TopTop

Explainer: ആരാണ് ആമസോൺ കാടുകൾ ബ്രസീലിന്റേത് മാത്രമെന്ന് പറയുന്ന പ്രസിഡണ്ട് ജയിർ ബോൾസൊനാരോ?

Explainer: ആരാണ് ആമസോൺ കാടുകൾ ബ്രസീലിന്റേത് മാത്രമെന്ന് പറയുന്ന പ്രസിഡണ്ട് ജയിർ ബോൾസൊനാരോ?
"എനിക്ക് അഞ്ചു കുട്ടികളുണ്ട്. അതില്‍ നാലും ആണുങ്ങളാണ്. പക്ഷെ അഞ്ചാമത്തേതില്‍ ഒരു നിമിഷം ഞാനൊന്ന് തളര്‍ന്നുപോയി, അതില്‍ പുറത്തുവന്നത് പെണ്ണും". 2017 ഏപ്രിൽ മാസത്തിൽ ജെയ്ർ ബോൾസൊനാരോ നടത്തിയ പ്രസ്താവനയാണിത്. ഒരു രാജ്യത്തെ നയിക്കാനുള്ള അടിസ്ഥാന യോഗ്യതകളിൽ അന്തസ്സും സാമാന്യമര്യാദയുമെല്ലാം പെടുന്നുണ്ടെങ്കിൽ ജയ്ർ ബോൾസൊനാരോയ്ക്ക് ബ്രസീലിന്റെ പ്രസിഡണ്ടാകാൻ പ്രാപ്തനല്ല. എങ്കിലും ഏതൊരു തീവ്രവലത് നേതാവിനെയും പോലെ സാമാന്യ ജനങ്ങൾക്കിടയിൽ ഇത്തരം പ്രസ്താവനകളിലൂടെ സമ്മതി നിലനിർത്താൻ ബോൾസൊനാരോയ്ക്കും സാധിക്കുന്നുണ്ട്.

എവിടെ നിന്നാണ് ബോൾസൊനാരോ തുടങ്ങിയത്?

1955ലാണ് ബോൾസൊനാരോയുടെ ജനനം. പട്ടാളക്കാരനായാണ് കരിയർ തുടങ്ങിയത്. പട്ടാള സ്കൂളുകളിലാണ് പഠിച്ചു വളർന്നത്. പട്ടാളത്തിലെ ബോൾസൊനാരോയുടെ സുപ്പീരിയർ ഓഫീസർമാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് സാമ്പത്തിക നേട്ടമുണ്ടാക്കാൻ അമിതമായ ആഗ്രഹം സൂക്ഷിക്കുന്നയാൾ എന്നായിരുന്നു. 1980കളില്‍ ഇദ്ദേഹത്തെ വിലയിരുത്തി സുപ്പീരിയർ ഓഫീസർമാർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ബോൾസൊനാരോയുടെ പണക്കൊതിയെക്കുറിച്ച് പരാമർശിച്ചിരുന്നത്. ഈ രഹസ്യരേഖ ഈയിടെയാണ് ചോർന്നത്.

പട്ടാളത്തിലും അത്യാവശ്യം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു ഇദ്ദേഹം. ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് ബോൾസൊനാരോ ഒരു മാസികയിൽ ലേഖനമെഴുതുകയുണ്ടായി. പട്ടാളത്തില്‍ സര്‍വ്വീസിലിരിക്കെ ഒരാളിത് ചെയ്യുന്നത് അപൂര്‍വ്വമായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ സ്വർണപ്പൂതി പുറത്തുവന്നത്.

ആമസോൺ കാടുകൾ വരെ നീണ്ട സ്വർണഖനന ആർത്തി

പട്ടാളത്തിൽ സർവ്വീസിലിരിക്കുന്ന കാലത്ത് ബാഹിയ സംസ്ഥാനത്ത് സ്വർണഖനനം നടത്താൻ പോയി ബോൾസൊനാരോ. അന്നത്തെ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തന്റെ കീഴിലുള്ള മൂന്ന് ലഫ്റ്റനന്റുനാരെയും രണ്ട് പാരാട്രൂപ്പ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ചായിരുന്നു ഖനനം. ഈ പരിപാടി താൻ ഒരു മനസ്സുഖത്തിന് ചെയ്തതാണെന്നും സമ്പത്തുണ്ടാക്കാൻ ഉദ്ദേശിച്ചല്ലായിരുന്നെന്നും പിന്നീട് ബോൾസൊനാരോ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വഭാവമറിയുന്ന ആരും അത് വിശ്വസിച്ചിന്നുല്ലെങ്കിലും.

ഈ ഖനന മനോഭാവം ബോൾസൊനാരോ പിന്നീടൊരിക്കലും കൈവിട്ടില്ല. ബ്രസീലിന്റെ പ്രസിഡണ്ടായപ്പോഴും അദ്ദേഹത്തിന്റെ നോട്ടം ആമസോൺ കാടുകളിലെ വൻ ധാതി നിക്ഷേപത്തിലേക്കാണ്. ബ്രസീൽ‌ പാർലമെന്റിൽ കാർഷിക, ഖനന ലോബിയുടെ സാന്നിധ്യം വളരെ വലുതാണ്. കൃഷി എന്നാൽ സാധാരണ തരം കൃഷിയൊന്നുമല്ല. ആമസോൺ കാടുകൾ ആയിരക്കണക്കിനേക്കർ വെട്ടിത്തെളിച്ച് കൃഷിയിറക്കുന്ന വമ്പന്മാരുടെ കൃഷി. ആമസോണ്‍ കാടുകളിലെ വലിയ ധാതു വിഭവങ്ങളിലൊന്ന് ബോൾസൊനാരോയുടെ യൗവനകാല സ്വപ്നമായ സ്വർണമാണ്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം ഈ കാടുകളിലാണുള്ളത്. വെട്ടിത്തെളിച്ച് ഖനനം നടത്തിയാൽ കൈനിറയെ സമ്പത്താണ് വരികയെന്ന് ബോൾസൊനാരോ കണക്കു കൂട്ടുന്നു.

എന്താണ് ബോൾസൊനാരോയുടെ ആദിവാസി വിരോധത്തിനു പിന്നിൽ?

സ്വർണം, വെള്ളി, ബോക്സൈറ്റ് തുടങ്ങിയവയടക്കമുള്ള വലിയ ധാതു സമ്പത്തിന് നിലവിൽ ആരാണ് സംരക്ഷകർ‌ എന്നൊരു ചോദ്യമുണ്ട്. സർക്കാരുകളും അന്തർദ്ദേശിയ തലത്തിലുള്ള പാരിസ്ഥിതിക നിരീക്ഷകരുമെല്ലാം പരാജയപ്പെടുന്നിടത്ത് ആദിവാസി വിഭാഗങ്ങളുടെ ജാഗ്രതയാണ് വിജയിക്കുന്നത്. ചുരുക്കം ചില ആദിവാസികളാണ് രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നതെന്ന് ബോൾസൊനാരോ പ്രചരിപ്പിക്കുന്നു. തീവ്രവലതുപക്ഷ സ്വഭാവമുള്ള വലിയൊരു ആരാധക വൃന്ദത്തെ ബോൾസൊനാരോ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഗോത്രവർഗ്ഗക്കാർക്കെതിരെ ജനവികാരം ഉയർത്തി വിടുന്നതില്‍ ഇവർ വലിയൊരളവ് വിജയിച്ചിട്ടുണ്ട്. ധാതുക്കളിൽ തൊടാനനുവദിക്കാതെ അവയ്ക്ക് കാവലായി നിൽക്കുന്ന ഗോത്രവിഭാഗങ്ങൾക്കെതിരെ വലിയ വിദ്വേഷ പ്രചാരണമാണ് നടന്നു കൊണ്ടിരിക്കുന്നത്.

ആരാണ് ആമസോണിൽ കത്തിത്തീരുന്നത്?

ആമസോൺ കാടുകളിൽ ഇപ്പോൾ പടർന്നു പിടിച്ച തീയിൽ കത്തിത്തീരുന്നത് ഗോത്രവർഗ്ഗക്കാരുടെ ജീവിതം കൂടിയാണ്. കർഷകരും കയ്യേറ്റക്കാരും മനപ്പൂർവ്വം തീയിട്ടതാണെന്നാണ് ബ്രസീലിലെ ഗോത്രവർഗ നേതാക്കളിലൊരാളായ സോണിയ ബോണ്‍ ഗോജാജാര പറയുന്നത്. കാട്ടിലേക്ക് വൻ പദ്ധതികളുമായി തങ്ങൾ വരുമ്പോൾ എതിർത്താൽ എന്തായിരിക്കും ഫലമെന്ന താക്കീത് നല്‍കുകയായിരുന്നു കാർഷിക മാഫിയയും കയ്യേറ്റക്കാരും.

ബോൾസൊനാരോ പ്രശസ്തിയിലേക്ക് വന്ന കാലം?


പട്ടാളത്തിലെ ശമ്പളത്തെക്കുറിച്ച് പരാതി പറഞ്ഞ് ഒരു മാസികയിൽ ലേഖനം വന്നതോടെയാണ് ബോൾസൊനാരോയെ ബ്രസീലുകാർ ശ്രദ്ധിക്കുന്നത്. പട്ടാളത്തിൽ നിന്നു തന്നെ പലരും അദ്ദേഹത്തെ അനുകൂലിച്ചു. പട്ടാളക്കാരുടെ ഭാര്യമാരും പിന്തുണയുമായെത്തി.

ഇതേ മാസികയിൽ തന്നെയാണ് ബോൾസൊനാരോയെ കുപ്രസിദ്ധനാക്കിയ മറ്റൊരു വാർത്ത വന്നത്. മിലിട്ടറി യൂണിറ്റുകളിൽ ബോംബ് വെക്കാൻ ബോൾസൊനാരോ പദ്ധതിയിട്ടു എന്നതായിരുന്നു റിപ്പോർട്ട്. കുറ്റാരോപണങ്ങളും തെളിവുകളുമെല്ലാം ഏറെ ശക്തമായിരുന്നു. എങ്കിലും ചില പഴുതുകളിലൂടെ ബോൾസൊനാരോ കുറ്റവിമുക്തനായി. ഈ സംഭവമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലെത്തിച്ചത്.

എങ്ങനെയാണ് ബോൾസൊനാരോ രാഷ്ട്രീയത്തിൽ വളർന്നത്?

1991 മുതല്‍ രണ്ടു തവണ കോണ്‍ഗ്രസ് അംഗമായിരുന്നു ബോള്‍സൊനാരോ. അദ്ദേഹത്തിന്റെ രണ്ടു നിര്‍ദ്ദേശങ്ങള്‍ മാത്രമേ നിയമമായിട്ടുള്ളൂ. അധിക്ഷേപം നിറഞ്ഞതും നിന്ദാപൂര്‍വവുമായ പരാമര്‍ശങ്ങളുടെ പേരിലാണ് ഈ കാലത്ത് ബോൾസൊനാരോ അറിയപ്പെട്ടത്. മൂന്നു ദശാബ്ദമായി രാഷ്ട്രീയത്തിലുണ്ടെങ്കിലും വ്യവസ്ഥാപിതമായ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സംവിധാനത്തിന് പുറത്തുനിന്നും വന്നു അതിനെ അട്ടിമറിക്കാന്‍ പോന്ന ഒരാളെന്ന തോന്നലാണ് വിജയകരമായി ബോൾസൊനാരോ നിലനിര്‍ത്തിയത്. ഇതിന് തന്റെ അതിവാചാലത തന്നെ അധികമായിരുന്നു. ബ്രസീലിന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നു കിടക്കുന്ന സാഹചര്യത്തെയാണ് അദ്ദേഹം ഉപയോഗിച്ചത്. തന്റെ വാക്സാമർത്ഥ്യം കൊണ്ട് എല്ലാ പ്രശ്നത്തിന്റെയും കാരണം അഴിമതിയാണെന്ന് സ്ഥാപിക്കാൻ അദ്ദേഹത്തിനായി. ഇതോടൊപ്പം ജനപ്രിയമായ ചില നമ്പരുകൾ കൂടി പ്രയോഗിച്ചു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരെ അധിക്ഷേപിക്കാനുള്ള പൊതുസമൂഹത്തിന്റെ അന്തച്ഛോദനയെ ബോൾസൊനാരോ അതിവിദഗ്ധമായി ഉപയോഗിച്ചു. വിദ്വേഷ പ്രസംങ്ങൾ തുടർച്ചയായി നടത്തി. അവയ്ക്ക് പിന്തുണയും കിട്ടി. തെരഞ്ഞെടുപ്പിന്റെ ഒന്നാം വട്ടത്തിന് ഒരു മാസം മുമ്പ് ഒരു പ്രചാരണ പരിപാടിക്കിടെ ബോള്‍സൊനാരോ ആക്രമിക്കപ്പെട്ടു. ഒരു കുത്തില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹം ആശുപത്രിക്കിടക്കയില്‍ കിടന്നും പ്രചാരണം നടത്തി. നൂറുകണക്കായ ട്വീറ്റുകളും, ഫെയ്സ്ബുക്കിലെ അഞ്ചു ദശലക്ഷവും യുട്യൂബില്‍ 900000 ഓളം വരുന്ന അനുയായികള്‍ക്കായുള്ള ദൈനംദിന പ്രക്ഷേപണങ്ങളും നടത്തി.

Next Story

Related Stories