TopTop
Begin typing your search above and press return to search.

Explainer: നോത്രദാം കത്തീഡ്രലിന് തീ പിടിക്കുമ്പോള്‍; ലോകത്തിന് എന്താണ് ഈ ദേവാലയം

Explainer: നോത്രദാം കത്തീഡ്രലിന് തീ പിടിക്കുമ്പോള്‍; ലോകത്തിന് എന്താണ് ഈ ദേവാലയം

"അയാളും ആ പഴയ പള്ളിയും തമ്മിലുള്ള സഹാനുഭൂതിയും ആർദ്രതയും അത്രമേൽ ആഴത്തിലുള്ളതായിരുന്നു... അതുകൊണ്ടാണ് ആ കെട്ടിടത്തിനുമേൽ അങ്ങനെ പറ്റിപ്പിടിച്ചിരിക്കാൻ അയാൾക്ക് തോന്നുന്നത്. ഒരു ആമ അതിന്റെ പുറന്തോടിനുള്ളിൽ എന്നതുപോലെ... മഹത്തായ സ്മാരകങ്ങൾ മഹാ പർവതങ്ങൾ പോലെയാണ്... അവ നൂറ്റാണ്ടിന്റെ യത്നമാണ്...." വിക്ടർ ഹ്യുഗോവിന്റെ ഇന്നും ആഘോഷിക്കപ്പെടുന്ന ‘നോത്രദാമിലെ കൂനൻ’ (The Hunchback of Notre Dame) എന്ന നോവലിൽ കേന്ദ്രകഥാപാത്രവും ആ പുരാതന പള്ളിയുമായുള്ള ബന്ധം വിവരിക്കുന്നുണ്ട്.

മഹത്തായ ചരിത്രസ്മാരകങ്ങൾ മഹാ പർവതങ്ങൾ പോലെയാണെന്ന പ്രശസ്തമായ വാചകം സൂചിപ്പിക്കുന്നത് ഓരോ സ്മാരകത്തിനും ഒരു ജനതയുടെ ആകെ ചരിത്രവും പരിവർത്തനവും ഉൾക്കൊള്ളാനാകുമെന്ന തത്വം തന്നെയാണ്. 850-ലധികം വർഷങ്ങൾ പഴക്കമുള്ള നോത്രദാമിലെ ആ പുരാതന കത്തീഡ്രലിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. "ഇത് ഞങ്ങളുടെ ചരിത്രമാണ്, ഞങ്ങളുടെ സാഹിത്യമാണ്, ഞങ്ങളുടെ ഭാവനയാണ്, ഞങ്ങൾ അത് പുതുക്കിപ്പണിയുക തന്നെ ചെയ്യു"മെന്ന ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനയും സൂചിപ്പിക്കുന്നത് ഹ്യുഗോവിന്റെ ആ മഹത്തായ വാചകങ്ങൾ തന്നെയാണ്. 850 വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന നോത്രദാം കത്തീഡ്രലെന്ന മഹാപർവതം ഫ്രാൻസ് ചരിത്രത്തിൽ എങ്ങനെയാണു നിർണ്ണായകമാകുന്നത്? വിശ്വാസവും ചരിത്രവും പോരാട്ടവും വിപ്ലവവും എങ്ങനെയാണ് ആ പുരാതന കെട്ടിടത്തിൽ കൊത്തിവെക്കപ്പെട്ടത്? കത്തീഡ്രലിന്‌ എന്താണ് സംഭവിച്ചത്?

കത്തീഡ്രലിൽ ഇന്നലെ എന്താണ് സംഭവിച്ചത്?

ഇന്നലെ രാത്രിയോടെയാണ് 850 വർഷം പഴക്കമുള്ള പാരീസിലെ നോത്രദാം കത്തീഡ്രലിന്‌ തീപിടിക്കുന്നത്. പാരീസിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ നോത്രദാം കത്തീഡ്രലിന് തീപ്പിടിത്തത്തില്‍ സാരമായ കേടുപാടുകള്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. രണ്ട് മണി ഗോപുരങ്ങളും അഗ്നിബാധയില്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തീയ്യണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സിന്‍റെ ദുരന്തം എന്നായിരുന്നു പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തീപിടുത്തത്തെ വിശേഷിപ്പിച്ചത്. കത്തീഡ്രല്‍ പൂര്‍ണമായി കത്തിയെരിഞ്ഞതായും ഒന്നും ബാക്കിയില്ലെന്നും ദേവാലയത്തിന്‍റെ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക സമയം 6.30-ഓടെയാണ് അഗ്നിബാധ ആരംഭിച്ചത്. അതിവേഗം പടര്‍ന്ന തീ ദേവാലത്തിന്‍റെ മേല്‍ക്കൂരയിലേക്ക് പടര്‍ന്നു കയറുകയായിരുന്നു.

എന്തൊക്കെയായിരുന്നു അധികൃതരുടെ പ്രതികരണം?

കത്തീഡ്രല്‍ പാരീസിന്റെ പ്രതീകമാണെന്നും ഫ്രാൻസിന്റെ സമാധാനത്തെയും സ്വച്ഛന്ദതയെയും ഒത്തൊരുമയെയും പ്രതിനിധീകരിക്കുന്ന ഈ അതുല്യ സ്മാരകം ഉടനടി തന്നെ പുതുക്കി പണിയുമെന്നാണ് ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ വിശ്വാസിസമൂഹത്തിനു ഉറപ്പ് നൽകിയത്. മേൽക്കൂര തകർന്നെങ്കിലും പള്ളിയുടെ അടിസ്ഥാന ആകൃതിക്ക് യാതൊരു വിധത്തിലുമുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും പള്ളിക്കുള്ളിലെ വിവിധ ആർട്ട് വർക്കുകൾ കേടുകൂടാതെ രക്ഷിക്കാനായെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു. പുരാതന കത്തീഡ്രലിന്‌ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ വേദനയുണ്ടെന്നാണ് വത്തിക്കാനിൽ നിന്നും പ്രതികരണമെത്തിയത്.

നോത്രദാമിലെ പുരാതന കത്തീഡ്രൽ- ചില അടിസ്ഥാന വിവരങ്ങൾ

ഫ്രഞ്ച് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘ഔർ ലേഡി ഓഫ് പാരീസ്’ അഥവാ നോത്രദാം കത്തീഡ്രലിന്‌ വിശ്വാസപരമായും കലാപരമായും സൗന്ദര്യശാസ്ത്രപരമായും ചരിത്രപരമായും സവിശേഷതകൾ അനവധി ആയതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും സഞ്ചാരികൾ അങ്ങോട്ട് ഒഴുകിയിരുന്നത്. സീൻ നദിക്കരികിൽ തലയുയർത്തി നിൽക്കുന്ന ഗോഥിക് ഗോപുരങ്ങളോട് കൂടിയ ഈ പുരാതന ദേവാലയം തങ്ങൾക്ക് ഒരു മാസ്മരിക അനുഭൂതി നൽകിയെന്ന് കത്തീഡ്രൽ സന്ദർശിച്ച ആളുകൾ പലരും പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് സാമ്രാജ്യം കെട്ടിപ്പടുത്ത നെപ്പോളിയൻ ബോണപ്പാർട്ട് വിപുലീകരിച്ച, ജോൻ ഓഫ് ആർക് സൗന്ദര്യവത്ക്കരിച്ച ദേവാലയം ഇത്രമേൽ സമ്പന്നമായതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

69 മീറ്ററോളം ഉയരമുള്ള ഇരട്ട ഗോപുരങ്ങളുള്ള കത്തീഡ്രൽ മുഴുവനായും കാണാൻ 387 പടിക്കെട്ടുകൾ താണ്ടണം. ലോകത്തിലെ ഏറ്റവും വലിയ ആരാധനാകേന്ദ്രങ്ങളിലൊന്നായ നോത്രദാം ഭിത്തികളിലെയും അകത്തളത്തിലെയും പ്രതിമകളുടെയും പെയിന്റിങ്ങുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും പേരിൽ കൂടിയാണ് പ്രശസ്തമാകുന്നത്. 'ഇമ്മാനുവേൽ മണി' എന്ന പേരിൽ പ്രസ്തമായ പള്ളിമണിയുടെ ഭാരം കേട്ടാൽ ആരും ഞെട്ടിപ്പോകും- 13 ടൺ! ഈ സമ്പന്നത കണ്ടു വിസ്മയിക്കാനായി ശരാശരി ഈ പള്ളിയിലെത്തുന്നത് 13 മില്യണിലധികം ആളുകളാണെന്നാണ് റിപ്പോർട്ടുകൾ. കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന പുരാതന മുൾക്കിരീടം കാണാനായി മാത്രം നിരവധി കത്തോലിക്കാ വിശ്വാസികൾ പള്ളിയിലേക്ക് ഒഴുകാറുണ്ട്.

എന്തുകൊണ്ട് നോത്രദാം പാരീസിന്റെ പ്രതീകമായി?

മണൽകല്ലുകൾ കൊണ്ട് 1163-ലാണ് പാരീസിൽ ഒരു കത്തോലിക്കാ പള്ളി പണിതുതുടങ്ങുന്നത്. ഭീമാകാരനായ ആ പള്ളി ആരെയും വിസ്മയിപ്പിക്കുന്ന വിധം പണിതുതീർക്കുവാൻ രണ്ടു നൂറ്റാണ്ടോളം നീണ്ട മനുഷ്യാധ്വാനം തന്നെ വേണ്ടി വന്നു എന്നത് ചരിത്രമാണ്. 1345-ലാണ് പള്ളിയുടെ പ്രാഥമികഘട്ട വേലകൾ പൂർത്തീകരിക്കാൻ കഴിഞ്ഞുള്ളൂവെന്ന് പറയുമ്പോൾ തന്നെ അതിന്റെ ആർകിടെക്ട് മേന്മകളും നിർമ്മാണത്തിന്റെ പേരിൽ നടന്നിരുന്ന തൊഴിലാളി ചൂഷണവും ഓർത്ത് നോക്കാവുന്നതേയുള്ളൂ. 12-ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ആ വലിയ കെട്ടിടം പിന്നീട് 19-ആം നൂറ്റാണ്ട് പകുതിയാകുമ്പോഴാണ് പുതുക്കിപ്പണിയുന്നത്. എങ്കിലും മുൻപ് പണിയപ്പെട്ട ബീമുകളിലോ അടിസ്ഥാന ആകൃതിയിലോ യാതൊരുവിധ വ്യത്യാസവും വരുത്തിയിരുന്നില്ല.

ഇംഗ്ലണ്ടിലെ രാജകുമാരൻ ഹെന്ററി ആറാമൻ 1431-ൽ കത്തീഡ്രലിൽ വെച്ച് വിവാഹിതനായതോടെയാണ് പള്ളി ആഗോളശ്രദ്ധ നേടുന്നത്. പിന്നീട് സ്കോട്ലൻഡ് രാജകുമാരൻ ജെയിംസ് അഞ്ചാമന്റെ വിവാഹവും ഇവിടെ വെച്ച് നടന്നു. ഫ്രാൻസ് രാജാവ് ലൂയിസ് ഏഴാമനാണ് കത്തീഡ്രലിനെ ഫ്രാൻസിന്റെ രാഷ്ട്രീയ, ബൗദ്ധിക സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാൻ പരിശ്രമിച്ചത്. അലക്‌സാണ്ടർ പോപ്പ് മൂന്നാമന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കത്തീഡ്രലിലേക്ക് വിശ്വാസി സമൂഹം ഒഴുകി.

1789-ൽ ഫ്രഞ്ച് വിപ്ലവം പൊട്ടിപുറപ്പെടുന്ന സമയത്തതാണ് വിപ്ലവകാരികൾ ഫ്രാന്‍സിന്റെ രാഷ്ട്രീയ, ബൗദ്ധിക സാംസ്‌കാരിക വ്യവഹാരമായി ഉയർന്നുനിൽക്കുന്ന കത്തീഡ്രലിനെ ആക്രമിക്കുന്നത്. കത്തോലിക്കാ പ്രഭുക്കളുടെയും പുരോഹിതരുടെയും ചൂഷണത്തിനെതിരെയുള്ള വിപ്ലവത്തിൽ പ്രതീകാത്മകമായാണ് വിപ്ലവകാരികൾ കത്തോലിക്കരുടെ മുഖ്യ ആരാധന കേന്ദ്രം തകർക്കുന്നത്. അതിസമ്പന്നമായിരുന്ന പള്ളി അന്ന് വൻതോതിൽ കൊള്ളയടിക്കപ്പെടുകയും ചെമ്പ് ശില്പങ്ങൾ പലതും നശിപ്പിക്കപ്പെടുകയും ചെയ്തു.

ഫ്രഞ്ച് സാമ്രാജ്യത്തിന്റെ അധിപനായി 1804-ൽ നെപ്പോളിയൻ ബോണപ്പാർട്ട് നോത്രദാമിൽ കിരീടധാരണം നടത്തിയതോടെ യൂറോപ്പിന്റെ ചരിത്രം തന്നെ മറ്റൊന്നായി മാറി. നെപ്പോളിയൻ പള്ളിയെ വീണ്ടെടുത്തു. ഹ്യൂഗോവിന്റെ നോത്രദാമിലെ കൂനൻ 1831-ൽ പുറത്തിറങ്ങിയ ശേഷം പള്ളിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി പല പ്രചാരണങ്ങളുമുണ്ടായി. ഹ്യൂഗോവിന്റെ പ്രശസ്ത നോവലിന്റെ പശ്ചാത്തലമാണെന്നതിനാൽ കത്തീഡ്രലിന്‌ ലോകത്തെമ്പാടുമുള്ള ബൗദ്ധിക സമൂഹത്തിൽ നിന്നും ലഭിച്ച ശ്രദ്ധ ചില്ലറയായിരുന്നില്ല.

ഫ്രാൻസിന്റെ ചരിത്രവും നോത്രദാം ദേവാലയവുമായുള്ള ബന്ധം അവിടെയും അവസാനിക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന കാലഘട്ടത്തിൽ 1944 ഓഗസ്റ്റ് 24 ന് പാരീസ്, നാസിപ്പടയിൽനിന്നും വിടുതൽ നേടിയതിന്റെ സന്തോഷം അറിയിച്ചത് പുരാതന കത്തീഡ്രലിന്റെ കൂറ്റൻ പള്ളി മണി മുഴക്കികൊണ്ടായിരുന്നു. ദേവാലയത്തിനുള്ളിൽ ഗ്ലാസ്സുകൊണ്ടും ചെമ്പുകൊണ്ടും നിർമ്മിച്ച ശില്പങ്ങളും കൊത്തുപണികളും പെയിന്റിങ്ങുകളും ചരിത്രം വിളിച്ചോതുന്നവ തന്നെയാണ്.

നോത്രദാം ഒരു ആരാധനാലയമെന്ന നിലയിൽ

ഒരു ചരിത്ര സ്മാരകമെന്ന നിലയിൽ മാത്രമല്ല ലോകത്തെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പുണ്യസ്ഥലം എന്ന നിലയ്ക്ക് കൂടി വേണം കത്തീഡ്രലിനെ ദർശിക്കാൻ. കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും എത്തിപ്പെട്ടതെന്ന് പറയുന്ന കത്തീഡ്രലിലെ മുൾക്കിരീടം ക്രൂശിക്കപ്പെട്ട സമയത്ത് യേശുക്രിസ്തു തലയിൽ ധരിച്ചതാണെന്നാണ് പല കത്തോലിക്കരുടെയും വിശ്വാസം. ക്രിസ്തു തലയിൽ ചൂടിയ മുൾക്കിരീടം ദർശിക്കാൻ വേണ്ടി മാത്രം ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടേക്കെത്തുന്നു.

നോത്രദാമിലെ പള്ളിയ്ക്ക് തീപിടിച്ചത് യൂട്യൂബിന് സെപ്റ്റംബർ 11 സംഭവം പോലെ തോന്നിയെന്നോ?

നോത്രദാം കത്തീഡ്രലിന്‌ തീപിടിച്ച സംഭവത്തെ യൂട്യൂബ് അൽഗോരിതം സെപ്റ്റംബർ 11 സംഭവവുമായാണ് ബന്ധിപ്പിക്കുന്നത്. ദേവാലയം കത്തിക്കൊണ്ടിരിക്കുന്നതും തീ അണയ്ക്കാനുള്ള ശ്രമങ്ങളും പലരും യൂട്യൂബിൽ പോസ്റ്റ് ചെയ്തതിനൊപ്പം സെപ്റ്റംബർ 11 സംഭവത്തെക്കുറിച്ചുള്ള ലിങ്കുകളാണ് കാഴ്ചക്കാർക്ക് ദൃശ്യമാകുന്നത്. നോത്രദാമിൽ തീപിടുത്തമുണ്ടായത് എന്തെങ്കിലും തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമാണെന്നതിന്റെ യാതൊരു തെളിവുകളും പുറത്തുവരാത്ത സാഹചര്യത്തിൽ ഈ ലിങ്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read more :- ഫ്രാന്‍സിലെ നോത്രദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ; പുരാതന ദേവാലയം പൂര്‍ണമായും കത്തിനശിച്ചു


Next Story

Related Stories