TopTop
Begin typing your search above and press return to search.

EXPLAINER: കഴുകിയാലും വേവിച്ചാലും പോവാത്ത ഫോര്‍മാലിന്‍; രാസ മീനുകളെ എങ്ങനെ തിരിച്ചറിയാം?

EXPLAINER: കഴുകിയാലും വേവിച്ചാലും പോവാത്ത ഫോര്‍മാലിന്‍; രാസ മീനുകളെ എങ്ങനെ തിരിച്ചറിയാം?

മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മല്‍സ്യവിഭവങ്ങള്‍. എന്നാല്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് ലഭിക്കുന്ന മത്സ്യത്തില്‍ മാരകമായ തോതില്‍ ഫോര്‍മാലിന്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലേക്കെത്തുന്ന മല്‍സ്യങ്ങളിലായിരുന്നു മാരകമായ തോതില്‍ രാസ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 6000 കിലോ ഗ്രാം ചെമ്മീനായിരുന്നു വാളയാര്‍ അതിര്‍ത്തിയില്‍ തടഞ്ഞുവച്ചത്. ഏകദേശം 45 ലോഡുകളിലായിരുന്നു ഇവ കേരളത്തിലേക്കെത്തിച്ചത്. തിരുവനന്തപുരത്തെ അമരവിള ചെക്ക് പോസ്റ്റിലും സമാനമായ തോതില്‍ രാസമാനിന്യം കലര്‍ന്ന മല്‍സ്യം പിടിച്ചെടുത്തതും സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്. കേരളത്തിലെ മല്‍സ്യ ഉപഭോഗം കണക്കിലെടുത്ത് കൊള്ളലാഭം കൊയ്യുകയാണ് അമിത രാസ പ്രയോഗത്തിനു പി്ന്നിലെ പ്രധാന കാരണം. ഗുരുതര രാസ സാന്നിധ്യമുള്ള ഏകദേശം 12000 കിലോഗ്രാം മല്‍സ്യമാണ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുള്ളത്.

മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന ട്രോളിങ്ങ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മല്‍സ്യ ലഭ്യതയുടെ കുറവു കൂടി മുതലെടുത്താണ് മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ള മീന്‍ ഇപ്പോള്‍ കൂടുതലായി സംസ്ഥാനത്തെത്തിക്കുന്നത്. എന്നാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തയ്യാറാക്കിയ സിഫ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കിയതോടെയാണ് രാസ സാന്നിധ്യം കണ്ടെത്തിയത്. പരിശോധനകള്‍ മല്‍സ്യ മാര്‍ക്കറ്റിലേക്ക് വ്യാപിക്കുമെന്നും അധികൃര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. കേരളത്തിലെത്തുന്ന മീനില്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നതായി വര്‍ഷങ്ങളായി പരാതി ഉയര്‍ന്നിരുന്നെങ്കിലും ആദ്യമായാണ് പരിശോധനയില്‍ പിടിക്കപ്പെടുന്നത്.

എന്താണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്?

മായം ചേര്‍ത്ത മീന്‍ സംസ്ഥാനത്തെത്തുന്നത് വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മായം ചേര്‍ക്കല്‍ കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന ആരോഗ്യ മന്ത്രി

കെ കെ ശൈലജയുടെ പ്രസ്താവനയ്ക്ക് പിറകെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗവും വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. മായം ചേര്‍ക്കല്‍ തടയാന്‍ നിയമ ഭേദഗതി വേണം. ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്ത് തിരുമാനിക്കും. മായം ചേര്‍ക്കുന്നവരെ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അടക്കം സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

എന്താണ് ഓപ്പറേഷന്‍ സാഗര്‍റാണി?

മീനുകളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്പന നടത്തുന്നത് തടയാന്‍ ഭക്ഷ്യ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പരിശോധനാ സംവിധാനമാണ് 'ഓപ്പറേഷന്‍ സാഗര്‍റാണി'. മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് കെമിക്കല്‍ പരിശോധനകളാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മത്സ്യബന്ധന തൊഴിലാളികള്‍, മത്സ്യവ്യാപാരികളുടെ സംഘടനകള്‍ എന്നിവയ്ക്ക് രാസവസ്തു ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെയും ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി ബോധവല്‍കരണം ഉള്‍പ്പെടെ ഉദ്ദേശിക്കുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ മൂന്ന് ജില്ലകളില്‍ നടത്തിയ പരിശോധകള്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചിട്ടുണ്ട്.

എന്താണ് സിഫ്റ്റ്?

മീനുകളിലെ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉപയോഗിക്കുന്ന പ്രാഥമിക പരിശോധനാ സംവിധാനമാണ് സിഫ്റ്റ്. സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തയ്യാറാക്കിയ കിറ്റിന്റെ ചുരുക്കപ്പേരാണ് സിഫ്റ്റ്. ഒരു പേപ്പര്‍ സ്ട്രിപ്പും രാസ ലായിനിയും അടങ്ങുന്നതാണ് കിറ്റ്. കിറ്റിലെ പേപ്പര്‍ മല്‍സ്യത്തില്‍ ഉരസിയ ശേഷം കിറ്റിലെ ലായിനി പേപ്പറിലേക്ക് ഒഴിക്കുകയാണ് പരിശോധനാ രീതി. പേപ്പറിന്റെ നിറം നീലയായി മാറിയാല്‍ രാസ സാന്നിധ്യത്തിന് തെളിവാണ്. ഇത്തരം പരിശോധന പ്രകാരം അമരവിള ചെക്ക് പോസ്റ്റില്‍ കണ്ടെത്തിയ മീനില്‍ മാരകമായ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ മല്‍സ്യത്തില്‍ ഒരു കിലോഗ്രാമില്‍ 63 മില്ലി ഗ്രാം ഫോര്‍മാലിന്‍ അളവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് സംസ്ഥാനത്ത് സിഫ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തി പരിശോധന വ്യാപിക്കുന്നത്. ഫിഷറീസ്, ഭക്ഷ്യ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. മുന്നു മിനിറ്റിനകം റിസള്‍ട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ പ്രത്യേകത.

മല്‍സ്യത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്തെല്ലാം?

ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനായാണ് മല്‍സ്യത്തില്‍ സാധാരണയായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. മിതമായ തോതില്‍ ഇതിന്റെ ഉപയോഗം സാധാരണമാണ്. എന്നാല്‍ സംസ്ഥാനത്തെത്തുന്ന മല്‍സ്യങ്ങളില്‍ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയവയുടെ അമിത ഉപയോഗമാണ് കണ്ടെത്തിയിട്ടുള്ളത്. ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് തയ്യാറാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍ പ്രധാനമായും ഉപയോഗിക്കുന്നത് മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനായാണ്. ഈ ലായനിയില്‍ ആറുമാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടുകൂടാകാതെ സൂക്ഷിക്കാന്‍ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്. ഇവ മനുഷ്യ ശരീരത്തിലെത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും. ഈ സാഹചര്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ ഉള്ളില്‍ ചെന്നാല്‍ ആന്തരികാവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും മാരകമായ അസുഖങ്ങള്‍ക്കും കാരണമായേക്കും. അതേസമയം മീനില്‍ ഉപയോഗികുന്ന ഐസ് പെട്ടെന്ന് അലിഞ്ഞു തീരാതിരിക്കാനാണ് അമോണിയ ഉപയോഗിക്കുന്നത്. സോഡിയം ബെന്‍സോ സൈറ്റാണ് മറ്റൊരു രാസ സാന്നിധ്യം. കേരളത്തിലെ കച്ചവടക്കാരില്‍ പലരും ഇതിന്റെ ദുഷ്യഫലം അറിയാതെയാണ് സോഡിയം ബെന്‍സോസൈറ്റ് ഉപയോഗിക്കുന്നതെന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്. മീനില്‍ ഈച്ച വരാതിരിക്കാനും പഴക്കം തോന്നാതിരിക്കാനും പൊടി രൂപത്തിലെത്തുന്ന ബെന്‍സൈറ്റ് കലക്കി ഒഴിക്കുകയാണ് പതിവ്.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം മീനില്‍ ഉപയോഗിക്കാവുന്ന രാസവസ്ഥുക്കളുടെ അളവിലും നിയന്ത്രണമുണ്ട്. ഇതുപ്രകാരം അമോണിയയുടെ അനുവദനീയമായ അളവ് 300 പിപിഎമ്മും, ഫോര്‍മാള്‍ഡിഹൈഡിന്റേത് 4 പിപിഎമ്മുമാണ്.

എന്തൊക്കെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍?

ഫോര്‍മാലിന്‍ ഉപയോഗിച്ച മല്‍സ്യം ആഴ്ചകളോളം കേടുകൂടാതിരിക്കും. ഇതോടൊപ്പം മീനിന്റെ മാംസത്തിലേക്കും ഫോര്‍മാലിന്‍ പ്രവേശിക്കുന്നതോടെ അഴുകയോ ദുര്‍ഗന്ധം വമിക്കുകയോ ചെയ്യുകയും ഇല്ല. മീനിലെ പ്രോട്ടീനിനെ വരെ ബാധിക്കുന്ന ഫോര്‍മാലിന്‍ കഴുകിയാലും വേവിച്ചാലും പുറത്തു പോവില്ലെന്നും ഗവേഷകര്‍ പറയുന്നു. ഫോര്‍മാലിന്‍ ഉപയോഗിച്ച മീന്‍ സ്ഥിരമായി കഴിക്കുന്നവരില്‍ വൃക്കരോഗത്തിനടക്കം സാധ്യത അധികമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെന്റട്രല്‍ ഫിഷറീസ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

മല്‍സ്യം ഭക്ഷിക്കുന്നത് സ്ഥിരമാക്കിയ മലയാളികള്‍ക്ക് നഷ്ടമാവുന്നത് തങ്ങളുടെ ആരോഗ്യം തന്നെയാണ്. രാസവസ്തുക്കള്‍ അടങ്ങിയ മല്‍സ്യം പതിവായി ഉപയോഗിക്കുന്നവരിലെ ദഹന വ്യവസ്ഥ, കരള്‍, വൃക്ക, നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സോഡിയം ബെന്‍സോസൈറ്റിന്റെ ഉപയോഗം കാന്‍സര്‍ മുതല്‍ ജനിതക വൈകല്യം വരെ ഉണ്ടാക്കാന്‍ പോന്നതാണ് ഈ രാസവസ്തു. ഇതോടെ പാര്‍ക്കിങ്ങ്സണ്‍, അകാല വാര്‍ദ്ധക്യം തുടങ്ങി കോശങ്ങളുടെ നേരിട്ടുള്ള നാശത്തിലേക്കും വഴിവയ്ക്കും. ശരീരത്തിന്റെ പ്രതിരോധ ശേഷി ഇല്ലാതാക്കുന്നതിലേക്കും ബെന്‍സോ സൈറ്റിന്റെ പ്രവര്‍ത്തനം കാരണമാവും.

കേരളത്തിലെ മീന്‍ ഉപഭോഗത്തെയും മത്സ്യ മേഖലയെയും എങ്ങനെ ബാധിക്കും?

കേരളത്തിലെ ഒരു ദിവസത്തെ മല്‍സ്യത്തിന്റെ ഉപഭോഗം 2500 ടണ്ണാണെന്നാണ് മൊത്തക്കച്ചവടക്കാരുടെ കണക്ക്. ഇത് പരിശോധിച്ചാല്‍ മതി കേരളത്തിലെ മല്‍സ്യ കച്ചവടത്തിലെ ലാഭത്തിന്റെ കണക്കു മനസിലാക്കാന്‍. ഇതിലെ 45 ശതമാനത്തിലധികവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നതുമാണ്. ഏതദേശം 1500 ടണ്‍ മല്‍സ്യമാണ് കേരളത്തിലെ ഗ്രാമീണ മേഖലയില്‍ പ്രതിദിന ശാശരി ഉപയോഗം. രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ പിടിക്കപ്പെട്ടു എന്ന വാര്‍ത്ത മല്‍സ്യ ഉപഭോഗത്തില്‍ കുറവുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഹോട്ടല്‍ മേഖലയെയും ഇത് പ്രതികൂലമായി ബാധിക്കും. അതേസമയം ഇത് മല്‍സ്യ ബന്ധന മേഖലയില്‍ വലിയ തൊഴില്‍ നഷ്ടത്തിനും കാരണമാകും. മല്‍സ്യത്തിന്റെ മൊത്തക്കച്ചവടക്കാര്‍ മുതല്‍ താഴെ തട്ടില്‍ മല്‍സ്യ വിപണനം നടത്തുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ നിരവധിയാണ്. കൂടാതെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന ഫ്രെഷായ മല്‍സ്യങ്ങള്‍ക്ക് വില കിട്ടില്ല എന്ന പ്രതിസന്ധിയും നേരിടേണ്ടതുണ്ട്. ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മീന്‍ കറിയും കപ്പയും പാചകം ചെയ്തുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ ഇന്നലെ സമരം നടത്തുകയുണ്ടായി. മത്സ്യ വിപണന മേഖലയിലെ പ്രതിസന്ധി തുടര്‍ന്ന് പോയാല്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ മീന്‍ കച്ചവടം നടത്തിക്കൊണ്ട് സമരം ശക്തമാക്കും എന്നാണ് സംഘടന പറയുന്നത്.

കയറ്റുമതി മല്‍സ്യത്തില്‍ രാസപ്രയോഗമുണ്ടോ?

ചെമ്മീന്‍ ഉല്‍പാദനത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആന്ധ്ര പ്രദേശാണ്. സംസ്ഥാനത്തെ വ്യാവസായികാടിസ്ഥാനത്തിലുള്ള ചെമ്മീന്‍ ഉല്‍പാദനത്തില്‍ വ്യാപകമായി അന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇടനിലക്കാരും, ഉല്‍പാദകരുമടക്കം വ്യക്തമാക്കുന്നു. എന്നാല്‍ യൂറോപ്പ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന മീനുകളില്‍ രാസപ്രയോഗം കുറവാണെന്നാണ് വിലയിരുത്തല്‍. കയറ്റുമതി ചെയ്യപ്പെടുന്ന മീനില്‍ രാസ സാന്നിധ്യം കണ്ടെത്തിയാല്‍ അവ തിരിച്ചയക്കുമെന്നതാണ് ഇതിനുകാരണം. അടുത്തിടെ കേരളം വഴി കയറ്റുമതിചെയ്ത ചെമ്മീന്‍ യുറോപ്യന്‍ യൂണിയനില്‍ നടത്തിയ പരിശോധന പ്രകാരം തിരിച്ചയക്കപ്പെട്ടതും വാര്‍ത്തയായിരുന്നു. എന്നാല്‍, ഇത്തരത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന മത്സ്യം പ്രാദേശികതലത്തില്‍ വിതരണം ചെയ്യപ്പെടുമ്പോള്‍ നാട്ടുകാര്‍ വിഷം ഭക്ഷിക്കുന്ന അവസ്ഥയുണ്ടാവുകയെന്നതാണ് യാഥാര്‍ഥ്യം. ഡോര്‍ ഡെലിവറി അടക്കമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഫ്രഷ് മല്‍സ്യമെന്ന പേരില്‍ നേരിട്ട് അളുക്കളയിലെത്തുന്ന മല്‍സ്യമടക്കം പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്.


Next Story

Related Stories