TopTop

Explainer: എന്താണ് അസമിലെ 19 ലക്ഷം പേരെ അനിശ്ചിതത്വത്തിലേക്ക് തള്ളിയ പൗരത്വ രജിസ്റ്റർ?

Explainer: എന്താണ് അസമിലെ 19 ലക്ഷം പേരെ അനിശ്ചിതത്വത്തിലേക്ക് തള്ളിയ പൗരത്വ രജിസ്റ്റർ?
19 ലക്ഷം ജനങ്ങളുടെ ജീവിതത്തിൽ അനിശ്ചിതത്വം നിറച്ച് അസമിൽ പൗരത്വ രജിസ്റ്റർ പട്ടിക പുറത്തിറങ്ങി. ഇത്രയധികം പേർ ഇപ്പോൾ രാജ്യമില്ലാത്ത പൗരന്മാരായി മാറിയിരിക്കുകയാണ്. തങ്ങളുടെ പൗരത്വം തെളിയിക്കാൻ നിയമപരമായ എല്ലാ അവസരവും ഇവർക്ക് ലഭ്യമാക്കുമെന്നാണ് സർക്കാർ പറയുന്നത്.

അന്തിമ പട്ടികയിൽ വരാത്ത പൗരന്മാരെ പരദേശികളായി ഉടൻ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ നിയമപരമായ സാധ്യതകളും തേടാൻ അവസരമുണ്ടാകുമെന്നാണ് പറയുന്നത്. ഫോറിനേഴ്സ് ട്രിബ്യൂണലിൽ അപ്പീൽ നൽകാനുള്ള അവസരം എല്ലാവർക്കുമുണ്ടായിരിക്കും. 120 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാവുന്നതാണ്. തർക്കങ്ങൾ പരിഹരിക്കുന്നതിനായി കുറഞ്ഞത് 1000 ട്രിബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രം പറയുന്നു. നിലവിൽ 100 ട്രിബ്യൂണലുകൾ മാത്രമാണുള്ളത്. സെപ്തംബർ ആദ്യവാരത്തോടെ നൂറെണ്ണം കൂടി നിലവില്‍ വരും. ട്രിബ്യൂണൽ തീരുമാനത്തിൽ പരാതിയുള്ളവർക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാവുന്നതാണ്. എല്ലാ നിയമസാധ്യതകളും ലഭ്യമാക്കിയതിനു ശേഷം മാത്രമേ ഇവരെ ജയിലിലടയ്ക്കുന്നതിലേക്ക് എത്തിച്ചേരൂ എന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

എന്താണ് ദേശീയ പൗരത്വ രജിസ്റ്റർ?

1970-കളുടെ അവസാനവും 80-കളിലും അസമില്‍ അനധികൃത കുടിയേറ്റത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും പിന്നീട് അസം ഗണ പരിഷത് ആയി മാറിയ ഓള്‍ അസം ഗണ സംഗ്രാം പരിഷത്തുമായിരുന്നു ഇതിന്റെ മുന്‍നിരയില്‍. അസം ഗണ പരിഷത്ത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ്. 1985-ലാണ് പ്രക്ഷോഭത്തിന് ഒരറുതി വരുന്നത്. അന്ന് സ്റ്റുഡന്റ്‌സ് യൂണിയനും ഗണ പരിഷത്തുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതല്‍ 61 വരെ അസമില്‍ എത്തിയവര്‍ക്ക് വോട്ടിങ് അവകാശം ഉള്‍പ്പെടെ പൂര്‍ണ പൗരത്വം നല്‍കാന്‍ തീരുമാനമായി. 61 മുതല്‍ 71 വരെയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വോട്ടിംഗ് അവകാശം ഇല്ലാതെ പൗരത്വവും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി. ഇതിനായാണ് പൗരത്വ രജിസ്റ്റർ കൊണ്ടുവന്നത്.

ബംഗ്ലാദേശ് രൂപീകരണ സമയത്ത് പാക്കിസ്ഥാന്‍ അതിക്രമങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെത്തിയവരും രൂപീകരണത്തിന് ശേഷം തൊഴിലും മറ്റും തേടിയെത്തിയവരും ഇപ്പോഴും എത്തുന്നവരുമെല്ലാമാണ് കേന്ദ്ര സർക്കാരിന്റെ പ്രത്യേക ലക്ഷ്യം. ഇവർ ഭൂരിഭാഗവും മുസ്ലിങ്ങളാണ് എന്നത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സഹായകമാകുന്നുണ്ട്. റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നവും നുഴഞ്ഞുകയറ്റങ്ങള്‍ക്ക് സാധ്യതയുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയുമെല്ലാം ചൂണ്ടിക്കാട്ടി രാജ്യത്ത് ഭീതി വളര്‍ത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.

എന്താണ് പൗരത്വ (ഭേദഗതി) ബിൽ 2016?

നരേന്ദ്ര മോദി സർക്കാർ പാർലമെൻറ്റിൽ അവതരിപ്പിച്ച ബില്ലാണ് പൗരത്വ (ഭേദഗതി) ബിൽ 2016. ബംഗ്ളാദേശിൽ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത ‘അനധികൃത കുടിയേറ്റക്കാരി’ൽ മുസ്ലീങ്ങളോ ജൂതരോ അല്ലാതിരിക്കുന്നിടത്തോളം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം എന്നാണു ഭേദഗതി. ബില്ലിലെ പ്രസ്താവനയും കാരണങ്ങളും പറയുന്നത്, “നിലവിലുള്ള 1955-ലെ പൗരത്വ നിയമത്തിനു കീഴിൽ ആറ് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ആളുകൾ-, അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ-ഇന്ത്യയിലേക്ക് നിയമപരമായ യാത്ര രേഖകളില്ലാതെ വരികയോ അല്ലെങ്കിൽ അവരുടെ യാത്രാ രേഖകളുടെ കാലാവധി അവസാനിക്കുകയോ ചെയ്താൽ അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും അവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാൻ അർഹതയില്ലാത്ത വരികയും ചെയ്യുന്നു. അവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാൻ സാധ്യമാക്കുന്നതിനാണ് നിർദേശം.” പൗരത്വത്തിന് അപേക്ഷിക്കുന്നതിനാവശ്യമായ ഇന്ത്യയിലെ താമസക്കാലം നിലവിലുള്ള 11-ൽ നിന്നും 6 വർഷമായി കുറയ്ക്കാനും ബില്ലിൽ ശുപാർശ ചെയ്യുന്നു.

എന്തായിരുന്നു 'അസം മുന്നേറ്റ'ത്തിന്റെ കാരണം?

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതുമുതൽ, കുടിയേറ്റം അസമിൽ നിർണായകമായ രാഷ്ട്രീയ പ്രശ്നമാണ്. 1951-ലാണ് സംസ്ഥാന സർക്കാർ ആദ്യ ജനസംഖ്യ കണക്കെടുപ്പിനൊപ്പം ആദ്യത്തെ NRC പ്രസിദ്ധപ്പെടുത്തിയത്. 1970-കളോടെ All Assam Students Union -ഉം All Assam Gana Sangram Parishad-ഉം അനധികൃത കുടിയേറ്റങ്ങൾക്കെതിരെ പൊതുവെ സമാധാനപരമായ രീതിയിൽ പ്രതിഷേധസമരങ്ങൾ തുടങ്ങി. ഇന്ത്യ സർക്കാർ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നും തദ്ദേശീയരായ അസംകാർക്ക് പരിരക്ഷ ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

കടുത്ത തൊഴിലില്ലായ്മയാണ് അസമിലെ വിദ്യാർത്ഥികളെയും യുവാക്കളെയും 'അസം മുന്നേറ്റം' എന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് പറയാം. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം തങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. സർക്കാരിന്റെ നയവൈകല്യങ്ങൾ മൂലമാണ് തൊഴിലില്ലായ്മ സൃഷ്ടിക്കപ്പെടുന്നതെന്നതെന്ന അടിസ്ഥാന ധാരണകൾ അട്ടിമറിക്കപ്പെട്ടു. വിദ്വേഷ പ്രചാരണത്തിന് മുൻകൈ ലഭിച്ചു. മുസ്ലിം വിരോധവും ദളിത് വിരോധവുമെല്ലാം ചേർന്ന് തങ്ങളുടെ തൊഴിലില്ലായ്മയുടെ കാരണക്കാരായ ശത്രുക്കളെ എളുപ്പത്തിൽ കണ്ടെത്തി. ‘പുറത്തുനിന്നുള്ളവർ’ക്കെതിരെയുള്ള ശക്തമായ തെരുവുജാഥകൾ നടക്കുന്ന ഒരു അന്തരീക്ഷത്തിൽ ഈ വിഷയത്തിൽ യുക്തിസഹമായ ഒരു സംവാദം പോലും അസാധ്യമായിത്തീർന്നു. 1985-ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രക്ഷോഭത്തിലുള്ള വിദ്യാർത്ഥികളുമായി ഒരു കരാറിൽ ഒപ്പിട്ടു. എല്ലാ ‘അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരെ’യും പുറത്താക്കുമെന്നുള്ള കുഴപ്പം പിടിച്ച ലക്ഷ്യത്തോടെയുള്ളതായിരുന്നു കരാർ. ഈ വികാരം ഈ വടക്കു കിഴക്കൻ സംസ്ഥാനത്ത് ഉറച്ചു. എല്ലാ ‘അനധികൃത കുടിയേറ്റക്കാരെ’യും മതം നോക്കാതെ പുറത്താക്കണമെന്നാണ് അസമിലെ പൊതു അഭിപ്രായം. മറ്റൊരുതരത്തിൽ സാംസ്കാരിക വൈവിധ്യം നിറഞ്ഞതും സങ്കീർണവുമായ വടക്കു കിഴക്കൻ പ്രദേശത്ത് (ബ്രിട്ടീഷുകാർ ‘വടക്കു കിഴക്കൻ’ എന്ന് വിളിച്ച ഈ മേഖലയിൽ 7 സംസ്ഥാനങ്ങളാണുള്ളത്) 2016-ൽ ബിജെപി ആദ്യമായി-അസമിൽ- അധികാരത്തിലെത്തി.

എങ്ങനെയാണ് പൗരത്വ രജിസ്റ്റർ തയ്യാറാക്കിയത്?

ഇതനുസരിച്ച് 1971 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാണ് NRC തയാറാക്കുന്നത്. 1971 മാര്‍ച്ച് 24-നു മുമ്പ് അസമിലോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തോ താമസിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖകള്‍ പൗരത്വ സ്ഥിരീകരണത്തിനായി ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 19 ലക്ഷത്തിലധികം പേരെ പുറത്താക്കുന്ന തീരുമാനമെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് 1971 മാർച്ചിനു മുമ്പ് മുതൽ ജീവിക്കുന്നവരാണ് തങ്ങളെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ ജനങ്ങൾക്ക് രാജ്യത്ത് തുടരാൻ കഴിയൂ എന്നതാണ് വ്യവസ്ഥ. 1951ൽ എടുത്ത കണക്കെടുപ്പിൽ ഉൾപ്പെട്ടവരുടെ പിൻഗാമികളെയും, 1971 മാർച്ച് 24നു മുമ്പായി തെരഞ്ഞെടുപ്പു പട്ടികയിൽ വന്നവരെയും അവരുടെ പിൻഗാമികളെയുമാണ് അസംകാരായി കണക്കാക്കിയത്.

എന്താണ് ബിജെപിയുടെ അജണ്ട?

ബിജെപിയെ സംബന്ധിച്ചിടത്തോളം NRC അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അസമില്‍ നിന്നുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കുമെന്ന് 2017 ഏപ്രിലില്‍ അസമിലെ ബിജെപി പ്രഖ്യാപിച്ചിരുന്നു. 2018 ജൂലൈയില്‍ നല്‍കിയ ഒരഭിമുഖത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞത് അനധികൃത കുടിയേറ്റം അസമില്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും NRC പുറത്തു വരുന്നതോടെ “അവിടെ നിന്ന് ഉള്ളവര്‍ ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും” മനസിലാകുമെന്നുമാണ്. അസമിനെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുക്തമാക്കുമെന്ന് 2014 ലോക്‌സഭാ പ്രചാരണ തെരഞ്ഞെടുപ്പ് സമയത്തും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രസ്താവിച്ചിരുന്നു.

Next Story

Related Stories