Top

Explainer: മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ മകന്‍ ചീഫ് ജസ്റ്റിസാകുമ്പോള്‍; രഞ്ജൻ ഗോഗോയെ കുറിച്ചറിയാം

Explainer: മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ മകന്‍ ചീഫ് ജസ്റ്റിസാകുമ്പോള്‍; രഞ്ജൻ ഗോഗോയെ കുറിച്ചറിയാം
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സായി രഞ്ജൻ ഗോഗോയ് എന്ന 63കാരൻ സ്ഥാനമേൽക്കുമ്പോൾ രാജ്യം അത്യാകാംക്ഷയിലാണ്. തികച്ചും അശാന്തമായ ഒരു കാലത്തിലൂടെയാണ് പരമോന്നത നീതിപീഠം കടന്നുപോന്നത്. ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത പലതും സുപ്രീംകോടതിയിൽ ഇതിനിടെ സംഭവിച്ചു. നീതിയെച്ചൊല്ലിയുള്ള ന്യായാധിപന്മാരുടെ തർക്കങ്ങൾ പൊതുജനമധ്യത്തിലേക്കു വരെ ഇറങ്ങിവന്നു. സുപ്രീംകോടതിയിൽ അസാധാരണമായ ചിലത് സംഭവിക്കുന്നതായി അവർ മുന്നറിയിപ്പ് നൽകി. പരമോന്നത ന്യായപീഠമെന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുന്നവയാണ് ആ അസാധാരണ സംഭവങ്ങളെന്ന് അവർ പറഞ്ഞു. പ്രസ്തുത നീക്കം നടത്തിയ ന്യായാധിപരിലൊരാളാണ് രഞ്ജൻ ഗോഗോയ്. രാജ്യം ഏറെ പ്രതീക്ഷയോടെ ഇദ്ദേഹത്തിലേക്ക് നോക്കുന്നുണ്ടെങ്കിൽ അതിന് ന്യായങ്ങളുണ്ട്.

ചരിത്രം പഠിച്ച ന്യായാധിപൻ

അസമിലെ കോൺഗ്രസ്സ് നേതാവായിരുന്ന കേശബ് ചന്ദ്ര ഗോഗോയിയുടെ അഞ്ച് മക്കളിലൊരാളാണ് രഞ്ജൻ ഗോഗോയ്. രാഷ്ട്രീയ പ്രതിസന്ധിയുടെ കാലത്ത്, രണ്ട് പ്രസിഡണ്ട് ഭരണങ്ങൾക്കിടയിൽ അസമിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുമുണ്ട് കേശബ് ചന്ദ്ര. 1982ലായിരുന്നു ഇത്. മാർച്ച് 19 മുതൽ രണ്ട് മാസം. 1954 നവംബർ 18നായിരുന്നു രഞ്ജൻ ഗോഗോയിയുടെ ജനനം. കിഴക്കൻ അസമിലെ ദിബ്രുഗഢിൽ. ബിരുദപഠനത്തിന് ഗോഗോയ് തെരഞ്ഞെടുത്തത് ചരിത്രമായിരുന്നു. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ. പിന്നീട് അദ്ദേഹം നിയമപഠനത്തിന് ചേർന്നു. 1978ൽ അഭിഭാഷകനായി. ഗുവാഹട്ടി ഹൈക്കോടതിയിലായിരുന്നു പ്രാക്ടീസ്.

നിശ്ശബ്ദനും സ്ഥിതപ്രജ്ഞനുമായ ന്യായാധിപൻ

2001ലാണ് ജസ്റ്റിസ് ഗോഗോയ് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നതു പ്രകാരം തികച്ചും ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് ഗോഗോയ്. എന്നാൽ വിധിന്യായങ്ങളിൽ‌ ഈ ഉൾവലിച്ചിൽ കാണില്ല. തീരുമാനങ്ങളിലെത്തുന്ന സമയങ്ങളിൽ ഒരു തികഞ്ഞ സ്ഥിതപ്രജ്ഞനായ ന്യായാധിപനെയാണ് കാണാൻ കഴിയുകയെന്ന് സഹപ്രവർത്തകർ ഓർത്തെടുക്കുന്നു. 2010ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് ഇദ്ദേഹത്തിന് മാറ്റം കിട്ടി. ഇതേ കോടതിയിൽ അഞ്ചു മാസങ്ങൾക്കു ശേഷം ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു. 2012 ഏപ്രിൽ മാസത്തിൽ സുപ്രീംകോടതി ജഡ്ജിയായി മാറി.

റിലയൻസ് മുതൽ ഗോവിന്ദച്ചാമി വരെ

വിവാദമായി മാറിയ നിരവധി കേസുകൾ രഞ്ജൻ ഗോഗോയ് കൈകാര്യം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് കേരളത്തിൽ ഏറെ വിവാദമായി മാറിയ, സൗമ്യ കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച ഹൈക്കോടതി നടപടിയിന്മേൽ വന്ന അപ്പീൽ. ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് പ്രഫുല്ല സി പന്ത്, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബഞ്ച് ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി വിധിച്ച വധശിക്ഷ നീക്കം ചെയ്തു. ശിക്ഷ ജീവപര്യന്തമായി മാറി. ശരീരത്തിൽ മുറിവുകളുണ്ടാക്കിയതിനും ബലാൽസംഗശ്രമത്തിനുമാണ് ഗോഗോയ് അടങ്ങിയ ബഞ്ച് ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിധിപ്രസ്താവം പറഞ്ഞു. സൗമ്യ ചാടിയപ്പോഴുണ്ടായ മുറിവാണ് മരണകാരണമെന്ന ഡോക്ടറുടെ റിപ്പോർട്ടും സൗമ്യയുടെ തല ട്രെയിനിന്റെ ഭിത്തിയിൽ ഗോവിന്ദച്ചാമി പലവട്ടം ഇടിച്ചതാണ് മരണകാരണമെന്ന പ്രോസിക്യൂഷൻ വാദവും തമ്മിൽ ചേരുന്നില്ലെന്നും ഗോഗോയ് തന്റെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

അസം പൗരത്വ രജിസ്ട്രേഷൻ സംബന്ധിച്ച വിഷയത്തിലും ഗോഗോയിയുടെ നിർണായക ഇടപെടലുണ്ടായി. 2003ലെ രജിസ്ട്രേഷൻ ഓഫ് സിറ്റിസൺസ് ആൻഡ് ഇഷ്യൂ ഓഫ് നാഷണൽ ഐഡന്റിറ്റി കാർ‌ഡ് ചട്ടങ്ങളിലെ ഒരു വകുപ്പിൽ അസമിലെ 'ആദിമ നിവാസികൾ' എന്ന പ്രയോഗമുണ്ടെന്നും അതിൽ വ്യക്തത വേണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. അസം പൗരത്വ രജിസ്ട്രേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ആരാണ് അസം സംസ്ഥാനത്തെ ആദിമനിവാസികളെന്നത് തിരിച്ചറിയുക എന്നത് ഉൾപ്പെടുന്നില്ലെന്ന് ഗോഗോയിയും നരിമാനും അടങ്ങിയ ബഞ്ച് വിധി പ്രസ്താവിച്ചു.

കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെൽ ടവറുകൾക്ക് പ്രോപ്പർട്ടി ടാക്സ് ആവശ്യപ്പെട്ടുള്ള ഗുജറാത്ത് സർക്കാരിന്റെ നോട്ടീസ് ചോദ്യം ചെയ്തുള്ള റിലയൻസിന്റെ ഹരജിയാണ് ഗോഗോയ് അംഗമായ ബഞ്ച് വാദം കേട്ട പ്രധാന കേസുകളിൽ മറ്റൊന്ന്. റിലയൻസിന്റെ ഹരജി കോടതി തള്ളുകയാണുണ്ടായത്.

ജഡ്ജിമാരെ വിമർശിച്ച മാർ‌ക്കണ്ഡേയ കട്ജുവിനെതിരെ ശക്തമായ നടപടിയെടുക്കാൻ നിലപാടെടുത്ത ജഡ്ജിമാരുടെ കൂട്ടത്തിലും ഗോഗോയ് ഉണ്ടായിരുന്നു.

ജസ്റ്റിസ് ലോയ കേസും കൊളീജിയം ജഡ്ജിമാരും


2018 ജനുവരി മാസത്തിൽ നാല് കൊളീജിയം ജഡ്ജിമാർ കോടതിനടപടികൾ നിർത്തിവെച്ച് വാർത്താസമ്മേളനം വിളിച്ച സംഭവം വലിയ വിവാദമായി മാറിയിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേള്‍ക്കുകയും അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്ത ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അതീവ ഗൗരവമുള്ള വിഷയമാണെന്നും ഈ കേസിൽ സുപ്രീംകോടതിയുടെ നിലപാടുകളിൽ സംശയങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വാർത്താ സമ്മേളനം. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇത്തരമൊരു സംഭവം. ഈ ജഡ്ജിമാരിലൊരാൾ രഞ്ജൻ‌ ഗോഗോയ് ആയിരുന്നു. ന്യായത്തിനൊപ്പം നിൽക്കാൻ ഭയമില്ലാത്ത ന്യായാധിപന്മാരുടെ കൂട്ടത്തിൽ ഗോഗോയിയുടെ പേര് എക്കാലത്തും എഴുതിച്ചേർത്ത നടപടിയായി ഇത്.

ജസ്റ്റിസ് ചെലമേശ്വറിന്‍റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ്, രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ എന്നിവരാണ് പങ്കെടുത്തത്. ഇതിൽ ചെലമേശ്വർ മാസങ്ങൾക്കു മുമ്പ് വിരമിച്ചു. ഇക്കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും വിരമിച്ചു.

ഈ സംഭവങ്ങൾക്കു ശേഷമാണ് ദീപക് മിശ്ര സുപ്രീംകോടതിയിലെടുക്കുന്ന നിലപാടുകള്‍ മുൻനിർത്തി അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന പ്രമേയവുമായി കോണ്‍ഗ്രസ്സ് വന്നത്. വേണ്ടത്ര പിന്തുണയില്ലാത്തതിനാൽ കുറ്റവിചാരണ നടപ്പാകുകയുണ്ടായില്ല. ഒരു ആക്ടിവിസ്റ്റിന്റെ രീതികളുള്ള ജസ്റ്റിസ് ചെലമേശ്വറായിരുന്നു വിമതരായ കൊളീജിയം ജഡ്ജിമാരെ നയിച്ചിരുന്നത്. ജനുവരി 12ാം തിയ്യതി കോടതി നടപടികൾ നിറുത്തി വെച്ച് തനിക്ക് സ്വതസിദ്ധമായ മിതഭാഷിത്വവുമായി കാലിന്മേൽ കാൽ കയറ്റിവെച്ച് മറ്റ് ജഡ്ജിമാർക്കൊപ്പം ശാന്തനായി ഇരുന്ന ആ കുറിയ മനുഷ്യൻ‌ ഇന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ്സാണ്. നീതിപീഠം അതിന്റെ വിശ്വാസ്യതയും അന്തസ്സും കാത്തുസൂക്ഷിക്കുമെന്നതിൽ ഇനി സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് അതിന്റെയർത്ഥം.

എന്താണ് പുതിയ പ്രതീക്ഷകൾ?

ദീപക് മിശ്രയുടെ കാലത്തിനു ശേഷമുള്ള സുപ്രീംകോടതിയെ ഇന്ത്യ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. സുപ്രീംകോടതിയിൽ മിശ്രയുടെ കാലയളവിലുണ്ടായ അശാന്തമായ അന്തരീക്ഷം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ അരക്ഷിതമാക്കിയിട്ടുണ്ടെന്നു പറഞ്ഞാൽ അമിതമാകില്ല. ഇപ്പോൾ ഗോഗോയ് അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ മുൻ ചെയ്തികളും വാക്കുകളും തന്നെയാണ് പ്രതീക്ഷ നൽകുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഗോഗോയ് പറഞ്ഞത്, രാജ്യം മുമ്പെന്നത്തേതിനെക്കാളും ജാതി-മത-പ്രത്യയശാസ്ത്രാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന്. എന്ത് കഴിക്കുന്നു, എന്ത് ധരിക്കുന്നു, എന്ത് പറയുന്നു എന്നു തുടങ്ങി സ്വകാര്യജീവിതത്തിൽ മുൻകാലങ്ങളിൽ അപ്രസക്തമായിരുന്ന പലതും ഇപ്പോൾ വിഭജനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നതായും ഗോഗോയ് പറഞ്ഞു. ദീപക് മിശ്രയ്ക്ക് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ വെച്ചു തന്നെയായിരുന്നു ഗോഗോയിയുടെ ഈ ആശങ്ക പങ്കു വെക്കൽ. സുപ്രീംകോടതി ഇതിൽ ഇടപെടലുകളൊന്നും നടത്തിയില്ലെന്ന് കരുതുന്നത് തെറ്റാകുമെന്നും ഗോഗോയ് പറയുകയുണ്ടായി. പല ജഡ്ജിമാരും മുന്നിട്ടിറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

"എന്റെ മകന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെയാകാൻ കഴിയും"

ഒരു അച്ഛന്റെ അമിതവാത്സല്യമായിരുന്നില്ല ആ വാക്കുകൾ എന്ന് തെളിഞ്ഞിരിക്കുകയാണ്. 1982ല്‍ 66 ദിവസത്തോളം അസെമിന്റെ മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗോഗോയിയോട് മുൻ നിയമമന്ത്രിയും അബ്ദുൾ മുഹിത് മജൂംദാർ ഇങ്ങനെയൊരു ചോദ്യം ചോദിച്ചുവത്രെ: "നിങ്ങളുടെ മകനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മാറുമോ?" താനെഴുതിയ പുസ്തകത്തിലാണ് ഈ സന്ദർഭം മജൂംദാർ വിവരിച്ചത്. മനജൂംദാറിന്റെ ചോദ്യത്തിന് കേശബ് ചന്ദ്രയുടെ മറുപടി ഇങ്ങനെയായിരുന്നു: "അവൻ എന്നെ അനുകരിക്കാനിടയില്ല. പക്ഷെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാനുള്ള ശേഷി അവനുണ്ട്!" ആ പിതാവിന്റെ വാക്കുകൾ പൊന്നായിരിക്കുന്നു ഇപ്പോൾ.

https://www.azhimukham.com/offbeat-when-dipakmishra-retires/

https://www.azhimukham.com/trending-justice-ranjan-gogoi-chief-justice-of-india-names-his-successor/

https://www.azhimukham.com/india-who-is-justice-chelemeswar/

Next Story

Related Stories