TopTop
Begin typing your search above and press return to search.

EXPLAINER: ശബരിമലയില്‍ സര്‍ക്കാരിനും സിപിഎമ്മിനും പിഴച്ചോ?

EXPLAINER: ശബരിമലയില്‍ സര്‍ക്കാരിനും സിപിഎമ്മിനും പിഴച്ചോ?

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുന:പരിശോധന ഹര്‍ജി നല്‍കാം എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. സുപ്രീം കോടതിയുടെ മുമ്പാകെ നിരവധി റിവ്യൂ ഹര്‍ജികള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ കോടതി ഒരു തീരുമാനമെടുത്താല്‍ സര്‍ക്കാര്‍ അതായിരിക്കും നടപ്പാക്കുക എന്നും കടകംപള്ളി ഇന്ന് പറയുകയും ചെയ്തു.

നേരത്തെ പുന:പരിശോധന ഹര്‍ജിയെക്കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, പിന്നീട് നിലപാട് മാറ്റുകയും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ബോര്‍ഡ് എന്ന് പറയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്മകുമാറിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അദ്ദേഹത്തെ ശാസിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. സുപ്രീം കോടതി വിധി വന്നത് മുതല്‍ സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായി ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാനുള്ള അവകാശമുണ്ട് എന്ന് കടകംപള്ളി പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് പുന:പരിശോധന ഹര്‍ജിയെപ്പറ്റി ആലോചിക്കുകയാണ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. വാസ്തവത്തില്‍ ഇപ്പോഴത്തെ നിലപാട്‌ പ്രതിഷേധം ഭയന്ന് ഉറച്ച നിലപാടില്‍ നിന്നുള്ള പിന്മാറ്റമാണോ അതോ സംഘര്‍ഷവും വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും തടയുന്നതിനുള്ള പക്വതയോടെയും നയതന്ത്രപരവുമായ ഇടപെടലാണോ സര്‍ക്കാരിന്റേത്‌?

ദേവസ്വം മന്ത്രി പറഞ്ഞത്

സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡിന് പുന:പരിശോധന ഹര്‍ജി നല്‍കാം. സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കില്ല. ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാം.

ദേവസ്വം പറയുന്നത്

മുഖ്യമന്ത്രിയോട് ആലോചിച്ചേ പുന:പരിശോധന ഹര്‍ജിയുടെ കാര്യം തീരുമാനിക്കൂ. സര്‍ക്കാര്‍ നിലപാടിനൊപ്പമായിരിക്കും ദേവസ്വം ബോര്‍ഡ്‌.

മുഖ്യമന്ത്രി വ്യക്തമാക്കിയ സര്‍ക്കാര്‍ നിലപാട്

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനോ നിയമനിര്‍മ്മാണത്തിനോ ഇല്ല.

ദേവസ്വംബോര്‍ഡ് പുന:പരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നതിന് പിന്നില്‍

സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനെ ഇക്കാര്യത്തില്‍ സ്വതന്ത്രമായി വിടേണ്ടതായിരുന്നുവെന്നും പുന:പരിശോധന ഹര്‍ജിയില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടിയിരുന്നില്ലെന്നുമുള്ള അഭിപ്രായം സിപിഎമ്മിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോടതി വിധി വേഗത്തില്‍ നടപ്പാക്കാന്‍ മറ്റ് വിഷയങ്ങളിലില്ലാത്ത ധൃതിയും കടുംപിടിത്തവും സര്‍ക്കാര്‍ കാണിക്കുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡിനെ പിന്തിരിപ്പിച്ച നടപടി കാരണമായിട്ടുണ്ട് എന്നൊരു വിലയിരുത്തലണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാനുള്ള അവകാശത്തെക്കുറിച്ച് കടകംപള്ളി ആവര്‍ത്തിച്ചത്. ശബരിമല വിഷയത്തില്‍ വലിയ തോതിലുള്ള പ്രതിഷേധമുയര്‍ത്തിയും സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണ് എന്ന് ചിത്രീകരിച്ചും വലിയ തോതില്‍ വര്‍ഗീയ ധ്രുവീകരണത്തിനും ഹിന്ദു ഏകീകരണത്തിനുമുള്ള ശ്രമങ്ങള്‍ ബിജെപിയും ആര്‍എസ്എസും നടത്തുന്നതിലെ അപകടം സര്‍ക്കാരും സിപിഎമ്മും തിരിച്ചറിയുന്നു.

ദേവസ്വം ബോര്‍ഡ് പുന:പരിശോധന ഹര്‍ജിയുമായി പോയാലും ഭരണഘടനബഞ്ചില്‍ നിന്ന് വ്യത്യസ്തമായ വിധിയുണ്ടാകാനുള്ള സാധ്യത കുറവാണ്. ശബരിമലയില്‍ സ്ത്രീപ്രവേശനം നിഷേധിക്കുന്നത് ഹിന്ദുമതവിശ്വാസത്തെ സംബന്ധിച്ച് അനിവാര്യമാണെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ 12 വര്‍ഷം നീണ്ട വാദത്തിനിടെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. പുന:പരിശോധന ഹര്‍ജി തള്ളിയാല്‍ പിന്നെ എത്രയും വേഗത്തില്‍ തന്നെ സുപ്രീം കോടതി വിധി നടപ്പാക്കാം.

സര്‍ക്കാരും സിപിഎമ്മും

തിരുവനന്തപുരം പുത്തരിക്കണ്ടത്തെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ആചാരങ്ങളില്‍ ചിലത് ലംഘിക്കാനാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമൊക്കെ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി ശക്തമായി പറയുമ്പോള്‍ പോലും ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിയില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് പ്രസംഗത്തിന്റെ ആദ്യ ഭാഗത്തില്‍ അദ്ദേഹം വിശദീകരിച്ചത്. സന്നിധാനത്തെ അവലോകന യോഗത്തിന് ശേഷം കടകംപള്ളിയും പറഞ്ഞത് ഇതാണ്. 2006ല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയും 12 വര്‍ഷമായി നിയമ പോരാട്ടം നടത്തുകയും ചെയ്യുന്നവരുടെ രാഷ്ട്രീയം വ്യക്തമാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ എന്നാണ് ഭക്തിപ്രജ സേഥിയും പ്രേരണ കുമാരിയുമടക്കം അഞ്ച് ഹര്‍ജിക്കാരും ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും പ്രേരണ കുമാരിയുടെ ഭര്‍ത്താവ് അമിത് ഷായുമായി വലിയ അടുപ്പമുള്ള നേതാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് ഒരു പടി കൂടി കടന്ന് ആന്ധ്ര സ്വദേശിയായ വനിത മാധ്യമപ്രവര്‍ത്തകയേയും കൂടെയുണ്ടായിരുന്ന മലയാളി യുവതിയേയും മല കയറാന്‍ സഹായിക്കുകയും സുരക്ഷ നല്‍കുകയും ചെയ്ത പൊലീസിനെ കടകംപള്ളി വിമര്‍ശിച്ചു. ഇവര്‍ രണ്ട് പേരും വിശ്വാസികളല്ല, ആക്ടിവിസ്റ്റുകളാണ് എന്നാണ് കടകംപള്ളിയുള്ള വാദം. വിശ്വാസി, ആക്ടിവിസ്റ്റ്, ജേണലിസ്റ്റ് തുടങ്ങിയതൊക്കെ മാനദണ്ഡമാക്കിയും പരിശോധിച്ചും എങ്ങനെയാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കഴിയുക എന്ന ചോദ്യമുണ്ട്. അതേസമയം ഇതിന് മറ്റൊരു വശമുണ്ട്.

ഇതിലെ മലയാളി യുവതി ഒരു ആക്ടിവിസ്റ്റാണെന്നും സര്‍ക്കാരിനെതിരായ രാഷ്ടീയ താത്പര്യങ്ങളുടെ ഭാഗമായാണ് ഈ യുവതി ആന്ധ്രാക്കാരിയായ മാധ്യമപ്രവര്‍ത്തകയെ അനുഗമിക്കുന്നതെന്നുമുള്ള വിവരമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്തെത്തിക്കുന്നത് സംഘര്‍ഷമുണ്ടാക്കുമെന്ന വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളിയുടെ ഇന്നത്തെ പ്രസ്താവനയെന്നും വിലയിരുത്തപ്പെടുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല എന്ന യാഥാര്‍ത്ഥ്യം എല്ലാവരേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ച കടകംപള്ളി ഇന്ന് തന്ത്രപരമായി പറഞ്ഞിരിക്കുന്നത് സര്‍ക്കാര്‍ വിശ്വാസികളുടെ താല്‍പര്യമാണ് സംരക്ഷിക്കുകയെന്നും ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ തീര്‍പ്പ്‌ എന്നും എന്നാല്‍ വിശ്വാസികളായവര്‍ക്ക് മാത്രമേ സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയൂ എന്നുമാണ്. നിലവിലെ നിലപാടില്‍ സര്‍ക്കാരിന് തുടരാനാകില്ലെന്ന ബോധ്യത്തില്‍ തന്നെയാണ് തല്‍ക്കാലത്തേയ്ക്ക് സംഘര്‍ഷം തണുപ്പിക്കുന്നതിനായി ഇത്തരമൊരു കാര്യം പറയുന്നത്.

Also Read: ശബരിമല LIVE: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികള്‍ മടങ്ങി; യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി

ബിജെപി - ആര്‍എസ്എസ്‌ നിലപാടിലെ വൈരുദ്ധ്യങ്ങളും രാഷ്ട്രീയവും

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ഇവിടെയെത്തുന്ന യുവതികളടക്കമുള്ളവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ്. സത്രീകളെ തടയുന്നത് കോടതിയലക്ഷ്യമാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രലായവും നല്‍കി. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെ എന്നായിരുന്നു. ഈ കേസ് 2006ല്‍ സുപ്രീംകോടതിയിലെത്തിയത് മുതല്‍ ആര്‍എസ്എസിന്റേയും ബിജെപിയുടേയും നിലപാട്. എന്നാല്‍ 2018 സെപ്റ്റംബര്‍ 28ന് വിധി വന്നതിന് പിന്നാലെ ബിജെപി ആദ്യം നിലപാട് മാറ്റി. പതിഞ്ഞ താളത്തില്‍ തുടങ്ങി സര്‍ക്കാരിനെതിരായ കടന്നാക്രമണത്തിലേയ്ക്ക് നീങ്ങുകയും സമരത്തിന്റെ നേതൃത്വത്തില്‍ അവര്‍ നിലയുറപ്പിക്കുകയും ചെയ്തു.

ഇടുക്കിയിലെ കയ്യേറ്റ ഭൂമിയിലെ കുരിശിനെ പേടിച്ച് പിന്‍വാങ്ങിയ മുഖ്യമന്ത്രി ശബരമലയില്‍ ആചാര ലംഘനത്തിന് സുപ്രീം കോടതി വിധിയുടെ മറവില്‍ തിടുക്കം കൂട്ടുന്നു എന്ന വര്‍ഗീയ പ്രചാരണം സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത് ക്രിസ്ത്യാനിയായ പൊലീസുകാരനാണ് 'അയ്യപ്പ'ന്മാരെ തല്ലിയത് എന്നാണ്.

ആര്‍എസ്എസ് നേതൃത്വം തരാതരം പോലെ ഇക്കാര്യത്തില്‍ നിലപാട് മാറ്റിപ്പറയുന്നുണ്ടെങ്കിലും നിലയ്ക്കലിലും പമ്പയിലും മറ്റും മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള സ്ത്രീകളെ ആക്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത കര്‍മ്മസമിതി, ആചാര സംരക്ഷണസമിതി, അംഗങ്ങളില്‍ ഭൂരിഭാഗവും സംഘപരിവാര്‍ പ്രവര്‍ത്തകരാണ് എന്നതാണ് റിപ്പോര്‍ട്ട്. കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ഇരുട്ടിവെളുക്കും മുമ്പാണ് തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ നേരെ വിപരീതമായ നിലപാടുമായി സര്‍ക്കാരിനെ ആക്രമിക്കാന്‍ രംഗത്തെത്തിയത്. "എന്തുകൊണ്ട് പൊലീസ് വെടി വയ്ക്കുന്നില്ല?" എന്നാണ് ഒരു സംഘപരിവാര്‍ നേതാവ് ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചത്. ഇത് തന്നെയാണ് രാഷ്ട്രീയമായി അവരുടെ ആവശ്യം എന്ന് സര്‍ക്കാരും അതിനെ നയിക്കുന്ന സിപിഎമ്മും കരുതുന്നു. അതിനാല്‍ കരുതലോടെയും ക്ഷമയോടെയും സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നാണ് സര്‍ക്കാരിര്‍ ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അപ്പോഴും ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിനും ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിനും കഴിഞ്ഞില്ലേ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.

https://www.azhimukham.com/updates-rahna-fatimas-house-in-kochi-attacked/

https://www.azhimukham.com/sabarimalalive-another-woman-journalist-ahead-to-sabarimalatemple-tight-policesecurity-womenentry-nilakal-pamba-protest/

https://www.azhimukham.com/opinion-what-history-taught-us-and-sabarimala-women-entry-writes-aisibi/

https://www.azhimukham.com/kerala-sabarimala-women-entry-and-attacks-in-nilakkal-report-by-krishna/

https://www.azhimukham.com/trending-pinarayi-speech-in-ldf-public-meeting/

https://www.azhimukham.com/trending-saritha-balan-speaks-about-sabarimala-protesters-attack/


Next Story

Related Stories