TopTop
Begin typing your search above and press return to search.

EXPLAINER | 2016 ലെ ആകെ പോളിംഗിന്‍റെ 70% മറികടന്നു, ഇതുവരെ വോട്ട് ചെയ്തത് 10 കോടിയോളം അമേരിക്കക്കാര്‍, 'ബ്ലൂ ഷിഫ്റ്റി'ന്റെ സൂചനയോ?

EXPLAINER | 2016 ലെ ആകെ പോളിംഗിന്‍റെ 70% മറികടന്നു, ഇതുവരെ വോട്ട് ചെയ്തത് 10 കോടിയോളം അമേരിക്കക്കാര്‍, ബ്ലൂ ഷിഫ്റ്റിന്റെ സൂചനയോ?


'ട്രംപ് എന്നൊരാൾക്ക് ഞാൻ വോട്ട് ചെയ്തു.' ഫ്ലോറിഡയിലെ പാം ബീച്ച് കൌണ്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ തന്റെ നേരിട്ടുള്ള വോട്ട് സ്വീകരിച്ചതിനു ശേഷം യുഎസ് പ്രസിഡണ്ട് ട്രംപ് അനുയായികളോടായി പറഞ്ഞു. കഴിഞ്ഞ രണ്ട് പ്രൈമറികളിൽ ചെയ്തതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ട്രംപ് നേരിട്ടെത്തുകയായിരുന്നു. മെയിൽ ബാലറ്റിനെക്കാൾ ഏറെ സുരക്ഷിതമാണ് നേരിട്ടുള്ള വോട്ടിങ്ങെന്ന് തനിക്ക് തോന്നുന്നതായും ട്രംപ് പറഞ്ഞു. യുഎസ്സിൽ അനുവദിക്കുന്ന മുൻകൂട്ടിയുള്ള വോട്ടിങ് രീതിയിലാണ് കഴിഞ്ഞമാസം 24ന് ട്രംപ് വോട്ട് ചെയ്തത്. ഓഗസ്റ്റിൽ നടന്ന പ്രൈമറിയിൽ ട്രംപ് വോട്ട് മെയിൽ ചെയ്യുകയായിരുന്നു.

തനിക്ക് മെയിൽ ഇൻ വോട്ടിങ്ങിലുള്ള അവിശ്വാസം ട്രംപ് ഇപ്രകാരം പ്രകടിപ്പിച്ചിരുന്നു: "എല്ലാവർക്കും മെയിൽ ഇൻ വോട്ടിങ് (ആബ്സന്റീ വോട്ടിങ്ങല്ല, അത് നല്ലതാണ്) അനുവദിക്കുന്നത് 2020ലെ തെരഞ്ഞെടുപ്പിനെ യുഎസ്സിന്റെ ചരിത്രത്തിലെ ഏറ്റവും കൃത്രിമം നിറഞ്ഞ തെരഞ്ഞെടുപ്പാക്കി മാറ്റും." ജൂലൈ മാസത്തിലായിരുന്നു ഈ ട്വീറ്റ്. കാരണങ്ങൾ എന്തു തന്നെയായാലും ഈ രീതി റിപ്പബ്ലിക്കൻമാർക്ക് ഗുണം ചെയ്യില്ലെന്ന് മറ്റൊരു ട്വീറ്റിൽ ഏപ്രിൽ മാസത്തിൽ ട്രംപ് പറഞ്ഞിരുന്നു. "നവംബർ 3നു തന്നെ വിജയിയെ പ്രഖ്യാപിക്കുന്നത് വളരെ നന്നായിരിക്കും. രണ്ടാഴ്ചയോളം വോട്ടുകളെണ്ണുന്നത് ശരിയായ കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, മാത്രവുമല്ല, അത് നമ്മുടെ നിയമങ്ങൾ അനുവദിക്കുന്നതാണെന്നും കരുതുന്നില്ല," ട്രംപ് പ്രസ്താവിക്കുകയുണ്ടായി. പക്ഷെ, ഇതിൽ നിയമപരമായ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ വോട്ടുചരിത്രത്തിൽ ഇത് മുമ്പും സംഭവിച്ചിട്ടുള്ള കാര്യവുമാണ്.

തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകള്‍ എത്തിനില്‍ക്കുമ്പോള്‍ 9.6 കോടി ജനങ്ങള്‍ വോട്ട് ചെയ്തു എന്നാണ് യുണൈറ്റഡ് സ്റ്റേസ് ഇലക്ഷന്‍ പ്രോജക്റ്റ് പുറത്തുവിടുന്ന കണക്ക്. ഇത് 2016ലെ മുന്‍കൂര്‍ വോട്ടിന്റെ ഇരട്ടിയാണ്. 2016ല്‍ ചെയ്ത ആകെ വോട്ടിന്റെ 70 ശതമാനം വരും ഇത്. ഇത്തവണ ഈ രീതിയില്‍ വന്‍പിച്ച പോളിംഗ് ഉണ്ടാകാന്‍ വ്യക്തമായ ചില കാരണങ്ങളുണ്ട്. അതിലേക്ക് വരുംമുമ്പ് പ്രാഥമികമായ ചില കാര്യങ്ങൾ പരിശോധിക്കാം.

എന്താണ് മെയിൽ ഇൻ വോട്ടിങ്?

അമേരിക്കൻ പൌരന്മാർക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ നിരവധിയായ മാർഗങ്ങൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്നതു പോലെത്തന്നെ മെയിലിലൂടെ വോട്ട് രേഖപ്പെടുത്തി അയയ്ക്കുന്ന രീതിയാണിത്. രോഗാവസ്ഥ മൂലമോ, സ്ഥലത്തില്ലാത്തതു മൂലമോ വോട്ട് രേഖപ്പെടുത്താൻ പ്രയാസമുള്ളവർക്ക് ആബ്സന്റീ വോട്ട് രീതി ഉപയോഗപ്പെടുത്താം. ഇത് ഉപയോഗിക്കാൻ കഴിയുന്നത് ചില സാഹചര്യങ്ങളിൽ പെട്ടുവെന്ന് അധികാരികൾക്ക് ബോധ്യപ്പെട്ടാൽ മാത്രമാണ്. എന്നാൽ മെയിൽ ഇൻ വോട്ടിങ് ആവശ്യമുള്ളവർക്കെല്ലാം ആ സൌകര്യം ഉപയോഗപ്പെടുത്താം. ബാലറ്റ് സ്വീകരിച്ച ശേഷം സ്വന്തം സമ്മതി രേഖപ്പെടുത്തുകയും തിരിച്ച് അധികാരികൾക്ക് അയയ്ക്കുകയും ചെയ്യാം. ഈ രീതി ഉപയോഗിക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും ബോധിപ്പിക്കേണ്ടതില്ല.

ഈ രീതി എന്നുമുതൽ തുടങ്ങി?

അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ കാലത്താണ് ഈ സമ്പ്രദായത്തിന് അമേരിക്കയിൽ തുടക്കമായത്. 1864ലെ തെരഞ്ഞെടുപ്പിന്റെ കാലത്ത് റിപ്പബ്ലിക്കനായ അബ്രഹാം ലിങ്കണായിരുന്നു പ്രസിഡണ്ട്. ഡെമോക്രാറ്റായ ജോർജ് മക്‍ക്ലല്ലൻ എതിർ സ്ഥാനാർത്ഥി. ഈ കാലത്ത് യുദ്ധഭൂമിയിലുള്ള പട്ടാളക്കാരുടെ വോട്ടിങ് ഒരു പ്രശ്നമായി വന്നു. വിദൂരങ്ങളിൽ നിന്ന് അവർക്ക് വോട്ട് ചെയ്യാനായി മെയിൽ ഇൻ വോട്ടിങ് സമ്പ്രദായം ആദ്യമായി കൊണ്ടുവന്നു. കാര്യമായ എതിർപ്പൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല.

എന്താണ് ഇപ്പോൾ മെയിൽ ഇൻ വോട്ടിങ്ങിന് ചർച്ചാ പ്രാധാന്യം കിട്ടാൻ കാരണം?

രണ്ട് കാരണങ്ങളുണ്ട്. ഒന്ന് കോവിഡ് മഹാമാരി. രണ്ട് ഡൊണാൾഡ് ട്രംപ്. കോവിഡ് മഹാമാരിയുടെ കാലത്താണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നതിനാൽ മെയിൽ ഇൻ വോട്ടുകൾ കൂടുമെന്നത് ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ അനുമാനിക്കപ്പെട്ടിരുന്നു. 2016ലും 2018ലും നാല് അമേരിക്കക്കാരിൽ ഒരാൾ എന്ന അനുപാതത്തിൽ മെയിൽ ഇൻ വോട്ടുകൾ നടക്കുകയുണ്ടായി. ഇത്തവണ ആ സംഖ്യ ഏറെ കൂടുതലായിരിക്കും. രാജ്യത്തെ എപിഡമിയോളജിസ്റ്റുകളെല്ലാം മെയിൽ ഇൻ വോട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ദി സെന്റർ ഫോര്‍ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഇതേ നിർദ്ദേശം വോട്ടർമാർക്ക് നൽകിയിട്ടുണ്ട്.

മഹാമാരിക്കും മുമ്പ് കൊളറാഡോ, ഹവായ്, ഒറിഗോൺ, ഉട്ട, വാഷിങ്ടൺ എന്നീ സംസ്ഥാനങ്ങൾ മെയിൽ വോട്ടുകൾക്ക് പ്രാമുഖ്യം കൊടുത്ത് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചിരുന്നു. അതൊരു വൻ വിജയമായിരുന്നെന്നാണ് ഈ സംസ്ഥാനങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. നേരത്തെ തന്നെ വോട്ടർമാർക്ക് ബാലറ്റുകൾ അയച്ചു കൊടുത്ത് വോട്ട് രേഖപ്പെടുത്തി തിരികെ അയപ്പിക്കുകയായിരുന്നു.

നിലവിൽ മെയിൽ ഇൻ വോട്ടുകൾക്ക് ഒരു സംസ്ഥാനത്തും കാരണം ബോധിപ്പിക്കേണ്ടതില്ല. 11 സംസ്ഥാനങ്ങളിൽ ഇത്തരമൊരു വ്യവസ്ഥ നിലനിന്നിരുന്നത് കോവിഡിന്റെ സാഹചര്യത്തിൽ നീക്കം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെയിൽ ഇൻ വോട്ടിങ് ഉചിതമാണെന്ന അഭിപ്രായമാണ് മൂന്നിൽ രണ്ട് അമേരിക്കക്കാർക്കുമുള്ളതെന്ന് ഈ വിഷയത്തിൽ യുഎസ്എ ടുഡേ നടത്തിയ സർവേ പറയുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ മെയിലിലൂടെ വോട്ട് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തു വരികയുണ്ടായി. ആബ്സന്റീ വോട്ടുകൾക്ക് നിലവിൽ കാരണങ്ങൾ ബോധിപ്പിക്കേണ്ട ആവശ്യകതയുണ്ട്. ചില സംസ്ഥാനങ്ങളിൽ മെയിൽ ഇൻ വോട്ടുകൾക്കും ഈ സ്ഥിതിയുണ്ട്. ഇവ നീക്കണമെന്ന ആവശ്യമാണ് ഇവരുന്നയിച്ചത്.

വോട്ടിങ്ങിലെ അസാധാരണമായ വർധന എന്താണ് പറയുന്നത്?

റെക്കോർഡ് നിലവാരത്തിലുള്ള വോട്ടിങ് വർധനയാണ് യുഎസ്സിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 1908നു ശേഷമുള്ള ഏറ്റവും വലിയ വോട്ടിങ് വർധന. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് 9.6 കോടി ജനങ്ങള്‍ വോട്ട് ചെയ്തെന്നാണ് കണക്ക്. 2016 തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തത് 136.5 ദശലക്ഷം പേരുടെ വോട്ടുകളായിരുന്നു. അതായത് ഞായറാഴ്ച വരെ മാത്രം മൂന്നിൽ രണ്ട് ഭാഗം വോട്ടുകൾ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഈ നിലയ്ക്ക് പോയാൽ 150 ദശലക്ഷം അമേരിക്കൻ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. ചില സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ 2016 തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ടുകൾ പോൾ ചെയ്യപ്പെടുകയുണ്ടായി. ടെക്സാസ്, ഹവായ് എന്നിവിടങ്ങളിലാണ് ഈ മാറ്റം.

2016 തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 36 ഓളം സംസ്ഥാനങ്ങളിൽ വോട്ടുകളുടെ പകുതിയോളവും പോൾ ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്താണ് ഈ ട്രെൻഡിന്റെ അർത്ഥമെന്നതിന് പല ഉത്തരങ്ങൾ ലഭ്യമാണ്. അഥവാ, കൃത്യമായി ഒരുത്തരം ആരുടെയും പക്കലില്ല. 2012ലെ തെരഞ്ഞെടുപ്പിൽ കാര്യമായ വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അമേരിക്കൻ വെള്ളക്കാരുടെ വോട്ടുകളുടെ എണ്ണം കൂടിയപ്പോൾ ഏത് ഡൊണാൾഡ് ട്രംപിന്റെ വിജയത്തിലേക്കുള്ള പോക്കാണെന്ന് പല പ്രവചനസംഘങ്ങൾക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ഡെമോക്രാറ്റുകൾ ഇത്തവണ തെരഞ്ഞെടുപ്പു ദിവസം കാത്തിരിക്കേണ്ടതില്ല എന്നാണ് അനുയായികളോട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ തന്നെ വോട്ട് ചെയ്യുകയോ, മെയിൽ ഇൻ വോട്ടിങ് രീതി സ്വീകരിക്കുകയോ ചെയ്യാനാണ് ബൈഡൻ ആവശ്യപ്പെട്ടത്. എന്നാൽ, റിപ്പബ്ലിക്കൻമാർ മെയിൽ ഇൻ രീതിയെ എല്ലാവിധത്തിലും എതിർത്തു. ഇലക്ഷൻ ദിനത്തിൽ പോയി വോട്ട് ചെയ്യണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.

എന്താണ് ട്രംപും റിപ്പബ്ലിക്കൻമാരും പറയുന്നത്?

മെയിൽ ഇൻ വോട്ടിങ്ങിന്റെ വിശ്വാസ്യതയെ നിരന്തരമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. രണ്ട് പ്രൈമറികളിൽ മെയിൽ ഇൻ വോട്ട് ചെയ്ത ട്രംപ് ഇത്തവണ അട്ടിമറിയാരോപണം ഉന്നയിച്ച് നേരിട്ടു ചെന്ന് വോട്ട് ചെയ്യുകയാണുണ്ടായത്. കോവിഡ് പ്രമാണിച്ച് മെയിൽ വോട്ടുകൾ കൂടുമെന്നത് കണ്ടതോടെയാണ് ട്രംപിന്റെ പരാക്രമം തുടങ്ങിയത്. മെയിൽ ബാലറ്റുകളിൽ കള്ളത്തരം നടത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ജോ ബൈഡനുമായുള്ള അവസാന സംവാദത്തിലും ട്രംപ് ഈ വിഷയം എടുത്തിടുകയുണ്ടായി. മെയിൽ ബാലറ്റുകളിൽ കൃത്രിമം നടക്കുമെന്ന ട്രംപിന്റെ വാദത്തെ ബൈഡൻ അംഗീകരിച്ചില്ല. "മുമ്പൊരു കാലത്തും കണ്ടിട്ടില്ലാത്ത കൃത്രിമമാണ് നടക്കാൻ പോകുന്നതെ"ന്ന് ട്രംപ് ആരോപിച്ചു. വോട്ടിങ്ങിൽ സ്വാഭാവികമായുണ്ടാകുന്ന ചില പാകപ്പിഴകളെ തന്റെ വാദം സ്ഥാപിക്കാനായി അദ്ദേഹം പർവതീകരിക്കുകയും ചെയ്യുന്നുണ്ട്.

ഫിലാഡാൽഫിയയിൽ തന്റെ 'തെരഞ്ഞെടുപ്പ് നിരീക്ഷകരെ' വോട്ടിങ് കേന്ദ്രങ്ങളിൽ അനുവദിക്കാത്തതിനെതിരെയും ട്രംപ് രംഗത്തു വന്നിരുന്നു. എന്നാൽ തികച്ചും നിയമവിരുദ്ധവും വിചിത്രവുമായ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥരും നിമവിദഗ്ധരും അഭിപ്രായപ്പെട്ടത്. പ്രൌഡ് ബോയ്സ് എന്ന വലത് തെമ്മാടിക്കൂട്ടം അടക്കമുള്ളവരെ ഉപയോഗിച്ച് ട്രംപ് ഭീഷണിയുടെ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടുകൾ തനിക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എങ്കിലും ക്രമക്കേടുകൾ ആരോപിച്ചു കൊണ്ടിരിക്കുന്നതിൽ നിന്ന് ട്രംപ് പിന്മാറുന്നില്ല. തനിക്ക് വോട്ട് രേഖപ്പെടുത്തിയ മിലിട്ടറി ബാലറ്റുകൾ ചവറ്റുകൂനയിൽ നിന്നും കിട്ടിയ സംഭവത്തെയും പർവതീകരിച്ച് അട്ടിമറിശ്രമമായി വ്യാഖ്യാനിക്കാൻ ട്രംപ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു കരാർ ജീവനക്കാരന്റെ കൈയിൽ നിന്നും അബദ്ധത്തിൽ നഷ്ടപ്പെട്ടതാണ് ഈ ഏഴ് ബാലറ്റുകളെന്നാണ് സംഭവം നടന്ന കൌണ്ടിയിലെ ഇലക്ഷൻ ഓഫീസർമാർ പറയുന്നത്. പക്ഷെ, ട്രംപ് അത് കേൾക്കാൻ തയ്യാറാകാതെ തുടർച്ചയായി തന്റെ വാദം അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
വെസ്റ്റ് വിർജീനിയയിൽ ഒരു തപാൽ ജീവനക്കാരൻ ബാലറ്റുകൾ വിൽക്കുകയുണ്ടായെന്ന് ട്രംപ് ആരോപിക്കുന്നുണ്ട്.


മറ്റൊരു പ്രശ്നം ട്രംപ് ഉന്നയിക്കുന്നത്, മെയിൽ വോട്ടുകൾ എണ്ണാനെടുക്കുന്ന സമയമാണ്. 2018 ജൂണില്‍ പ്രൈമറി വോട്ടുകൾ എണ്ണിത്തീരാൻ ഏറെ സമയമെടുത്തതും മറ്റും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങൾ മെയിൽ വോട്ടിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിൽ അത്യുത്സാഹം കാണിക്കുകയാണെന്നും ട്രംപ് പരാതിപ്പെടുന്നു.

ട്രംപിന്റെ ആരോപണങ്ങളെല്ലാം വരുമ്പോഴും അതിന് വ്യാപകമായ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് കൃത്രിമം യുഎസ്സിൽ വളരെ അപൂർവമാണ്. ബ്രെണ്ണൻ സെന്റർ ഫോർ ജസ്റ്റിസിലെ ഒരു അനലിസ്റ്റ് തമാശരൂപേണ അതിനെ ഇങ്ങനെ വിവരിക്കുന്നു: "വോട്ട് കൃത്രിമം നടത്തുന്നതിനെക്കാൾ കൂടുതൽ സാധ്യത ഇടിവെട്ടേൽക്കുന്നതിനാണ്."

എന്താണ് ട്രംപിന്റെ ഭീതിക്കു പിന്നിൽ?

മെയിൽ ഇൻ വോട്ടുകൾ ഡെമോക്രാറ്റുകൾക്കാണോ റിപ്പബ്ലിക്കന്മാർക്കാണോ കൂടുതൽ ഗുണം ചെയ്യുക എന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ ട്രംപിന്റെ ഭീതിയുടെ കാരണമിരിക്കുന്നുണ്ട്. നേരത്തെ റിപ്പബ്ലിക്കൻമാർക്ക് മെയിൽ ഇൻ വോട്ടുകൾ ഒരു പ്രശ്നമായിരുന്നില്ല. പക്ഷെ ഇപ്പോൾ അതൊരു വലിയ പ്രശ്നമാകുന്നു. ഡെമോക്രാറ്റുകൾ കൂടുതലും മെയിൽ ഇൻ വോട്ടിങ്ങിനെ ആശ്രയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ വ്യക്തതയുള്ള ഡാറ്റയൊന്നും ഇല്ലെങ്കിലും അങ്ങനെയൊരു പൊതു അനുമാനം നിലവിലുണ്ട്.

രണ്ടായിരാമാണ്ടിനു ശേഷം നിരവധി സംസ്ഥാനങ്ങൾ മെയിൽ ഇൻ വോട്ടുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ തുടങ്ങിയപ്പോൾ തൊട്ടേ ഉയരുന്ന സന്ദേഹമാണിത്. ഏത് കക്ഷിക്കാണ് ഈ വോട്ടിങ് രീതി ഗുണം ചെയ്യുക? ഇക്കാര്യത്തിൽ വലിയ ഭീതിയാണ് ട്രംപിനുള്ളത്. സർവശക്തിയുമുപയോഗിച്ച് ഈ വോട്ടിങ് രീതിക്കെതിരെ പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി. പോസ്റ്റൽ സർവീസിനുള്ള ഫണ്ട് തടഞ്ഞുവെച്ച് മെയിൽ ഇൻ വോട്ടിങ്ങിനെ അട്ടിമറിക്കാനും പ്രസിഡണ്ട് ശ്രമം നടത്തി. ഡെമോക്രാറ്റുകളെ സഹായിക്കുന്ന മെയിൽ ഇൻ വോട്ടിങ്ങിനെ പ്രോത്സാഹിപ്പിക്കുമെന്നതിനാലാണ് ഫണ്ട് തടയുന്നതെന്ന് അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന സംഭാവനാദാതാക്കളിലൊരാളായ ലൂയിസ് ഡിജോയ് പോസ്റ്റൽ സർവീസ് ഏജൻസിയുടെ നിയന്ത്രണമേറ്റെടുത്തതിനു പിന്നാലെ നിരവധി മാറ്റങ്ങൾ നടപ്പിൽ വന്നു. ജൂൺ മാസത്തിലാണ് ഇദ്ദേഹം പോസ്റ്റ്മാസ്റ്റർ ജനറലായി ചാർജെടുത്തത്. പോസ്റ്റൽ സർവീസിനെ ആകെ താളം തെറ്റിക്കുന്ന തരത്തിലുള്ള നയങ്ങൾ നടപ്പാക്കി. ഇതിനൊപ്പം ഫണ്ട് വെട്ടിച്ചുരുക്കി ട്രംപിന്റെ സഹായവും എത്തിച്ചേർന്നു. 25 ബില്യൺ ഡോളറിന്റെ അടിയന്തിര ഫണ്ടിങ് ആണ് തടഞ്ഞത്. തെരഞ്ഞെടുപ്പ് സെക്യൂരിറ്റിയായ 3.5 ബില്യൺ ഡോളറിന്റെ ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചില്ല. "കൃത്രിമം കാണിക്കാൻ അവർക്ക് 3.5 ബില്യൺ ഡോളർ വേണം," ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോണിക് അഭിമുഖത്തിൽ ട്രംപ് പറയുകയുണ്ടായി. മെയിലുകൾ ഡെലിവറിക്ക് പുറത്തുപോകുന്ന സംവിധാനത്തിലും ഡിജോയ് ഇടപെട്ടു. ഇതുവഴി വോട്ടുകൾ സമയത്തിന് എത്താതിരിക്കാൻ വേണ്ടത് ചെയ്യുകയായിരുന്നു ഡിജോയ് എന്ന് പോസ്റ്റൽ സർവീസ് ജീവനക്കാർ ചൂണ്ടിക്കാട്ടുകയുണ്ടായി. മെയിൽ സോർട്ടിങ് മെഷീനുകൾ നീക്കം ചെയ്യുന്ന നടപടി വരെ അദ്ദേഹമെടുത്തു. ഓവർടൈം ജോലിക്ക് നൽകിയിരുന്ന പ്രതിഫലം ഡിജോയ് ഇല്ലാതാക്കി. ഇതോടെ പോസ്റ്റൽ സർവീസ് പ്രവർത്തനങ്ങൾ മന്ദഗതിയിലായി.

ഏജൻസിക്കു പുറത്തുനിന്നുള്ളയാളാണ് ഡിജോയ് എന്ന പ്രത്യേകതയും ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏജൻസിയുടെ റാങ്കിൽ നിന്നല്ലാതെ ഈ പോസ്റ്റിലേക്ക് നിയമിതനാകുന്ന ആദ്യത്തെയാളാണ് ഡിജോയ്. ദശലക്ഷക്കണക്കിനാളുകൾ ആശ്രയിക്കുന്ന പോസ്റ്റൽ സർവീസിനെ അട്ടിമറിക്കുന്ന പ്രസിഡണ്ടിന്റെ നീക്കത്തെ ശക്തമായി അപലപിച്ച് ഡെമോക്രാറ്റുകൾ രംഗത്തെത്തി. ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണിതെന്ന് ജോ ബൈഡന്റെ വക്താവ് ആൻഡ്ര്യൂ ബേറ്റ്സ് വ്യക്തമാക്കി.

അതെസമയം ചില ഡാറ്റാ വിശകലനങ്ങൾ ട്രംപിന്റെ ഭീതിയെ ശരിവെക്കുന്നുണ്ട്. ഡെമോക്രാറ്റുകളോട് ചായ്‍വ് കാണിക്കുന്ന തെരഞ്ഞെടുപ്പ് വിവരശേഖരണ സ്ഥാപനമായ ടാർഗറ്റ്സ്മാർട്ട് പറയുന്നത് പ്രകാരം നേരത്തെ രേഖപ്പെടുത്തപ്പെടുന്ന എല്ലാ വോട്ടുകളുടെയും 48.3 ശതമാനം വരെ ഡെമോക്രാറ്റുകൾക്ക് പോകും. റിപ്പബ്ലിക്കൻമാർക്ക് 41.5 ശതമാനം വോട്ടുകളാണ്. പാർട്ടി അഫിലിയേഷൻ ഇല്ലാത്ത 10.2 വോട്ടർമാരാണ് നേരത്തെ വോട്ട് ചെയ്യുന്നവരിലുള്ളത്.

ട്രംപിന്റെ ആവശ്യം വളരെ ലളിതമാണ്. റിപ്പബ്ലിക്കൻ പാർട്ടിയോട് എന്തെങ്കിലുമൊരു ചായ്‍വ് ഉള്ളവരുണ്ടെങ്കിൽ മെയിൽ ഇൻ വോട്ട് ചെയ്യുന്നതിനിടയിൽ ഏതെങ്കിലും തരത്തിലുള്ള മനംമാറ്റമുണ്ടാകാൻ പാടില്ല. പരമാവധി അവരെക്കൊണ്ട് ആ നീക്കം ഉപേക്ഷിപ്പിക്കുക. ഇതിനകം തന്നെ റിപ്പബ്ലിക്കൻ വോട്ടർമാരെ മെയിൽ ഇൻ വോട്ടിങ്ങിൽ നിന്നും പിന്തിരിപ്പിക്കാൻ ട്രംപിന് സാധിച്ചിട്ടുണ്ടെന്നാണ് ടാർഗറ്റ്സ്മാർട്ട് സിഇഒ ടോം ബോനിയർ പറയുന്നത്.

മെയിൽ ബാലറ്റുകളുടെ കാര്യത്തിൽ ഈ വ്യത്യാസം റിപ്പബ്ലിക്കൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭയാനകമാണ്. ബാലറ്റുകൾ തിരിച്ചെത്തിയ 19 സംസ്ഥാനങ്ങളിലെ ആകെ 33 ദശലക്ഷം വോട്ടുകളിൽ 49 ശതമാനവും ഡെമോക്രാറ്റുകൾക്ക് അനുകൂലമാണെന്നാണ് യുഎസ് ഇലക്ഷൻസ് പ്രൊജക്ട് എന്ന ഡാറ്റാ വിശകലന സ്ഥാപനം പറയുന്നത്. റിപ്പബ്ലിക്കൻമാർക്ക് വെറും 26 ശതമാനം വോട്ടുകൾ മാത്രമേയുള്ളൂ. പാർട്ടി ബന്ധമില്ലാത്തവരുടെ വോട്ടുകൾ 24 ശതമാനമാണ്.

ടെക്സാസ് പുറത്തുവിട്ട നേരിട്ടെത്തിയുള്ള വോട്ടിങ് കണക്കുകൾ പ്രകാരം റിപ്പബ്ലിക്കന്മാരാണ് മുന്നിൽ. 42 ശതമാനമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ച വോട്ടുകളെങ്കിൽ, ഡെമോക്രാറ്റുകൾക്ക് ലഭിച്ചത് 36 ശതമാനം വോട്ടുകളാണ്. ഫ്ലോറിഡയിൽ നേരത്തെയെത്തിയ 80 ലക്ഷത്തിലധികം വോട്ടുകളിൽ 40 ശതമാനവും റിപ്പബ്ലിക്കൻമാർക്ക് അനുകൂലമാണ്. 38 ശതമാനമാണ് ഡെമോക്രാറ്റുകൾക്ക് ലഭിച്ച വോട്ടുകൾ.

ബ്ലൂ ഷിഫ്റ്റ് സംഭവിക്കുന്നുണ്ടോ?

റിപ്പബ്ലിക്കൻമാർക്ക് പരാജയം സംഭവിക്കണമെങ്കിൽ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിരിക്കണമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇതൊരു മുൻകൂട്ടിയുള്ള ഏറാണെന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. തോൽവി സംഭവിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം മെയിൽ ഇൻ വോട്ടിങ്ങിൽ സംഭവിച്ച 'കൃത്രിമം' ചൂണ്ടിക്കാട്ടി ആരോപണങ്ങളുന്നയിക്കാൻ കഴിയും.

തെരഞ്ഞെടുപ്പു ഗവേഷകരായ എഡ്വാർഡ് ഫോളിയും ചാൾസ് സ്റ്റ്യൂവർട്ടും ഈ മേഖലയിൽ നടത്തിയ പഠനത്തിൽ, മെയിൽ ഇൻ വോട്ടുകൾ പൊതുവിൽ അന്തിമഘട്ടങ്ങളിലെത്തുമ്പോൾ ഡെമോക്രാറ്റുകൾക്ക് കൂടുതൽ അനുകൂലമായി ഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ഡെമോക്രാറ്റുകളെ സൂചിപ്പിക്കുന്ന നിറം കൂടി സൂചിപ്പിച്ച് 'ബ്ലൂ ഷിഫ്റ്റ്' എന്നാണ് ഇവർ വിളിക്കുന്നത്. 1950ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ഇത് ഏറിയും കുറഞ്ഞും സംഭവിക്കുന്നുണ്ട്. 1984നു ശേഷം ഈ പ്രവണത അധികരിക്കുന്നതായും കാണാം. രണ്ടായിരാമാണ്ടിനു ശേഷം ഡെമോക്രാറ്റുകൾക്ക് മെയിൽ ഇൻ വോട്ടുകളിൽ നേരിയ മുൻതൂക്കമുണ്ട്. അതായത്, ട്രംപ് പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നതു പോലെ, മെയിൽ ഇൻ വോട്ടുകളെണ്ണുമ്പോൾ ഡെമോക്രാറ്റുകൾക്ക് ലഭിക്കാനിടയുള്ള മുൻതൂക്കം തെരഞ്ഞെടുപ്പ് കൃത്രിമം നടക്കുന്നത് മൂലമല്ല. കുറഞ്ഞത് കഴിഞ്ഞ രണ്ട് ദശകങ്ങളായി തുടരുന്ന ഒരു പ്രവണതയാണത്. ഈ പ്രവണത പോലും വളരെ നേരിയതാണെന്നതാണ് വസ്തുത. ഒന്നോ രണ്ടോ ശതമാനത്തിനിടയിലാണ് വ്യത്യാസം മിക്കപ്പോഴും വന്നിരിക്കുന്നത്.

എന്നാൽ ഈ വിഷയത്തിൽ നടന്നിട്ടുള്ള രണ്ട് ആധികാരിക പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മെയിൽ ഇൻ വോട്ടുകളിലേക്ക് പൂർണമായി മാറിയാൽപ്പോലും അത് ഡെമോക്രാറ്റുകൾക്കോ റിപ്പബ്ലിക്കൻമാർക്കോ നേട്ടമോ നഷ്ടമോ ഉണ്ടാക്കുന്നില്ലെന്നാണ്. സാൻഫോർഡ് സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് പോളിസി റിസർച്ചിലെ ഗവേഷകർ നടത്തിയ പഠനത്തിന്റെ ഉപസംഹാരത്തിൽ ഇങ്ങനെ പറയുന്നു: "വോട്ട് ബൈ മെയിൽ സംവിധാനം വോട്ടർമാർക്ക് ഏറെ സൌകര്യപ്രദമാണ്. വോട്ടിങ് ശതമാനം തരക്കേടില്ലാതെ കൂടുകയും ചെയ്യുന്നു. എന്നാൽ വിവിധ കക്ഷികളുടെ വോട്ടുകളിൽ എന്തെങ്കിലും കാര്യമായ മാറ്റം ഈ സംവിധാനം വരുത്തുന്നതായി കാണുന്നില്ല." നിലവിലുള്ള പഠനങ്ങളെക്കാൾ ഏറ്റവും പുതിയതും ശക്തവുമായ ഡാറ്റയാണ് തങ്ങളുപയോഗിച്ചിരിക്കുന്നതെന്നും പഠിതാക്കൾ പറയുന്നുണ്ട്.

കൌണ്ടി തലത്തിൽ മെയിൽ ഇൻ വോട്ടിങ് കൊണ്ടുവന്ന കാലിഫോർണിയ, ഉട്ട, വാഷിങ്ടൺ എന്നീ സംസ്ഥാനങ്ങളെ പ്രത്യേകമായും, മറ്റിടങ്ങളെ പൊതുവിലും സാൻഫോർഡിന്റെ പഠനം പരിഗണിക്കുന്നുണ്ട്.

വിർജിനിയസർവകലാശാലയിലെ ബാർബർ, ജോൺ ഹോൾബീൻ എന്നിവർ നടത്തിയ പഠനത്തിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാക്കാൻ വോട്ട് ബൈ മെയിൽ സംവിധാനത്തിന് കഴിഞ്ഞെന്ന് കണ്ടെത്തുകയുണ്ടായി. 1.8 ശതമാനം മുതൽ 2.9 ശതമാനം വരെ വർധന ഇക്കാര്യത്തിലുണ്ടായി. എന്നാൽ ഏതെങ്കിലും കക്ഷികൾക്ക് കൂടുതൽ നേട്ടമുണ്ടാകുന്നുവെന്ന സിദ്ധാന്തത്തോട് ഇവരുടെ പഠനം യോജിക്കുന്നില്ല. 1996നും 2018നും ഇടയ്ക്കുള്ള തെരഞ്ഞെടുപ്പുകളുടെ കണക്കുകളെ ആസ്പദമാക്കിയുള്ള പഠനത്തിൽ പറയുന്നത് കോൺഗ്രസ്, ഗവർണർ, പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളിൽ വളരെ ചെറിയൊരു ശതമാനം (0.7%) വർധന മാത്രമാണ് ഡെമോക്രാറ്റുകൾക്ക് അനുകൂലമായി വന്നിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കൽ എറർ മാർജിനോളം പോന്ന ഈ അനുകൂലവ്യതിയാനം ശരിയായ അർത്ഥത്തിൽ ഇല്ലെന്നു തന്നെ കണക്കാക്കാവുന്നതാണെന്നും പഠിതാക്കൾ പറയുന്നു.


തോൽവിയെ ചോദ്യം ചെയ്യാനുള്ള നിലമൊരുക്കൽ?

അങ്ങനെയും വിലയിരുത്തപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നിൽക്കണ്ട് ട്രംപ് ഒരു മുന്നൊരുക്കം നടത്തുകയാണ്. തോൽവി സംഭവിച്ചാൽ അതിനെ ചോദ്യം ചെയ്യാൻ മെയിൽ ഇൻ വോട്ടുകളിൽ കൃത്രിമം നടന്നുവെന്നാരോപിക്കാം. എല്ലാറ്റിനെയും കോടതി കേറ്റുമെന്ന വിചിത്രമെന്ന് പ്രത്യേകം പറയേണ്ടതില്ലാത്ത പ്രസ്താവനയും ട്രംപ് ഇതിനകം നടത്തിക്കഴിഞ്ഞു.Next Story

Related Stories