UPDATES

EXPLAINER: മെക്സിക്കോ – യുഎസ് അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നത്? മാതാപിതാക്കളില്‍ നിന്ന് യുഎസ് വേര്‍പെടുത്തുന്ന കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു?

ഏതെങ്കിലും ഇന്ത്യന്‍ കുട്ടികള്‍ ഇത്തരത്തില്‍ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. അതേസമയം അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചതിനെ തുടര്‍ന്ന് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയ നിരവധി ഇന്ത്യക്കാര്‍ ഒറിഗോണിലെ ഫെഡറല്‍ ജയിലിലുണ്ട്.

മെക്സിക്കോ അതിര്‍ത്തിയിലെ വിവാദമായ സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായുള്ള ഫാമിലി സെപ്പറേഷന്‍ പരിപാടി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ കഴിഞ്ഞ ദിവസം ഒപ്പ് വച്ചിരുന്നു. ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്‍പ്പടെ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ട്രംപ് ഗവണ്മെന്റിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായുള്ള മനുഷ്യാവകാശ ലംഘനം ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായ പ്രചാരണ വിഷയമാക്കുന്നുണ്ട്.

കുടിയേറ്റ വിരുദ്ധ സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ മെക്സിക്കോ അതിര്‍ത്തി കടന്ന് യുഎസിലേയ്ക്ക് വരുന്ന കുടുംബങ്ങളോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത സമീപനമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ തുടക്കം മുതല്‍ സ്വീകരിച്ചുപോന്നത്. കുടിയേറ്റ വിരുദ്ധത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ പ്രാധാന പ്രചാരണായുധങ്ങളില്‍ ഒന്നായിരുന്നു. ഫാമിലി സെപ്പറേഷന്‍ പോളിസിയെ ന്യായീകരിച്ച ട്രംപ് യുഎസിലേക്ക് അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച് കൂടുകളില്‍ പാര്‍പ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ത്താന്‍ ഇടയാക്കിയതിന് പിന്നാലെയാണ് ട്രംപിന്‍റെ പുനര്‍വിചിന്തനം. അതേസമയം രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്ന സീറോ ടോളറന്‍സ് പോളിസിയില്‍ യാതൊരു അയവും ഉണ്ടാകില്ലെന്നും ട്രംപ് പറയുന്നു. അതേസമയം കുട്ടികളെ ഫെഡറല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ യുഎസ് നിയമം അനുവദിക്കാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളെ ഡിറ്റന്‍ഷന്‍ സെന്‍ററുകളില്‍ തന്നെ പാര്‍പ്പിക്കേണ്ടി വരും. 20 ദിവസത്തില്‍ കൂടുതല്‍ കുട്ടികളെ ഡിറ്റന്‍ഷെന്‍ സെന്ററുകളില്‍ പാര്‍പ്പിക്കുന്നത് ഒഴിവാക്കും വിധം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ വിചാരണ നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിയണം എന്നാണ് ലക്ഷ്യമെന്ന് ട്രംപ് ഗവണ്‍മെന്റ് പറയുന്നു.

യുഎസില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിക്കുന്നത്?

അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ ട്രംപ് ഗവണ്‍മെന്റ് തീരുമാനിച്ചു. രണ്ടായിരത്തോളം കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വേര്‍പെടുത്തി ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടച്ചിട്ടിരിക്കുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ വലിയ തോതില്‍ സീറോ ടോളറന്‍സ് എന്നറിയപ്പെടുന്ന സെപ്പറേഷന്‍ പോളിസിക്കെതിരെ രംഗത്ത് വന്നു.

എന്തിനാണ് കുട്ടികളെ ഇത്തരത്തില്‍ അവരുടെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിക്കുന്നത്?

ഏപ്രിലില്‍ യുഎസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് സീറോ ടോളറന്‍സ് പോളിസി പ്രഖ്യാപിച്ചു. ഞങ്ങള്‍ക്ക് മുന്നിലെത്തുന്ന എല്ലാ കേസുകളിലും പ്രോസിക്യൂഷന്‍ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അറ്റോണി ജനറല്‍ പറഞ്ഞു. ട്രംപ് ഗവണ്‍മെന്റിന്റെ പുതിയ നയപ്രകാരം നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്ന എല്ലാവരേയും – യുഎസില്‍ രാഷ്ട്രീയ അഭയം തേടി എത്തുന്നവരായാല്‍ പോലും – ക്രിമിനല്‍ പ്രോസിക്യൂഷന് വിധേയരാക്കും.

ഫെഡറല്‍ ജയിലുകളില്‍ കുട്ടികളെ പാര്‍പ്പിക്കാന്‍ യുഎസ് നിയമം അനുവദിക്കുന്നില്ല. അതിനാല്‍ അവരെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റില്‍മെന്റിന്റെ (ഒആര്‍ആര്‍) സംരക്ഷണയില്‍ പാര്‍പ്പിക്കുന്നു. ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് ആറാഴ്ചക്കുള്ളില്‍ രണ്ടായിരത്തിനടുത്ത് കുട്ടികളെ ഇത്തരത്തില്‍ വേര്‍പെടുത്തി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ 19നും മേയ് 31നുമിടയില്‍ 1940 പ്രായപൂര്‍ത്തിയായവരില്‍ നിന്ന് 1995 കുട്ടികളെ വേര്‍പടുത്തി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇതിലധികമായി നൂറ് കണക്കിന് കുട്ടികളെ ഇത്തരത്തില്‍ രക്ഷിതാക്കളില്‍ നിന്ന് യുഎസ് അധികൃതര്‍ വേര്‍പെടുത്തിയിട്ടുണ്ടെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

ഈ കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു?

18 മാസം അതായത് ഒന്നര വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരെ 72 മണിക്കൂറിനകം ബോര്‍ഡര്‍ ഏജന്റുകള്‍ എന്നറിയപ്പെടുന്ന അതിര്‍ത്തിരക്ഷാ ഉദ്യോഗസ്ഥര്‍ ഒആര്‍ആറിന് കൈമാറുന്നു. Unaccompanied alien children എന്ന വിഭാഗത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ബന്ധുക്കള്‍ക്കായോ അല്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കായോ ഏജന്‍സി ഉദ്യോഗസ്ഥര്‍ ആഴ്ചകളാ മാസങ്ങളോ കാത്തിരിക്കും. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട കേസ് തീരുന്നത് വരെ ഈ കാത്തിരിപ്പ് നീളാം.

ഈ കുട്ടികള്‍ ഏത് വിധമാണ് പരിഗണിക്കപ്പെടുന്നത്?

നൂറ് കണക്കിന് കുട്ടികള്‍ കോണ്‍ക്രീറ്റ് നിലങ്ങളുള്ള കേന്ദ്രങ്ങളില്‍ അടയ്ക്കപ്പെടുന്നതായി മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഒരു കൊച്ചുപെണ്‍കുട്ടിയെ ഒരു കൗമാരപ്രായക്കാരി സഹായിച്ചിരുന്നു. കുട്ടിയുടെ അമ്മായി ഈ കേന്ദ്രത്തില്‍ മറ്റെവിടെയോ ആയിരുന്നു. പെണ്‍കുട്ടിയുടെ ഡയാപ്പര്‍ എങ്ങനെ മാറ്റാം എന്ന് മറ്റുള്ളവര്‍ക്ക് അവള്‍ കാണിച്ചുകൊടുക്കേണ്ടിയിരുന്നു. ഷെല്‍ട്ടറുകളില്‍ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കൊടുക്കുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ വളരെയധികം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി ക്യാമ്പുകള്‍ സന്ദര്‍ശിച്ചവര്‍ പറയുന്നു.

ഈ സംവിധാനം ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. 2014 മുതല്‍ പതിനായിരക്കണക്കിന് സെന്‍ട്രല്‍ അമേരിക്കന്‍ കുട്ടികള്‍ അല്ലെങ്കില്‍ unaccompanied minors കടുത്ത ദാരിദ്ര്യവും അക്രമങ്ങളും കാരണം തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്ത് ടെക്‌സാസ് അതിര്‍ത്തിയിലെത്തിയിട്ടുണ്ട്.

ഈ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്കൊപ്പം വീണ്ടും കഴിയാനാകുമോ?

കുടുംബങ്ങളെ വീണ്ടും ബന്ധപ്പെടുത്താന്‍ വ്യക്തമായ നടപടിക്രമങ്ങളോ സംവിധാനമോ ഇല്ലെന്നാണ് ഇമിഗ്രേഷന്‍ അഡ്വോക്കസി ഗ്രൂപ്പുകളും അഭിഭാഷകരുമെല്ലാം പറയുന്നത്.

എന്തിനാണ് രാജ്യം വിട്ട് യുഎസിലേയ്ക്ക് കുടിയേറാന്‍ ശ്രമിച്ചത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകാന്‍ സാധ്യതയുള്ള, തങ്ങളുടെ രക്ഷിതാക്കളെ കണ്ടെത്തുക എങ്ങനെയെന്ന് ഈ കുട്ടികള്‍ക്കറിയില്ല. ഒരു രക്ഷിതാവിനെ യുഎസില്‍ നിന്ന് നാടുകടത്തി എന്ന് കരുതുക – കുട്ടിയും ഇവരോടൊപ്പം ഡീപോര്‍ട്ട് ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള കൃത്യമായ നടപടിക്രമങ്ങളില്ല.

ഇതിന് മുമ്പ് കുടുംബങ്ങള്‍ക്ക് എന്ത് സംഭവിച്ചു?

2014ല്‍ മധ്യ അമേരിക്കയില്‍ നിന്ന് കുടുംബങ്ങളുടേയും കുട്ടികളുടേയും വലിയ തോതിലുള്ള ഒഴുക്ക് യുഎസിലേയ്ക്കുണ്ടായി. ബറാക് ഒബാമയുടെ ഗവണ്‍മെന്റ് കുടുംബങ്ങളെ കസ്റ്റഡിയിലെടുത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചു. ഇത് വലിയ വിമര്‍ശനമുയരാന്‍ ഇടയാക്കി. ഇത്തരത്തില്‍ മാസങ്ങളോളം കുടിയേറ്റക്കാരായ കുടുംബങ്ങളെ പ്രത്യേകിച്ച് കാരണം പറയാതെ തടങ്കലില്‍ വയ്ക്കുന്ന പരിപാടി 2015ല്‍ ഫെഡറല്‍ കോടതി നിരോധിച്ചു. ഇവരെ വിട്ടയച്ചു. ഇമിഗ്രേഷന്‍ കേസുകള്‍ കോടതിയില്‍ തുടര്‍ന്നു. ഇതിനെ കാച്ച് ആന്‍ഡ് റിലീസ് (പിടികൂടുക, വിട്ടയയ്ക്കുക) പ്രോഗ്രാം എന്ന് വിളിച്ചാണ് ട്രംപ് ഗവണ്‍മെന്റ് പരിഹസിക്കുന്നത്

ഈ നയത്തെ ട്രംപ് ഭരണകൂടത്തിലെ മുഴുവന്‍ പേരും പിന്തുണയ്ക്കുന്നുണ്ടോ?

യുഎസിലെ ജനങ്ങള്‍ എന്ത് പറയുന്നു?

വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍, മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭാര്യ ലോറ ബുഷ് സീറോ ടോളറന്‍സ് പോളിസിക്കെതിരെ ആഞ്ഞടിച്ചു. ക്രൂരവും അധാര്‍മ്മികവുമാണ് ട്രംപ് ഗവണ്‍മെന്റിന്റെ നടപടിയെന്ന് അവര്‍ കുറ്റപ്പെടുത്തി. രണ്ടാം ലോകയുദ്ധ കാലത്തെ ജപ്പാനിലെ അമേരിക്കയുടെ ഇന്റേണ്‍മെന്റ് ക്യാമ്പ്ുകള്‍ക്ക് തുല്യമാണ് മെക്‌സിക്കോ അതിര്‍ത്തിയിലെ അവസ്ഥയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. യുഎസ് ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംവിധാനങ്ങളിലൊന്ന്.

ആക്ടിവിസ്റ്റുകള്‍, ചലച്ചിത്ര സംവിധായകര്‍, ഡെമോക്രാറ്റുകള്‍, റിപ്പബ്ലിക്കന്മാര്‍ – തുടങ്ങി വിവിധ മേഖലയില്‍ പെട്ടവരും വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവരും ട്രംപിന്റെ നയത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരുണ്ടോ?

ഏതെങ്കിലും ഇന്ത്യന്‍ കുട്ടികള്‍ ഇത്തരത്തില്‍ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. അതേസമയം അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചതിനെ തുടര്‍ന്ന് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയ നിരവധി ഇന്ത്യക്കാര്‍ ഒറിഗോണിലെ ഫെഡറല്‍ ജയിലിലുണ്ട്.

ഏഷ്യന്‍ പസിഫിക് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ഓറിഗോണ്‍ (എപിഎഎന്‍ഒ) പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു – കഴിഞ്ഞ ഒരു മാസത്തിനിടെ രാഷ്ട്രീയ അഭയം തേടി വന്ന 123 കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ഓറിഗോണിലെ ഷെറിഡാന്‍ ഫെഡറല്‍ പ്രിസണില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ദക്ഷിണേഷ്യക്കാരാണ്. കുറച്ചുപേര്‍ ചൈനക്കാരും നേപ്പാളുകാരും. 52 പേര്‍ ഇന്ത്യയില്‍ നിന്നാണെന്നും 13 പേര്‍ നേപ്പാളികളും രണ്ട് പേര്‍ ബംഗ്ലാദേശുകാരുമാണ് എന്ന് സിഖ് സമുദായ സംഘടന പ്രവര്‍ത്തകയായ വലാരി കൗര്‍ ട്വീറ്റ് ചെയ്തിരുന്നു. ദ ഹിന്ദു ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share on

മറ്റുവാർത്തകൾ