TopTop
Begin typing your search above and press return to search.

ആന്തമാൻ ദ്വീപിലെ നിഗൂഢ ജീവിതങ്ങൾ: ജോൺ അലൻ ചൗ എന്ന അമേരിക്കൻ പൗരൻ കൊല ചെയ്യപ്പെട്ടത് എങ്ങനെ?

ആന്തമാൻ ദ്വീപിലെ നിഗൂഢ ജീവിതങ്ങൾ: ജോൺ അലൻ ചൗ എന്ന അമേരിക്കൻ പൗരൻ കൊല ചെയ്യപ്പെട്ടത് എങ്ങനെ?

ജോൺ അലൻ ചൗ എന്ന അമേരിക്കൻ പൗരനെ കൊല്ലപ്പെട്ട നിലയിൽ ആന്തമാനിലെ നോർത്ത് സെന്റിനൽ ദ്വീപിലാണ് കണ്ടെത്തിയത്. നവംബർ 16നായിരുന്നു സംഭവം. 27കാരനായ ഈ ടൂറിസ്റ്റിന്റെ അതിസാഹസത്തിന് ചില മത്സ്യത്തൊഴിലാളികളാണ് പിന്തുണ നൽകിയത്. ജോണിനെ ദ്വീപിലെ ഗോത്രവർഗക്കാരാണ് കൊന്നതെന്നാണ് വിവരം. ഏഴ് മത്സ്യത്തൊഴിലാളികൾ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

ജോണിനെ അവസാനം കാണുമ്പോൾ അദ്ദേഹത്തെ ദ്വീപുനിവാസികൾ ആക്രമിക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അവർ ജോണിനെ വലിച്ചിഴച്ച് തീരത്തേക്ക് കൊണ്ടുവരുന്നതും മത്സ്യത്തൊഴിലാളികൾ കണ്ടു. മണലിൽ പകുതിയോളം കുഴിച്ചിട്ട നിലയിലാണ് ഇവർ ജോണിനെ തിരിച്ചുപോരും മുമ്പ് അവസാനമായി കണ്ടത്.

സാഹസികമായ യാത്രകൾ ഇഷ്ടപ്പെടുന്നയാളായിരുന്നു ജോൺ. ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകളിൽ ഇത്തരം യാത്രകളുടെയും മറ്റും ചിത്രങ്ങളിൽ കാണാം. ഏറ്റവുമൊടുവിൽ നവംബർ രണ്ടിനാണ് ഇദ്ദേഹം പോസ്റ്റിട്ടത്. ഒരു കാട്ടിൽ നിന്നുള്ളവയായിരുന്നു ചിത്രങ്ങൾ.

ജോൺ ഒരു ക്രിസ്ത്യൻ മിഷനറിയായിരുന്നെന്നും ഗോത്രവാസികളുമായി ബന്ധം സ്ഥാപിക്കാൻ താൽപര്യമുള്ളയാളായിരുന്നെന്നും ദി മിറർ യുകെ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ജോണിന്റെ മരണത്തിൽ ദുഖം പ്രകടിപ്പിച്ച് രംഗത്തെത്തുകയുണ്ടായി. നിരോധിത മേഖലയിലേക്ക് കടന്ന് ഗോത്രവർഗക്കാരാൽ കൊല ചെയ്യപ്പെട്ട ജോണിന്റെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ അസഹിഷ്ണുത വളരുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. എന്നാൽ പോർട്ട് ബ്ലെയർ പൊലീസ് പറയുന്നത് ജോൺ തെറ്റായ വഴിയിലേക്കെത്തിയ ഒരു ശരിയായ സാഹസിക യാത്രക്കാരൻ മാത്രമായിരുന്നു എന്നാണ്. മനുഷ്യരുമായി സഹവാസം പുലർത്താത്ത ഗോത്രവർഗക്കാരെ കാണണമെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പോർട്ട് ബ്ലെയർ പൊലീസ് സൂപ്രണ്ട് ജതിൻ നർവാൾ പറയുന്നു.

എങ്ങനെയാണ് ജോൺ ദ്വീപിലെത്തിയത്?

ജോണ്‍ പലതവണ ഈ ദ്വീപിലെത്താൻ ശ്രമം നടത്തിയിരുന്നു. പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ഇടമായതിനാൽ പലപ്പോഴും പരാജയപ്പെട്ടു. നാലോ അഞ്ചോ തവണ ഇതിനു മുൻപ് ജോൺ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഇത്തവണ മത്സ്യത്തൊഴിലാളികളാണ് ഇദ്ദേഹത്തിന് വഴി കാട്ടിയതെന്നാണ് ലഭ്യമായ വിവരം. നവംബർ പതിന്നാലിനു തന്നെ ജോൺ സെന്റിനൽ ദ്വീപിലെത്താൻ ഒരു ശ്രമം നടത്തിയിരുന്നു. അത് പരാജയപ്പെടുകയാണുണ്ടായത്. രണ്ടുദിവസത്തിനു ശേഷം വീണ്ടും ശ്രമം നടത്തി. കൂടുതൽ സന്നാഹങ്ങളോടെയാണ് ജോൺ എത്തിയത്. കൂടെ മത്സ്യത്തൊഴിലാളികളുമുണ്ടായിരുന്നു. അത് വിജയം കണ്ടു. തന്റെ ചെറുബോട്ട് ദ്വീപിന്റെ സമീപമെത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കൈമാറുകയും കുറെക്കൂടി ചെറിയ തോണിയിൽ യാത്ര തുടരുകയും ചെയ്തു. ഒറ്റയ്ക്കായിരുന്നു ഇവിടുന്നങ്ങോട്ടുള്ള യാത്ര.

ആക്രമണം എങ്ങനെയായിരുന്നു

ലഭ്യമായ വിവരങ്ങൾ പ്രകാരം ജോണിനെ അമ്പെയ്ത് വീഴ്ത്തുകയായിരുന്നു. അമ്പ് കൊണ്ടിട്ടും ജോൺ ഓടുന്നുണ്ടായിരുന്നെന്ന് കടലിൽ ഇതിനെല്ലാം ദൃക്സാക്ഷികളായ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പിന്നീട് ഗോത്രവർഗക്കാർ ജോണിന്റെ കഴുത്തിൽ ഒരു കയർ മുറുക്കി വലിച്ചിഴച്ച് തീരത്തേക്ക് കൊണ്ടുവരുന്നതും അവർ കണ്ടു. അവസാനം കാണുമ്പോൾ ജോണിന്റെ ശരീരം മണലിൽ പാതി കുഴിച്ചിട്ട നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികൾ പോർട്ട് ബ്ലയറിൽ തിരിച്ചെത്തി ജോണിന്റെ സുഹൃത്തായ ഒരു സുവിശേഷകനെ കണ്ട് കാര്യം പറഞ്ഞു. പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നോർത്ത് സെന്റിനൽ ദ്വീപ്

ആന്തമാൻ ദ്വീപുകളിലൊന്നാണ് നോർത്ത് സെന്റിനൽ ദ്വീപ്. സെന്റിനലീസ് എന്നറിയപ്പെടുന്ന ഗോത്രവർഗക്കാരാണ് ബംഗാൾ ഉൾക്കടലിലെ ഈ ദ്വീപിൽ കഴിയുന്നത്. ആധുനിക സംസ്കാരവുമായി ബന്ധം പുലര്‍ത്താതെ ഇപ്പോഴും ജീവിക്കുന്ന ലോകത്തിലെ ഗോത്രവർഗക്കാരിലൊരു കൂട്ടരാണിവർ. ഇവരുടെ ജീവിതരീതിയും ഭാഷയും മറ്റും അത്ര വിശദമായി പുറംലോകത്തിനറിയില്ല. ഈ ദ്വീപുവാസികൾ വേറിട്ട് കഴിയാനാഗ്രഹിക്കുന്നവരാണ് എന്നതു തിരിച്ചറിഞ്ഞ് ഇന്ത്യാ ഗവൺമെന്റ് ഇവർക്കു മേലുള്ള ഭരണം ദൂരെ നിന്ന് വീക്ഷിക്കലിൽ മാത്രമായി ഒതുക്കിയിരിക്കുകയാണ്. ഇവരെ സന്ദർശിക്കാൻ പുറത്തു നിന്നുള്ള ആർക്കും അനുവാദമില്ല. ഇവരെ ഉപദ്രവിക്കുന്നത് കുറ്റകരമാണ്. ഇവർ പുറത്തു നിന്നുള്ള ആരെയെങ്കിലും ഉപദ്രവിക്കുകയാണെങ്കിൽ അവരെ അറസ്റ്റ് ചെയ്യാനോ വിചാരണ ചെയ്യാനോ ഉള്ള വകുപ്പും ഇല്ല.

ആന്തമാൻ ദ്വീപുകളിൽ വേറെയും നിരവധി ഗോത്രവർഗക്കാരുണ്ട്. ഓഞ്ജ് എന്ന പേരിലറിയപ്പെടുന്ന ഒരു കൂട്ടർ ലിറ്റിൽ ആന്തമാൻ ദ്വീപുകളിൽ ജീവിക്കുന്നു. ഇവർ താരതമ്യേന പുറംനാടുമായി ഇഴുകി ജീവിക്കാൻ പ്രയാസം കാണിക്കുന്നില്ല. ഇന്റർനെറ്റിൽ ഏറ്റവുമടുത്ത് ചെന്നെടുത്തിട്ടുള്ള ആന്തമാൻ ഗോത്രക്കാരുടെ ചിത്രങ്ങൾ മിക്കതും ഇവരുടേതാണ്.

ചോളന്മാരുടെയും മറാത്ത ഭരണാധികാരികളുടെയുമെല്ലാം ഭരണത്തിൻകീഴിൽ ഈ ഗോത്രവർഗക്കാർ വന്നിട്ടുണ്ടെങ്കിലും ആരും നോർത്ത് സെന്റിനെൽ ദ്വീപുനിവീസികളോട് അങ്ങനെ വഴിവെട്ടിന് നിന്നതായി ചരിത്രത്തിൽ കാണില്ല. ബ്രിട്ടീഷ് കാലത്ത് കുറെയധികം ഇടപെടലുകൾ നടന്നിട്ടുണ്ട്. ഒരിക്കൽ കുറച്ചുപേരെ ദ്വീപിൽ നിന്നും പിടിച്ചു കൊണ്ടു പോയി പോർട്ട് ബ്ലയറിൽ താമസിപ്പിച്ചു. അവരിൽ മുതിർന്ന രണ്ടുപേർ അസുഖബാധിതരായി മരിച്ചു. ബാക്കിയുള്ളവരെ തിരിച്ചു കൊണ്ടുവിട്ടു.

മുൻകാലങ്ങളിലും ഗോത്രവർഗക്കാരുടെ ആക്രമണങ്ങൾക്ക് പുറംനാട്ടുകാർ വിധേയരായിട്ടുണ്ട്. 2006ൽ ഈ ദ്വീപിൽ അബദ്ധത്തിൽ അകപ്പെട്ട രണ്ട് മത്സ്യബന്ധന തൊഴിലാളികൾ കൊല ചെയ്യപ്പെടുകയുണ്ടായി.

ജനസംഖ്യ

നിലവിൽ വെറും 40 പേർ മാത്രമാണ് ഈ ഗോത്രത്തിലുള്ളത്. കാലക്രമേണ എണ്ണം കുറയുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത്. 1901ൽ 117 പേരാണ് ഈ ഗോത്രത്തിലുണ്ടായിരുന്നത്. ഇപ്പോൾ ഇവരുടെ ജനസംഖ്യ 40 ആയി ചുരുങ്ങിയിരിക്കുന്നു. ഇതിന്റെ കാരണം പുതിയ പല രോഗങ്ങളെയും ചെറുക്കാൻ ഇവർക്ക് സാധിക്കാത്തതാണ്. ഇവർക്ക് പ്രതിരോധിക്കാൻ കഴിയാത്ത തരം രോഗപ്പകർച്ചകൾ മൂലം മരണങ്ങൾ സംഭവിക്കുന്നു. ഇതുകൂടാതെ കടന്നുകയറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളും കാരണമായിരിക്കാം എന്നനുമാനിക്കപ്പെടുന്നുണ്ട്.

വിലക്കുകൾ അനവധി

നോർത്ത് സെന്റിനൽ ദ്വീപിലേക്കുള്ള പ്രവേശനം പുറംനാട്ടുകാർക്ക് നിയമം മൂലം നിഷേധിക്കപ്പെട്ടിട്ടുള്ളതാണ്. ഇതോടൊപ്പം ഇവരുടെ ഫോട്ടോകളെടുക്കുന്നതും വീഡിയോകൾ പകർത്തുന്നതും ശിക്ഷാർഹമാണ്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഇന്ത്യാ സർക്കാരിന്റെ ഇടപെടലുകള്‍

ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്നോ ആ രാജ്യത്തിലെ പ്രജകളാണ് തങ്ങളെന്നോ അറിയാത്ത കൂട്ടരാണ് ഈ ദ്വീപിൽ വസിക്കുന്നത്. ദ്വീപിൽ സൈനികമായോ മറ്റോ ഉള്ള താൽപര്യങ്ങളോടെ ഒരുകൂട്ടർക്കും അടുക്കാനാകില്ല. വംശനാശത്തോടടുത്ത ഗോത്രവർഗക്കാരെന്ന നിലയിൽ ഇവരെ അന്താരാഷ്ട്രസമൂഹം ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. 2004ല്‍ ഈ ഗോത്രവർ‌ഗക്കാരെ തിരഞ്ഞു പോകേണ്ട ഒരു സാഹചര്യമുണ്ടായി ഇന്ത്യക്ക്. സർവ്വനാശം വിതച്ച സുനാമിക്കു ശേഷമായിരുന്നു ഇത്. ഗോത്രവർഗക്കാർ അതിജീവിച്ചുവോ എന്നാരായാൻ ഒരു ആകാശവീക്ഷണത്തിന് സർക്കാർ തയ്യാറായി. നിരീക്ഷണത്തിന് പോയ വിമാനങ്ങൾക്കു നേരെ അമ്പെയ്തും കല്ലുകളെറിഞ്ഞും അവർ പ്രതിഷേധിച്ചു. ദ്വീപുനിവാസികൾ സുരക്ഷിതരാണെന്ന് അങ്ങനെ സർക്കാരിന് ബോധ്യപ്പെട്ടു.


Next Story

Related Stories