UPDATES

Explainer: ട്രംപ് പൊട്ടിച്ച കശ്മീര്‍ വെടിയുടെ ഗൂഢ ലക്ഷ്യം എന്ത്?

“കഴിഞ്ഞ ഫെബ്രുവരിയിൽ ചില സംഭവങ്ങളുണ്ടായതിനെ തുടർന്ന് അതിർത്തിയിൽ വീണ്ടും പ്രശ്നങ്ങളാണ്. ഉപഭൂഖണ്ഡം പൊതുവിൽ ഒരു തിരിച്ചറിവിലെത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് ഞാൻ ട്രംപിനോട് അദ്ദേഹത്തിന് ഒരു റോൾ വഹിക്കാനാകുമെന്ന് പറഞ്ഞത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്കും പാകിസ്താനുമിടയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ യുഎസ്സാണ്,” ഇമ്രാൻ മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈ 22നാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ കശ്മീര്‍ പ്രശ്നത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവന വന്നത്. കശ്മീർ പ്രശ്നത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയിൽ ഇടനില വഹിക്കാൻ തന്നോട് മോദി ആവശ്യപ്പെട്ടെന്നും തങ്ങളതിന് തയ്യാറാണെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇന്ത്യയുടെ നയതന്ത്ര നിലപാടുകളെ രാജ്യത്തിനകത്തും പുറത്തും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഈ പ്രസ്താവനയെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഈ വിഷയത്തിൽ ഇക്കാലമത്രയും ഒരു മൂന്നാംകക്ഷിയുടെ ഇടപെടലിന് ഇന്ത്യ തയ്യാറായിട്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലൊരിക്കലും ഇത്തരമൊരു നിർദ്ദേശത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുൻപൊരിക്കൽ കശ്മീർ പ്രശ്നത്തിൽ സൗദി അറേബ്യ ഒരു ‘ഇന്റർലോക്യൂട്ടർ‌’ ആയി വർത്തിക്കുമെന്ന് പ്രസ്താവനയിറക്കിയ ശശി തരൂരിന് തന്റെ വിദേശകാര്യ സഹമന്ത്രിസ്ഥാനം തന്നെ പിന്നീട് ഒഴിയേണ്ടതായി വന്നു. രാജ്യം ഏറെ കാർക്കശ്യത്തോടെ പിന്തുടർന്നു വന്ന ഒരു നയതന്ത്ര നിലപാടിനെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പേര് വ്യക്തമായി പ്രസ്താവിച്ച് ട്രംപ് ചോദ്യം ചെയ്തിരിക്കുന്നത്. ഇതിൽ മോദിയുടെ പങ്കെന്താണെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇതിനകം തന്നെ ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നത് അടക്കമുള്ള ഗൗരവമേറിയ ചില പ്രശ്നങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ചൈന വൻശക്തിയായി വളർന്നു കഴിഞ്ഞിട്ടുള്ള സാഹചര്യത്തിൽ മേഖലയിലെ ഭൗമരാഷ്ട്രീയത്തിൽ അമേരിക്കയുടെ താൽപര്യങ്ങൾ പ്രവർത്തിക്കുന്ന വിധത്തെക്കുറിച്ചാണ് ആലോചനകളുയരുന്നത്.

എന്താണ് കശ്മീര്‍ വിഷയത്തിൽ ഇന്ത്യയുടെ നിലപാട്?

കശ്മീർ പ്രശ്നമടക്കം, ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരസ്പര സംഭാഷണങ്ങളിലൂടെ പരിഹരിക്കാമെന്നതാണ് ഇന്ത്യയുടെ നിലപാട്. ഇതിലൊരു മൂന്നാംകക്ഷിക്ക് സാധ്യതയില്ല. ഇതിന് 1972 ജൂലൈ രണ്ടിന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച സിംല കരാറിന്റെ ബലമാണ് ഇന്ത്യയുടെ ഈ നിലപാടിനുള്ളത്.

എന്താണ് സിംല കരാർ?

പാക് പ്രസിഡണ്ട് സുൽഫികർ അലി ഭൂട്ടോയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമാണ് ഈ കരാർ ഒപ്പുവെച്ചത്. 1971ലെ യുദ്ധാനന്തരമുള്ള ഒരു സമാധാനക്കരാർ എന്നതിലുപരിയായ ലക്ഷ്യങ്ങൾ ഇതിനുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അയൽബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഈ കരാറിനു പിന്നിലെ അടിസ്ഥാന ചോദനകളിലൊന്ന്. യുഎൻ ചാർട്ടറിനെ ആധാരമാക്കിയായിരിക്കും ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്റെ ധാരണകൾ രൂപപ്പെടുത്തേണ്ടതെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളെ ഉഭയകക്ഷി ചർച്ചകളിലൂടെ വേണം പരിഹരിക്കാനെന്നും സിംല കരാർ പറയുന്നു.

ഈ കരാറിന്റെ പച്ചയായ ലംഘനം നടക്കുന്നുവോയെന്ന സംശയമാണ് ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷം ഉയർന്നിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായി ഒട്ടും ആശാസ്യകരമല്ല ഇത്.

ഇമ്രാൻ-ട്രംപ് ചർച്ചയുടെ പങ്ക്?

ഇടനിലക്കാരനാകാമെന്ന ട്രംപിന്റെ പ്രസ്താവന വന്നത് ഇമ്രാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എന്നതിനാൽത്തന്നെ ഇക്കാര്യത്തിൽ ട്രംപിന്റെ മനോഗതി സംശയിക്കപ്പെടുന്നുണ്ട്. അത് വെറുമൊരു നാക്കുപിഴ ആയിരുന്നില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

“രണ്ടാഴ്ച മുമ്പ് ഞാന്‍ മോദിക്കൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. താങ്കളെ മധ്യസ്ഥനാക്കാന്‍ താല്‍പര്യപ്പെടുന്നു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അവര്‍ക്ക് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ താല്‍പര്യമുണ്ട്. താങ്കളും (ഇമ്രാന്‍ ഖാന്‍) ഇത് താല്‍പര്യപ്പെടുന്നുണ്ടാകുമല്ലോ. എനിക്ക് മധ്യസ്ഥനാകാന്‍ സന്തോഷമേയുള്ളൂ,” ഇതായിരുന്നു ഇമ്രാന്‍ ഖാനുമൊത്ത് വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്റെ വാക്കുകൾ. പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ട്രംപും കഴിഞ്ഞ മാസം ജപ്പാനിലെ ഒസാകയില്‍ ജി 20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദർഭത്തിൽ ഇത്തരമൊരാവശ്യം മോദി ഉന്നയിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്.

എന്താണ് യുഎസ്സിന്റെ പ്രതികരണം?

കാശ്മീരില്‍ മധ്യസ്ഥത വഹിക്കാം എന്ന വാഗ്ദാനം യുഎസ് നേരത്തെയും മുന്നോട്ടുവച്ചിട്ടുള്ളതാണ്. എന്നാല്‍ കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചയില്‍ ഇടനിലക്കാരോ മൂന്നാംകക്ഷിയോ വേണ്ട എന്നതാണ് ഇന്ത്യയുടെ ഉറച്ച നിലപാട്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇത് വീണ്ടും ഉറപ്പിച്ചു പറഞ്ഞതോടെ യുഎസ് പ്രതിരോധത്തിലായി. രണ്ട് കക്ഷികളെയും എല്ലാത്തരത്തിലും പിന്തുണയ്ക്കുമെന്നു മാത്രമേ ട്രംപ് ഉദ്ദേശിച്ചുള്ളൂവെന്നും കശ്മീർ പ്രശ്നം ഇന്ത്യ-പാക് അതിർത്തികൾക്കുള്ളിൽ തന്നെ തീര്‍പ്പാകേണ്ടതാണെന്നും യുഎസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

എന്താണ് ഇന്ത്യൻ പ്രതിപക്ഷം പറയുന്നത്?

കശ്മീര്‍ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മധ്യസ്ഥം വഹിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ശരിയാണെങ്കിൽ പ്രധാനമന്ത്രി രാജ്യത്തെ ഒറ്റിക്കൊടുത്തെന്നായിരുന്നു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ദുർബലമായ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും, ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ എന്തെല്ലാമാണ് സംഭവിച്ചതെന്ന് തുറന്നു പറയാൻ മോദി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1972ലെ ഷിംല കരാറിനെയും ഇന്ത്യയുടെ താല്‍പര്യങ്ങളെയും മോദി ഒറ്റിക്കൊടുത്തെന്ന് അദ്ദേഹം പറഞ്ഞു.

പാർലമെന്റിലെ പ്രതിപക്ഷ പ്രതികരണം?

ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായി പെരുമാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സഭകളിലും വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനായി സഭാനടപടികള്‍ നിർത്തി വെക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. ഇതേവിഷയത്തിൽ പ്രതിപക്ഷ നേതാക്കളുടെ ഒരു യോഗം കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ചേംബറിൽ ചേരുകയുണ്ടായി.

ഇന്ത്യയുടെ പ്രതികരണമെന്ത്?

ട്രംപിനോട് ഇത്തരമൊരാവശ്യം ഇന്ത്യൻ പ്രധാനമന്ത്രി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രാജ്യസഭയിൽ നൽകിയ വിശദീകരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടിൽ നിന്നും ഇന്ത്യ പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“അത്തരത്തിലുള്ള ഒരപേക്ഷയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ടു വെച്ചിട്ടില്ല. ഇത് ഇന്ത്യയുടെ സ്ഥിരമായ നിലപാടാണ്.” -വിദേശകാര്യവക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. പാകിസ്താനുമായുള്ള ഏതിടപാടിനും അതിർത്തി കടന്നുള്ള തീവ്രവാദം അവർ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ഇരുരാജ്യങ്ങളുടെ മുൻകൈയിൽ തന്നെ അവസാനിപ്പിക്കുന്നതിന് ഷില കരാറും ലാഹോർ പ്രഖ്യാപനവും മതിയായവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് പാകിസ്താന്റെ നിലപാട്?

മുന്നു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്രംപുമായുള്ള ചർച്ചയിൽ മുമ്പോട്ടു വെച്ച വാദം കശ്മീരിനെച്ചൊല്ലിയുള്ള ഇന്ത്യ-പാക് പ്രശ്നങ്ങൾ‌ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാനാകില്ല എന്നാണ്. ഇടനില നിൽക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു ഇമ്രാൻ. “കഴിഞ്ഞ ഫെബ്രുവരിയിൽ ചില സംഭവങ്ങളുണ്ടായതിനെ തുടർന്ന് അതിർത്തിയിൽ വീണ്ടും പ്രശ്നങ്ങളാണ്. ഉപഭൂഖണ്ഡം പൊതുവിൽ ഒരു തിരിച്ചറിവിലെത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് ഞാൻ ട്രംപിനോട് അദ്ദേഹത്തിന് ഒരു റോൾ വഹിക്കാനാകുമെന്ന് പറഞ്ഞത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്കും പാകിസ്താനുമിടയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ യുഎസ്സാണ്,” ഇമ്രാൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 70 വർഷമായി പാകിസ്താനും ഇന്ത്യക്കും പരിഷ്കൃതരായ അയൽക്കാരായി ജീവിക്കാന്‍ കഴിയാത്തതിനുള്ള ഏക കാരണം കശ്മീരാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

Share on

മറ്റുവാർത്തകൾ