Top

Explainer: സെക്ഷൻ 377: ലൈംഗിക സ്വകാര്യതയിലെ ഭരണകൂട ഇടപെടൽ അവസാനിക്കുമ്പോൾ‌

Explainer: സെക്ഷൻ 377: ലൈംഗിക സ്വകാര്യതയിലെ ഭരണകൂട ഇടപെടൽ അവസാനിക്കുമ്പോൾ‌
ഭൂരിപക്ഷത്തിന്റെ സദാചാരപരമായ കാഴ്ചപ്പാടുകൾ ഭരണഘടനയെ മറികടന്ന് മനുഷ്യാവകാശങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിക്കുന്നത് അനുവദിച്ചുകൂടാ എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ, ബഞ്ചിലെ മറ്റ് രണ്ടുപേർ കൂടി ഒപ്പുവെച്ച വിധിപ്രസ്താവത്തിൽ പറഞ്ഞത്. അതായത് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികമായി, സമൂഹ സദാചാരത്തിന്റെ പേരിൽ വിലക്കുകളില്ലാതെ തുടർന്നുവന്ന കൊടിയ അനാചാരങ്ങൾക്കാണ് ഇതോടെ അന്ത്യമാകുന്നത്. മാറാത്ത സമൂഹമനോഭാവത്തെപ്രതി ഈ വിഷയത്തില്‍ ഇടപെടാൻ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് പരിമിതികൾ പ്രകടിപ്പിച്ചപ്പോഴാണ് കോടതിയുടെ ഇടപെടലിന് വഴിയൊരുങ്ങിയത്. അഞ്ചംഗ ബെഞ്ചിന്റെ പൂർണ പിന്തുണയോടെയാണ് വിധി പുറത്തുവന്നിരിക്കുന്നത് എന്നത് ആഹ്ലാദകരമാണ്.

സമാനമായ നിലപാടുള്ള നാല് വിധിപ്രസ്താവങ്ങളിലൂടെയാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഈ നിയമത്തെ റദ്ദ് ചെയ്തത്.

എന്താണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ്

ഇന്ത്യൻ ശിക്ഷാനിയമം 377 ഇപ്രകാരം പ്രസ്താവിക്കുന്നു: "പ്രകൃതിവിരുദ്ധമായി സ്വയേച്ഛയോടെ ആണും പെണ്ണുമായ മനുഷ്യരോടും മൃഗത്തോടും ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ ജീവപര്യന്തം തടവോ, പത്തുവർഷം വരെ നീളുന്ന തടവോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണ്." 1861ലാണ് ഈ നിയമം നിലവിൽ വന്നത്. ബ്രിട്ടീഷ് വിക്ടോറിയൻ മൂല്യങ്ങളെ ആധാരമാക്കി നിർമിക്കപ്പെട്ടതായിരുന്നു ഈ നിയമം.

ഗുദരതിയെ നിരോധിക്കുന്നതിനായി ബ്രിട്ടിഷ് പാർലമെന്റ് 1533ൽ ഒരു നിയമം പാസ്സാക്കിയിരുന്നു. ബഗ്ഗറി ആക്ട് എന്നറിയപ്പെടുന്ന ഈ നിയമം ഹെന്‍റി നാലാമനാണ് കൊണ്ടുവന്നത്. ദൈവത്തിന്റെയും മനുഷ്യന്റെയും താൽപര്യത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികതയാണ് ഗുദരതിയെന്ന് ഈ നിയമം അനുശാസിച്ചു. ഈ നിയമത്തെ അടിസ്ഥാനമാക്കി നിറുത്തിയാണ് ഇന്ത്യയിൽ 377ാം വകുപ്പിലെ ചട്ടങ്ങൾ രൂപീകരിച്ചത്. ഇതിൽ സ്വവർഗരതിയെ ക്രിമിനൽ കുറ്റമായാണ് കണ്ടത്.

377ാം വകുപ്പ് തടഞ്ഞത് സ്വവർഗ ലൈംഗികത മാത്രമായിരുന്നോ?


അല്ല. പരസ്പര സമ്മതത്തോടു കൂടിയ സ്ത്രീപുരുഷ ലൈംഗികതയിലും ഭരണകൂടത്തിന് ഇടപെടാൻ അവസരം നൽകുന്നുണ്ട് ഈ നിയമം. 'പ്രകൃതിവിരുദ്ധമായ ലൈംഗികത' എന്ന പ്രയോഗത്തിന് സ്വവർഗ ലൈംഗികത എന്നു മാത്രമല്ല നിർവ്വചനം നൽകിയിരിക്കുന്നത്. ഗുദരതിയും വദനസുരതവുമെല്ലാം പ്രകൃതിവിരുദ്ധമായ രതിയാണെന്നാണ് ഈ നിയമം പറയുന്നത്.

ഈ നിയമം ഇന്ത്യയുടെ പാരമ്പര്യത്തിന് യോജിക്കുന്നതായിരുന്നുവോ?

ഇന്നത്തെ പരിഷ്കൃതിയോടു മാത്രമല്ല ഈ പ്രാകൃതനിയമം വഴിവെട്ട് നടത്തുന്നതെന്ന് 377ാം വകുപ്പിനെതിരെ പോരാടിയ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പാരമ്പര്യത്തിൽ സ്വവർഗ ലൈംഗികതയോ ഗുദരതിയോ വദനസുരതമോ പാപമായി കണക്കാക്കപ്പെട്ടിരുന്നില്ലെന്നതിന് തെളിവുകൾ ധാരാളമാണ്. ക്ഷേത്രങ്ങളിൽ ഇന്നും ഇത്തരം രതിമാതൃകകൾ ശിൽപങ്ങളായും ചിത്രങ്ങളായും ഉള്ളത് ചൂണ്ടിക്കാണിക്കപ്പെട്ടു. അടച്ചേൽപ്പിക്കപ്പെട്ട നിരവധിയായ ബ്രിട്ടീഷ് മൂല്യങ്ങളുടെ കൂട്ടത്തിലാണ് 377ാം വകുപ്പിനെയും പെടുത്തേണ്ടതെന്ന് വാദിക്കപ്പെട്ടു.

377ാം വകുപ്പിനെതിരെയുള്ള ഭരണഘടനാപരമായ വാദം

ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ ദേശത്ത് പിറന്ന ഒരാൾക്കും നിയമത്തിനു മുന്നിൽ തുല്യത നിഷേധിക്കപ്പെട്ടുകൂടായെന്ന് വ്യക്തമായി പറയുന്നുണ്ട്. ആർട്ടിക്കിൾ 15 പറയുന്നത് ലൈംഗികതയുടെ അടിസ്ഥാനത്തിൽ ഒരു പൗരനെയും നിരോധിക്കുകയോ വിവേചനപൂർവ്വം നിറുത്തുകയോ ചെയ്യരുതെന്നാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഒരു വ്യക്തിയുടെയും സ്വകാര്യ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ ഹനിക്കാൻ പാടില്ലെന്നും നിഷ്കർഷിക്കുന്നുണ്ട്. ഈ വകുപ്പുകൾ മുൻനിർത്തിയായിരുന്നു ഹരജിക്കാരുടെ വാദം.

രാഷ്ട്രീയ പാർട്ടികളുടെ നിലപാട്

377ാം വകുപ്പ് സംബന്ധിച്ച് ഒദ്യോഗികമായി നിലപാട് പ്രഖ്യാപിച്ചത് രണ്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മാത്രമാണ്. 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സിപിഎം തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു. ലിംഗപദവിയെ പരിഗണിക്കാതെ പരസ്പരസമ്മതത്തോടു കൂടിയുള്ള എല്ലാ ലൈംഗികതയെയും അംഗീകരിക്കുന്ന തരത്തിൽ 377ാം വകുപ്പ് ഭേദഗതി ചെയ്യുമെന്ന് സിപിഎം പ്രകടനപത്രിക പറഞ്ഞു. സ്വവർഗ ലൈംഗികതയെ അനുകൂലിച്ച് ഡൽഹി ഹൈക്കോടതി നടത്തിയ വിധിപ്രസ്താവത്തെ റദ്ദാക്കിയ 2013ലെ സുപ്രീംകോടതി വിധിക്കു ശേഷം നിരാശ പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി തങ്ങളുടെ വെബ്സൈറ്റിൽ പ്രസ്താവനയിറക്കി. ഈ അപരിഷ്കൃത നിയമം പിൻവലിക്കണമെന്ന് പാർട്ടി അഭ്യർത്ഥിച്ചു. ബിജെപിയും കോൺഗ്രസ്സും ഇക്കാര്യത്തിൽ ഔദ്യോഗികമായ നിലപാട് ഒരിക്കലും പ്രഖ്യാപിക്കുകയുണ്ടായില്ല. പാർട്ടി നേതാക്കൾ പലരും എതിർത്തും അനുകൂലിച്ചും രംഗത്തു വന്നിരുന്നു. അനുകൂലിച്ചവരെക്കാൾ കൂടുതലായിരുന്നു എതിര്‍ത്തവരുടെ എണ്ണമെന്നതും ശ്രദ്ധേയമാണ്.

377ാം വകുപ്പിനെതിരായ നിയമപോരാട്ടങ്ങൾ

2001ലാണ് നാസ് ഫൗണ്ടേഷനാണ് ആദ്യമായി ഈ വകുപ്പിനെതിരെ ഒരു ഹരജി നൽകുന്നത്. ഡൽഹി ഹൈക്കോടതിയിലായിരുന്നു ഇത്. 2003ൽ ഈ ഹരജി കോടതി തള്ളി.

2006ൽ നാസ് ഫൗണ്ടേഷൻ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതിയോട് ഹരജി പുനപ്പരിശോധിക്കാനാവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയാണ് സുപ്രീംകോടതി ചെയ്തത്. 2009ൽ ജൂലൈ മാസത്തിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഹരജിക്കാർ അനുകൂല വിധി നേടി. 377ാം വകുപ്പ് അസാധുവാക്കി വിധി വന്നു.

എന്നാൽ 2013ൽ ഈ വിധിക്കെതിരെ വന്ന ഹരജികൾ പരിശോധിച്ച സുപ്രീംകോടതി, ഡൽഹി ഹൈക്കോടതിയുടെ വിധി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി. 150 വർഷത്തിനിടെ 150 പേർ പോലും ശിക്ഷിക്കപ്പെടാത്ത ഒരു വകുപ്പാണിതെന്നും കോടതി നിരീക്ഷിച്ചു.

2015ൽ തിരുവനന്തപുരം എംപി സ്വകാര്യ ബില്ലായി പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാൻ ധൈര്യം കാണിച്ചു. എന്നാൽ ഈ ബില്ലിനെ ബിജെപി ലോകസഭയിൽ വോട്ടിനിട്ട് തോല്‍പ്പിച്ചു.

2016ൽ അഞ്ചുപേർ 377ാം വകുപ്പിന്റെ ഭരണഘടനാ പ്രശ്നങ്ങളുന്നയിച്ച് വീണ്ടും കോടതിയിലെത്തി. 2017 ഓഗസ്റ്റിൽ കോടതിയുടെ റൂളിങ് വന്നു. വ്യക്തികളുടെ സ്വകാര്യത അവരുടെ സ്വകാര്യതയാണെന്നും ഇതിലേക്ക് കടന്നു കയറാൻ ഭരണകൂടത്തിന് കഴിയില്ലെന്നും വിധി വന്നു. മനുഷ്യരുടെ ലൈംഗിക ജീവിതത്തിലേക്ക് കടന്നുകയറാൻ ഭരണകൂടത്തിന് അനുമതി നൽകുന്ന സെക്ഷൻ 377ന്റെ അടിസ്ഥാന സ്വഭാവത്തെയാണ് ഈ വിധി റദ്ദാക്കിയത്. തികച്ചും പുരോഗമനപരമായ ഈ വിധി എൽജിബിടി വിഭാഗങ്ങളെ ഉത്തേജിതരാക്കി. അവർ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

377ാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടവർ

ഒന്നര നൂറ്റാണ്ടിലധികം നീണ്ട പീഡനങ്ങളുടെ ചരിത്രമാണ് ഈ വകുപ്പിനുള്ളത്. ലൈംഗികത സംബന്ധിച്ച തെരഞ്ഞെടുപ്പ് മാത്രം കാരണമായി 2015ൽ മാത്രം 1491 പേർ ഈ വകുപ്പിനെ മുൻനിർത്തി അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരിൽ 207 കുട്ടികളും 16 സ്ത്രീകളുമുണ്ടായിരുന്നു. ലൈംഗികത്തൊഴിലാളികളെ ഉപദ്രവിക്കാൻ ഈ വകുപ്പ് ഉപയോഗിക്കാറുള്ളത് സാധാരണമായ കാര്യമാണ്.

ഹരജിക്കാർ

ഭരതനാട്യം കലാകാരനായ നവ്തേജ് സിങ് ജോഹറാണ് ഹരജിക്കാരിലൊരാൾ. 53കാരനായ ഇദ്ദേഹം സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്. തന്റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്ന നിയമങ്ങൾക്കെതിരെ പങ്കാളിയുമൊത്ത് സുപ്രീംകോടതിയിൽ നേരത്തെ നിയമപോരാട്ടം നടത്തിയിട്ടുള്ളയാണിദ്ദേഹം. മാധ്യമപ്രവർത്തകൻ സുനിൽ മേഹ്റയാണ് ഹരജി നൽകിയവരിൽ മറ്റൊരാൾ. 63കാരനായ ഇദ്ദേഹം മാക്സിം മാസികയുടെ ഇന്ത്യൻ എഡിഷന്റെ എഡിറ്ററായിരുന്നു. കഴിഞ്ഞ രണ്ടു ദശകക്കാലമായി നവ്തേജ് സിങ് ജോഹറുമൊത്ത് ജീവിക്കുന്നു. റിതു ഡാൽമിയ എന്ന റസ്റ്ററന്റ് ഉടമ കൂടിയായ ഒരു ഷെഫും ഹരജിക്കാരുടെ കൂട്ടത്തിലുണ്ട്. ഇവർ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. Travelling Diva: Recipes from around the World എന്ന പുസ്തകം ഇവരുടേതാണ്. 61കാരനായ അമന്ഡ നാഥും ഹരജിക്കാരുടെ കൂട്ടത്തിലുണ്ട്. ഇദ്ദേഹം നിരവധി പുസ്തകങ്ങളെഴുതിയിട്ടുണ്ട്. നീമ്രന ഹോട്ടൽ ശൃംഖലയുടെ ഉടമകളിലൊരാളാണ് ഇദ്ദേഹം. അയേഷാ കപൂർ എന്ന 44 വയസ്സുള്ള ബിസിനസ്സുകാരിയും ഹരജിക്കാരിലൊരാളാണ്.

ഹരജിക്കാരുടെ പ്രധാന വാദം

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 377 ഭരണഘടനയാൽ പവിത്രമാക്കപ്പെട്ട മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതായി ഹരജിക്കാർ വാദിച്ചു. നിയമത്തിനു മുൻപിൽ എല്ലാവരും സമന്മാരാണെന്ന ഭരണഘടനാ വ്യവസ്ഥയെ ഈ വകുപ്പ് ലംഘിക്കുന്നു. ലൈംഗികതയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ മതത്തിന്റേയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.

അഞ്ചംഗ ബെഞ്ചിലെ ജഡ‍്ജിമാര്‍

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആർഎഫ് നരിമാൻ, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എൻഎന്നിവരാണ് ഈ ചരിത്രവിധി പ്രസ്താവിച്ച ഭരണഘടനാ ബഞ്ചിലുണ്ടായിരുന്നത്.

ഹരജിക്കാർക്കു വേണ്ടി വാദിച്ചവർ

എട്ട് വക്കീലന്മാരാണ് ഹരജിക്കാർക്കു വേണ്ടി വാദമുഖങ്ങളുനമായി നാലു ദിവസത്തെ മാരത്തോൺ വാദപ്രതിവാദങ്ങളിൽ നിറഞ്ഞു നിന്നത്. മുകുൾ റോഹ്തഗി, സൗരഭ് കൃപാൽ, മേനക ഗുരുസ്വാമി, അർവിന്ദ് ദത്താർ, ശ്യാം ദിവാൻ, ആനന്ദ് ഗ്രോവർ, അശോക് ദേശായ്, സിയു സിങ് എന്നിവർ ഹരജിയിന്മേലുള്ള വാദത്തിൽ ഇടപെട്ട് വാദമുഖങ്ങളുന്നയിച്ചു.

Next Story

Related Stories