായില്ല. ബാക്കിയുള്ളവരെ കൊല ചെയ്യപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കുറഞ്ഞത് 4000 പേരെങ്കിലും കാണാതാവുകയോ കൊല ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് വാക്ക് ഫോർ ജസ്റ്റിസ് ഇനിഷ്യേറ്റീവ് (Walk 4 Justice initiative) എന്ന സംഘടന എടുത്ത കണക്കാണ്. 2016ൽ കനേഡിയൻ വനിതാക്ഷേമ മന്ത്രിയായ പട്രീഷ്യ ഹജ്ദു ഈ കണക്ക് ഉദ്ധരിച്ചിരുന്നു.

കാനഡയിലെ മാത്രം പ്രതിഭാസമല്ല ഇതെന്ന് മനസ്സിലാക്കണം. യുഎസ്സിലും ഇതേ പ്രശ്നം നിലനിൽക്കുന്നുണ്ട്. ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതു പ്രകാരം തദ്ദേശീയ അമേരിക്കക്കാരിൽ 84% പേരും തങ്ങളുടെ ജീവിതകാലത്തിനിടയിൽ ഒരു തവണയെങ്കിലും തട്ടിക്കൊണ്ടു പോകപ്പെട്ടിട്ടുണ്ട്. ഇതിനെ ഒരു 'ദേശീയ പ്രതിസന്ധി'യായിട്ടാണ് കനേഡിയൻ സർക്കാർ കാണുന്നത്.

ലൈംഗികമായ ആക്രമണങ്ങളും മറ്റും വേറെയും വരുന്നുണ്ട്. ചില മരണങ്ങൾ പരമ്പരക്കൊലകളാണ്.

കാനഡയിലെ ആകെ സ്ത്രീ ജനസംഖ്യയുടെ വെറും നാല് ശതമാനം മാത്രമേ തദ്ദേശീയ സ്ത്രീകൾ വരുന്നുള്ളൂ. എന്നാൽ ആകെ നടക്കുന്ന സ്ത്രീ കൊലപാതകങ്ങളിലെ ഇരകൾ 16 ശതമാനവും തദ്ദേശീയ വിഭാഗങ്ങളാണ്.

കാരണങ്ങൾ?

കോളനിഭരണകാലത്തിന്റെ എല്ലാ കേടുകളും കനേഡിയൻ സമൂഹം ഇന്നും പേറുന്നുണ്ട്. തദ്ദേശീയരെ അടക്കിബ്ഭരിച്ചിരുന്ന കാലം ഇന്നും സമൂഹശരീരത്തിൽ നിന്നും പോയിട്ടില്ല. സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും പ്രാന്തവൽക്കരിക്കപ്പെട്ട തദ്ദേശീയ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങൾ പരിഷ്കൃതമെന്ന് കരുതപ്പെടുന്ന സമൂഹത്തിൽ ശക്തമായി തുടരുകയാണ്.

സ്ത്രീകളാണ് ആക്രമണത്തിന്റെ ഇരകൾ എന്നതിൽ നിന്ന് ശക്തമായ സ്ത്രീവിരോധം സമൂഹത്തിൽ നിലനിൽക്കുന്നതായും മനസ്സിലാക്കാം. വംശീയാക്രമണങ്ങൾ ചരിത്രത്തിൽ എക്കാലത്തും സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യം വെച്ചിട്ടുണ്ട് എന്നതിൽ നിന്നും കാനഡയിലെ ഈ ആക്രമണങ്ങളെ കൃത്യമായും ലക്ഷണമൊത്ത വംശീയതയിലൂന്നിയവയെന്ന് വിശേഷിപ്പിക്കാം. തദ്ദേശീയർക്കിടയിലെ ദാരിദ്ര്യവും ഭവനരാഹിത്യവുമെല്ലാം ഈ ആക്രമണങ്ങൾക്ക് കാരണമാകുന്നു.

കാനഡയിലെ തദ്ദേശീയ വിഭാഗങ്ങൾക്കു വേണ്ടി സർക്കാർ റസിഡന്‍ഷ്യൽ സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ കടുത്ത വിവേചനങ്ങൾ തദ്ദേശീയരായ കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്നു. ഇത്തരം ദുരനുഭവങ്ങൾ ഇവരെ തള്ളിവിടുന്നത് ദുരന്തങ്ങളിലേക്കാണ്. ഈ പ്രശ്നം നേരത്തെയും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശീയരായ കുട്ടികളെ റസിഡൻഷ്യൽ സ്കൂളുകളെന്ന ജയിലുകളിൽ അടയ്ക്കുന്നതിനെ എതിർത്ത് 2015ൽ സെനറ്ററായ മുറേയ് സിൻക്ലയർ രംഗത്തു വരികയുണ്ടായി. ഇതിനെ 'സാംസ്കാരിക വംശഹത്യ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വലിയ വിവാദമായി മാറി സിൻക്ലയറിന്റെ പ്രസ്താവന.

മറ്റു സ്ത്രീകളെക്കാൾ തദ്ദേശീയസ്ത്രീകൾക്ക് ഏൽക്കേണ്ടിവരുന്ന ആക്രമണത്തിന്റെ തോത് മൂന്നിരട്ടി അധികമാണ്. ആക്രമണത്തിന്റെ സ്വഭാവം ഏറെ ഗുരുതരവുമായിരിക്കും.

എന്തൊക്കെയാണ് ദേശീയാന്വേഷണ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ?

സ്ത്രീകൾക്കെതിരായ വംശീയ കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ 230 നിർദ്ദേശങ്ങളാണ് അന്വേഷണ റിപ്പോർട്ട് നൽകുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. തിങ്കളാഴ്ച ഇത് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് പുറത്തുവിട്ട സിബിസി ചാനൽ പക്ഷെ ഈ നിർദ്ദേശങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ചു. ഇവ തിങ്കളാഴ്ച മാത്രമേ പുറത്തുവിടൂ എന്നാണ് സിബിസി പറയുന്നത്.

റിപ്പോർട്ട് പുറത്തിറക്കുന്നത് പ്രധാനമന്ത്രിയുടെ കൂടി സാന്നിധ്യത്തിലായിരിക്കും. തങ്ങളുടെ തെരഞ്ഞെടുപ്പു വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒരെണ്ണം പാലിക്കപ്പെടുകയാണ്. തദ്ദേശീയ വിഭാഗങ്ങളുടെ നേതാക്കളും ഇരകളുടെ കുടുംബാംഗങ്ങളുമെല്ലാം ഈ പരിപാടിയിൽ പങ്കെടുക്കും.

Next Story

Related Stories