TopTop
Begin typing your search above and press return to search.

Explainer: കാലാവസ്ഥാ വ്യതിയാനം: പഠിപ്പു മുടക്കി സമരത്തിനിറങ്ങുന്ന വിദ്യാർത്ഥികൾ; പിന്തുണ കൊടുത്ത് അന്താരാഷ്ട്രസമൂഹം

Explainer: കാലാവസ്ഥാ വ്യതിയാനം: പഠിപ്പു മുടക്കി സമരത്തിനിറങ്ങുന്ന വിദ്യാർത്ഥികൾ; പിന്തുണ കൊടുത്ത് അന്താരാഷ്ട്രസമൂഹം

കാലാവസ്ഥയ്ക്കു വേണ്ടി പഠനമുപേക്ഷിച്ച് നിരത്തുകളിലേക്കിറങ്ങിയിരിക്കുകയാണ് നിരവധി ലോകരാജ്യങ്ങളിലെ വിദ്യാർത്ഥികൾ‌. സ്വീഡനിൽ നിന്നാണ് ഈ പ്രക്ഷോഭത്തിന്റെ തുടക്കം. ഒരു പെൺകുട്ടിയുടെ സമരത്തിൽ നിന്നാണ് ഇതൊരു പ്രസ്ഥാനമായി വളർന്നത്.

എന്താണ് 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം'?

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം' (School strike for climate). ഗ്രേറ്റ തൻബെർഗ് എന്ന 16കാരിയാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടതും ഇപ്പോൾ നേതൃത്വം നൽകുന്നതും. തൻബെർഗിനു മുമ്പു തന്നെ കാലാവസ്ഥാ വ്യതിയാനത്തെ രാഷ്ട്രീയസംഘടനകൾ ഗൗരവമായി കാണണമെന്ന രാഷ്ട്രീയം മുമ്പോട്ടു വെക്കാന്‍ സ്കൂൾ കുട്ടികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. 2015ൽ ഒരുകൂട്ടം സ്കൂൾ കൂട്ടികൾ ഇത്തരമൊരു സമരത്തിനുള്ള ആഹ്വാനം നടത്തുകയുണ്ടായി. യുഎന്നിന്റെ ക്ലൈമറ്റ് കോൺഫറൻസ് 2015 നവംബർ 30ന് പാരിസിൽ വെച്ച് നടക്കുമ്പോൾ നൂറോളം രാജ്യങ്ങളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ക്ലാസ്സിനു പുറത്തിറങ്ങി സമരം നയിച്ചു.

എന്നാണ് ഗ്രെറ്റ തൻബെർഗിന്റെ പ്രവേശം?

2018ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗവും കാട്ടുതീകളും ഉണ്ടായി. ഇതിനെതിരെ പ്രതികരിക്കാനായി തൻബെർഗ് തെരഞ്ഞെടുത്ത വഴി സ്കൂളിൽ പോകാതെ പ്രതിഷേധിക്കുക എന്നതായിരുന്നു. സ്വീഡിഷ് പാർലമെന്റിനു മുന്നിൽ 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം' എന്നെഴുതിയ ബോർഡും പിടിച്ചു നിന്ന് തൻബെർഗ് സമരം ചെയ്തു.

എന്തൊക്കെയായിരുന്നു തൻബെർഗിന്റെ ആവശ്യങ്ങൾ?

പാരിസ് ഉടമ്പടി പ്രകാരം തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റാൻ സര്‍ക്കാർ തയ്യാറാകണമെന്നായിരുന്നു തന്‍ബെർഗിന്റെ പ്രധാന ആവശ്യം. പാരിസ് ഉടമ്പടിയനുസരിച്ച് കാർബൺ ബഹിർഗമനം കുറച്ചു കൊണ്ടുവരാൻ സ്വീഡൻ തയ്യാറാകുന്നില്ല എന്നായിരുന്നു തൻബെർഗിന്റെ ആരോപണം.

വെള്ളിയാഴ്ച പ്രക്ഷോഭം

എല്ലാ വെള്ളിയാഴ്ചയും താൻ സ്കൂൾ ഉപേക്ഷിച്ച് സ്വീഡിഷ് പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുമെന്ന് അവൾ പ്രഖ്യാപിച്ചു. 'വെള്ളിയാഴ്ചകൾ വരുംകാലത്തിന്' (FridaysForFuture) എന്ന മുദ്രാവാക്യവും തൻബെർഗ് രൂപപ്പെടുത്തിയെടുത്തു. ലോകമെമ്പാടും ഈ സമരം ശ്രദ്ധ നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ കുട്ടികൾ അവൾക്ക് പിന്തുണ നൽകി.

എങ്ങനെയായിരുന്നു പ്രസ്ഥാനത്തിന്റെ വളർച്ച?

ഗ്രെറ്റ തൻബെർഗ് തുടങ്ങി വെച്ച പ്രസ്ഥാനത്തെ അധികം വൈകാതെ ലോകമെങ്ങുമുള്ള സ്കൂൾ വിദ്യാർത്ഥികൾ ഏറ്റെടുത്തു. 2018 നവംബർ മാസത്തിൽ ആസ്ത്രേലിയയിൽ ആയിരക്കണക്കിന് കുട്ടികൾ തെരുവുകളിലേക്കിറങ്ങി. ഇതിനെ ശക്തമായി എതിർത്ത് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രംഗത്തെത്തി. സ്കൂളുകളിൽ പഠനമാണ് വേണ്ടത്, ആക്ടിവിസമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അതൊന്നും വകവെക്കാതെ കുട്ടികള്‍ തെരുവിലിറങ്ങി.

ഡിസംബർ മാസത്തിൽ ഓസ്ട്രിയ, ബൽജിയം, കാനഡ, നെതർലാൻഡ്സ്, ജർമനി, ഫിൻലാൻഡ്, ഡെൻമാർക്ക്, ജപ്പാൻ, സ്വിറ്റ്സർലാൻഡ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലും വിദ്യാർത്ഥി പ്രക്ഷോഭം അരങ്ങേറി.

2019ലും ഈ പ്രക്ഷോഭം തുടരുകയാണ്.

ഏതൊക്കെ രാജ്യങ്ങളിലാണ് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടക്കുന്നത്?

വികസിത-വികസ്വരരാജ്യങ്ങളിലാണ് ഈ വിദ്യാർത്ഥി മുന്നേറ്റത്തിന് കാര്യമായ പ്രതികരണം ലഭിക്കുന്നത്. ഇന്ത്യയടക്കം 26 രാജ്യങ്ങളിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ ഈ മുന്നേറ്റത്തിന് ലഭിക്കുന്നുണ്ടെന്ന് www.fridaysforfuture.org എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.

"ഞങ്ങള്‍ ഞങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്"

2019 മാർച്ച് ഒന്നാം തിയ്യതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രക്ഷോഭ നേതാക്കളായ വിദ്യാർത്ഥികൾ 'ദി ഗാർഡിയൻ' പത്രത്തില്‍ ഒരു തുറന്ന കത്ത് എഴുതി. തങ്ങൾ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും മുതിർന്നവർ വേഗത്തിൽ നടപടിയെടുക്കാൻ തയ്യാറാകണമെന്നും കത്തിൽ കുട്ടികൾ വ്യക്തമാക്കി.

ലോകത്തിന്റെ പിന്തുണ എങ്ങനെയായിരുന്നു?

ശാസ്ത്രജ്ഞരും സാമൂഹ്യപ്രവർത്തകരുമെല്ലാം കുട്ടികളുടെ സമരത്തിന് പിന്തുണയുമായി വരികയുണ്ടായി. യുഎന്നും യൂറോപ്യൻ യൂണിയനുമടക്കമുള്ള സ്ഥാപനങ്ങൾക്കും കുട്ടികളെ അവഗണിക്കാനായില്ല. ഏറെ ഗൗരവത്തോടെയാണ് കുട്ടികളുടെ സമരത്തെ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്?

എന്താണ് പ്രക്ഷോഭത്തിന്റെ ഇപ്പോഴത്തെ അവസ്ഥ?

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയിലും ലോകമെമ്പാടും പ്രക്ഷോഭം നടക്കുകയുണ്ടായി. പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരത്തിൽ പങ്കാളികളായെന്ന് സമരത്തിന്റെ സംഘാടകർ പറയുന്നു. 110 രാജ്യങ്ങളിൽ കുട്ടികൾ പഠനമുപേക്ഷിച്ച് തെരുവിലിറങ്ങി.


Next Story

Related Stories