TopTop
Begin typing your search above and press return to search.

Explainer: ഹിന്ദുത്വ ഭീകരർ പ്രതികളായ ഒരു കേസുകൂടി അവസാനിക്കുന്നു; എന്താണ് സംഝോത എക്‌സ്പ്രസ് സ്ഫോടനക്കേസ്?

Explainer: ഹിന്ദുത്വ ഭീകരർ പ്രതികളായ ഒരു കേസുകൂടി അവസാനിക്കുന്നു; എന്താണ് സംഝോത എക്‌സ്പ്രസ് സ്ഫോടനക്കേസ്?

ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതയുടെ മുഖം വെളിപ്പെട്ട സംഭവങ്ങളിൽ ഒന്നായ സംഝോത എക്സ്‌പ്രസിലുണ്ടായ സ്ഫോടനം സംബന്ധിച്ച കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ്. സ്ഫോടനക്കേസിലെ പ്രധാന പ്രതിയായിരുന്ന സ്വാമി അസീമാനന്ദ ഉൾപ്പെടെ നാലു പ്രതികളെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടതോടെയാണ് ഇത് വീണ്ടും ചർച്ചയായത്. ഹരിയാനയിലെ പഞ്ച്കുലയിലെ കോടതിയാണ് സ്ഫോടനത്തിൽ പ്രതികൾക്കുള്ള പങ്ക് തെളിയിക്കാൻ എൻഐഎക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ വെറുതെ വിട്ടത്. സ്വാമി അസീമാനന്ദ (നാഭ കുമാർ സർകാർ), ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരെയാണ് കൂറ്റവിമുക്തമാരാക്കിയത്.

എട്ടുപേരായിരുന്നു കേസിൽ പ്രതികൾ. ഇതിൽ അസീമാനന്ദ, ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരാണ് കോടതിക്കുമുമ്പാകെ ഹാജരായി വിചാരണ നേരിട്ടത്. സ്ഫോടനത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സുനിൽ ജോഷി ഇതിനിടെ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ ഇയാളുടെ വീടിനടുത്തുവെച്ച് 2007 ഡിസംബറിലാരുന്നു സംഭവം. മറ്റു മൂന്നൂ പ്രതികളായ രാമചന്ദ്ര കൽസാംഗ്ര, സന്ദീപ് ദംഗെ, അമിത് എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.

സംഝോത എക്സ്‌പ്രസ്

ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനുകളിൽ ഒന്നാണ് സംഝോത എക്സ്പ്രസ്സ്. സൗഹൃദ എക്സ്പ്രസ്സ് എന്ന് പൊതുവെ അറിയപ്പെടുന്ന ട്രെയിൻ ഇന്ത്യയിലെ ഡൽഹി, അത്താരി എന്നീ സ്ഥലങ്ങളേയും പാകിസ്താനിലെ ലാഹോറിനേയും ബന്ധിപ്പിച്ച് ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ് നടത്തുന്നത്. സിംല കരാറിനെ തുടർന്ന് 1976 ജൂലൈ 22 നാണ് ഈ ട്രെയിൻ ആരംഭിച്ചത്. 42 കിലോമീറ്റർ ദൂരമുള്ള അമൃതസറിനേയും ലാഹോറിനേയും ബന്ധിപ്പിക്കുന്ന ട്രെയിൻ ആയിട്ടായിരുന്നു സർവീസ് ആരംഭിച്ചത്. നിലവിൽ ഡൽഹിയിൽ നിന്നും സർവീസ് ആരംഭിക്കുന്നുണ്ടെങ്കിലും അഠാരിക്കും- ലാഹോറിനും ഇടയിൽ മാത്രമാണ് സംഝോത എക്സ്പ്രസ്സ് എന്ന പേരിൽ സർവീസ് നടത്തുന്നത്.

ട്രെയിൻ സർവീസിലെ പ്രതിസന്ധികൾ

ഇരു രാജ്യങ്ങൾക്കിടയിൽ നടത്തുന്ന സർവീസ് ആണെന്നിരിക്കെ തന്നെ നിരവധി പ്രതിസന്ധികളാണ് സംഝോത എക്സ്പ്രസ്സ് കാലാ കാലങ്ങളായി നേരിട്ടിരുന്നത്. ദിനേനയുള്ള സേവനത്തോടെയായിരുന്നു സംഝോത എക്സ്പ്രസ്സ് ആരംഭിച്ചത്. 1994 ൽ ആഴ്ചയിലൊരിക്കലായി. പലപ്പോഴായി സർവീസ് നിർത്തിവക്കേണ്ടിയും വന്നിട്ടുണ്ട് ഈ ട്രെയിനിന്.

2001 ഡിസംബർ 13 ന് ഇന്ത്യൻ പാർലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നായിരുന്നു ആദ്യമായി സർവീസ് തടസപ്പെട്ടത്. എന്നാൽ 2004 ജനുവരി 15 ന് ട്രെയിൻ സേവനം പുനഃരാരംഭിച്ചു. പിന്നീട് 2007 ഡിസംബർ 27 ന് ബേനസീർ ഭൂട്ടോ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നും സംഝോത എക്സ്പ്രസ്സിന്റെ ഓട്ടം താൽകാലികമായി നിർത്തിവെച്ചു. എന്നാൽ സംഝോത എക്സ്പ്രസ്സിനെ ആഗോള ശ്രദ്ധയിലെത്തിച്ച സംഭവമായിരുന്നു 2007 ഫെബ്രുവരി 18ന് നടന്ന അതിഭീകര സ്ഫോടനം.

സംഝോത എക്സ്പ്രസ്സ് സ്ഫോടനം

2007 ഫെബ്രുവരി 18 ന് അർദ്ധരാത്രിയായിരുന്നു സംഝോത എക്സ്പ്രസ്സിൽ സ്ഫോടനം അരങ്ങേറിയത്. 68 പേരാണ് സംഭവത്തിൽ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേൽക്കകുയും ചെയ്തു. ഹരിയാനയിലെ പാനിപത്തിലുള്ള ദീവാന സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം.

എന്താണ് 2007 ഫെബ്രുവരി 18 സംഭവിച്ചത്?

2007 ഫെബ്രുവരി 18-ന് സംഝോത എക്‌സ്പ്രസ് ഡല്‍ഹിയില്‍ നിന്ന് 80 കിലോമീറ്റററോളം അകലെയുള്ള പാനിപ്പത്തിലെ ദീവാന സ്‌റ്റേഷന്‍ കടക്കുമ്പോഴായിരുന്നു യാത്രക്കാര്‍ നിറഞ്ഞിരുന്ന അതിന്റെ രണ്ടു ബോഗികളില്‍ സ്‌ഫോടനമുണ്ടാകുന്നത്. 68 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലാഹോറിലേക്ക് മടങ്ങിയ പാക്കിസ്ഥാനികളായിരുന്നു കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.

മൂന്ന് പൊട്ടാത്ത ബോംബുകള്‍, സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്യൂട്ട്‌കേസ് ഉള്‍പ്പെടെയുള്ള മറ്റു വസ്തുക്കള്‍ തുടങ്ങിയവ അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. തീപിടിക്കുന്ന ഇന്ധനങ്ങളും കെമിക്കലുകളും നിറച്ച ഒരു ഡസനോളം പ്ലാസ്റ്റിക് കുപ്പികളും ഒരു ഡിജിറ്റല്‍ ടൈമറും ഉള്‍പ്പെടെയായിരുന്നു ബോംബ് സജ്ജീകരിച്ചിരുന്നതെന്ന് പൊട്ടാതെ വന്ന ഒരു സ്യൂട്ട്‌കേസില്‍ നിന്ന് അന്വേഷണ സംഘത്തിന് കണ്ടെത്തി.

അപലപിച്ച് ഇന്ത്യയും പാകിസ്താനും

ഇരുരാജ്യങ്ങൾക്ക് ഇടയിലെയും സുപ്രധാനമായ ട്രെയിൻ സർവീസിൽ നടന്ന സ്ഫോടനത്തെ ഇന്ത്യയും പാക്കിസ്ഥാനും ഒരുപോലെ അപലപിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ മെച്ചപ്പെട്ടു വരുന്ന ബന്ധത്തെ അട്ടിമറിക്കാനാണ് സ്‌ഫോടനം നടത്തിയവര്‍ ശ്രമിച്ചതെന്നായിരുന്നു ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുകയും ചെയ്തു. കാരണം, ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി ന്യൂഡല്‍ഹിയില്‍ എത്തുന്നതിന് തലേന്നായിരുന്നു സ്‌ഫോടനം.

ആദ്യ ആരോപണം ലഷ്കറെ ത്വയ്ബക്ക് നേരെ

സ്‌ഫോടനം നടന്നതിനു പിന്നാലെ പതിവു പോലെ ഇന്ത്യന്‍ അന്വേഷണ സംഘം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ഭീകരവാദികള്‍ക്കാണെന്ന് വ്യക്തമാക്കി. എന്നാല്‍ അതില്‍ കൂടുതല്‍ വിവരങ്ങൾ ഒന്നും പുറത്തുവന്നില്ല. ഭീകര സംഘടനയായ ലഷ്കറെ ത്വയ്ബയ്ക്ക് എതിരായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

2009 ൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രഷറി വെളിപ്പെടുത്തിയ വെളിപ്പെടുത്തൽ പ്രകാരം ലഷ്കറെ ത്വയ്ബ നേതാവ് ആരിഫ് ഖസ്മാനിയാണ് സ്ഫോടനത്തിന് പിന്നിലെന്നാരുന്നു ഇതിൽ സുപ്രധാനം. എന്നാൽ ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് സ്ഫോടനത്തിന് പിന്നിൽ ഹിന്ദുത്വ തീവ്രവാദികളാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ കണ്ടെത്തൽ പുറത്ത് വന്നത്. ഹിന്ദു തീവ്രവാദി നേതാവ് സ്വാമി അസിമാനന്ദയാണ് ഈ സ്ഫോടനം ആസൂത്രണം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കുകയായിരുന്നു.

എൻഐഎ അന്വേഷണം

സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ച എന്‍ഐഎ ആണ് ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് ആദ്യം ചൂണ്ടിക്കാട്ടുന്നത്. ഹരിയാണ പോലീസ് അന്വേഷിച്ചിരുന്ന കേസ് 2010 ജൂലൈയിലാണ് എൻഐഎ കൈമാറിയത്. 2011 ജൂലായിൽ എട്ടുപേർക്കെതിരേ ഭീകരാക്രമണത്തിന് എൻ.ഐ.എ. കുറ്റപത്രം നൽകി. തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള സ്വാമി അസിമാനന്ദയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും എൻഐഎ കണ്ടെത്തൽ. 2010 ഡിസംബര്‍ 30 നായിരുന്നു ആദ്യ പ്രഖ്യാപനം. സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനത്തിനു പിന്നില്‍ സ്വാമി അസീമാനന്ദയാണെന്നതിന് തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുണ്ടെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.

അസീമാനന്ദ തന്നയാണ് സ്ഫോടനത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്നും കേസന്വേഷിച്ച എൻഐഎ അവകാശപ്പെട്ടു. എഞ്ചിനീയറിംഗ് ബിരുദധാരിയായ സന്ദീപ് ഡാംഗെ, ഇലക്ട്രീഷ്യനായ റാംജി കല്‍സംഗ്ര എന്നിവരാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതെന്നായിരുന്നു നിലപാട്. മിലിട്ടറി ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതും ഈ സംഘത്തില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിരുന്നു. എന്നാൽ താന്‍ തന്റെ ജോലി ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നായിരുന്നു പുരോഹിതിന്റെ അവകാശവാദം. കേസിൽ അറസ്റ്റിലായ പാണ്ഡെയുടെ ലാപ്‌ടോപില്‍ നിന്ന് കണ്ടെടുത്ത തെളിവുകളില്‍ നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നതിന്റെ സൂചനകളുണ്ട്. ഇതായിരുന്നു കേണല്‍ പുരോഹിതിലേക്കുള്ള ചൂണ്ടുവിരൽ. അതേസമയം, സ്‌ഫോടനങ്ങള്‍ നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം മുസ്ലിംകളിലേക്ക് താനേ വന്നു ചേരുമെന്ന് പ്രതികള്‍ വിശ്വസിച്ചിരുന്നതായി ആദ്യം തയാറാക്കിയ കുറ്റപത്രം ചൂണ്ടിക്കാട്ടിയിരുന്നു.

സ്വാമി അസീമാനന്ദ

ആർ.എസ്.എസുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു സ്വാമി അസീമാനന്ദ. നബകുമാർ, ജിതൻ ചാറ്റർജി, ഓംകാർനാഥ് എന്നീ പേരുകളിൽ ഇയാൾ അറിയപ്പെടുന്നു. വിദ്യാഭ്യാസകാലത്തുതന്നെ ആർ.എസ്.എസ്സുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ ഇയാൾ 1977-ൽ ആർഎസ്എസ് സംഘടനയായ വനവാസി കല്യാൺ ആശ്രമത്തിന്റെ മുഴുസമയ പ്രവർത്തകനായി മാറി. ഗുരുവായിരുന്ന പരമാനന്ദാണ് ജിതൻ ചാറ്റർജിക്ക് അസീമാനന്ദ എന്ന പേര് നിർദേശിച്ചതെന്നാണ് കഥകൾ.

1988-ൽ അന്തമാനിലേക്ക് പ്രവർത്തന മേഖല മാറ്റിയ അസീമാനന്ദ വനവാസി കല്യാൺ വഴി ആദിവാസികൾക്കിടയിൽ പ്രവർത്തനം വ്യാപിപ്പിക്കുയായിരുന്നു. ആർ.എസ്.എസിന്റെ പിന്തുണയോടെ 2006-ൽ ശബരി കുംബമേളയും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്.

2007 ഏപ്രിൽ 29ന് ദേവേന്ദ്ര ഗുപ്ത എന്നയാൾ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലാവുകുയം ഇയാളിൽ നിന്നും ലഭിച്ച സുപ്രധാന വിവരങ്ങള്‍ക്കും ശേഷമായിരുന്നു അസീമാനന്ദ അധികൃതരുടെ ശ്രദ്ധയിൽ എത്തുന്നത്. ഇതോടെ അസീമാനന്ദയും സുനിൽ ജോഷിയും രാജസ്ഥാൻ എ.ടി.എസ് നിരീക്ഷണത്തിലായി. തുടർന്ന് അജ്മീർ, മക്കാമസ്ജിദ്, സംഝോത എക്സ്പ്രെസ്സ് എന്നീ സ്ഫോടനങ്ങളിലുള്ള പങ്കാളിത്തം ആരോപിച്ച് പേരിൽ 2010 നവംബർ 19-ന് ഹരിദ്വാർ ആശ്രമത്തിൽ നിന്നും അസീമാനന്ദയെ സിബിഐ അറസ്റ്റ് ചെയ്തു.

2010 ഡിസംബർ 16-ന് അസീമാനന്ദ ന്യായാധിപനുമുമ്പിൽ ഹാജരായി തനിക്ക് കുറ്റസമ്മതം നടത്തണമെന്ന് ആവശ്യവുമായി രംഗത്തെത്തി. ഡിസംബർ 18-ന് ഹാജരായ അസീമാനന്ദ അഞ്ചുമണിക്കൂർ നീണ്ട വെളിപ്പെടുത്തലാണ് നടത്തിയത്. സ്ഫോടന പരമ്പരകളിൽ തന്റെയും മറ്റ് സംഘ്പരിവാർ നേതാക്കളുടെയും പങ്കാളിത്തം സ്ഥിരീകരിക്കുന്നതായിരുന്നു വെളിപ്പെടുത്തൽ. മാലേഗാവ് സ്ഫോടനത്തിൽ അന്യായമായി തടവിലുണ്ടായിരുന്ന ഒരു മുസ്‌ലിം യുവാവിന്റെ അനുഭവമാണ് തന്റെ മനംമാറ്റത്തിന് കാരണമെന്നായിരുന്നു അസീമാനന്ദയുടെ പ്രതികരണം.

എന്നാൽ ഇതിന് പിറകെ അസീമാനന്ദ നിലപാടിൽ നിന്നും മലക്കം മറിയുകയും ചെയ്തു. എന്നാൽ ഇതു സ്വാമി അസിമാനന്ദയെകൊണ്ട് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നായിരുന്നു പിന്നീട് അസിമാനന്ദയുടെ അഭിഭാഷകന്റെ നിലപാട്. ബോധപൂർവം സ്വാമി അസിമാനന്ദയുടെ ഏറ്റുപറയൽ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന് ആരോപിച്ച് ഇന്ദ്രേഷ് കുമാർ സിബിഐക്കെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു.

‘ബോംബിന് മറുപടി ബോംബുകൊണ്ട്’

ഗുജറാത്തിലെ അക്ഷർധാം, ജമ്മുവിലെ രഘുനാഥ് മന്ദിർ, വാരാണസിയിലെ സങ്കട് മോചൻ ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണത്തിനു പകരംവീട്ടാനാണ് പ്രതികൾ സംഝോതയിൽ സ്ഫോടനം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം.

2011 ജൂലായിൽ എട്ടുപേർക്കെതിരേ ഭീകരാക്രമണത്തിന് എൻഐഎ കുറ്റപത്രം നൽകിയത്. ‘ബോംബിന് മറുപടി ബോംബുകൊണ്ട്’ എന്ന തത്ത്വമായിരുന്നു പ്രതികൾ പിന്തുടർന്നതെന്നും ആരോപിക്കുകയും, കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, സ്ഫോടകവസ്തു നിയമം, റെയിൽവേ നിയമം എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു എൻഐഎ കുറ്റപത്രം നൽകിയത്. അറസ്റ്റിലായ അസീമാനന്ദയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും മറ്റു മൂന്നു പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരുന്നു.

പാക് വനിതയുടെ ഹർജി

സ്ഫോടനക്കേസിൽ പാകിസ്താനിലെ ചില ദൃക്‌സാക്ഷികളെക്കൂടി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പാക് വനിത നൽകിയ അപേക്ഷ തള്ളിയശേഷമായിരുന്നു കോടതി ജഡ്ജി ജഗദീപ് സിങ് പ്രതികളെ കുറ്റ വിമുക്തരാക്കിയ വിധി പറഞ്ഞത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പാക് പൗരന്റെ മകള്‍ റാഹില വഖീലാണ് അവസാന നിമിഷം ഹർജിയുമായി കോടതിയിലെത്തിയത്. ഇതോടെ മാര്‍ച്ച് ആറിന് വാദം പൂര്‍ത്തിയായി മാര്‍ച്ച് 11 ന് വിധി പറയേണ്ട കേസ് ഹർജി പരിഗണിക്കാൻ മാത്രമായി മാറ്റുകയായിരുന്നു. സ്‌ഫോടനത്തിന് ദൃക്‌സാക്ഷികളായവര്‍ ഭൂരിപക്ഷവും പാക് പൗരന്മാരാണെന്നും ഇവരെ കോടതിയില്‍ വിസ്തരിച്ചിട്ടില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇന്നലെ ഹരജി ഹരിഗണിച്ച കോടതി ഇതു തള്ളുകയായിരുന്നു.

തെളിവുകൾ അവഗണിച്ചോ.?

സംഝോത എക്‌സ്പ്രസ് സ്‌ഫോടനം ഉൾപ്പെടെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പ്രതികളായ കേസുകളുടെ അന്വേഷണത്തിൽ മഹാരാഷ്ട്ര എ.ടി.എസ് ശേഖരിച്ച ശക്തമായ തെളിവുകൾ പ്രോസിക്യൂഷന്‍ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപണങ്ങൾ ഉർന്നിരുന്നു. പ്രതികളിലൊരാളായ ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപില്‍നിന്ന് കണ്ടെടുത്ത സ്‌ഫോടനത്തിനായുള്ള ഗൂഡാലോചനയുടെ വിഡിയോ ടേപ്പുകള്‍ ശക്തമായ തെളിവായിരുന്നെന്നായിരുന്നു വിലയിരുത്തൽ. സ്‌ഫോടനത്തിനായി അഹമ്മദാബാദ്, ഉജ്ജൈന്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഫരീദാബാദ്, പൂനെ എന്നിവിടങ്ങളില്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്നതായി അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാണ്ഡെയുടെ ലാപ്‌ടോപില്‍നിന്ന് കണ്ടെടുത്ത തെളിവുകളില്‍ നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നതിന്റെ സൂചനകളുണ്ട്.

ഇപ്പോൾ സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ കൂടി പ്രതികളെ വെറുതെ വിട്ടതോടെ ഹിന്ദുത്വ കേന്ദ്രങ്ങള്‍ ആരോപണ വിധേയരായ ഒരു കേസുകൂടി അവസാനിക്കുകയാണ്. 2007 -ൽ ഹൈദരാബാദിലെ മക്ക മസ്ജിദിൽ നടന്ന സ്ഫോടനക്കേസിലും അജ്മേർ ദർഗ സ്ഫോടനക്കേസിലും അസീമാനന്ദ ഉൾപ്പെെടയുള്ള പ്രതികളെ നേരത്തെ കോടതി വെറുതെവിട്ടിരുന്നു.


Next Story

Related Stories