Explainer: 80കളിലെ കമ്മ്യൂണിസ്റ്റ് താരം സ്വേച്ഛാധിപതിയായി മാറിയപ്പോൾ: നികരാഗ്വായിൽ സംഭവിക്കുന്നത്

വിദേശം

ഇപ്പോൾ നികരാഗ്വായുടെ തെരുവുകളിൽ നടക്കുന്ന ചോരക്കളിയിൽ സർക്കാരിന് കാര്യമായ പങ്കുണ്ടെന്നു തന്നെയാണ് പൊതുവിലുള്ള വിലയിരുത്തൽ. 13 ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ചേർന്ന് പുറത്തിറക്കിയ ഒരു പ്രസ്താവന തെരുവുകളിൽ നിന്നും സൈന്യത്തെ പിൻവലിക്കണമെന്ന നിർദ്ദേശം മുമ്പോട്ടു വെച്ചു.

80കളിൽ ലോകമെങ്ങുമുള്ള ഇടതുപക്ഷ നിലപാടുകളുള്ള യുവാക്കളുടെ താരമായിരുന്നു ഡാനിയൽ ഒർടേഗ. ജോസ് ഡാനിയൽ ഒര്‍ടേഗ സാവേദ്ര എന്ന് മുഴുവൻ പേര്. നികരാഗ്വായിൽ 1967 മുതൽ 1979 വരെ നീണ്ടു നിന്ന അനാസ്റ്റാസിയോ ടാചിറ്റോ സൊമോസ ഡീബയിലിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ വിപ്ലവം സംഘടിപ്പിച്ചയാളാണ് ഒർടേഗ. 1936 മുതൽ സൊമോസ കുടുംബത്തിന്റെ ഭരണമായിരുന്നു നിക്കരാഗ്വായിൽ. അനാസ്റ്റാസിയോ സോമോസോയുടെ ഭരണകാലം കൊടിയ ഭീകരതകൾ നിറഞ്ഞതായിരുന്നു.

വിദ്യാർ‌ത്ഥിയായിരുന്ന ഒർടേഗ സോഷ്യലിസ്റ്റ് കക്ഷിയായ സാൻഡിനിസ്ത നാഷണൽ ലിബറേഷൻ ഫ്രണ്ടുമായി ചേർന്ന് സൊമോസോയ്ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കു ചേർന്നു. 1967ൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1974ലാണ് ഇദ്ദേഹം ജയിൽമോചിതനാകുന്നത്.

ഏഴു വർഷം ജയിലിൽ കഴിഞ്ഞ ഒർടേഗോ പിന്നീട് പോയത് ക്യൂബയിലേക്കാണ്. അവിടെ വെച്ച് ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഗറില്ലാ യുദ്ധത്തിൽ വൈദഗ്ധ്യം നേടുകയായിരുന്നു ലക്ഷ്യം. തിരിച്ചെത്തിയ ഒർടേഗോ സൊമോസ സർക്കാരിനെതിരെ ബഹുജനമുന്നേറ്റം സംഘടിപ്പിച്ചു. 1979ൽ സർക്കാരിനെ അട്ടിമറിച്ചു. സോമോസയും കുടുംബവും പരാഗ്വായിലേക്ക് പലായനം ചെയ്തു. ഒരു സഖ്യകക്ഷി സർക്കാരാണ് പിന്നീട് നിലവിൽ വന്നത്. ഇതിന്റെ തലവനായി ഒർടേഗ അധികാരമേറ്റു.

അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് സൊമോസ. അധികാരഭ്രഷ്ടനാക്കപ്പെട്ട സൊമോസ 1979ൽ സോവിയറ്റ് നിർമിതമായ എകെ 47 തോക്കുകളിൽ നിന്നുള്ള വെടിയേറ്റാണ് പരാഗ്വായിലെ വീടിനടുത്തു വെച്ച് കൊല്ലപ്പെട്ടത്. അന്നുതൊട്ടിന്നുവരെ ഒർടേഗയും യുഎസ്സും തമ്മിലുള്ള ബന്ധം ശരിയായി നീങ്ങിയിട്ടില്ല. സാന്‍ഡിനിസ്റ്റ കക്ഷിയുടെ കമാൻഡോ ടീമാണ് ഈ കൊലപാതകം നടത്തിയതെന്ന് പകൽപോലെ വ്യക്തമായിരുന്നു. ലക്ഷക്കണക്കിന് ലാറ്റിനമേരിക്കൻ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ ഒരു ശതകോടീശ്വരന്‍ ആഡംബരങ്ങളുമായി ജീവിക്കുന്നത് അനുവദിക്കാൻ തങ്ങൾക്കാകുമായിരുന്നില്ലെന്ന് കൊല നടത്തിയ സംഘത്തിലെ ഒരാൾ പിന്നീട് പറയുകയുണ്ടായി. ചുരുക്കത്തിൽ അമേരിക്കൻ മുതലാളിത്തത്തിനെതിരെ അതിശക്തമായ ആശയ-ആയുധ സംഘട്ടനമാണ് അക്കാലത്ത് നിക്കരാഗ്വ നടത്തിവന്നത്.

ഇപ്പോൾ, വിദ്യാർത്ഥികളും ശതകോടീശ്വരന്മാരായ ബിസിനസ്സുകാരും പുരോഹിതന്മാരുമെല്ലാം ചേർന്നുള്ള ഒരു മുന്നേറ്റം സർക്കാരിനെതിരെ നടക്കുമ്പോൾ ഡാനിയൽ ഒർടേഗയ്ക്ക് പറയാനുള്ളതും ഇക്കാര്യമാണ്. തനിക്കെതിരെ നടക്കുന്നത് ഒരു അമേരിക്കൻ സാമ്പത്തിക പിന്തുണയോടു കൂടിയ ആസൂത്രിത നീക്കമാണ്!

എന്താണ് ഇപ്പോള്‍ നികരാഗ്വായിൽ നടക്കുന്നത്?

മധ്യ അമേരിക്കയിലെ ഏറ്റവും സ്ഥിരതയുള്ള സാമ്പത്തിക വ്യവസ്ഥയായാണ് നികരാഗ്വാ അറിയപ്പെട്ടിരുന്നത്. എന്നാൽ, 2007 മുതൽ, ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന ഒർടേഗയുടെ ഭരണത്തിനെതിരെ അതിശക്തമായ അതൃപ്തിയാണ് വളർന്നു വന്നിരിക്കുന്നത്.

ഡാനിയൽ ഒർടേഗയ്ക്കെതിരെ തെരുവുകളിൽ നടക്കുന്ന സമരത്തിൽ ഇതുവരെ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ നികരാഗ്വായിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് അമേരിക്ക തങ്ങളുടെ പൗരർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ബ്രിട്ടനും സമാനമായ നിർദ്ദേശം തങ്ങളുടെ പൗരർക്ക് നൽകിയിട്ടുണ്ട്.

അഴിമതിയും സ്വജനപക്ഷപാതവും

ഡാനിയൽഡ ഒർടേഗ എന്തിനെല്ലാമെതിരെ ഇക്കാലമത്രയും പോരാടിയോ ആ അനീതികളെല്ലാം അദ്ദേഹത്തിന്റെ ഭരണത്തിൽ തിരിച്ചു വന്നിരിക്കുന്നുവെന്നാണ് പ്രക്ഷോഭകാരികൾ ആരോപിക്കുന്നത്. ഒരു ഏകഛത്രാധിപതിയെപ്പോലെയാണ് ഒരു പതിറ്റാണ്ടിലധികമായി അധികാരത്തിലുള്ള ഒർടേഗ പെരുമാറുന്നതെന്നും ആരോപിക്കപ്പെടുന്നു. ഒർടേഗയുടെ സാൻഡിനിസ്റ്റ സഖ്യകക്ഷികളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടി പുറത്തുപോകുകയും ചെയ്തു. ഒർടേഗയും ഭാര്യ റോസാരിയോ മുരില്ലോയും ചേർന്നാണ് ഭരണം നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ഇവർ രാജ്യത്തിന്റെ വൈസ് പ്രസിഡണ്ടാണ്. ചുരുക്കത്തിൽ ഭരണം ഏതാണ്ടൊരു വീട്ടുകാര്യമാകുകയും സ്വജനപക്ഷപാതം അടിസ്ഥാനമൂല്യമായി മാറുകയും ചെയ്തു.

സമരങ്ങളെ കൈകാര്യം ചെയ്ത വിധം

ഡാനിയൽ ഒർടേഗ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഈ സമരത്തെ നേരിട്ട വിധമാണ് ലോകത്തിന്റെ മൊത്തം വിമർശനം നേരിടുന്നത്. പൊലീസിന്റെ അന്ധമായ വെടിവെപ്പിൽ ചെറിയ കുട്ടികളും കൗമാരപ്രായക്കാരുമെല്ലാം റോഡുകളിൽ പിടഞ്ഞുവീണു. സർക്കാരിനെതിരായ എഴുതുന്നവര്‍ ഭീഷണി നേരിട്ടു. പ്രക്ഷോഭത്തെ സർക്കാരിന് അനുകൂലമായല്ലാതെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ ലക്ഷ്യം വെക്കപ്പെടുന്നതായും ആരോപണമുണ്ട്.

വിമതരുടെ നീക്കം അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് മാറി. പ്രധാനപ്പെട്ട പല നഗരങ്ങളും റോഡുകളും വിമതരുടെ അധീനതയിലായി. മുൻപ് സാൻഡിനിസ്റ്റയ്ക്ക് ഉയർന്ന പിടിപാടുണ്ടായിരുന്ന മാസായ പ്രദേശം പോലും വിമതർ പിടിച്ചടക്കി.

ഇക്കഴിഞ്ഞ വാരങ്ങളിൽ ഈ വിമതപ്രദേശങ്ങൾ തിരിച്ചു പിടിക്കുന്ന നീക്കമാണ് ഡാനിയൽ ഒർടേഗയുടെ പട്ടാളം നടത്തുന്നത്. വിമത ക്യാമ്പുകളിലേക്ക് പട്ടാള ടാങ്കുകൾ ഇരച്ചുകയറി. ക്യാമ്പുകളും, റോഡുകളിൽ സൃഷ്ടിക്കപ്പെട്ട തടസ്സങ്ങളും പട്ടാളം നീക്കി.

ഏതെല്ലാം തരത്തിലുള്ള ആക്രമണങ്ങളുണ്ടായാലും തങ്ങൾ പിന്മാറില്ലെന്നാണ് പ്രക്ഷോഭകർ പറയുന്നത്.

പുരോഹിതര്‍ക്കെതിരായ ആക്രമണം

സമരത്തിലുള്ള ബിഷപ്പുമാരെയും മാധ്യമപ്രവർത്തകരെയും ‘സർക്കാരിന്റെ ആളുകൾ’ ആക്രമിച്ചത് കത്തോലിക്കാ മിഷനറീസ് ഓൺലൈൻ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ ഒമ്പതിനായിരുന്നു ആക്രമണമെന്ന് റിപ്പോർട്ട് പറയുന്നു. വിമത പ്രക്ഷോഭകർക്ക് തങ്ങളുടെ ഇടവകകളിൽ സമാധാനപരമായി മാനുഷിക സഹായങ്ങൾ നൽകുന്ന പുരോഹിതരെയാണ് സർക്കാരിന് അനുകൂലമായി നിലപാടെടുക്കുന്ന ആൾക്കൂട്ടം ആക്രമിച്ചതെന്നാണ് ആരോപണം.

കത്തോലിക്കാ സഭ തന്നെയാണ് വിമതരും സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥം വഹിക്കുന്നത്. കാര്യമായ പുരോഗതിയൊന്നും ഇതിലുണ്ടായിട്ടില്ല. മുപ്പതോളം പ്രതിപക്ഷ കക്ഷികൾ ഈ ചർച്ചകളിൽ പങ്കെടുത്തിരുന്നു.

പ്രക്ഷോഭകർക്കെതിരെ സർക്കാരിന്റെ ആരോപണങ്ങൾ

പല പള്ളികൾക്കുമകത്ത് സമരക്കാർ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. അമേരിക്കയുടെ ഫണ്ട് ഇതിനായി കിട്ടുന്നുണ്ട്. വിദ്യാർത്ഥികൾ മാത്രമല്ല സമരത്തിലുള്ളത്. സമരത്തിന് വലിയ പിന്തുണ കൊടുക്കുന്നത് ശതകോടീശ്വരന്മാരാണ്. രാജ്യത്തെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ തീവ്രവലതുപക്ഷം അമേരിക്കൻ സഹായത്തോടെ ശ്രമം നടത്തുകയാണെന്നും നികരാഗ്വാ സർക്കാർ ആരോപിക്കുന്നു.

ഒർടേഗയ്ക്ക് പറയാനുള്ളത്

ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പ്രക്ഷോഭകരോട് ചെയ്യില്ലെന്നാണ് നികരാഗ്വ പ്രസിഡണ്ട് ഡാനിയൽ ഒർടേഗയ്ക്ക് പറയാനുള്ളത്. സമാധാനപരമായി സമരം ചെയ്യുന്നവരുണ്ട്. അവരോട് സർക്കാരിന് വിരോധമൊന്നുമില്ല. എന്നാൽ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അക്രമം നടത്തുന്നത് വെച്ചു പൊറുപ്പിക്കില്ലെന്നും ഒർടേഗ പറയുന്നു.

നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് ഉടന്‌ തന്നെ ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഒരു പദ്ധതിയുമില്ലാത്ത ആൾക്കൂട്ടമാണ് പ്രക്ഷോഭം നടത്തുന്നതെന്നാണ് ഒർടേഗയുടെ വാദം. വ്യാജവാർത്തകൾ പടച്ചുവിടുകയും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന വൈകാരികാവസ്ഥകളെ മുതലെടുത്ത് അസ്ഥിരത സൃഷ്ടിച്ച് കൊള്ള നടത്തുകയുമാണ് പ്രക്ഷോഭകരുടെ നേതൃത്വം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അന്താരാഷ്ട്ര സമൂഹം കരുതുന്നത്

ഇപ്പോൾ നികരാഗ്വായുടെ തെരുവുകളിൽ നടക്കുന്ന ചോരക്കളിയിൽ സർക്കാരിന് കാര്യമായ പങ്കുണ്ടെന്നു തന്നെയാണ് പൊതുവിലുള്ള വിലയിരുത്തൽ. 13 ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ചേർന്ന് പുറത്തിറക്കിയ ഒരു പ്രസ്താവന തെരുവുകളിൽ നിന്നും സൈന്യത്തെ പിൻവലിക്കണമെന്ന നിർദ്ദേശം മുമ്പോട്ടു വെച്ചു. ഇപ്പോഴത്തെ അക്രമങ്ങളും ഭീഷണിയുമെല്ലാം നികരാഗ്വായുടെ സമൂഹത്തെ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്നും അവർ വിലയിരുത്തി.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഡാനിയൽ ഒർടേഗയുടെ ഭരണകൂടം നടത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയും കുറ്റപ്പെടുത്തുന്നു. സ്വേച്ഛാപരമായ തടവിലിടൽ, നീതിന്യായ വ്യവസ്ഥയുടെ പങ്കില്ലാത്ത കൊലപാതകങ്ങൾ തുടങ്ങിയവ രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഉറുഗ്വായിലെ മുൻ കമ്യൂണിസ്റ്റ് പ്രസിഡണ്ടായ ജോസെ മുജികായുടെ പ്രസ്താവന ഇതിൽ ഏറെ ശ്രദ്ധേയമായി. സാൻഡിസ്റ്റയുടെ സ്വപ്നങ്ങൾ തെറ്റായ വഴിയിലേക്ക് മാറിയതായി അദ്ദേഹം പറഞ്ഞു.

Share on

മറ്റുവാർത്തകൾ