Top

Explainer: ആയുഷ്മാൻ ഭാരത്: മോദിയുടെ ഗുരുവായൂർ പ്രതിഷേധം കേരളത്തിന് നൽകുന്ന സൂചനയെന്ത്?

Explainer: ആയുഷ്മാൻ ഭാരത്: മോദിയുടെ ഗുരുവായൂർ പ്രതിഷേധം കേരളത്തിന് നൽകുന്ന സൂചനയെന്ത്?
ആയുഷ്മാന്‍ ഭാരത് യോജന എന്ന കേന്ദ്ര സര്‍ക്കാർ പദ്ധതി 2018 മുതൽ കേരളത്തിൽ വിവാദത്തിലാണ്. പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതൊരു വിവാദമായി മാറിയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലും ആയുഷ്മാൻ ഭാരതിനെ രാഷ്ട്രീയ പ്രചാരണത്തിന് മോദി ഉപയോഗിക്കുകയുണ്ടായി. എൻഡിഎ സര്‍ക്കാർ വീണ്ടും അധികാരത്തിലേറിയതിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി വീണ്ടും ഇതേ വിഷയം ഉന്നയിച്ചു തുടങ്ങിയിരിക്കുകയാണ്. ഇന്ന് (08-06-2019) ഗുരുവായൂരിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതി ശരിയായി നടപ്പാക്കാൻ കേരളം തയ്യാറാകണമെന്ന് അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഇത് ഏതാണ്ടൊരു പ്രതിഷേധ സ്വരത്തിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രസ്തുത പദ്ധതി കേരളത്തിനനുയോജ്യമായ രീതിയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന കേരളത്തിന് ഈ പ്രസ്താവന ചില സൂചനകൾ നല്‍കുന്നുണ്ട്.

എന്താണ് ആയുഷ്മാൻ ഭാരത് യോജന?

2018ൽ കേന്ദ്ര സർക്കാര്‍ കൊണ്ടുവന്ന ഒരു ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന അഥവാ പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന അല്ലെങ്കിൽ നാഷണൻ ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുഷ്മാൻ ഭാരത് മിഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ പരിപാലനത്തിന്റെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്ന വിധത്തിൽ രൂപകല്‍പ്പന ചെയ്യപ്പെട്ട പദ്ധതിയാണിതെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ഇന്ദു ഭൂഷൺ ആണ് ആയുഷ്മാൻ ഭാരതിന്റെ സിഇഒ. ഡോ. ദിനേഷ് അറോറയാണ് ഡെപ്യൂട്ടി സിഇഒ.

10 കോടിയിലധികം ദരിദ്ര കുടുംബങ്ങളിലെ 50 കോടിയോളം വരുന്ന ജനങ്ങൾക്ക് ആരോഗ്യ ഇൻഷൂറൻസ് നൽകുന്ന പദ്ധതിയാണിത്. 5 ലക്ഷം രൂപയുടെ കവറേജ് ഓരോ കുടുംബത്തിനും ലഭ്യമാക്കുന്നു.

എത്രയാണ് ഈ പദ്ധതിക്കുള്ള കേന്ദ്ര ബജറ്റ് വിഹിതം?

2018ലെ ബജറ്റിൽ കേന്ദ്ര സർക്കാർ 2400 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പദ്ധതിയുടെ വ്യാപ്തി പരിഗണിക്കുമ്പോൾ ഇത് തുലോം ചെറുതാണെന്ന് അന്നേ ആരോപണമുയർന്നിരുന്നു. അഞ്ച് ലക്ഷം വരെ ഒരു കുടുംബത്തിന് ആരോഗ്യ ഇൻഷൂറൻസ് നൽകണമെങ്കിൽ കുറഞ്ഞത് 8000 രൂപയെങ്കിലും വേണ്ടി വരും. പദ്ധതി പൂർണാർത്ഥത്തിൽ നടപ്പാക്കിക്കാണണമെങ്കിൽ 80,000 കോടി രൂപയെങ്കിലും നീക്കി വെക്കണം.

വിമർശനങ്ങൾ ശക്തമായതോടെ 2019-20 കാലയളവില്‍ ഈ പദ്ധതി നടപ്പാക്കാൻ കൂടുതൽ പണം ബജറ്റിൽ അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായി. നാലായിരം കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ആകെ വിഹിതം 6400 കോടി രൂപയായി.

ഏതൊക്കെ സംസ്ഥാനങ്ങളാണ് ഈ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്?

ഡൽഹി, തെലങ്കാന, ഒഡിഷ, കർണാടകം, പഞ്ചാബ്, പശ്ചിമബംഗാൾ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഈ പദ്ധതി നടപ്പാക്കാനാകില്ലെന്ന് വ്യക്തമാക്കി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഈ പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി നിരന്തരമായ പ്രസ്താവനകൾ തന്നെ നടത്തി. കേരളമാകട്ടെ ഈ പദ്ധതി കേരളത്തിന് അനുയോജ്യമായ രീതിയിലേക്ക് പരിവർത്തിപ്പിച്ചേ നടപ്പാക്കൂ എന്ന് വ്യക്തമാക്കി.

എന്തൊക്കെയാണ് കേരളമുന്നയിച്ച വിയോജിപ്പുകൾ?

2008ൽ യുപിഎ സർക്കാർ സമാനമായ മറ്റൊരു ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആർഎസ്ബിവൈ എന്ന പ്രസ്തുത പദ്ധതിയിൽ 30,000 രൂപയുടെ കിടത്തിച്ചികിത്സ ഇൻഷൂഷൻസ് ആണ് ലഭിച്ചിരുന്നത്. മുഴുവൻ പ്രീമിയവും സര്‍ക്കാർ അടയ്ക്കും. പ്രീമിയം തുകയുടെ 75% കേന്ദ്രവും 25% സംസ്ഥാനവും അടയ്ക്കണം എന്നതായിരുന്നു പദ്ധതി. ഇത് ബിജെപി സർക്കാർ വന്നപ്പോൾ 40% സംസ്ഥാനം അടയ്ക്കണമെന്നാക്കി മാറ്റി. ഈ പദ്ധതിയുടെ പരാജയം ചൂണ്ടിക്കാട്ടുകയാണ് കേരളം ചെയ്യുന്നത്. ശരാശരി 600-700 രൂപയുടെ ആനുകൂല്യമാണ് ഒരു കുടുംബത്തിന് ലഭിക്കുക. ഇതുതന്നെ മിക്ക ഗുണഭോക്താക്കൾക്കും ലഭിക്കുന്നില്ല.

30,000 രൂപ മാത്രം കിടത്തിച്ചികിത്സയ്ക്ക് കിട്ടുന്ന ഈ ഇൻഷൂറന്‍സ് പദ്ധതിയുടെ പ്രീമിയം ഒന്നിന് 1100 രൂപയാണ് ചെലവാക്കേണ്ടത്. അങ്ങനെയെങ്കിൽ 5 ലക്ഷം രൂപയുടെ കവറേജുള്ള ആയുഷ്മാൻ ഭാരത് പദ്ധതിക്ക് എത്ര രൂപ പ്രീമിയം നല്‍കേണ്ടി വരും? പ്രഖ്യാപിച്ച ഗുണം ഓരോരുത്തർക്കും കിട്ടണമെങ്കിൽ 5000-7000 രൂപ പ്രീമിയമായി ഒരു വർഷത്തേക്ക് നൽകേണ്ടതായി വരും!

ആർ.എസ്.ബി.വൈ.യുടെ വിപുലീകരിച്ച സ്കീം മാത്രമാണ് കൊട്ടിഘോഷിക്കപ്പെടുന്ന ആയുഷ്മാൻ ഭാരത് എന്നാണ് സംസ്ഥാന സര്‍ക്കാർ പറയുന്നത്. ആർ.എസ്.ബി.വൈ ലക്ഷ്യമിട്ടത് ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരെയാണെങ്കിൽ പിന്നോക്കം നിൽക്കുന്ന 50 കോടി ജനങ്ങളാണ് ആയുഷ്മാൻഭാരതിന്റെ ലക്ഷ്യം.

ഈ ആയുഷ്മാൻ പദ്ധതിക്ക് പണം കണ്ടെത്തുന്ന രീതിയിലും പ്രശ്നങ്ങളുണ്ട്. മറ്റ് ആരോഗ്യപദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ചും വകമാറ്റിയുമാണ് ഈ ഇൻഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നത്. അതായത് ആരോഗ്യം നശിപ്പിച്ചുള്ള ഒരു ആരോഗ്യ പദ്ധതിയാണിതെന്ന് ആരോപിക്കപ്പെടുന്നു. പൊതുആരോഗ്യ സൗകര്യങ്ങൾക്കു വേണ്ടിയുള്ള ഏറ്റവും വലിയ പദ്ധതിയായ നാഷണൽ ഹെൽത്ത് മിഷന്റെ അടങ്കൽ ഓരോ വർഷവും കുറച്ചു കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാർ ചെയ്യുന്നത്. നാഷണൽ ഹെൽത്ത്‌ മിഷന്റെ (എൻഎച്ച്‌എം) ബജറ്റ്‌ വിഹിതം ബിജെപി ഭരണത്തിൽ 10 ശതമാനം കുറച്ചു. 2014–-15ൽ ആരോഗ്യ ബജറ്റിന്റെ 60 ശതമാനം വിഹിതം എൻഎച്ച്‌എമ്മിനായിരുന്നെങ്കിൽ പിയൂഷ്‌ ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ഇത്‌ 50 ശതമാനമായി കുറഞ്ഞു. ചുരുക്കത്തിൽ ആരോഗ്യ സംരക്ഷണമല്ല, മറ്റെന്തൊക്കെയോ ആലോചനകളാണ് ഈ പദ്ധതികക്കു പിന്നിലെന്ന് കേരളം ആരോപിക്കുന്നു.

ആശുപത്രി 'വ്യവസായം' വികസിപ്പിക്കാനുള്ള നീക്കം

ആരോഗ്യരംഗത്തെ വ്യാവസായികവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളാണ് ഈ ആരോഗ്യപദ്ധതിക്കു പിന്നിലെന്നാണ് മറ്റൊരാരോപണം. ഇതിനെ തെളിയിക്കാൻ ആയുഷ്മാൻ ഭാരത് സിഇഒയുടെ വാക്കുകൾ തന്നെയാണ് വിമർശകർ മുമ്പോട്ടു വെക്കുന്നത്. ഈ പദ്ധതി സ്വകാര്യ ആശുപത്രികൾക്ക് വൻ ബിസിനസ് അവസരമാണ് നൽകുന്നതെന്ന് അദ്ദേഹം ഒരിക്കൽ ട്വീറ്റ് ചെയ്യുകയുണ്ടായി. 50 കോടി ജനങ്ങളുടെ ബിസിനസ്സാണ് സ്വകാര്യ ആശുപത്രികൾക്ക് പിടിച്ചു നൽകുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു. ആശുപത്രികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമേഖലയെ ബിസിനസ്സായി കാണാത്ത കേരളത്തിന്റെ നയങ്ങളോട് ഒരുതരത്തിലും യോജിക്കാത്ത നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ധനമന്ത്രി തോമസ് ഐസക് അസന്ദിഗ്ധമായി പറയുകയുണ്ടായി. പ്രാഥമികാരോഗ്. കേന്ദ്രങ്ങളിലൂടെ സാര്‍വ്വത്രിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഉപയോഗിക്കേണ്ട പണം വെട്ടിക്കുറച്ചാണ് സ്വകാര്യ ആശുപത്രി ബിസിനസ്സിനു വേണ്ടി കേന്ദ്രം ചെലവഴിക്കുന്നതെന്നും കേരളം ആരോപിച്ചു.

ഭാരം സംസ്ഥാനങ്ങൾക്ക് ക്രഡിറ്റ് കേന്ദ്രത്തിന്


ഈ പദ്ധതിയുടെ പ്രീമിയം തുകയുടെ ഭൂരിഭാഗവും അടയ്ക്കേണ്ടത് സംസ്ഥാനങ്ങളാണ് എന്നതാണ് സ്ഥിതി. അതായത് പദ്ധതിയുടെ എല്ലാ ഭാരവും സംസ്ഥാന സര്‍ക്കാരിനാണ് വരിക. എന്നാൽ പദ്ധതി നടപ്പാക്കുന്നതിന്റെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിനും. ഇത്തരം തരികിട പരിപാടികൾ നടപ്പിലാക്കി തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കാം എന്നതിൽക്കവിഞ്ഞ് പൊതുജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ആത്മാർത്ഥമായ യാതൊരു ആശങ്കയും കേന്ദ്രത്തിനില്ലെന്ന് കേരളമടക്കമുള്ള സർക്കാരുകൾ വാദിച്ചു.

എന്താണ് ആയുഷ്മാൻ ഭാരതിന്റെ കേരളത്തിലെ ഇപ്പോഴത്തെ നില?

കേരളം ഈ പദ്ധതി എല്ലാ കുടുംബങ്ങളെയും ഉൾക്കൊള്ളുന്ന ഒന്നാക്കി പരിവർത്തിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. 2 വീലർ ഉള്ളവർക്കും വീട്ടിൽ ഫ്രിഡ്ജ് ഉള്ളവർക്കുമൊന്നും ഈ ആനുകൂല്യം കിട്ടില്ലെന്ന തരത്തിലാണ് കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥകൾ. ദരിദ്രമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ മുന്നിൽക്കണ്ടാണ് ഈ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ വെച്ചതെന്ന് വ്യക്തം. ഈ മാനദണ്ഡങ്ങൾ കേരളത്തിലും പാലിക്കുകയാണെങ്കിൽ ഭൂരിഭാഗം പേർക്കും ആനുകൂല്യം കിട്ടാതെ വരും.

എന്നാൽ, ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പങ്കാളിയാകാതെ മാറി നിന്നാൽ കേരളത്തിന് മറ്റുചില തിരിച്ചടികൾ നേരിടേണ്ടി വരും. ആര്‍ എസ് ബി വൈ ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികള്‍ അടുത്ത മാര്‍ച്ചോടെ ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കും. ഈ പദ്ധതികളിൽ കേരളം പങ്കാളിയാണ്. ലയനം നടന്നാൽ ഇതിന്റെ ഗുണഭോക്താക്കൾ കുടുങ്ങും. ഈ അവസ്ഥ ഒഴിവാക്കാൻ പദ്ധതിയിൽ അംഗമായിരിക്കുകയാണ് കേരളം. എന്നാൽ, കേരളത്തിന്റെ ഉയർന്ന ജീവിത നിലവാരത്തിനനുസരിച്ചുള്ള മാറ്റം പദ്ധതിയിൽ വരുത്തണമെന്ന് കേരളം ആവശ്യപ്പെടുകയുണ്ടായി.

ആയുഷ്മാൻ ഭാരതിനായി നൽകുന്ന പണം കൂടി ഉപയോഗപ്പെടുത്തി കേരളത്തിലെ എല്ലാ കുടുംബങ്ങളെയും ഉൾക്കൊള്ളുന്ന കാരുണ്യ സാർവ്വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനാണ് സർക്കാർ നീക്കം. കേന്ദ്രം നിശ്ചയിച്ച 1100 രൂപ പ്രീമിയത്തിന്‌ ഇൻഷുറൻസ്‌ കമ്പനികളിൽനിന്ന്‌ പരമാവധി ലഭിക്കാവുന്ന ഒന്നോ രണ്ടോ ലക്ഷം രൂപയുടെ പരിരക്ഷ ലഭ്യമാക്കിയശേഷം അധികം വരുന്ന ചികിത്സാ ചെലവ്‌ സംസ്ഥാന സർക്കാർ നേരിട്ട്‌ ആശുപത്രികൾക്ക്‌ നൽകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി പറയുന്നു. പദ്ധതിക്കായി സംസ്ഥാനത്തിന്‌ ലഭിക്കുന്ന കേന്ദ്രവിഹിതം 120 കോടി രൂപയിൽ താഴെ മാത്രമാണ്‌. ചെലവിന്റെ സിംഹഭാഗവും സംസ്ഥാനമാണ് വഹിക്കുന്നത്.

മോദിയുടെ കത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ചില വീടുകളിൽ മോദിയുടെ പേരിൽ ഒരു കത്ത് വരികയുണ്ടായി. ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്ക് വിലാസക്കാരെ ഉൾപ്പെടുത്തുന്നതായി പറയുന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിൽ നിന്നു തന്നെ പദ്ധതിയുടെ രാഷ്ട്രീയ ലാക്ക് പ്രകടമാണ്. ഇന്ന് ഗുരുവായൂരിൽ വെച്ച് നടത്തിയ രാഷ്ട്രീയപ്രസംഗത്തിലൂടെയും മോദി ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിത്തരികയാണ് ചെയ്തിരിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. ഇപ്പോൾ ഈ വിഷയം വീണ്ടും ഉന്നയിക്കുന്നതിലൂടെ, പദ്ധതിയെ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ നടപ്പാക്കാനുള്ള കേരളത്തിന്റെ താൽപര്യങ്ങള്‍ക്ക് എതിരായൊരു നീക്കത്തിന് സാധ്യതയുണ്ടോയെന്ന ആശങ്കയാണ് ഉയരുന്നത്.

Next Story

Related Stories