Top

Explainer: എന്താണ് ലോക പുനർനിർമാണ സമ്മേളനം? എങ്ങനെയാണിത് 'നവകേരള നിര്‍മാണ'ത്തിന് സഹായകമാവുക?

Explainer: എന്താണ് ലോക പുനർനിർമാണ സമ്മേളനം? എങ്ങനെയാണിത്
കേരളത്തിൽ സംഭവിച്ച മഹാപ്രളയം ആഗോളതലത്തിൽ വലിയ ചര്‍ച്ചയായി മാറിയിരുന്നു. താരതമ്യേന കാലാവസ്ഥാ കാലുഷ്യങ്ങളില്ലാതിരുന്ന ഒരു പ്രദേശത്തെ കാലാവസ്ഥാവ്യതിയാനം ബാധിക്കുന്നതായിരുന്നു ലോകത്തിന്റെ ശ്രദ്ധയെ പ്രത്യേകമായി ആകർഷിച്ചത്. സംസ്ഥാനത്തിനകത്ത് ഇത്തരം ചർച്ചകൾക്കുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്നെങ്കിലും ഉണ്ടായിരുന്നു. എന്നിരിക്കിലും രാഷ്ട്രീയ പാർട്ടികൾ വിഷയത്തെ ഏറെ ലാഘവത്തോടെ ഏറ്റെടുക്കയാൽ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഒഴികെയുള്ള എല്ലാക്കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. ഇപ്പോൾ വിഷയത്തിന്റെ മർമ്മത്തിലേക്ക് പൊതുവിൽ ചർച്ചകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. സംഭവിച്ച ആഘാതത്തിൽ നിന്നും കരകയറാനുള്ള പുനർനിർമാണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. പ്രളയാനന്തര പുനർനിർമാണം ഒരു 'നവകേരള'ത്തെ കെട്ടിപ്പടുക്കാനുള്ള അവസരമായി ഉപയോഗിക്കാനാണ് സർ‌ക്കാരിന്റെ ഉദ്ദേശ്യം. ഈ സാഹചര്യങ്ങളിലാണ് 'ലോക പുനർനിർമാണ സമ്മേളന'ത്തിൽ (World Reconstruction Conference) പങ്കെടുക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ഈ കോൺഫറന്‍സിൽ മുഖ്യമന്ത്രി പ്രധാന പ്രഭാഷകരിലൊരാളായാണ് പിണറായി വിജയൻ പങ്കെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. പുനർനിർമാണത്തിൽ കേരളത്തിന്റെ ശ്രമങ്ങൾ ലോകം ശ്രദ്ധിക്കുന്നുണ്ട് എന്നതിന്റെ അടയാളം കൂടിയാണിത്.

എന്താണ് ലോക പുനർനിർമാണ സമ്മേളനം?

പ്രകൃതിക്ഷോഭങ്ങളിൽ നിന്നും കരകയറൽ, പുനർനിർമാണം എന്നിവ ലക്ഷ്യം വെച്ചുള്ള ലോകത്തിലെ ആദ്യത്തെ വലിയ യോഗമാണ് ഡബ്ല്യുആർസി അഥവാ വേൾഡ് റീകൺസ്ട്രക്ഷൻ കോൺഫറൻസ് എന്നു പറയാം. രണ്ടായിരത്തോളം ലോകനേതാക്കളെയും വിദഗ്ധരെയും നയനിര്‍മാതാക്കളെയും ഉൾക്കൊള്ളുന്ന വിശാലമായൊരു പ്ലാറ്റ്ഫോമാണിത്. സർക്കാർ-സർക്കാരിതര തലങ്ങളില്‍ നിന്നുള്ളവരെല്ലാം ഇതിലുള്‍പ്പെടും.

ദുരന്തങ്ങൾ സംഭവിച്ചതിനു ശേഷമുള്ള പുനർനിർമാണം സംബന്ധിച്ച എല്ലാ അറിവുകളെയും അവയുടെ പ്രയോഗങ്ങളെയും സമാഹരിക്കുകയാണ് ഡബ്ല്യുആർസി ചെയ്യുന്നത്. ഇവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സഹായകമാം വിധം പ്രവർത്തിക്കുകയാണ് ലക്ഷ്യം. ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കുകയും അവർക്ക് താല്‍ക്കാലികമായ ജീവിത സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്തതിനു ശേഷമുള്ള ജോലികളാണ് ഡബ്ല്യുആർസി ചെയ്യുന്നത്. പുനർനിർമാണമെന്നത് ഒരു ദീർഘകാല പരിപാടിയാണ്. വ്യക്തമായ ചട്ടക്കൂടും കർശനമായ ആസൂത്രണവും ആവശ്യമായ ഫണ്ടിങ്ങും ഈ ഘടത്തിൽ വേണം. ഇതിനുള്ള വിഭവങ്ങള്‍ സമാഹരിക്കുന്നതിലേക്ക് സഹായകമായിത്തീരുക എന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.

ജപ്പാൻ പോലെയുള്ള രാഷ്ട്രങ്ങൾക്ക് ദുരന്തങ്ങളെ നേരിടുന്നതില്‍ വലിയ പരിചയസമ്പത്താണുള്ളത്. വളരെ കാര്യക്ഷമമാണ് ഇവരുടെ രീതികള്‍. ഈ കാര്യക്ഷമതയുടെ പിന്നിൽ ദീർഘകാലത്തെ അനുഭവ സമ്പത്താണുള്ളത്. കാലാവസ്ഥാ വ്യതിയാനം മൂലം മുൻകാലങ്ങളിൽ പ്രകൃതിക്ഷോഭങ്ങൾ നേരിട്ടിട്ടില്ലാത്തവരും അത്തരം പ്രശ്നങ്ങളെ നേരിട്ടു തുടങ്ങിയിട്ടുണ്ട്.

ആർക്കാണ് ഡബ്ല്യുആർസിയെക്കൊണ്ടുള്ള നേട്ടം?

പ്രാദേശിക വിഭാഗങ്ങൾക്ക് ദുരന്തങ്ങൾക്കു ശേഷമുള്ള പുനർനിർമാണ പ്രക്രിയയിൽ ആവശ്യമായ വിഭവങ്ങളും അറിവുകളും ലഭ്യമാക്കാൻ ഇടപെടുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ദുരന്തത്തിൽ നിന്നുള്ള കരകയറലും പുനർനിർമാണവും ഏറെ സങ്കീർണമായ പ്രവര്‍ത്തനമാണ്. ഇതിന് കൂടുതൽ കാര്യക്ഷമമായ നിർദ്ദേശങ്ങളും മറ്റ് സഹായങ്ങളും ലഭ്യമാക്കേണ്ടതുണ്ട്.

എന്തൊക്കെയാണ് ഡബ്ല്യുആർസി ചെയ്തുവരുന്നത്?

പുതിയ ചിന്താപദ്ധതികൾ പുനർനിർമാണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യുആർസി പ്രവര്‍ത്തിച്ചു വരുന്നത്. കൂടുതൽ കാര്യക്ഷമമായതും വേഗത്തിലുള്ളതുമായ ദുരന്ത പുനപ്രാപ്തിയും പുനർനിർമാണവും ഉദ്ദേശിച്ചുള്ള പദ്ധതികൾ തയ്യാറാക്കുന്നു ഇവർ. പുനർനിർമാണ പ്രക്രിയകളിൽ ആഗോലതലത്തിൽ നയരൂപീകരണങ്ങളെ കാര്യക്ഷമമാക്കാനുള്ള ഇടപെടലുകളും ഇവർ നടത്തുന്നു. ഒരു അന്താരാഷ്ട്ര മാനദണ്ഡം പുനർനിർമാണത്തിന്റെ കാര്യത്തിൽ വികസിപ്പിച്ചെടുക്കാനുള്ള ശ്രമവും ഇവരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്.

കോൺഫറൻസ് നടന്നതിനു ശേഷം അതിൽ നിന്നുരിത്തിരിഞ്ഞ കാര്യങ്ങൾ പത്തുമാസങ്ങൾക്കുള്ളിൽ റിപ്പോർട്ടായി പ്രസിദ്ധീകരിക്കും.

കൂടുതൽ സംഘടിതവും, മികച്ച സാമ്പത്തിക പിന്തുണയുള്ളതും, ഗുണനിലവാരമേറിയതുമായ പുനര്‍നിർമാണ പ്രക്രിയയ്ക്ക് നേതൃത്വം കൊടുക്കുകയാണ് ഡബ്ല്യുസിസിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്ന് ലോകബാങ്കിന്റെ അർബൻ ഡവലപ്മെന്റ് വകുപ്പിന്റെ ഡയറക്ടർ സൗബിദ അല്ലോവ പറയുന്നു. ഒരു രാജ്യത്തിനും ദുരന്തങ്ങളിൽ നിന്നും രക്ഷയില്ല. എന്നാൽ ഏറ്റവും കൂടുതൽ കെടുതികളനുഭവിക്കുന്നത് ദരിദ്രരാജ്യങ്ങളാണെന്ന് സൗബിദ ചൂണ്ടിക്കാട്ടുന്നു. വലിയ തിരിച്ചടിയാണ് അവരുടെ വികസനപ്രവർത്തനങ്ങൾക്ക് സംഭവിക്കുക. ശരിയായ രീതിയിൽ പുനര്‍നിർമാണം നടക്കുകയാണെങ്കിൽ അത് സുസ്ഥിര വികസനത്തിലേക്കുള്ള അവസരങ്ങളുടെ വാതിലുകളാണ് തുറന്നിടുകയെന്ന് സൗബിദ വ്യക്തമാക്കുന്നു.

എന്തൊക്കെയാണ് പുനര്‍നിർമാണങ്ങളിൽ ഡബ്ല്യുആർസി കാണുന്ന വെല്ലുവിളികൾ

ലോകബാങ്ക് പുനര്‍നിർമാണ പ്രക്രിയകളിൽ ഏറെ ഇടപെട്ടിട്ടുള്ള സംഘടനയാണ്. ഈ അനുഭവങ്ങള്‍ കൂടിയാണ് ഡബ്ല്യആര്‍സിയിലൂടെ സമാഹരിക്കപ്പെടുന്നത്. മുപ്പത് വർഷത്തോളം ഇത്തരം വിഷയങ്ങളിൽ ലോകബാങ്ക് ഇടപെട്ടിട്ടുണ്ട്. സർക്കാരുകളുടെ പ്രതിബദ്ധതയാണ് പുനർനിര്‍മാണ പ്രക്രിയയിൽ എപ്പോഴും സഹായകമാകുന്ന ഘടകം. ഇത്തരം സർക്കാരുകള്‍ക്ക് സമയാസമയങ്ങളിൽ ആവശ്യമായ ആസൂത്രണ, നിരീക്ഷണ, സംഘാടന സഹായങ്ങള്‍ ഡബ്ല്യുആർസി ചെയ്തു കൊടുക്കുന്നു. ആവശ്യമായ ഘട്ടങ്ങളിൽ സാമ്പത്തിക സഹായങ്ങൾ എത്തിക്കുന്നു. സാങ്കേതിക വൈദഗ്ധ്യമാണ് ഡബ്ല്യുആർസി നൽകുന്ന മറ്റൊരു സഹായം.

ഇതൊരു സ്ഥിരം വേദിയാണോ?

ദുരന്തത്തിനു ശേഷമുള്ള പുനർനിർമാണം സംബന്ധിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ് ഡബ്ല്യുആർസി. ഇതൊരു സ്ഥിരം വേദിയാണ്. ഇപ്പോൾ നടക്കുന്നത് നാലാമത്തെ കോൺഫറന്‍സാണ്. 2019 മെയ് 13-14 തിയ്യതികളിലാണ് കോൺഫറൻസ് നടക്കുക. 2011ലാണ് ആദ്യത്തെ കോൺഫറൻസ് നടന്നത്. പിന്നീട് 2015ലും 2018ലും യോഗങ്ങൾ ആവര്‍ത്തിച്ചു. നിരവധി ദുരന്തങ്ങൾ സംഭവിച്ചതിന്റെ/സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് 2019ലെ കോൺഫറൻസ് നടക്കുന്നത്.

ആരാണ് ഡബ്ല്യുആർസിക്കു പിന്നിൽ?

മൂന്ന് സംഘടനകളാണ് ഈ കോൺഫറന്‍സിനു പിന്നിൽ പ്രവർത്തിക്കുന്നത്. വേൾഡ് ബാങ്ക്, ഗ്ലോബൽ ഫെസിലിറ്റി ഫോർ ഡിസാസ്റ്റർ റിഡക്ഷൻ ആൻഡ് റിക്കവറി [Global Facility for Disaster Reduction and Recovery (GFDRR], യുനൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ സ്ട്രാറ്റജി ഫോർ ഡിസാസ്റ്റര്‍ റിഡക്ഷൻ [United Nations International Strategy for Disaster Reduction (UNISDR)] എന്നീ സംഘടനകളാണ് ഡബ്ല്യുആർസി സംഘടിപ്പിക്കുന്നത്.

എന്താണ് കേരളത്തിന്റെ താല്‍പര്യങ്ങൾ?

രാജ്യത്തിന്റെ ദുർബലമായ ഫെഡറൽ സംവിധാനമാണ് കേരളത്തിന് പ്രളയ പുനര്‍നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത്. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളും കേരളത്തിന് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഈ ഘട്ടത്തിൽ ലോകബാങ്ക് അടക്കമുള്ള ഏജൻസികളുടെ സഹായം അത്യാവശ്യമാണ്. പുനർനിർമാണത്തിന് 30,000 കോടിയോളം രൂപ സമാഹരിക്കേണ്ടി വരുമെന്നാണ് കേരളം കണക്കുകൂട്ടുന്നത്. ഇതിൽ നല്ലൊരു പങ്ക് കുറഞ്ഞ പലിശനിരക്കില്‍ ലോകബാങ്ക് അടക്കമുള്ള സംവിധാനങ്ങളിൽ നിന്ന് നേടിയെടുക്കണം. കേരളത്തെ സഹായിക്കുന്ന കാര്യത്തിൽ ലോകബാങ്കിന് അനുകൂല നിലപാടാണ് ഉള്ളത്.

Next Story

Related Stories