TopTop
Begin typing your search above and press return to search.

Explainer: ഡീസൽ-പെട്രോൾ നികുതി: ഫ്രാൻസിലെ ദരിദ്രരും ഇടത്തരക്കാരും സർക്കാരിനെ പരാജയപ്പെടുത്തിയതെങ്ങനെ? എന്താണ് 'മഞ്ഞക്കോട്ട്' പ്രക്ഷോഭം?

Explainer: ഡീസൽ-പെട്രോൾ നികുതി: ഫ്രാൻസിലെ ദരിദ്രരും ഇടത്തരക്കാരും സർക്കാരിനെ പരാജയപ്പെടുത്തിയതെങ്ങനെ? എന്താണ് മഞ്ഞക്കോട്ട് പ്രക്ഷോഭം?

താൻ ഇടതുപക്ഷമോ വലതുപക്ഷമോ അല്ലെന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ അവകാശപ്പെടാറുള്ളത്. 'ലിബറൽ' മൂല്യങ്ങളോടാണ് തനിക്ക് താൽപര്യമെന്ന് അദ്ദേഹം അവകാശപ്പെടാറുണ്ട്. മാക്രോണ്‍ സ്ഥാപിച്ച 'ലാ റിപ്പബ്ലിക്വ എൻ മാർച്ചെ' എന്ന രാഷ്ട്രീയ കക്ഷിയും 'മധ്യവർത്തി, ലിബറൽ, സോഷ്യൽ ലിബറൽ' ആശയഗതികൾ തത്വത്തിൽ സൂക്ഷിക്കുന്നു. 2016 ഏപ്രിൽ മാസത്തിൽ രൂപീകരിച്ച ഈ കക്ഷി 66.1% ശതമാനം വോട്ടു വാങ്ങിയാണ് 2017ൽ അധികാരത്തിലേറിയത്. സോഷ്യലിസ്റ്റ് കക്ഷികളിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുമുള്ള അതൃപ്തരെ തന്റെ കൂടെ നിറുത്താൻ മാക്രോണിന് സാധിക്കുകയുണ്ടായി. ഇതിന് അദ്ദേഹത്തെ സഹായിച്ചത് 'ലിബറൽ' സിദ്ധാന്തമാണ്. ഇടതിന്റെയും വലതിന്റെയും മൂല്യങ്ങളെ തന്റെ പാർട്ടി ഉൾക്കൊള്ളുന്നുണ്ടെന്ന് അദ്ദേഹം സ്ഥാപിച്ചു. പ്രത്യേകമായ രാഷ്ട്രീയ സന്ദർഭത്തെ മുതലെടുത്ത് അദ്ദേഹത്തിന് തന്റെ മുന്നേറ്റത്തെ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞു.

ഓൺലൈനിടത്തിൽ വൻ പ്രചാരണപരിപാടികൾ നടത്താൻ‌ മാക്രോണിന് സാധിച്ചു. പിന്നാലെ ഇതിന് മാധ്യമങ്ങളുടെ പിന്തുണയും വൻതോതിൽ ലഭിച്ചു. ഒരു ഘട്ടത്തിൽ മാക്രോണിനെ 'മാധ്യമ സ്ഥാനാര്‍ത്ഥി' എന്നുവരെ വിമർശകർ വിശേഷിപ്പിച്ചു. മാക്രോണിന് ശക്തമായ എതിർപ്പ് കാര്യമായുണ്ടായില്ല. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും തീവ്രനിലപാടുള്ളവർ മാത്രമായിരുന്നു എതിരാളികൾ. ഇവരുടെ എതിർപ്പ് മാക്രോണിന് ദോഷത്തെക്കാളധികം ഗുണം ചെയ്തു.

സോഷ്യലിസ്റ്റ് എന്നും സോഷ്യൽ ഡെമോക്രാറ്റ് എന്നുമെല്ലാം മാധ്യമങ്ങളെക്കൊണ്ട് വിശേഷിപ്പിച്ചു കൊണ്ടിരുന്ന അതേ സന്ദർഭത്തിൽ തന്നെ മാക്രോൺ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ അതിശക്തനായ പ്രയോക്താവായിരുന്നു. താൻ ഒരു 'ഇടതു സർക്കാരിന്റെ' ഭാഗമായിരുന്നത് ജനങ്ങളുടെ അഭിലാഷത്തെ മുൻനിർത്തിയായിരുന്നെന്നും താനൊരു സോഷ്യലിസ്റ്റല്ലെന്നും 2015ൽ ഒരു അഭിമുഖത്തിൽ മാക്രോൺ പറഞ്ഞിരുന്നു. ഇതു തന്നെയാണ് മാക്രോണിന്റെ സാമ്പത്തികശാസ്ത്രം. തെരഞ്ഞെടുപ്പിനു മുൻപ് മാക്രോൺ പറഞ്ഞിരുന്നത് നികുതിയിളവുകളെക്കുറിച്ചു ജോലിസമയം കുറയ്ക്കുന്നതിനെക്കുറിച്ചുമെല്ലാമായിരുന്നെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇതിനോടൊന്നും പ്രതിബദ്ധത പുലർത്താൻ അദ്ദേഹത്തിനായില്ല. ഇതിന്റെയെല്ലാം പരിണിതഫലങ്ങളാണ് ഇപ്പോൾ ഫ്രാൻസിന്റെ തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുന്നത്. ദരിദ്രരും ഇടത്തരക്കാരുമടങ്ങുന്ന ജനങ്ങൾ തങ്ങളുടെ ജീവിതം ദുസ്സഹമായതിൽ പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്.

എന്താണ് യെല്ലോ വെസ്റ്റ്സ് പ്രസ്ഥാനം

യെല്ലോ വെസ്റ്റ്സ് പ്രസ്ഥാനം അഥവാ യെല്ലോ ജാക്കറ്റ് പ്രസ്ഥാനം തുടങ്ങിയത് ഇക്കഴിഞ്ഞ മാസത്തിലാണ്. കൃത്യമായി പറഞ്ഞാൽ 2018 നവംബർ 17 ശനിയാഴ്ച. ജീവിതച്ചെലവ് കൈയും കണക്കുമില്ലാതെ ഉയർന്നതിൽ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നയങ്ങളാണ് തങ്ങളുടെ ഈ ദുര്യോഗത്തിന് കാരണമെന്നും അദ്ദേഹം സ്ഥാനം വിട്ടൊഴിയണമെന്നും പ്രക്ഷോഭകർ പറയുന്നു. നഗരത്തിൽ നിന്നുള്ളവരും നഗരപ്രാന്തങ്ങളിൽ നിന്നുള്ളവരുമെല്ലാം പ്രക്ഷോഭകരുടെ കൂട്ടത്തിലുണ്ട്. മാക്രോണിന്റെ സാമ്പത്തികനയം ഏറ്റവും ബാധിച്ചത് നഗരത്തിലും നഗരപ്രാന്തങ്ങളിലും താമസിക്കുന്ന താഴ്ന്ന വരുമാനക്കാരെയാണ്.

ഇടത്തരക്കാരുടെ വരുമാനവും ഉയരുന്ന വിലകൾക്കനുസരിച്ച് വലിപ്പമുള്ളവയല്ല. ഉയർന്ന വരുമാനക്കാർക്കിടയിൽപ്പോലും ഭീതി വളർന്നിട്ടുണ്ട്. കാറുകൾ എല്ലാ വീടുകളിലുമുണ്ട്. അവ പ്രവർത്തിപ്പിക്കാനുള്ള എണ്ണയ്ക്ക് തീവിലയാണ്. മറ്റു സാധനങ്ങളുടെ വിലയും വൻതോതിൽ കയറിവരുന്നു.

എന്തുകൊണ്ട് മഞ്ഞ വസ്ത്രധാരികൾ

അപകടസാധ്യതയുള്ള മേഖലകളിൽ തൊഴിലെടുക്കുന്നവർ ഉപയോഗിക്കുന്ന റിഫ്ലക്ടീവ് വസ്ത്രം ഉപയോഗിച്ചാണ് പ്രക്ഷോഭകർ തങ്ങളെ അടയാളപ്പെടുത്തുന്നത്. വ്യാപകമായി വാങ്ങാൻ കിട്ടുന്നതാണ് ഈ വസ്ത്രം. എല്ലാ വാഹനങ്ങളിലും ഡ്രൈവർമാർ യാത്ര ചെയ്യുമ്പോൾ ഈ വസ്ത്രം കരുതണമെന്ന് 2008 മുതൽ നിയമംമൂലം നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനാൽത്തന്നെ ഈ വസ്ത്രം ധാരാളം വാങ്ങാൻ കിട്ടും. വിലയും വളരെ കുറവ്.

ഈ വസ്ത്രം തെരഞ്ഞെടുത്തതിനു പിന്നിലെ രാഷ്ട്രീയവും വളരെ കൃത്യമാണ്. ഇന്ധനവില വർധിച്ചു കൊണ്ടിരിക്കുന്നതാണ് പ്രക്ഷോഭത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്. ഇതിനാൽത്തന്നെ എല്ലാ വാഹന ഉടമകളുടെയും കൈയിലുള്ള ഈ വസ്ത്രം പ്രക്ഷോഭകരിൽ ഐക്യം നിറയ്ക്കാൻ സാധിക്കുന്നു. ഈ വസ്ത്രത്തിന്റെ വിലക്കുറവ് മറ്റൊരു രാഷ്ട്രീയ സൂചകമാണ്.

മാക്രോണിന്റെ ഡീസൽ‌ നികുതിയും ആഗോളതാപനവും

നികുതിയിളവുകളും, ചില സാമ്പത്തികവിഭാഗങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കലുമെല്ലാം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇമ്മാനുവൽ മാക്രോൺ നികുതികൾ നിരന്തരമായി വർധിപ്പിക്കുന്ന നയത്തിലേക്ക് മാറിയെന്ന് പ്രക്ഷോഭകർ പറയുന്നു. രാജ്യത്ത് വാഹമോടിക്കുക എന്നത് താഴ്ന്ന വരുമാനക്കാർക്ക് ഏതാണ്ട് അസാധ്യമായിത്തീർന്നു.

ഡീസലിന് ഏർപ്പെടുത്തിയ അധികനികുതി സംബന്ധിച്ച് ഇമ്മാനുവൽ മാക്രോണിന് പക്ഷെ പറയാനുള്ളത് മറ്റൊരു കാര്യമാണ്. ഡീസൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന ഇന്ധനമാണ്. പൊതുവിൽ ഭൗമ ഇന്ധനങ്ങളെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നു. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയുമെല്ലാം കെടുതികൾ വലിയ തോതിൽ ബാധിച്ചിട്ടുള്ള രാജ്യമാണ് ഫ്രാൻസ്. ഇക്കാരണത്താൽ തന്നെ ഇന്ധന ഉപഭോഗം നിയന്ത്രിക്കേണ്ടതുണ്ട്. ഇതാണ് നികുതി വർധനയ്ക്കു പിന്നിൽ! ഈ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാൻ പ്രക്ഷോഭകർ തയ്യാറായില്ല.

ഫ്രഞ്ച് കാറുകളിൽ ഡീസൽ ഇന്ധനമാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. കഴിഞ്ഞ 12 മാസത്തിനിടയിൽ 23% കണ്ടാണ് ഡീസൽ വില ഉയർന്നത്. രണ്ടായിരാമാണ്ടിന്റെ തുടക്കം മുതൽ ഇന്നുവരെയുള്ള കണക്കുകൾ തട്ടിച്ചു നോക്കുമ്പോൾ ഇപ്പോഴത്തെ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലയിലാണ്. ലോകത്തെമ്പാടും ഇന്ധന വില ഉയരുന്നുണ്ടെന്നെല്ലാം വാദിക്കാൻ മാക്രോണിന്റെ പക്ഷക്കാർ ശ്രമിച്ചുവെങ്കിലും ഈ വർഷം ഡീസലിന് ഏർപ്പെടുത്തിയ ഹൈഡ്രോകാർബൺ ടാക്സ് എന്ത് ന്യായത്തിലാണെന്ന് ശരിയായി വിശദീകരിക്കാൻ അവർക്ക് സാധിക്കുകയുണ്ടായില്ല. 7.6 സെന്റാണ് ഡീസലിന് നികുതി ഏർപ്പെടുത്തിയത്. പെട്രോളിന് 3.9 സെന്റ് നികുതിയും ഏർപ്പെടുത്തി. ഇതിനു പിന്നാലെ, 2019 ജനുവരി 1 മുതൽ ഡീസലിൽ 6.5 സെന്റ് നികുതി ഏർപ്പെടുത്തുമെന്ന സർക്കാർ തീരുമാനവും വരികയുണ്ടായി. പെട്രോളിന് 2.9 സെന്റും നികുതി വീണ്ടും കൂടും.

കൂടുതൽ പരിസ്ഥിതി സൗഹാർദ്ദമുള്ള കാറുകളാണ് വേണ്ടതെന്ന പ്രചാരണം കൂടി ഇതോടൊപ്പം സർക്കാർ നടത്തിവരുന്നുണ്ട്. എന്നാൽ, താഴ്ന്ന വരുമാനമുള്ളവർക്ക് യാതൊരു ബദൽസാധ്യതയും ഇല്ലാതെ എങ്ങനെയാണ് പരിസ്ഥിതി സൗഹാർദ്ദത്തിലേക്ക് അവർ മാറുക എന്ന ചോദ്യം നിലനിന്നു. ഈ ചോദ്യത്തിന് മര്യാദയുള്ള ഒരുത്തരം കിട്ടാതായതോടെ ജനങ്ങൾ തെരുവിലിറങ്ങി.

എന്താണ് കാർബൺ ടാക്സ്

ഇന്ധനങ്ങളിലെ കാർബൺ പുറത്തുവിടൽ വലിയൊരു ചർച്ചാവിഷയമാണ് ലോകമെങ്ങും. ഭൗമ ഇന്ധനങ്ങളെ ആശ്രയിക്കാതെ ഇന്ന് ലോകത്തിന് മുമ്പോട്ടു പോകുക അസാധ്യമാണ്. ഇന്ധനത്തെ പൂർണമായും കത്തിച്ച് കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ശ്രമങ്ങളും മറ്റും നടക്കുന്നുണ്ട്. ഭൗമ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനു വേണ്ടി സർക്കാരുകൾ കാർബൺ ടാക്സ് ഈടാക്കുന്നുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം ഉപയോഗിച്ച് കാർബൺ ബഹിർഗമനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായ കാര്യങ്ങൾ ചെയ്യുമെന്നാണ് വെപ്പ്.

എങ്ങനെയാണ് പ്രക്ഷോഭം തുടങ്ങിയത്

2018 മെയ് മാസത്തിൽ ചെയ്ഞ്ച് ഡോട്ട് ഓർഗിൽ ഒരു വനിത തുടങ്ങിയ വെച്ച പ്രചാരണപരിപാടിയാണ് ഇന്ന് ഇത്രയും വളർന്നുവലുതായിരിക്കുന്നത്. ഈ പെറ്റീഷനിൽ മൂന്ന് ലക്ഷത്തോളം പേർ ഒപ്പിടുകയുണ്ടായി. ഒക്ടോബർ മാസത്തോടെ ഈ പ്രചാരണം ഫേസ്ബുക്കിൽ വ്യാപകമായി. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്യാനുള്ള ആഹ്വാനം വന്നു. നവംബർ പതിനേഴാം തിയ്യതി ജനങ്ങൾ തെരുവുകളിലേക്ക് ഇറങ്ങി. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ടല്ല ഈ സമരം നടന്നതെന്നത് സുവ്യക്തമാണ്. പ്രത്യേകമായ ഒരു നേതൃത്വവും ഈ മുന്നേറ്റത്തിനില്ല.

നവംബർ 17ലെ പ്രക്ഷോഭം

നവംബർ 17ന് പ്രക്ഷോഭം തുടങ്ങിയ ദിനത്തിൽ മാത്രം 300,000 പേരാണ് പങ്കാളികളായത്. റോഡുകൾ ബാരിക്കേഡുകളുയർത്തി റോഡുകൾ തടയാൻ തുടങ്ങി. പ്രക്ഷോഭകർ അന്നേദിവസം തന്നെ അക്രമത്തിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ പ്രശ്നത്തിലൂന്നിയാണ് മാക്രോൺ പ്രക്ഷോഭകർക്കെതിരായ തന്റെ നീക്കങ്ങൾ നടത്തുന്നത്. അക്രമം താൻ അനുവദിക്കില്ലെന്ന് ശനിയാഴ്ച അർജന്റീനയിലെ ജി20 ഉച്ചകോടി പരിസരത്തുവെച്ച് മാക്രോൺ പ്രസ്താവിച്ചു. മാധ്യമപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നത് ന്യായീകരിക്കാനാകില്ല. വഴിയാത്രക്കാരെയും പ്രക്ഷോഭകർ ഉപദ്രവിക്കുകയാണ്: അദ്ദേഹം ആരോപിച്ചു. റോഡ‍ുകൾ ഉപരോധിച്ചതിനൊപ്പം ഇന്ധന ഡിപ്പോകളും സമരക്കാർ ഉപരോധിച്ചു.

വികൃതമാക്കപ്പെട്ട ശിൽപം: ജനരോഷത്തിന്റെ അടയാളം

പ്രക്ഷോഭകർ എത്രമാത്രം രോഷാകുലരാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു ശിൽപത്തിന്റെ ചിത്രം. ആർക് ഡി ട്രയംഫെയുടെ അകത്തുള്ള മരിയേൻ പ്രതിമയുടെ മുഖം തകർക്കപ്പെട്ടതാണ് സംഭവം. ഫ്രാൻസിന്റെ ജനകീയ ചരിത്രത്തിലെ പ്രധാന രൂപമാണ് വികൃതമാക്കപ്പെട്ടതിരിക്കുന്നത്. സ്റ്റാമ്പുകളിലും മറ്റ് ജനകീയ സാസ്കാരിക രൂപങ്ങളിലുമെല്ലാം മരിയേൻ ഒരു പ്രധാന സാന്നിധ്യമാണ്. ഇതാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്. തകർത്തത് ഫ്രാൻസിലെ ജനങ്ങൾ തന്നെ!

ഇമ്മാനുവൽ മാക്രോണിനെതിരായ പ്രക്ഷോഭങ്ങൾ

പ്രസിഡണ്ട് മാക്രോണിന്റെ നവലിബറൽ നയങ്ങൾക്കെതിരെ നേരത്തെയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളി സംഘടനകളും ഇടതു പാർട്ടികളുമാണ് ഇവയിലേറെയും നടത്തിയത്. തൊഴിൽനിയമങ്ങളിൽ മാക്രോൺ നടത്തിയ പരിഷ്കാരങ്ങൾക്കെതിരെ സമരമുണ്ടായി. തൊഴിൽസമയം 35 മണിക്കൂറിൽ നിന്നും കുറയ്ക്കണമെന്ന് വാദിച്ചാണ് മാക്രോൺ അധികാരത്തിലേറിയത്. എന്നാൽ തൊഴിലാളികളെ കൂടുതൽ പ്രയാസത്തിലാക്കുന്ന നയങ്ങളിലേക്കാണ് അധികാരം കിട്ടിയതിനു ശേഷം അദ്ദേഹം പോയത്. ഇതിനെല്ലാമെതിരെയായിരുന്നു സമരങ്ങൾ. 2015ലെ പാരിസ് ആക്രമണത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന അടിയന്തരാവസ്ഥയെ ഉപയോഗപ്പെടുത്തിയാണ് ഈ സമരങ്ങളെയെല്ലാം സർക്കാർ അടിച്ചമർത്തിയത്.

യെല്ലോ വെസ്റ്റ്സ് സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമം

യെല്ലോ വെസ്റ്റ്സ് സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഇതിനകം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നികുതി വർധനയിൽ വിട്ടുവീഴ്ച ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം സമരക്കാരുമായി സംസാരിക്കാൻ പ്രധാനമന്ത്രി എഡൂർദ് ഫിലിപ്പ് ശ്രമം നടത്തിയിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ സമരക്കാർ വിസമ്മതിച്ചു. സർക്കാരുമായി ചർച്ച നടത്താമെന്ന ധാരണയുള്ള ചിലര്‍ സമരക്കാർക്കിടയിലുണ്ട്. എന്നാൽ ഇത്തരമൊരു നീക്കത്തിന് തയ്യാറായാൽ വധിച്ചു കളയുമെന്ന ഭീഷണി തീവ്രമനോഭാവമുള്ള സമരക്കാർ ഉയർത്തുന്നതായി അവർ പരാതിപ്പെടുന്നു. ചുരുക്കത്തിൽ യോഗം റദ്ദാക്കപ്പെട്ടു. നികുതിവർധനയെ ചൂണ്ടിക്കാട്ടി തുടങ്ങിയ സമരം ഇപ്പോൾ സർ‌ക്കാരിന്റെ നയങ്ങൾക്കെല്ലാമെതിരായ മുന്നേറ്റമായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രസിഡണ്ട് മാക്രോൺ ഒരു ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള ആലോചനയും ഇതിനിടയിൽ നടന്നിരുന്നു. എന്നാൽ ഇത്തരമൊരു സാധ്യത ഇല്ലെന്നാണ് ലഭ്യമായ വിവരം. ജി20 ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം സെർബിയയിലേക്ക് പോകാന്‍ പദ്ധതിയുണ്ടായിരുന്നു മാക്രോണിന്. എന്നാൽ സ്ഥിതിഗതികൾ ഏറെ വഷളായ സാഹചര്യത്തിൽ സന്ദർശനം മാറ്റി വെച്ചിരിക്കുകയാണ് ഇദ്ദേഹം. വരുംദിനങ്ങളിൽ സമരക്കാരുമായുള്ള ഒത്തുതീർപ്പിന് ശക്തമായ ഇടപെടലുണ്ടാകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ഫ്രാങ്ക് റീസ്റ്റർ പറയുന്നു.

ഇന്ധനനികുതി പിൻവലിച്ച് സർക്കാർ

ഏറ്റവുമൊടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മഞ്ഞക്കോട്ട് പ്രക്ഷോഭകരെ അനനയിപ്പിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുകയാണ് ഫ്രഞ്ച് സർക്കാർ. ഇന്ധനവിലയിൽ വരുത്താനുദ്ദേശിച്ചിരുന്ന മാറ്റം വേണ്ടെന്നു വെച്ചിരിക്കുകയാണ് സർക്കാർ. മറ്റു നിരവധി പ്രശ്നങ്ങളും കൂടെ ഉയർത്തിയിരുന്നെങ്കിലും പ്രക്ഷോഭകർ പ്രധാനമായും ഉന്നയിച്ചിരുന്നത് ഇന്ധനവിലയിൽ -പ്രത്യേകിച്ചും ഡീസൽ വിലയില്‍ ഉണ്ടായ വർധനയാണ്. ഇപ്പോഴത്തെ വർധനയ്ക്കു പിന്നാലെ 2019 ജനുവരിയിലും സമാനമായ വർദനയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

ഒരു ലൈവ് ടെലിവിഷൻ പരിപാടിയിലൂടെയാണ് ഫ്രഞ്ച് പ്രധാനമന്ത്രി എഡോർദ് ഫിലിപ്പ് ഇന്ധനവിലയിൽ മാറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്. ഒരു നികുതിയെയും രാജ്യത്തിന്റെ ഒരുമയെ ബാധിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.

എന്നാൽ ഫ്രാൻസിന്റെ യൂറോപ്പ് 1 റേഡിയോയിലൂടെ സർക്കാരിന്റെ വക്താവ് ബെഞ്ചമിൻ ഗ്രിവോക്സ് ശനിയാഴ്ച നടത്തിയ പ്രസ്താവനയിൽ ഇതു സംബന്ധിച്ച വ്യക്തമായ സൂചനയൊന്നും നൽകിയിരുന്നില്ല. മറിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് അടക്കമുള്ള സാധ്യതകൾ ആരായുമെന്നായിരുന്നു പ്രസ്താവന. ശനിയാഴ്ച നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത നാനുറോളം പേർ അറസ്റ്റിലായിരുന്നു. മുൻ ആഴ്ചാവസാനങ്ങളിലെ പ്രക്ഷോഭങ്ങളെ അപേക്ഷിച്ച് ആളെണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. 36,000 പേരാണ് ശനിയാഴ്ചത്തെ പ്രക്ഷോഭത്തിൽ പങ്കെടുത്തത്. തുടക്കത്തിൽ 3 ലക്ഷത്തോളം പേർ തെരുവിലിറങ്ങിയിരുന്നു.


Next Story

Related Stories