EXPLAINER: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 18 ദിവസങ്ങള്‍; തായ്‌ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികൾ ഇപ്പോള്‍ എന്തുചെയ്യുന്നു?

ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണാൻ ഫിഫ കുട്ടികൾക്ക് 12 ഫൂട്ബോളേഴ്സ് ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ, കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടും വരെ പുറത്തുവിടേണ്ടെന്നാണ് ഡോക്ടർമാരുടെ തീരുമാനം.

എന്താണ് ‘വൈൽഡ് ബോർ’

വൈൽഡ് ബോർ സോക്കർ ടീം മെമ്പർമാരായ 12 പേരാണ് ഗുഹയിൽ അകപ്പെട്ടത്. വടക്കൻ തായ്‌ലാൻഡിലുള്ള ചിയാങ് റായ് പ്രവിശ്യയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ഈ ഫൂട്ബോൾ ടീമിലെ അംഗങ്ങൾ. ഏക് എന്നറിയപ്പെടുന്ന അസിസ്റ്റന്റ് ഫൂട്ബോൾ കോച്ചിനൊപ്പമാണ് ഈ 12 പേരും ഗുഹയ്ക്കകത്തു കയറിയത്. എക്കാപോൾ ഏക് ചാന്താവോങ് മുഴുവൻ പേര്. ഇദ്ദേഹം ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ്. നേരത്തെ സന്യസിക്കാൻ ഉദ്യമം നടത്തിയിരുന്നു. കുട്ടികളെ വലിയ ഇഷ്ടമാണ് കക്ഷിക്ക്. എവിടെപ്പോകുമ്പോഴും കുട്ടികളെ കൂടെക്കൂട്ടാറുണ്ട് ഏക്. കുട്ടികളുടെ മാതാപിതാക്കൾക്ക് ഏക്കിനെ വലിയ വിശ്വാസമാണ്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് അവർക്കറിയാം. പക്ഷെ, ഒരബദ്ധം ഏക്കിന് പിണഞ്ഞു.

എന്നാണ് കുട്ടികൾ ഗുഹയിൽ കുടുങ്ങിയത്

ജൂൺ 23നാണ് തായ്‌ലാൻഡിലെ ‘താം ലുവാങ് നാങ് നോൻ’ എന്ന ഗുഹയിലേക്ക് 12 കുട്ടികളും ഫുട്ബോൾ കോച്ചുമടങ്ങുന്ന സംഘം കയറിയത്. ഫുട്ബോൾ പരിശീലനം കഴിഞ്ഞ് വരുന്ന വഴിയാണ് ഇവർ ഗുഹയിലേക്ക് കയറിയത്. കുട്ടികളെല്ലാം ചിയാങ് റായ് പ്രവിശ്യയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ളവരാണ്. ‘വൈൽഡ് ബോർസ്’ എന്ന ഫുട്ബോൾ ടീമിലെ അംഗങ്ങളാണ് ഇവരെല്ലാം. 11 മുതൽ 17 വയസ്സു വരെ പ്രായമുള്ള കുട്ടികളും 25കാരനായ അസിസ്റ്റന്റ് കോച്ചും ചേർന്ന് ഗുഹയ്ക്കകത്തു കയറുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മൺസൂൺ മഴ ശക്തി പ്രാപിച്ചതോടെ ഗുഹയിലെ ജലനിരപ്പ് ഉടനെ ഉയര്‍‌ന്നു. ഇതോടെ കുട്ടികൾക്കും കോച്ചിനും പുറത്തുവരാൻ കഴിയാതായി. ഇവരുടെ ബാഗുകളും മറ്റും ഗുഹയ്ക്കു പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അധികാരികൾ സംഭവമറിയുന്നത്.

‘താം ലുവാങ് നാങ് നോൻ’ ഗുഹ

10 കിലോമീറ്റർ നീളമുള്ള ഗുഹയാണ് ‘താം ലുവാങ് നാങ് നോൻ’. അങ്ങേയറ്റം ദുർഘടം പിടിച്ച ഘടനയാണ് ഈ ഗുഹയ്ക്കുള്ളത്. വലിയ ഗർത്തങ്ങളും തോടുകളുമെല്ലാം ഗുഹയിലുണ്ട്. മഴ പെയ്യുന്നതോടെ ഇവയിൽ വെള്ളം പൊങ്ങും. ചെളി നിറയും. ഇടുങ്ങിയ വഴികളാണ് പലയിടത്തുമുള്ളത്. വെള്ളമില്ലാത്ത സന്ദർഭത്തിൽപ്പോലും ഇതിലൂടെ യാത്ര പ്രയാസമാണ്.

1988ൽ ഫ്രാൻസിൽ നിന്നെത്തിയ ഗുഹാ പര്യവേക്ഷകർ ഈ ഗുഹയുടെ ഘടന മനസ്സിലാക്കുകയുണ്ടായി. ഇതാണ് ആദ്യത്തെ മാപ്പിങ്. പിന്നീട് ബ്രിട്ടനിൽ നിന്ന് ചില പര്യവേക്ഷകരെത്തുകയും ഉള്ളിൽ മറ്റൊരു ഗുഹയിലേക്കുള്ള വഴി കണ്ടെത്തുകയും ചെയ്തു. എങ്കിലും, ഒരു പരിധിക്കപ്പുറം സഞ്ചരിക്കാൻ ജീവവായു കിട്ടില്ല എന്നതിനാൽ ഇപ്പോഴും ഗുഹയുടെ യഥാർത്ഥ ഘടന ആർക്കും അറിയില്ല. ഡോയ് നാങ് നോൻ മലനിരകളിലെമ്പാടും പരന്നു കിടക്കുന്ന നിരവധി ഗുഹകളുടെ ഒരു ശ‍ൃംഖലയുണ്ട്. അതിന്റെ ഭാഗമാണ് ‘താം ലുവാങ് നാങ് നോൻ’ എന്ന ഗുഹ എന്ന നിഗമനമാണുള്ളത്.

മണൽക്കല്ല്, ചുണ്ണാമ്പു കല്ല്, ചക്കരപ്പാറ തുടങ്ങിയവ ചേർന്നതാണ് ഗുഹയുടെ നിർമിതി. ഇവയിൽ ചുണ്ണാമ്പുകല്ല് ഇത്തിരി അപകടകാരിയാണ്. ഈ പാറയുടെ രൂപം എപ്പോൾ വേണമെങ്കിലും മാറാവുന്നത്ര വഴക്കമുള്ളതാണ്. കൂടാതെ വെള്ളത്തിൽ അലിയാനുള്ള സാധ്യതയും കൂടുതൽ. അതായത്, ചുണ്ണാമ്പുപാറകളുടെ സാന്നിധ്യമുള്ളതയിനാൽ പോയവഴിയേ തിരിച്ചെത്തുക എന്നതിന് യാതൊരു ഉറപ്പും ഇല്ല.

മലയുടെ അകം നിറയെ ഇത്തരം പാറകളാണ്. പെയ്യുന്ന മഴയും, ചുറ്റുമുള്ള നദികളിൽ നിന്നും മറ്റുമുള്ള വെള്ളവുമെല്ലാം ഒരു സ്പോഞ്ച് പോലെ സ്വീകരിച്ച് ഉള്ളിൽ‌ കരുതിവെക്കും ഈ പാറകൾ. അതായത് മഴ പെയ്താൽ വെള്ളം വേറെയെങ്ങും പോകില്ല.

എന്നാണ് കുട്ടികളെ കണ്ടെത്തിയത്?

ബ്രിട്ടീഷ് പര്യവേക്ഷകനായ റിച്ചാര്‍ഡ് സ്റ്റാന്റൺ‌ ആണ് കുട്ടികളിരിക്കുന്നയിടം ആദ്യമായി കണ്ടെത്തിയത്. ഗുഹാമുഖത്തു നിന്നും 3.2 കിലോമീറ്റർ അകലെയായിരുന്നു കുട്ടികൾ ഇരുന്നിരുന്നത്. ഇതിന്റെ വീഡിയോ പുറത്തെത്തിയതോടെ ലോകം അത്ഭുതം കൊണ്ടു. മാതാപിതാക്കൾ ആശ്വാസിച്ചു. എന്നാൽ പ്രതിസന്ധി തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ.

ആരെല്ലാമാണ് ഗുഹയ്ക്കകത്തേക്ക് ഡൈവ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തിയത്?

തായ്‌ലാൻഡിൽ ഗുഹാ ഡൈവിങ് നടത്തുന്ന വിദഗ്ധരില്ല. ലോകത്തിൽ തന്നെ ഇത്തരം സാഹസിക പ്രവർത്തനങ്ങൾ നടത്തുന്നവർ വളരെ കുറവാണ്. ഇക്കാരണത്താൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡൈവർമാർക്കിടയിലേക്ക് തായ്‌ലാൻഡ് സർക്കാരിന്റെ സഹായാഭ്യർത്ഥന പോയി. ഇതിന് അത്യാവേശത്തോടു കൂടിയ മറുപടിയാണ് ലഭിച്ചത്. സംഭവം അറിഞ്ഞയുടനെ തായ്‌ലാൻഡിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡൈവർമാർ വിമാനം കയറി.

ലണ്ടനിലെ സെന്റ് ആൽബൻസിൽ നിന്നുള്ള വേർനൺ അൺസ്‌വർത്ത് ആണ് ആദ്യം സ്ഥലത്തെത്തിയത്. ഇദ്ദേഹം നിലവിൽ താമസിക്കുന്നത് തായ്‌ലാൻഡിലാണ്. തന്റെ പരിചയത്തിലുള്ള ഡൈവർമാരുടെ വലിയൊരു വൃന്ദത്തിലേക്ക് സഹായസന്ദേശമെത്തിച്ചത് ഇദ്ദേഹമാണ്. യുകെയിൽ നിന്ന് സഹായം പറന്നുവരാൻ കാരണമായത് ഇദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഇടപെടലായിരുന്നു. തായ് നേവി സീലുകാരാണ് ആദ്യം ഗുഹയിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഗുഹാമുഖം നിറയെ ചെളി നിറഞ്ഞ് അകം കാണാൻ പോലും കഴിയാത്ത അവസ്ഥയിലെത്തിയിരുന്നു. കടലിലെ ഭീകരവിരുദ്ധ നീക്കങ്ങളെ നേരിടാൻ യുഎസ് സീല്‍സിൽ നിന്ന് പരിശീലനം നേടിയവരാണ് തായ് നേവി സീൽസ്. എന്നാൽ, ഗുഹയിലെ ഡൈവിങ് ഇവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നില്ല.

അൺസ്‌വർത്ത് ആണ് ബ്രിസ്റ്റോളിൽ ഐടി കണ്ഡസൾട്ടന്റായി ജോലി നോക്കുന്ന ജോൺ വോലാന്‍തനുമായി ബന്ധപ്പെടുന്നത്. മിഡ്‌ലാൻഡ്സിൽ അഗ്നിശമനസേനയില്‍ പ്രവർത്തിച്ചിരുന്ന റിക്ക് സ്റ്റാന്റണെയും അൺസ്‌വർത്ത് ബന്ധപ്പെട്ടു. ഇരുവരെയും ബ്രിട്ടിഷ് കേവ് റെസ്ക്യൂ കൗണ്‍സിൽ വൈസ് ചെയർമാനായ ബിൽ വൈറ്റ്ഹോസ് വിശേഷിപ്പിക്കുന്നത് ‘ടീം’ എന്നാണ്. അസാമാന്യമായ കഴിവുകളുള്ള ഇരുവരും ചേർന്നാൽ മാത്രം വലിയ റിസൾട്ടുണ്ടാക്കാൻ കഴിയും. ഇവര്‍ രണ്ടുപേരും ചേർന്നാണ് മൂന്നരക്കിലോമീറ്ററോളം ഉള്ളിൽ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തിയത്. വോലാൻതന് 47ഉം സ്റ്റാന്റന് 56ഉം വയസ്സാണ്. ഇരുവരും ഗുഹാപര്യവേക്ഷണത്തിൽ റെക്കോർഡിട്ടിട്ടുണ്ട്. 2011ൽ 9 കിലോമീറ്റർ ഗുഹാ ഡൈവിങ് നടത്തിയാണ് ലോകറെക്കോർഡ് തീർത്തത്. സ്പെയിനിൽ വെച്ചായിരുന്നു ഇത്.

യുകെയിൽ നിന്നു തന്നെയെത്തിയ ഏഴുപതുകാരനായ ഹാർപർ ആണ് മറ്റൊരു അംഗം. ഇദ്ദേഹത്തിന്റെ നീണ്ടകാലത്ത് ഗുഹാപര്യവേക്ഷണ വൈദഗ്ധ്യം രക്ഷാപ്രവർത്തനത്തിൽ വലിയ സഹായമാണ് ചെയ്തത്. ബ്രിട്ടനിൽ നിന്നു തന്നെയുള്ള ക്രിസ് ജെവെൽ, ജേസൺ മാല്ലിസൺ എന്നിവരും ടീമിൽ ചേരുകയുണ്ടായി. സ്റ്റാന്റൺ, വോലാൻതൺ എന്നിവർക്കൊപ്പവും ഇവർ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്നെത്ത് തായ്‌ലാൻഡിൽ സ്ഥിരതാമസമാക്കിയ ടിം ആക്റ്റനും ഈ സംഘത്തോടൊപ്പം ചെര്‍ന്നു. തായ് നേവി സീൽസിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ഇത്. തായ്‍ലാൻഡിൽ ഒരു ഡൈവിങ് പരിശീലന കേന്ദ്രം നടത്തുകയാണ് ആക്റ്റൻ. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഗുഹയ്ക്കകത്തേക്ക് ഇദ്ദേഹം പലവട്ടം പോകുകയുണ്ടായി.

അഞ്ച് മുങ്ങല്‍ വിദഗ്ധരും 13 വിദേശ നീന്തല്‍ വിദഗ്ധരും അടക്കം 18 പേരാണ് രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്നത്. യുഎസ്സില്‍ നിന്നുള്ള അഞ്ച് നേവി സീല്‍ കമാന്‍ഡോകളും, ആസ്ട്രേലിയയിൽ നിന്നെത്തിയ ഇരുപതംഗസംഘവും കൂടെയുണ്ടായിരുന്നു. ഇവരെ തായ് നേവി സീൽ ഏകോപിപ്പിച്ചു.

ഗുഹയിലേക്ക് പോകാൻ തയ്യാറായ ‍ഡോക്ടർ

ഡോ. റിച്ചാർഡ് ഹാരിസ്. ഗുഹയിൽ നിന്ന് എല്ലാവരെയും രക്ഷപ്പെടുത്തിയതിനു ശേഷം പുറത്തുവന്ന അവസാനത്തെയാൾ ആസ്ട്രേലിയയിൽ നിന്നുള്ള ഈ ഡോക്ടറാണ്. ഇദ്ദേഹം ഒരു അനസ്തീഷ്യ വിദഗ്ധനാണ്. കുട്ടികൾ ഡൈവ് ചെയ്യാൻ തയ്യാറെടുത്തപ്പോൾ ചെറിയ തോതിൽ സെഡേറ്റിവുകൾ നൽകി അവരെ ‘ധൈര്യവാന്മാരാ’ക്കിയത് ഇദ്ദേഹമാണ്. ഡൈവ് ചെയ്യുമ്പോൾ കുട്ടികൾ ഭയപ്പെടുമോ എന്ന ഭീതി ഉണ്ടായിരുന്നു. ആദ്യദിവസം മുതൽ കുട്ടികൾക്കു വേണ്ട ആരോഗ്യരക്ഷാ സംവിധാനങ്ങൾ ഇദ്ദേഹം നേരിട്ട് ഡൈവ് ചെയ്ത് ചെന്ന് ഒരുക്കി. ഓരോരുത്തരുടെയും ആരോഗ്യനില പരിശോധിച്ചു. ആദ്യം ആരെയൊക്കെ പുറത്തെത്തിക്കണമെന്ന തീരുമാനമെടുത്തു. ആസ്ട്രേലിയയിൽ നിന്നെത്തിയ ഇരുപതംഗ രക്ഷാപ്രവർത്തന സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഇദ്ദേഹം. ഗുഹയിൽ നിന്നും പുറത്തെത്തിയ റിച്ചാർഡ് ഹാരിസ് ആദ്യം സംസാരിച്ചത് കുട്ടികളുടെ ധീരതയെക്കുറിച്ചായിരുന്നു. അവർ ഇത്രയധികം പിന്തുണ തന്നില്ലായിരുന്നെങ്കിൽ രക്ഷാപ്രവർത്തനം അസാധ്യമാകുമായിരുന്നെന്ന് ഹാരിസ് പറഞ്ഞു.

മാധ്യമങ്ങൾ അനുവദിക്കപ്പെട്ടിരുന്നുവോ

ഇല്ല. രക്ഷാപ്രവര്‍ത്തനത്തിനു പോയ ടിം ആക്റ്റന്റെ പിതാവ് ജോണിനെ ചില മാധ്യമങ്ങൾ സമീപിച്ചിരുന്നു, വിവരങ്ങളറിയാൻ. മാധ്യമങ്ങൾക്ക് സ്ഥലത്ത് പൂർണമായ വിലക്കുള്ളതിനാൽ മകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ജോൺ മാധ്യമങ്ങളോട് പറഞ്ഞു. പട്ടാളഭരണത്തിലുള്ള തായ്‌ലാൻഡിൽ മാധ്യമങ്ങളെ സ്ഥലത്തു നിന്നും വിലക്കാൻ സര്‍ക്കാരിന് എളുപ്പം കഴിഞ്ഞു.

പ്രതിസന്ധികൾ എന്തെല്ലാമായിരുന്നു?

കുട്ടികളിൽ പലർക്കും നീന്താനറിയില്ല എന്ന പ്രശ്നം ഇതോടൊപ്പം ഉയർന്നുവരുന്നു. കുട്ടികളെ ധൃതി പിടിച്ച് പുറത്തെത്തിക്കില്ലെന്ന് തായ്‌ലൻഡ് സർക്കാർ പ്രഖ്യാപിച്ചു. അതെസമയം, മൺസൂൺ ശക്തി പ്രാപിക്കുമെന്നത് ആശങ്ക വർ‌ധിപ്പിച്ചു കൊണ്ടിരുന്നു. മഴക്കാലം കഴിയും വരെ കാത്തിരിക്കാമെന്നാണെങ്കിൽ അതിന് മാസങ്ങളെടുക്കും. മൂന്നരക്കിലോമീറ്ററോളം സഞ്ചരിച്ചെത്തുക എന്നത് ആറ് മണിക്കൂറോളം നീണ്ട സാഹസികജോലിയാണ്. പരിചയസമ്പന്നരായ പര്യവേക്ഷകർക്കു പോലും ജീവഭയം തോന്നുന്ന തരത്തിലുള്ളതാണ് ഗുഹയിലെ അവസ്ഥ. ചിലയിടങ്ങളിൽ വെള്ളത്തിൽ കുത്തൊഴുക്കാണ്. ഇതിലൂടെ നീന്തിക്കടക്കുക ജീവൻ പണയം വെച്ചുള്ള പ്രവൃത്തിയാണ്. ഈ കുത്തൊഴുക്കുകളിൽ വെളിച്ചം ഒട്ടുമില്ലെന്ന പ്രശ്നവുമുണ്ടായിരുന്നു.

വളരെ കുറഞ്ഞ ഓക്സിജൻ നിരക്കാണ് ഗുഹയ്ക്കകത്തുള്ളത്. പുറത്ത് 20 മുതൽ 21 ശതമാനം വരെയാണ് ഓക്സിജൻ നിരക്കെങ്കിൽ ഗുഹയ്ക്കകത്ത് ഇത് 15 ശതമാനമായി താഴും. ജൂലൈ ആറിന് ഗുഹയിലെ ഓക്സിജൻ നിരക്ക് കുറയുന്നതായി കണ്ടെത്തലുണ്ടായിരുന്നു. ഈ സമയത്തേക്ക് വെള്ളം ഏറെ വറ്റിച്ച് ഓക്സിജൻ പമ്പുകൾ കുറെയെല്ലാം ഉള്ളിലേക്ക് സ്ഥാപിക്കാൻ സാധിച്ചു. മനുഷ്യന് ശരിയായി ശ്വസിക്കാൻ 19% ഓക്സിജനെങ്കിലും വേണം.

ഇതര മാർഗ്ഗങ്ങൾ ആരാഞ്ഞിരുന്നുവോ?

രക്ഷാപ്രവർത്തകർ ആദ്യം ചെയ്ത കാര്യം കുട്ടികളിരിക്കുന്നിടത്തേക്ക് എത്തിച്ചേരാൻ മറ്റ് വഴികളുണ്ടോ എന്നായിരുന്നു. ഇതിന്റെ ഭാഗമായി ഒരു സംഘം രക്ഷാപ്രവർത്തകർ ഒരു കുഴിയിലൂടെ 900 അടിയോളം ഇറങ്ങുകയുണ്ടായി. എന്നാലിത് എവിടെയുമെത്താതെ അവസാനിച്ചു. ഗുഹ കൃത്യമായി മാപ്പ് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് പ്രശ്നം. മണം പിടിക്കാൻ ശേഷി കൂടിയ നായ്ക്കളെ ഉപയോഗിച്ച് ഗുഹയുടെ ഇതര കവാടങ്ങൾ കണ്ടെത്താൻ ഒരു ശ്രമം നടത്തുകയുണ്ടായി. ഡ്രോണുകളും റോബോട്ടുകളുമെല്ലാം ഇതിനായി ഉപയോഗിക്കപ്പെട്ടു. ഗുഹയിൽ ഏതു ഭാഗത്താണ് കുട്ടികളിരിക്കുന്നതെന്നത് മുകളിൽ നിന്നും തിരിച്ചറിയാനായാൽ കുറെക്കൂടി എളുപ്പമായിരിക്കും കാര്യങ്ങൾ എന്നതായിരുന്നു ഈ പരിശോധനകളുടെയെല്ലാം അടിസ്ഥാനം. ഭൂമിക്കുള്ളിലെ ജീവൻ തിരിച്ചറിയാന്‍ ശേഷിയുള്ള സ്കാനിങ് സംവിധാനങ്ങൾ നിലവിലില്ല.

ഗുഹയിലെ വെള്ളം വറ്റിച്ച് കുട്ടികളെ പുറത്തേക്ക് എളുപ്പത്തിൽ കൊണ്ടുവരാനാകുമോ എന്നതും പരിശോധിക്കപ്പെട്ടു. ഇതത്ര എളുപ്പമല്ലെന്ന് തുടക്കത്തിലേ ബോധ്യപ്പെട്ടുവെങ്കിലും സാധ്യമായ അത്രയും വെള്ളം പുറത്തു കളയേണ്ടത് രക്ഷാപ്രവർത്തനത്തിന് അത്യാവശ്യമായിരുന്നു. ഇങ്ങനെ ഒന്നരക്കിലോമീറ്ററോളം ഉള്ളിലുള്ള വെള്ളം പമ്പ് ചെയ്ത് കളഞ്ഞു. ഇതിനായി നാല് വൻ പമ്പുകളാണ് ഉപയോഗിച്ചത്. സെക്കൻഡിൽ 400 ലിറ്റർ വെള്ളം പുറത്തു കളയാൻ ഈ പമ്പുകളോരോന്നിനും സാധിക്കും.

അപകടങ്ങൾ?

ജൂലൈ അഞ്ചിന് ഒരു രക്ഷാപ്രവർത്തകൻ വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. തായ് നേവി സീലില്‍ നിന്നും വിരമിച്ച 38കാരനാണ് ഗുഹയ്ക്കകത്ത് ശ്വസം കിട്ടാതെ മരിച്ചത്. ഇദ്ദേഹം കുട്ടികൾക്കരികിൽ നിന്ന് തിരികെ വരികയായിരുന്നു. ഡൈവ് ചെയ്യുന്നതിനിടെ കരുതിയിരുന്ന ഓക്സിജൻ തീർന്നുപോയി. ഇതാണ് മരണകാരണമായത്.

കുട്ടികളെ പുറത്തെത്തിക്കാൻ ഏതു രീതിയാണ് അവലംബിച്ചത്?

ജൂലൈ എട്ടിന് ആ ആഹ്ലാദവാർത്ത ലോകമറിഞ്ഞു. ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളില്‍ നാല് പേരെ പുറത്തെത്തിച്ചു. ആറ് മണിക്കൂർ സമയമെടുത്താണ് കുട്ടികൾക്കരികിൽ ഓരോ രക്ഷാപ്രവർത്തകനും എത്തിയിരുന്നത്. ചുരുങ്ങിയത് 11 മണിക്കൂറെടുക്കും പോയിവരാൻ. കുട്ടികളിൽ പലർക്കും നീന്തലറിയുമായിരുന്നില്ല. നീന്തൽ അറിഞ്ഞിരുന്നെങ്കിൽ തന്നെയും ഒറ്റയ്ക്ക് നീന്താൻ വിടാൻ പറ്റുകയുമില്ല. ഇതെല്ലാം പരിഗണിച്ചാണ് ‘ബഡ്ഡി ഡൈവിങ്’ രീതിയിലൂടെ കുട്ടികളെ പുറത്തെത്തിക്കാമെന്ന് തീരുമാനമായത്. സ്കൂബാ ഡൈവിങ് വിദഗ്ധർ അപകടസാധ്യതകൾ കുറയ്ക്കാൻ അവലംബിക്കുന്ന ഡൈവിങ് രീതിയാണിത്. രണ്ടോ അതിലധികമോ ഡൈവർമാരടങ്ങുന്ന സംഘമായാണ് ഈ രീതിപ്രകാരം ഡൈവ് ചെയ്യുക. അടിയന്തിരസാഹചര്യങ്ങളിൽ‌ ഇവർക്ക് പരസ്പരം സഹായിക്കാനാകും.

ഒരു കുട്ടിക്ക് രണ്ട് ഡൈവർമാർ എന്ന രീതിയാണ് അവലംബിച്ചത്. മുന്നിൽ നീങ്ങുന്ന ഡൈവർ കുട്ടിയുടെ ഓക്സിജൻ സിലിണ്ടർ കൂടി സ്വന്തം ശരീരത്തിലേറ്റും. ഒരു കയർ വഴി ഇരുവരെയും ബന്ധിപ്പിച്ചിരിക്കും. പിന്നാലെ മറ്റൊരു ഡൈവർ നീന്തും. അങ്ങേയറ്റം കരുതലോടെയാണ് ഇതെല്ലാം ഡൈവർമാർ ചെയ്തത്.

എവിടെയാണ് കുട്ടികളും കോച്ചും ഇപ്പോഴുള്ളത്?

കുട്ടികളും കോച്ചും ഇപ്പോഴുള്ളത് ചിയാംഗ് റായി നഗരത്തിലെ ആശുപത്രിയിലാണ്. ഇവരുമായി ബന്ധപ്പെടാൻ മാധ്യമങ്ങൾക്കോ ബന്ധുക്കൾക്കോ സാധിച്ചിട്ടില്ല. മാതാപിതാക്കൾക്കു മാത്രം ഒരു കണ്ണാടിച്ചില്ലിലൂടെ ഇവരെ കാണാനുള്ള അനുവാദം നൽകിയിരുന്നു. മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെട്ടതിനു ശേഷമേ കുട്ടികളെ പുറത്തേക്കെത്തിക്കൂ. രണ്ടുപേർക്ക് ന്യൂമോണിയ ലക്ഷണങ്ങളുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇവർക്കുള്ള പ്രത്യേക ചികിത്സയും നടക്കുന്നുണ്ട്. ഗുഹയിലെ മലിനമായ വെള്ളമാണ് ഇത്രയും നാൾ കുടിച്ചിരുന്നത്. പക്ഷിക്കളുടെ കാഷ്ഠവും മറ്റും അകത്തെത്തിയിട്ടുണ്ടെങ്കിൽ അപകടകരമായ അണുബാധയുണ്ടാകാൻ ഇടയുണ്ട്. എല്ലാവരുടെയും ഭാരവും നന്നായി കുറഞ്ഞിട്ടുണ്ട്. ഇതും പരിഹരിക്കപ്പെടണം. ഖരഭക്ഷണം പതുക്കെയേ നൽകാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത വെളിച്ചം ഇതുവരെ തട്ടിച്ചിട്ടില്ല. കുറെനാൾ പൂർണമായും ഇരുട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത് എന്നത് പരിഗണിച്ചാണിത്. സൺഗ്ലാസ്സ് തുടർച്ചയായി കുറച്ചുനാള്‍ ഇപയോഗിക്കണം.

കുട്ടികൾ ഫിഫ വേൾഡ് കപ്പിന് പോകുമോ?

ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണാൻ ഫിഫ കുട്ടികൾക്ക് 12 ഫൂട്ബോളേഴ്സ് ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ, കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടും വരെ പുറത്തുവിടേണ്ടെന്നാണ് ഡോക്ടർമാരുടെ തീരുമാനം.

Share on

മറ്റുവാർത്തകൾ