UPDATES

Explainer: എന്താണ് എൻഎംസി ബിൽ? എന്തിനാണ് ഡോക്ടർമാരുടെ പണിമുടക്ക്

ജനാധിപത്യ വിരുദ്ധമായ ഘടനയാണ് മെഡിക്കൽ കമ്മീഷന്റേതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ ആദ്യമായി ലോക്സഭയിൽ അവതരിപ്പിക്കപ്പെടുന്നത്. 2017 ഡിസംബറിലായിരുന്നു ഇത്. എന്നാൽ ഈ ലോക്സഭയുടെ കാലാവധിയിൽ ബിൽ പാസ്സാക്കിയെടുക്കാൻ സാധിച്ചില്ല. രണ്ടാം മോദി സർക്കാർ നിലവിൽ വന്നതിനു ശേഷം ഏറ്റവും മുൻഗണന കൊടുക്കുന്ന ബില്ലുകളിലൊന്നാണ് എൻഎംസി ബിൽ. 2019 ജൂലൈ 30ന് എൻഎംസി ബിൽ ലോക്സഭയിൽ പാസ്സാക്കപ്പെട്ടു.

2017ൽ ബിൽ അവതരിപ്പിച്ച ഘട്ടം മുതൽക്കേ വൈദ്യസമൂഹവും പ്രതിപക്ഷവും എതിർത്ത് രംഗത്തുണ്ട്. ചില വികലമായ രാഷ്ട്രീയ അജണ്ടകളുടെ നടപ്പാക്കൽ ഈ ബില്ലിലൂടെ നടക്കുന്നുവെന്നാണ് ആരോപിക്കപ്പെട്ടത്. രാജ്യത്തിന്റെ വൈദ്യശാസ്ത്രരംഗത്തിന്റെ നിലവാരം വലിയ തോതിൽ ഇടിക്കുന്നതാണ് ബില്ലിലെ നിർദ്ദേശങ്ങളെന്ന് ആരോപണമുയർന്നു. എതിർപ്പുകൾ അതിശക്തമായതിനെ തുടർന്ന് ബിൽ ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിട്ടു.

എന്താണ് നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ?

ആരോഗ്യ കടുംബക്ഷേമ മന്ത്രാലയം പാൽലമെന്റിൽ അവതരിപ്പിച്ച ബില്ലാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ, 2019. ജൂലൈ 22ന് ആരോഗ്യമന്ത്രി ഹർഷ് വര്‍ധൻ അവതരിപ്പിച്ചു. 1956ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിന് പകരമായാണ് ഈ ബിൽ അവതരിപ്പിക്കപ്പെട്ടത്. ഉയർന്ന നിലവാരമുള്ള ആരോഗ്യ വിദഗ്ധരുടെ ലഭ്യത വർധിപ്പിക്കുക, മികച്ച വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്ക് വഴിയൊരുക്കുക, മെഡിക്കൽ സ്ഥാപനങ്ങളുടെ നിലവാരത്തെ തുടർപരിശോധനകൾക്ക് വിധേയമാക്കുക, രോഗികളുടെ പരാതികളെ പരിഗണിക്കുന്ന കാര്യക്ഷമമായ സംവിധാനം സൃഷ്ടിക്കുക തുടങ്ങിയവയാണ് ഈ ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

ബിൽ മുഖാന്തിരം നാഷണൽ മെ‍ഡിക്കൽ കമ്മീഷൻ നിലവിൽ വരും. ബിൽ പാസ്സായി മൂന്ന് വർഷത്തിനകം സംസ്ഥാ ന സർക്കാരുകൾ സ്റ്റേറ്റ് മെഡിക്കൽ കമ്മീഷനുകൾ സ്ഥാപിക്കണം. 25 അംഗങ്ങളാണ് നാഷണൽ മെഡിക്കൽ കമ്മീഷനിൽ ഉണ്ടാവുക. കമ്മീഷന്റെ ചെയർമാനെയും പാർട് ടൈം അംഗങ്ങളെ നോമിനേറ്റ് ചെയ്യുക ഒരു സെർച്ച് കമ്മിറ്റിയാണ്. ഈ സെർച്ച് കമ്മിറ്റിയിൽ കാബിനറ്റ് സെക്രട്ടറി അടക്കം ഏഴ് അംഗങ്ങളുണ്ടായിരിക്കും. ഇതിൽ അഞ്ചുപേർ ആരോഗ്യരംഗത്തെ വിദഗ്ധരായിരിക്കും. ഇവരെയെല്ലാം നിയമിക്കുക കേന്ദ്ര സർക്കാരാണ്.

വൈദ്യസ്ഥാപനങ്ങളെ നിയന്ത്രിക്കുകയും അവയുടെ ശരിയായ നടത്തിപ്പിനാവശ്യമായ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്ന സ്ഥാപനമായാണ് നാഷണൽ മെഡിക്കൽ പ്രവര്‍ത്തിക്കുക. സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ നിർദ്ദിഷ്ട രീതിയിലല്ലേ പ്രവർത്തിക്കുന്നതെന്ന് വിലയിരുത്തുന്ന ചുമതലയും കമ്മീഷനുണ്ടായിരിക്കും.

എന്തെല്ലാമാണ് പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾ?

ജനാധിപത്യ വിരുദ്ധമായ ഘടനയാണ് മെഡിക്കൽ കമ്മീഷന്റേതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എൻകെ പ്രേമചന്ദ്രന്റെ 35 ഭേദഗതികളും തള്ളിപ്പോയി. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പൂര്‍ണനിയന്ത്രണം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു.

എന്താണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം?

മെഡിക്കൽവിദ്യാഭ്യാസ രംഗത്തു വൻപരിഷ്കരണത്തിനു ബിൽ വഴിവെക്കുമെന്ന് ആരോഗ്യമന്ത്രി ബിൽ അവതരിപ്പിക്കവെ അവകാശപ്പെട്ടു. അവസാന വർഷ എം.ബി.ബി.എസ്. പരീക്ഷയെ പി.ജി. പഠനത്തിനും ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നതിനുമുള്ള മാനദണ്ഡമാക്കാനുള്ള വ്യവസ്ഥ വിദ്യാർഥികൾക്കു ഗുണകരമാണെന്നും അദ്ദേഹം വാദിക്കുന്നു. പുതിയ ബില്ലിൽ മുൻ ബില്ലിൽ നിന്നും വ്യത്യസ്തമായ വ്യവസ്ഥകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആശങ്കകൾ മിക്കതും അഭിസംബോധന ചെയ്തിട്ടുണ്ടെന്നു കേന്ദ്രം വാദിക്കുന്നു.

എന്താണ് കേന്ദ്രം ‘അഭിസംബോധന ചെയ്ത ആശങ്ക’?

അലോപ്പതി ഡോക്ടറാകുന്നതിനും തുടർപഠനത്തിനുമുള്ള അടിസ്ഥാന യോഗ്യത എംബിബിഎസ്സാണ് നിലവില്‍. ഇത് മാറ്റാനുള്ള നീക്കം 2017ൽ അവതരിപ്പിച്ച ബില്ല് ഒരു ശ്രമം നടത്തിയിരുന്നു. ആയുഷ് കോഴ്സുകൾ (ആയുർവ്വേദം, യോഗ, പ്രകൃതിചികിത്സ, ഹോമിയോപ്പതി) ചെയ്തയാളുകൾക്ക് ഒരു ബ്രിഡ്ജ് കോഴ്സു വഴി അലോപ്പതി പരിശീലനത്തിന് അനുമതി നല്‍കുന്നതായിരുന്നു നിർദ്ദേശം. ഇതിനെതിരെ വൈദ്യശാസ്ത്രരംഗം ശക്തമായി രംഗത്തു വന്നു. ഇന്ന് പാസ്സാക്കിയ ബില്ലിൽ ഈ നിർദ്ദേശമില്ല.

എന്നാൽ ആശങ്ക പൂർണമായും ഒഴിഞ്ഞുവോ?

രാജ്യത്തിന്റെ ഗ്രാമാന്തരങ്ങളിൽ ഡോക്ടർമാരുടെ സേവനത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുക എന്നതിലേക്കാണ് കേന്ദ്ര സർക്കാരിന്റെ നോട്ടം. ഇതുവഴി വലിയ ശമ്പളച്ചെലവും മറ്റും സർക്കാരിന് ഒഴിവാക്കാം. അൽപം യോഗ്യതക്കുറവുണ്ടെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാകാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്ന് കണ്ടുള്ള നീക്കങ്ങളായിരുന്നു ആയുഷ് വൈദ്യന്മാരെ അലോപ്പതി ഡോക്ടർമാരാക്കുക എന്നതിന് ന്യായമായി പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ, യോഗ്യതയില്ലാത്ത വൈദ്യസമൂഹം സമൂഹത്തിന് വരുത്തി വെക്കുക വലിയ ആപത്തുകളാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആയുഷ് വൈദ്യന്മാരെ അലോപ്പതി വൈദ്യന്മാരാക്കാനുള്ള ശ്രമം കേന്ദ്രം ഉപേക്ഷിച്ചെങ്കിലും മറ്റു ചില തരികിടകൾ ബില്ലിൽ കയറ്റിവിട്ടിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ പരാതി. എൻഎംസി ആക്ട് 2019ന്റെ 32ാം സെക്ഷൻ നൽകുന്ന സൗകര്യം യോഗ്യരല്ലാത്തവർ ജനങ്ങളെ ചികിത്സിക്കുന്നതിന് വഴിയൊരുക്കുമെന്ന് ആരോപിക്കപ്പെടുന്നു.

എന്താണ് സെക്ഷൻ 32?

ഗ്രാമപ്രദേശങ്ങളില്‍ കമ്മ്യൂണിറ്റി ഹെൽത്ത് പ്രൊവൈഡർമാരായി പരിമിത ലൈസൻസുകൾ നൽകാൻ 32ാം വകുപ്പ് കമ്മീഷന് അനുമതി നല്‍കുന്നുണ്ട്. ഇത് പണ്ടുകാലങ്ങളിൽ കോമ്പൗണ്ടർമാരും ലാബ് ടെക്നീഷ്യന്മാരും ബ്ലഡ് സാമ്പിൾ ശേഖരിക്കുന്നവരുമെല്ലാം ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വഴിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിമിതമായ രീതിയിലായിരിക്കും ഇവർക്ക് പരിശോധനകൾ നടത്താൻ അനുമതിയുണ്ടായിരിക്കുക. അതും വലിയ അപകടമാണെന്ന് വൈദ്യരംഗം പറയുന്നു. ചുരുക്കത്തിൽ ആയുഷ് വൈദ്യന്മാരെ അലോപ്പതി വൈദ്യന്മാരാക്കുന്ന ബ്രിഡ്ജ് കോഴ്സ് എടുത്തു കളഞ്ഞു. പകരം കുറെക്കൂടി പ്രാകൃതമായ നിർദ്ദേശമുള്ള സെക്ഷൻ 32 കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്താകെ 11 ലക്ഷം രജിസ്റ്റർ ചെയ്ത അലോപ്പതി ഡോക്ടർമാരാണുള്ളത്. ഇവർക്കിടയിലേക്ക് 3.5 ലക്ഷം ആയുഷ് വൈദ്യന്മാർക്ക് കയറിക്കൂടാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്.

നാഷണൽ മെഡിക്കൽ കമ്മീഷനിലേക്ക് തെരഞ്ഞെടുപ്പുണ്ടാകുമോ?

ഇതു സംബന്ധിച്ചുള്ളതാണ് വൈദ്യസമൂഹത്തിന്റെ പ്രധാനപ്പെട്ട പരാതി. നിലവിലെ മെഡിക്കൽ കൗൺസിൽ രൂപീകരിക്കുന്നത് ഡോക്ടർമാരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇനിമുതൽ വോട്ടവകാശമില്ല. പകരം മെഡിക്കൽ കമ്മീഷനിലെ അംഗങ്ങളെ സർക്കാർ നേരിട്ട് നിയോഗിക്കും. അതായത് ബോർഡിൽ സർക്കാരിന് പൂർണ നിയന്ത്രണമുണ്ടാകും. വൻ അഴിമതിക്കാണ് ഇതുവഴി കളമൊരുങ്ങിയിരിക്കുന്നത്. കൂടാതെ ആരോഗ്യമേഖലയുടെ കോർപ്പറേറ്റ്‌വൽക്കരണം കൂടുതൽ കരുത്താർജിക്കാനും കാരണമാകും ഈ നയം. ഡോക്ടർ സമൂഹത്തോട് ഉത്തരവാദിത്വമില്ലാത്ത, സർക്കാരിനോട് വിധേയത്വമുള്ള കമ്മീഷനംഗങ്ങൾ അധികാരത്തിലെത്തുന്നതോടെ സ്വജനപക്ഷപാതം മെഡിക്കൽ രംഗത്ത് വർധിക്കാൻ കാരണമാകുമെന്ന ഗൗരവമായ പ്രശ്നമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

എന്തൊക്കെയാണ് പുതിയ ബില്ലിനുണ്ടെന്ന് പറയുന്ന മികവുകൾ?

സ്വകാര്യമേഖലയിലെ മെഡിക്കൽ കോളജുകളിൽ 50% സീറ്റുകളിൽ കമ്മീഷൻ നിർദ്ദേശിക്കുന്ന ഫീസാണ് പുതിയ ബില്ലിലെ വ്യവസ്ഥ. ഇത് മെഡിക്കൽ വിദ്യാഭ്യാസം സാധാരണക്കാർക്ക് കൂടുതൽ പ്രാപ്തമാകുന്നതിന് കാരണമാകുമെന്ന് കേന്ദ്രം പറയുന്നു. ഡോക്ടർമാരുടെ അധാർമിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള പുതിയ സംവിധാനമാണ് മറ്റൊരു ആകർഷണമായി കേന്ദ്രം അവതരിപ്പിക്കുന്നത്.

എന്താണ് ‘നെക്സ്റ്റ്’ പരീക്ഷ? എന്തുകൊണ്ട് വൈദ്യരംഗം ഇതിനെ എതിര്‍ക്കുന്നു?

നാഷണൽ മെഡിക്കൽ കമ്മീഷന്‍ ഒരു പൊതുപരീക്ഷ നടത്തിയായിരിക്കും എംബിബിഎസ് ബിരുദധാരികൾക്ക് പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കുക. നാഷണൽ എക്സിറ്റ് ടെസ്റ്റ് അഥവാ നെക്സ്റ്റ് എന്നാണിതിനു പേര്. വിദേശങ്ങളിൽ നിന്നും ബിരുദം സമ്പാദിച്ചു വരുന്നവർക്കുള്ള സ്ക്രീനിങ് ടെസ്റ്റ് എന്ന നിലയിലും ഇത് പ്രവർത്തിക്കും. ഈ വ്യവസ്ഥ മെഡിക്കൽ വിദ്യാർത്ഥികളെയും രാജ്യത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസത്തെയും പരിഹസിക്കുന്നതിനു തുല്യമാണെന്ന് വൈദ്യരംഗം ആരോപിക്കുന്നു. എംബിബിഎസ് ബിരുദം തന്നെയാണ് അത് നേടിയയാളുടെ യോഗ്യത. അതിനെ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കുന്നതിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടുന്നു.

എന്തിനാണ് ഡോക്ടർമാരുടെ പണിമുടക്കം?

ലോക്സഭ പാസാക്കിയ ദേശീയ മെഡിക്കൽ നിയമ ഭേദഗതിക്കെതിരെ ജൂലൈ 31ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പുതിയ നിയമത്തിൽ നിരവധി അവ്യക്തതകളാണ് നിലനിൽക്കുന്നതെന്ന് ഐഎംഎ കേരള ഘടകം സെക്രട്ടറി ഡോ സുഹൈൽ പറയുന്നു. ബില്ലിലെ 32ാം വകപ്പ് പ്രകാരം മുഴുവൻ മോഡേൺ മെഡിസിൻ ഡോക്ടർമാരിലെ 30 ശതമാനം പേർക്ക് അടിസ്ഥാന പേർക്ക് അടിസ്ഥാന യോഗ്യതയായ എംബിബിഎസ് ഇല്ലാതെ തന്നെ രജിസ്ട്രേഷൻ കൊടുക്കാനും മോഡേൺ മെഡിസിന്‍ പ്രാക്ടീസ് നടത്തുന്നതിനും അനുമതി കൊടുക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടുള്ള പ്രതിഷേധമാണ് സമരം. എന്നാൽ എംബിബിഎസ് ഇല്ലാവത്തവർ എന്ന് പറയുന്നതിൽ ഇപ്പോഴും വ്യക്തതയില്ല. മിക് ലെവൽ പ്രാക്ടീഷണർ എന്ന് മാത്രമാണ് പറയുന്നതെന്നും ഡോ. സുഹൈൽ അഴിമുഖത്തോട് പ്രതികരിച്ചു.

Share on

മറ്റുവാർത്തകൾ