UPDATES

വിദേശം

Explainer: സ്വയം പ്രഖ്യാപിത പ്രസിഡണ്ട്; അമേരിക്കയുടെ അട്ടിമറി ശ്രമം: എന്തൊക്കെയാണ് വെനസ്വേലയിൽ നടക്കുന്നത്?

ഇതെല്ലാം ചെയ്യാൻ ആരാണ് ജുവാൻ എന്ന ചോദ്യമാണ് സര്‍ക്കാർ ഉയർത്തുന്നത്. വെനസ്വേലയിൽ ആർക്കും അറിയാത്ത ഒരുത്തനാണ് സ്വയം പ്രസിഡണ്ടായി വാഴിച്ചിരിക്കുന്നതെന്ന് വെനസ്വേലൻ വിദേശകാര്യമന്ത്രി ജോർജ് അരീസ ചൂണ്ടിക്കാട്ടുന്നു.

തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമായി കഴിഞ്ഞിരുന്ന ഒരു ഭൂതകാലം വെനസ്വേലയ്ക്കുണ്ട്. ഒപെക് സംഘടനയിൽ എണ്ണയുൽപാദനത്തിൽ ആറാമത് നിൽക്കുന്ന രാജ്യമാണ് ഈ ലാറ്റിനമേരിക്കൻ രാജ്യം. ഉൽപാദനത്തിൽ ആറാമതാണെങ്കിലും എണ്ണ നിക്ഷേപത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമതാണ്. ഇന്ന് ആ രാജ്യത്തിന്റെ സ്ഥിതി അതി ദയനീയമാണ്. സ്വന്തം രാജ്യത്തിന്റെ പ്രസിഡണ്ട് ആരാണെന്നു ചോദിച്ചാൽ വ്യക്തമായൊരുത്തരം നൽകാൻ അവിടുത്തെ ജനങ്ങൾക്ക് ഇന്ന് കഴിയില്ല. അന്താരാഷ്ട്ര സമൂഹത്തിനും ഇക്കാര്യത്തിൽ രണ്ടഭിപ്രായമാണ്. പലതരം ഗതികേടുകൾ പലകാലത്തും പല രാജ്യങ്ങൾക്കും വന്നിട്ടുണ്ടാകാം. എന്നാൽ ഇങ്ങനെയൊരു ദുരിതം പിടിച്ച ഗതികേട് മറ്റൊരു നാട്ടുകാർക്കും അടുത്ത കാലത്തൊന്നും വന്നിരിക്കില്ല. സ്വന്തം അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്തിലൂടെയാണ് വെനസ്വേലക്കാർ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്.

എന്താണ് വെനസ്വേലയിൽ ഇപ്പോൾ സംഭവിക്കുന്നത്?

ജനങ്ങൾ പ്രസിഡണ്ടായി തെരഞ്ഞെടുത്തയാള്‍ക്ക് താൻ തന്നെയാണ് പ്രസിഡണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടി വരുന്ന അവസ്ഥ എത്ര ഭീകരമാണ്! വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡുറോ നേരിടുന്നത് ഈയവസ്ഥയാണ്. മഡുറോയുടെ തെരഞ്ഞെടുപ്പുകളെല്ലാം തികഞ്ഞ തട്ടിപ്പുകളായിരുന്നെന്നും അദ്ദേഹത്തിന്റെ ജനവിധി വ്യാജസൃഷ്ടിയാണെന്നും ആരോപിക്കുന്ന ജുവാൻ ഗുവൈദോ ആണ് ഇപ്പോൾ അമേരിക്കയുടെ ഹീറോ. പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഇദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകി രംഗത്തുണ്ട്. എന്നാൽ, ആരോപണങ്ങൾക്ക് വിധേയമെങ്കിലും ജനവിധിയോടെ അധികാരത്തിലെത്തിയ ഒരു പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനം ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിൽ അനീതിയുണ്ടെന്ന് കാണുന്നവരെപ്പോലും നിശ്ശബ്ദരാക്കുന്നത് വെനസ്വേലയുടെ ഇപ്പോഴത്തെ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയാണ്. അങ്ങേയറ്റം തകർന്നടിഞ്ഞു കിടക്കുന്ന വെനസ്വേലയുടെ സാമ്പത്തിക വ്യവസ്ഥയാണ് മഡുറോയ്ക്കെതിരായ ആരോപണങ്ങൾക്ക് ഉറപ്പ് നൽകുന്നത്. ‌

2018ലാണ് മഡുറോ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ തെരഞ്ഞെടുപ്പിൽ മിക്ക പ്രതിപക്ഷ പാർട്ടികളും പങ്കെടുക്കുകയുണ്ടായില്ല. എല്ലാവർക്കും ആരോപിക്കാനുണ്ടായിരുന്നത് തെരഞ്ഞെടുപ്പിൽ മഡുറോയുടെ നേതൃത്വത്തിൽ അട്ടിമറി നടക്കുന്നുണ്ടെന്നായിരുന്നു. 2018 മെയ് 20ന് 67 ശതമാനമെന്ന മൃഗീയ ഭൂരിപക്ഷത്തിൽ മഡുറോ വിജയിച്ചു. 2019 മുതൽ 2025 വരെയുള്ള കാലയളവിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതിനു പിന്നാലെയാണ് ജുവാൻ ഗുവൈഡോയുടെ ഉദയം.

ആരാണ് ജുവൈൻ?

വെനസ്വേലൻ ദേശീയ അസംബ്ലി സ്പീക്കറാണ് 35കാരനായ ജുവാൻ ജെരാർഡോ ഗുവൈഡോ മാര്‍ക്വസ്. പോപ്പുലർ വിൽ എന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കാരനാണ് ഇദ്ദേഹം. വെനസ്വേലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ തക്കം നോക്കി ജുവാൻ രാജ്യത്തിന്റെ ഇടക്കാല പ്രസിഡണ്ടായി ചുമതലയേറ്റു. സ്വയം ചുമതലയേറ്റെടുക്കുകയായിരുന്നു. തികച്ചും നിയമവിരുദ്ധമായ ഈ നീക്കത്തിന് പക്ഷെ പല രാജ്യങ്ങളുടെയും പിന്തുണ കിട്ടിയെന്നതാണ് വിശേഷം. അമേരിക്കയ്ക്ക് ആധിപത്യമുള്ള ഓർഗനൈസേഷന്‍ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ പിന്തുണ ജുവാന് ലഭിച്ചു.

ജുവാന്റെ സ്വയം നിയമനത്തിന് നിയമപരമായ സാധുതയുണ്ടോ?

സ്വയം ഇടക്കാല പ്രസിഡണ്ടായി വാഴിച്ച ജുവാന്റെ നടപടിയെ വെനസ്വേലൻ സുപ്രീംകോടതി തള്ളുകയാണുണ്ടായത്. തെര‍ഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡണ്ടിനെ തോന്നുപടി നീക്കാൻ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു. തികച്ചും ഭരണഘടനാവിരുദ്ധമാണ് ഈ നീക്കമെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ഭരണഘടനാ ചേംബറാണ് ഉത്തരവിട്ടത്.

എന്താണ് സർക്കാരിന്റെ പ്രതികരണം?

ഇതെല്ലാം ചെയ്യാൻ ആരാണ് ജുവാൻ എന്ന ചോദ്യമാണ് സര്‍ക്കാർ ഉയർത്തുന്നത്. വെനസ്വേലയിൽ ആർക്കും അറിയാത്ത ഒരുത്തനാണ് സ്വയം പ്രസിഡണ്ടായി വാഴിച്ചിരിക്കുന്നതെന്ന് വെനസ്വേലൻ വിദേശകാര്യമന്ത്രി ജോർജ് അരീസ ചൂണ്ടിക്കാട്ടുന്നു. ആരാണ് ജുവാൻ എന്ന് നിങ്ങൾ തെരുവുകളിലിറങ്ങി അന്വേഷിക്കൂ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. ആർ‌ക്കും അയാളെ അറിയില്ല.

യുഎസ് ഗൂഢാലോചന?

വ്യക്തമായ ഗൂഢാലോചനയുണ്ട് ഈ സംഭവങ്ങളിലെല്ലാം എന്നത് വ്യക്തമാണ്. വെനസ്വേലയുടെ രാഷ്ട്രീയ അനിശ്ചിതത്വത്തെയും സാമ്പത്തിക അക്രമത്തെയും മുതലെടുത്ത് അമേരിക്ക പിന്നണിയിൽ കളിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ജുവാൻ ഗുവൈഡോ എന്നയാളെ വളർത്തിക്കൊണ്ടു വന്നത് യുഎസ് ഫണ്ടിങ്ങോടെയാണെന്നാണ് ആരോപണം. ഇതിൽ ശരിയുണ്ടെന്ന് തോന്നാനുള്ള എല്ലാ കാരണങ്ങളും നിലവിലുണ്ടുതാനും. അട്ടിമറി നീക്കങ്ങളാണ് ജുവാൻ നടത്തിവരുന്നത്. എന്നിരിക്കിലും വെനസ്വേല ഇന്ന് ചെന്നു പെട്ടിട്ടുള്ള അരക്ഷിതമായ കാലാവസ്ഥ നിലനിൽക്കുന്നിടത്തോളം ഈ വാദത്തിന് വലിയ ബലം കിട്ടില്ലെന്നു മാത്രം.

എന്താണ് വെനസ്വേലയിലെ അനിശ്ചിതാവസ്ഥ?

സ്വന്തം രാജ്യത്ത് മനുഷ്യർക്ക് ജീവിക്കാനാവാത്ത സാമ്പത്തിക സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മൂന്നരക്കോടിയോളം വരുന്ന ജനസംഖ്യയാണ് വെനസ്വേലയിലുള്ളത്. സാമ്പത്തിക പ്രസിസന്ധി തുടങ്ങിയ ശേഷം മുപ്പത് ലക്ഷത്തോളമാളുകൾ രാജ്യം വിട്ടു കഴിഞ്ഞു. നിക്കോളാസ് മഡുറോയുടെ ഭരണകാലയളവ് അനന്തമെന്നോണം നീളുന്നത് ജനങ്ങൾ കാമുന്നുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിക്ക് അതുകൊണ്ട് യാതൊരു പരിഹാരവും നൽകുന്നില്ല.

ജനങ്ങളിൽ അഞ്ചിൽ നാലുപേർ പട്ടിണിയിലാണ്. വിദ്യാഭ്യാസം രംഗം തകർന്നു. ആശുപത്രികൾ പ്രവർത്തിക്കുന്നില്ല. പൊതുവുടമയിലുള്ള യാതൊന്നും ശരിയായി പ്രവർത്തിക്കുന്നില്ല. മരുന്നുകൾക്കും ഭക്ഷണത്തിനും കൊള്ളവിലയാണ്. മലമ്പനി, ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങൾ വ്യാപകമാണ്. ഒരുകാലത്ത് വെനസ്വേല നിർമാർജനം ചെയ്ത രോഗങ്ങളാണിവ എന്നോർക്കണം.

വെനസ്വേലക്കാരുടെ കുടിയേറ്റം നിയന്ത്രണം വിട്ടതോടെ അയൽനാടുകളെല്ലാം കർക്കശമായ നിലപാടെടുക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുകയാണ്. എന്നിട്ടും പലായനങ്ങൾ തുടരുകയാണ്. വൃദ്ധരും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി രാജ്യം വിടുന്നു. 14 വർഷത്തോളം രാജ്യം ഭരിച്ച ഹ്യൂഗോ ഷാവേസും പിന്നീട് അധികാരത്തിലെത്തി അഞ്ചുവർഷം പൂർത്തിയാക്കിയ മഡുറോയും വിപ്ലവ വായാടിത്തത്തിനു മാത്രമാണ് മുൻതൂക്കം നൽകിയതെന്നും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താൻ യാതൊന്നും ചെയ്തില്ലെന്നും ആരോപണമുണ്ട്. 2014 അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിയാൻ തുടങ്ങിയതോടെ സാമ്പത്തികസ്ഥിതി വലിയ അളവിൽ ഞെരുക്കത്തിലായി. ഇതിനോടൊപ്പം രാഷ്ട്രീയ പ്രശ്നങ്ങളും സർക്കാരിന് പ്രതിസന്ധിയിലാക്കി. അമേരിക്ക ഈ അവസരങ്ങളെ നന്നായി ഉപയോഗിക്കുന്നുമുണ്ട്. ഷാവെസിന്റെ സോഷ്യലിസ്റ്റ് നയങ്ങൾ അമേരിക്കയെ എന്നും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നതാണ്. മഡുറോയും അതേ നയം തുടർന്നതോടെ അട്ടിമറി ശ്രമങ്ങൾ അമേരിക്ക ശക്തമാക്കി. കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ അമേരിക്ക തങ്ങളുടെ ലക്ഷ്യം നേടിയാലും അത്ഭുതപ്പെടാനില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍