TopTop
Begin typing your search above and press return to search.

Explainer: യൂറോപ്പ് സശ്രദ്ധം നിരീക്ഷിക്കുന്ന ഇറ്റാലിയൻ തീവ്ര വലത് നേതാവിന്റെ രാഷ്ട്രീയ നീക്കങ്ങൾ‌

Explainer: യൂറോപ്പ് സശ്രദ്ധം നിരീക്ഷിക്കുന്ന ഇറ്റാലിയൻ തീവ്ര വലത് നേതാവിന്റെ രാഷ്ട്രീയ നീക്കങ്ങൾ‌

കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ഇറ്റലിയുടെ സാമ്പത്തിക വ്യവസ്ഥയുടെ വളർച്ച എത്രത്തോളമാണ്? ലഭ്യമായ ഡാറ്റ വിശകലനം ചെയ്ത് സാമ്പത്തിക വിദഗ്ധർ പറയുന്നത് 'യൂറോപ്പിലെ ഏറ്റവും ദുർബലമായ സാമ്പത്തിക വ്യവസ്ഥ' എന്നാണ്. കമ്പനികൾ തങ്ങളുടെ വിപുലീകരണ പദ്ധതികളെല്ലാം ഏറെക്കാലമായി നിർത്തി വെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പൊതുകടം 2 ട്രില്യൺ യൂറ‍ോയാണ്. ഇത് രാജ്യത്തിന്റെ മൊത്തം വാർഷിക സാമ്പത്തിക ഉൽപന്നത്തിന്റെ 130 ശതമാനമാണ്. അനിശ്ചിതത്വത്തിന്റെ പരകോടിയിലാണ് ഇറ്റാലിയൻ സാമ്പത്തിക വ്യവസ്ഥ കടന്നുപോകുന്നത്. ഇതേ അനിശ്ചിതത്വം തന്നെയാണ് രാഷ്ട്രീയരംഗത്തും കാണാനാവുക. രാജ്യത്തെ ബാങ്കുകൾ കിട്ടാക്കടങ്ങളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുയാണ്. ഇക്കാരണത്താൽ തന്നെ വായ്പ കൊടുക്കാൻ അവർ തയ്യാറാകുന്നില്ല. പല കമ്പനികളും തങ്ങളുടെ പ്ലാന്റുകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മറ്റു രാജ്യങ്ങളിലെ പ്ലാന്റുകൾക്ക് കൂടുതല്‍ ശ്രദ്ധ നൽകുകയാണ്. യൂറോപ്യൻ യൂണിയനുമായുള്ള തർക്കങ്ങൾക്ക് ശക്തിയേറിയതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇതെല്ലാം കമ്പനികള്‍ക്ക് രാഷ്ട്രീയനേതൃത്വത്തിന്മേലുള്ള വിശ്വാസം നശിപ്പിച്ചിരിക്കുകയാണ്. മിക്കവരും ഇനിയൊരു നിക്ഷേപം നടത്തുന്ന കാര്യത്തിൽ ആത്മവിശ്വാസത്തിലല്ല.

ചുരുക്കത്തിൽ രാജ്യം ഏതാണ്ടൊരു നിശ്ചലാവസ്ഥയിലാണ്. ഈ മരവിപ്പിനിടയിൽ ഇറ്റാലിയൻ ജനതയ്ക്ക് ആശ്വാസം പകരുന്നത് യാഥാർത്ഥ്യ ബോധത്തോടെയുള്ളതോ പ്രതീക്ഷ പകരുന്നതോ ആയ രാഷ്ട്രീയ നീക്കങ്ങളല്ല എന്നതാണ് വസ്തുത. തങ്ങളുടെ ചില ഭീതികളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലേക്ക് ഇറ്റലി നീങ്ങുന്നുവെന്നാണ് സമീപകാലത്തെ സർവ്വേകൾ പലതും ചൂണ്ടിക്കാട്ടുന്നത്. കുടിയേറ്റ വിരുദ്ധത തുടങ്ങിയ തീവ്ര വലത് ആശയഗതികളിലേക്കാണ് ജനം തിരിയുന്നതെന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018ൽ നിലവിൽ വന്നതും തീവ്ര വലത് ആശയഗതികളുള്ളവരുടെ സർക്കാരായിരുന്നു. എന്നാൽ, ഈ സഖ്യ സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലായിരിക്കുകയാണ്. സർക്കാരിനകത്തുള്ള, ഇനിയും തീവ്രമായ വലത് നിലപാടുകള്‍ക്കും പോപ്പുലിസ്റ്റ് വാചാടോപങ്ങള്‍ക്കും കൂടുതൽ ശക്തി ലഭിച്ചിരിക്കുന്നു.

എന്താണ് സഖ്യ സർക്കാരിൽ സംഭവിക്കുന്നത്?

2018 മാർച്ച് നാലിന് നടന്ന നടന്ന തെരഞ്ഞെടുപ്പിനു ശേഷം മാറ്റിയോ സാൽവിനിയുടെ ലീഗ നോർഡ് കക്ഷിയും ഫൈവ് സ്റ്റാർ മൂവ്മെന്റ് എന്ന കക്ഷിയും സ്വതന്ത്രരും ചേർന്ന് സർക്കാർ രൂപീകരിച്ചു. മുന്‍ സർക്കാരിന്റെ കാലത്ത് വൻതോതിൽ അനധികൃത കുടിയേറ്റം നടന്നിരുന്നു രാജ്യത്തേക്ക്. ലിബിയൻ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളാണ് ചെറുബോട്ടുകളിലും മറ്റും കയറി ഇറ്റാലിയൻ തീരങ്ങളിലേക്ക് എത്തിച്ചേർന്നത്. ഇവരെ രാജ്യം സ്വീകരിക്കുന്നതിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചവരാണ് ലീഗ നോർഡ് കക്ഷിയും ഫൈവ് സ്റ്റാർ മൂവ്മെന്റ് കക്ഷിയും. സർക്കാരിനെതിരെ വളർന്ന അതൃപ്തികളെല്ലാം വോട്ടാക്കിയാണ് ഈ കക്ഷികൾ അധികാരത്തിലെത്തിയത്.

അധികാരത്തിലെത്തിയ ശേഷം സർക്കാർ കൊണ്ടുവന്ന ഒരു പദ്ധതിയെക്കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇപ്പോള്‍ സഖ്യത്തെ തകർക്കുന്ന നിലയിലേക്ക് വളർവന്നിരിക്കുന്നത്. ടൂറിനും ലിയോണിനും ഇടയിൽ 270 കിലോമീറ്റർ നീളത്തിൽ ഒരു വൻ അതിവേഗ റെയിൽ ലിങ്ക് സ്ഥാപിക്കാനുള്ള നീക്കത്തിന് കഴിഞ്ഞയാഴ്ച ഇറ്റാലിയൻ സെനറ്റ് അനുമതി നൽകിയിരുന്നു. ഇത് സഖ്യകക്ഷിയായ ഫൈവ് സ്റ്റാർ മൂവ്മെന്റിന്റെ താൽപര്യത്തിന് വിരുദ്ധമാണ്. ഈ കക്ഷിക്ക് പരിസ്ഥിതി സംഘടനകളുമായുള്ള ബന്ധമാണ് പദ്ധതിക്കെതിരെ നിലപാടെടുക്കാന്‍ കാരണമായത്. വലിയ തോതിൽ പരിസ്ഥിതി നാശമുണ്ടാക്കുന്നതാണ് ഈ പദ്ധതിയെന്ന് ഫൈവ് സ്റ്റാർ മൂവ്മെന്റ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ നിലപാടിനെ അതിശക്തമായി എതിർക്കുകയാണ് സഖ്യത്തിലുള്ള മാറ്റിയോ സാൽവിനിയുടെ ലീഗ കക്ഷി. ലീഗ കക്ഷിയെ സംബന്ധിച്ചിടത്തോളം തകർന്നു കിടക്കുന്ന സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗമാണ് ഈ റെയിൽ ലിങ്ക്. വികസനത്തോടുള്ള വിരോധമാണ് എതിർപ്പുകൾക്കു പിന്നിൽ. കഴിഞ്ഞയാഴ്ച ഈ പദ്ധതിയെ തടയാൻ ഫൈവ് സ്റ്റാർ മൂവ്മെന്റ് ഒരു പ്രമേയം സെനറ്റിൽ അവതരിപ്പിക്കുകയുണ്ടായി. ഈ പ്രമേയത്തെ ലീഗ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന, റെയിൽ ലിങ്ക് പൂർത്തീകരിക്കാനുള്ള മറ്റു പ്രമേയങ്ങളെയും ലീഗ അനുകൂലിച്ചു. ഫൈവ് സ്റ്റാർ മൂവ്മെന്റും ലീഗയും സഖ്യത്തിലേർപ്പെടുമ്പോള്‍ രൂപപ്പെടുത്തിയ പ്രവർത്തന പരിപാടിയിൽ ഉൾപ്പെട്ടിരുന്നതാണ് ഈ റെയിൽ പ്രോജക്ടിന്റെ പൂർത്തീകരണം.

പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തികനേട്ടത്തെക്കാൾ കൂടുതലാണ് അത് പൂർത്തിയാക്കാനുള്ള ചെലവെന്ന് സർക്കാർ ഗതാഗതമന്ത്രാലയത്തിനു കീഴിൽ രൂപീകരിച്ച പാനൽ പഠിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനോട് അനുകൂല നിലപാട് പുലർത്തിയിരുന്ന പ്രധാനമന്ത്രി ഗ്വിസെപ്പ് കോന്റ് കഴിഞ്ഞ ദിവസങ്ങളിൽ അനുകൂല നിലപാടുമായി രംഗത്തു വന്നു. പദ്ധതിയിലേക്കുള്ള യൂറോപ്യൻ യൂണിയൻ ഫണ്ട് അവസാനിപ്പിക്കുന്നത് രാജ്യത്തിന് നഷ്ടമുണ്ടാക്കുന്ന നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പദ്ധതിയെ അനുകൂലിച്ചത്. നേരത്തെ യൂറോപ്യൻ യൂണിയന്‍ 40% ഫണ്ടാണ് നൽകാൻ ഉടമ്പടി വെച്ചിരുന്നത്. ഇപ്പോഴത് 55% ആയി ഉയർത്തിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയന്റെ അതൃപ്തി സമ്പാദിച്ച് ടാക്സിളവുകൾ വരുത്തിയതിന്റെ പേരിലും ലീഗയുമായി ഫൈവ് സ്റ്റാർ മൂവ്മെന്റ് വിയോജിപ്പിലായിരുന്നു.

ആരാണ് മാറ്റിയോ സാൽവിനി?

മാറ്റിയോ സാൽവിനിയുടെ വാക്കുകളും നയങ്ങളും യാഥാർത്ഥ്യ ബോധത്തോടെയുള്ളതാകണമെന്നില്ല. എന്നിരിക്കിലും ജനങ്ങൾ അയാളെ ഇഷ്ടപ്പെടുന്നു എന്നതൊരു യാഥാർത്ഥ്യമാണ്. നിലവിൽ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് ഇദ്ദേഹം. നേരത്തെ യൂറോപ്യൻ പാർലമെന്റിൽ അംഗമായിരുന്നു. യൂറോപ്യൻ യൂണിയന്റെ ഒരു കടുത്ത വിമർ‌ശകൻ കൂടിയാണിദ്ദേഹം. കടുത്ത പ്രാദേശികവാദിയും ദേശീയവാദിയുമാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികളോട് അനുഭാവം കാണിക്കുന്നതിനെ ഇദ്ദേഹം ഒരുതരത്തിലും അംഗീകരിക്കുന്നില്ല.

ഇറ്റലിയിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവെന്നാണ് ഇദ്ദേഹത്തെ ലോകമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ദി ഗാർഡിയൻ, ദി ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ്, ദി ഇക്കണോമിസ്റ്റ്, ദി ഹഫിങ്ടൺ പോസ്റ്റ് എന്നീ മാധ്യമങ്ങളെല്ലാം സാൽവിനിയുടെ സ്വാധീനത്തെക്കുറിച്ച് ഉറപ്പ് പറയുന്നു. തീവ്ര വലതുപക്ഷ നിലപാടുകളാണ് ഇദ്ദേഹത്തിന്റേതെന്നും ഈ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

രസകരമായ ഒരു സംഗതി ഇദ്ദേഹം തന്റെ കോളേജ് ദിനങ്ങളിൽ ഇടതുപക്ഷ നിലപാടുകളുള്ള സംഘടനകളുടെ പ്രവര്‍ത്തകനായിരുന്നു.

എന്താണ് സാല്‍വിനിയും കുടിയേറ്റക്കാരും തമ്മില്‍?

2017 ജനുവരി മാസം വരെയുള്ള കണക്കുകൾ പ്രകാരം 5,047,028 വിദേശികൾ ഇറ്റലിയിൽ താമസിക്കുന്നുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 8.2% വരുമിത്. ഇതിൽ മുന്‍ വർഷത്തേതിനെ അപേക്ഷിച്ച് 92,352 പേരുടെ വർധനയുണ്ടായിരുന്നു. ലോകത്തെമ്പാടുമുള്ള അഭയാർത്ഥി പ്രവാഹങ്ങൾ ഇറ്റലിയെയും ബാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് അനധികൃത കുടിയേറ്റക്കാർ. ലിബിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി പലായനങ്ങൾ വർധിച്ചിരിക്കുകയാണ്. ഇവിടെ നിന്നൊരു വിഭാഗം ജനങ്ങൾ ഇറ്റാലിയൻ തീരങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. ഇവരെ തടയണമെന്നത് സാൽവിനിയുടെ ദീർഘകാലമായുള്ള ആവശ്യമാണ്.

എന്താണ് സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ?

സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് കൊടുത്തിരിക്കുകയാണ് ലീഗ്. നിലവിൽ സഭാ സമ്മേളനമില്ല. എന്നാൽ അംഗങ്ങളെ പാർലമെന്റിലേക്ക് വിളിച്ചു വരുത്തി പ്രമേയം ചർച്ചയ്ക്കും വോട്ടിനും ഇടണമെന്നാണ് സാല്‍വിനിയുടെ ആവശ്യം. ഫൈവ് സ്റ്റാർ മൂവ്മെന്റുമൊത്തുള്ള സഖ്യം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. "നിഷേധാത്മകത വർധിച്ചത് ഇറ്റലിയുടെ വളർച്ചയെ ബാധിച്ചിരിക്കുന്നു. എന്തിനോടും നോ പറയുന്നത് അവസാനിപ്പിക്കണം. ഇതിനായി തെരഞ്ഞെടുപ്പിലേക്ക് പോകണം," എന്നതാണ് സാൽവിനിയുടെ ആവശ്യം, സഖ്യ സർക്കാരിനെ താഴെയിറക്കി ഇടക്കാല തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇപ്പോൾ രാജ്യത്ത് തനിക്കനുകൂലമായ തരംഗമാണുള്ളതെന്ന് സാൽവിനി മനസ്സിലാക്കുന്നു.


Next Story

Related Stories