TopTop
Begin typing your search above and press return to search.

Explainer: 20 കോടി തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കുന്നതെന്തിന്?-ദ്വിദിന പൊതുപണിമുടക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടവ

Explainer: 20 കോടി തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കുന്നതെന്തിന്?-ദ്വിദിന പൊതുപണിമുടക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടവ

ജനുവരി എട്ട്, ഒമ്പത് തിയ്യതികളിലായി ദേശവ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകളെല്ലാം ചേർന്നാണ്. 2018 സെപ്തംബർ 28ന് ന്യൂ ഡൽഹിയിൽ ചേർന്ന നാഷണൽ കൺവെൻഷൻ ഓഫ് വർക്കേഴ്സിലാണ് ഈ തീരുമാനം വന്നത്. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെക്കെതിരെയാണ് സമരം.

ഏതെല്ലാം തൊഴിലാളി സംഘടനകൾ പങ്കെടുക്കും?

രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഈ പൊതുപണിമുടക്കിനോട് സഹകരിക്കുന്നുണ്ട്. സിഐടിയു, ഐഎൻടിയുസി, സെൽഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷൻ, ഡിഎംകെയുടെ ലേബർ പ്രോഗ്രസ്സീവ് ഫെഡറേഷൻ തുടങ്ങിയ പത്തോളം സംഘടനകൾ പണിമുടക്കും. റെയില്‍വേ തൊഴിലാളികൾ, ബാങ്ക് തൊഴിലാളിരള്‍, വൈദ്യുതി കമ്പനി തൊഴിലാളികൾ, അസംഘടിതമേഖലയിലെ തൊഴിലാളികൾ, തെരുവു കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികൾ ഈ പണിമുടക്കിന്റെ ഭാഗമാകും. ഇതോടൊപ്പം കൃഷിത്തൊഴിലാളികളും നിർമാണത്തൊഴിലാളികളുമെല്ലാം ചേരും.

എന്തെല്ലാമാണ് തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ?

ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം നടപ്പിലാകാത്തതാണ് തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. ലേബർ ബ്യൂറോ നൽകുന്ന കണക്കുകൾ പ്രകാരം 1.55 ലക്ഷം തൊഴിലുകൾ മാത്രമാണ് 2015ൽ രാജ്യത്താകെ സൃഷ്ടിക്കപ്പെട്ടത്. 2016ൽ ആകെ സൃഷ്ടിക്കപ്പെട്ടത് 2.31 ലക്ഷം തൊഴിലുകളും.

നോട്ടുനിരോധനം പോലുള്ള നടപടികൾ മൂലം ചെറുകിട-ഇടത്തരം വ്യാപാരങ്ങളെല്ലാം പൂട്ടിപ്പോകുകയോ പ്രതിസന്ധിയിലാകുകയോ ചെയ്തതും തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. തൊഴിലാളികളെ കെടുതിയിലേക്ക് നയിച്ചു ഈ നയങ്ങൾ. രണ്ട് ലക്ഷത്തിലധികം ചെറികിട വ്യവസായങ്ങൾ പൂട്ടിപ്പോയി. ഇത്തരം സ്ഥാപനങ്ങളിൽ 50 മുതൽ 300 വരെ തൊഴിലാളികൾ ജോലിക്കുണ്ടാകും.

ജിഎസ്ടി നടപ്പാക്കിയതോടെ ഉടലെടുത്ത പ്രതിസന്ധികളാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങളിലൊന്ന്. അവശ്യവസ്തുക്കളുടെയെല്ലാം വിലകൾ വൻതോതിൽ കുതിച്ചു കയറി. ദിവസവേതനക്കാരായ തൊഴിലാളികളുടെയും മറ്റുള്ളവരുടെയും ജീവിതം ദുസ്സഹമായിത്തീർന്നു.

എന്തെല്ലാമാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ?

1. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ സാർവ്വത്രിക പൊതുവിതരണം നടപ്പാക്കുക.

2. തൊഴിൽനിയമങ്ങൾ കർശനമായി നടപ്പാക്കുക.

3. എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തുക.

4. എല്ലാ വിഭാഗം തൊഴിലാളികൾക്കും പ്രതിമാസം 3000 രൂപയിൽ കുറയാത്ത പെൻഷൻ നല്‍കുക.

5. തൊഴിലാളികളുടെ മിനിമം കൂലി പ്രതിമാസം 18,000 രൂപയാക്കുക.

6. പൊതുമേഖലാ വ്യവസായങ്ങളുടെ ഓഹരിവിൽപ്പന നിര്‍ത്തിവെക്കുക.

7. കരാർ തൊഴിൽ സമ്പ്രദായം അവസാനിപ്പിച്ച് തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുക.

8. ബോണസ്, പ്രോവിഡന്റ് ഫണ്ട് എന്നിവയ്ക്ക് ശമ്പളപരിധി നീക്കം ചെയ്യുക.

9. ട്രേഡ് യൂണിയൻ രൂപീകരിച്ച് രജിസ്ട്രേഷന് അപേക്ഷ നല്‍കിയാൽ 45 ദിവസത്തിനകം രജിസ്റ്റർ ചെയ്യുക.

10. തൊഴില്‍നിയമങ്ങൾ തൊഴിലുടമയ്ക്ക് അനുകൂലമായി ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക.

11. റെയിൽവേ-പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിദേശനിക്ഷേപം അനുവദിക്കുന്നത് നിർത്തലാക്കുക.

12. കേന്ദ്ര‐ സംസ്ഥാന സർവീസിൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക

13. വൈദ്യുതി മേഖലയുടെയും ട്രാൻസ്പോർട് മേഖലയുടെയും സമ്പൂർണ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക

ഉന്നയിക്കുന്ന മറ്റു പ്രശ്നങ്ങളെന്തെല്ലാം?

2003 ലെ ബിജെപി സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി റിട്ടയർ ചെയ്യുന്ന സർക്കാർ ജീവനക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് സിഐടിയും സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ യുഡിഎഫ് സർക്കാർ ഈ ജനവിരുദ്ധ പെൻഷൻ പദ്ധതി നടപ്പാക്കി. ബംഗാൾ മാത്രമാണ് രാജ്യത്ത് ഈ പെൻഷൻ പദ്ധതി നടപ്പാക്കാതെയുള്ളത്. 1.96 ലക്ഷംകോടി രൂപ വിലയുള്ള പൊതുമേഖലാ ആസ്തികൾ സ്വകാര്യ മുതലാളിമാർക്ക് വിറ്റുതുലച്ചതും തൊഴിലാളി വർഗത്തിനേറ്റ തിരിച്ചടിയാണ്. റെയിൽവേയുടെ സ്വകാര്യവൽക്കരണം ദ്രുതഗതിയിൽ നടക്കുകയാണ്. സ്വകാര്യ ട്രെയിനുകൾ ഓടിക്കാനുള്ള അനുമതി ഇതിനകം നൽകിക്കഴിഞ്ഞു.

രാജ്യത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ വളരെ വലുതാണ്. രാജ്യത്തെ തൊഴിലാളികളിൽ 93 ശതമാനവും ഈ മേഖലയിലുള്ളവരാണ്. നിർമാണം, റോഡ് ട്രാൻസ്പോർട്, ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഗൃഹാടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവരുടെ കൂലിവ്യവസ്ഥ വളരെ കുറഞ്ഞതാണ്. തൊഴിൽ സാഹചര്യങ്ങൾ അമ്പെ മോശവും. ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ലെന്നതു പോകട്ടെ, നിലവിലുള്ളതിനെക്കാൾ പരിതാപകരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കാൻ മോദി സർക്കാരിന്റെ ഭരണത്തിന് സാധിച്ചതായി എളമരം കരീം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാരിന്റെ നിഷ്ഠൂരമായ തൊഴിലാളി വിരുദ്ധത

കേന്ദ്ര സർക്കാർ തൊഴിലാളി വർഗത്തോട് പ്രത്യേകമായ വെറുപ്പ് സൂക്ഷിക്കുന്നതായി തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യൻ ലേബർ കോൺഫറൻസ് സംഘടിപ്പിക്കുകയുണ്ടായില്ലെന്ന് ഇതിന് ദൃഷ്ടാന്തമായി തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. തൊഴിൽ മന്ത്രാലയമാണ് ഇത് സംഘടിപ്പിക്കേണ്ടത്. തൊഴിലാളികളുടെ ആവശ്യങ്ങളോടൊന്നും ഒരുതരത്തിലും പ്രതികരിക്കാൻ സർക്കാർ തയ്യാറായില്ല. വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിലെ ഫണ്ടുകൾ കൈക്കലാക്കാനുള്ള ഹീനമായ ശ്രമവും കേന്ദ്രം നടത്തുകയുണ്ടായി.


Next Story

Related Stories