TopTop
Begin typing your search above and press return to search.

EXPLAINER: നിര്‍ണായകമാണ് 2020; അതിനുള്ള രാഷ്ട്രീയ സാമ്പത്തിക സാമൂഹിക കാരണങ്ങള്‍

EXPLAINER: നിര്‍ണായകമാണ് 2020; അതിനുള്ള രാഷ്ട്രീയ സാമ്പത്തിക സാമൂഹിക കാരണങ്ങള്‍

സമീപകാലത്തൊന്നുമുണ്ടാകാത്ത രാഷ്ട്രീയ പ്രക്ഷോഭത്തിലൂടെയാണ് ഇന്ത്യ പുതുവല്‍സരത്തിലേക്ക് കടക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള വര്‍ഷമെന്ന നിലയില്‍ സാധാരണഗതിയില്‍ വലിയ ചലനങ്ങള്‍ 2020 ല്‍ ഉണ്ടാകേണ്ടതല്ല. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ 2020 ന് വലിയ പങ്കുണ്ടാകുമെന്നാണ്. അതോടൊപ്പം ഈ വര്‍ഷത്തെ സാമ്പത്തിക മേഖലയിലുണ്ടാകുന്ന ചലനങ്ങളും, ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമെല്ലാം ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ വ്യത്യസ്തമാക്കുന്നതെന്ത്

ഇന്ത്യയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തെ വിലയിരുത്തിയത്. രാജ്യത്തെമ്പാടും സമരം ആളി പടര്‍ന്നുവെന്നതാവണം ഇത്തരത്തിലൊരു വിലയിരുത്തലിന് ആധാരമായിട്ടുണ്ടാവുക. സമീപവര്‍ഷങ്ങളില്‍ രണ്ട് പ്രധാന പ്രക്ഷോഭങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒന്ന് നിര്‍ഭയ എന്ന് മാധ്യമങ്ങള്‍ വിളിച്ച പെണ്‍കുട്ടിയുടെ ക്രൂരമായ ബലാല്‍സംഗം നടന്നതിന് ശേഷം. വന്‍ ജനരോഷമാണ് അന്ന് അണപൊട്ടി ഒഴുകിയത്. രാഷ്ട്രപതി ഭവനിലേക്ക് പോലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടക്കാന്‍ ശ്രമിക്കുക പോലും ചെയ്തു. പിന്നീട് ഉണ്ടായ വാര്‍ത്താ പ്രധാന്യം നേടിയത് യു പി എ സര്‍ക്കാരിന്റെ അവസാനകാലത്ത് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരമാണ്. യുപിഎ സര്‍ക്കാരിനെതിരെ ഒരു പൊതുവികാരം മാധ്യമങ്ങള്‍ വഴി സൃഷ്ടിക്കുന്നതിന് ഈ സമരം ഉപകരിച്ചു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച രണ്ട് സമരങ്ങളില്‍നിന്നും അതിന്റെ രാഷ്ട്രീയ സന്ദേശത്തിലും, അതില്‍ പങ്കെടുക്കുന്നവരുടെ സാമൂഹ്യപാശ്ചത്താലത്തിലും വ്യത്യസ്തമാണ് പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം. അതില്‍ പ്രധാനം നേരത്തെ സൂചിപ്പിച്ച രണ്ട് സമരങ്ങളും പൊതുവില്‍ സമൂഹത്തിലെ മധ്യവര്‍ഗം നേതൃത്വം നല്‍കിയതാണ്. എന്നുമാത്രമല്ല, ആ സമരങ്ങളില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും സമൂഹ്യ ശ്രേണിയില്‍ മുകളില്‍ നില്‍ക്കുന്നവര്‍ ആയിരുന്നു. ആ രണ്ടു സമരങ്ങളുടെയും സവിശേഷത അതില്‍ പ്രബലമായുണ്ടായിരുന്നു മധ്യവര്‍ഗത്തില്‍പ്പെട്ടവരുടെ സാന്നിധ്യമാണെന്ന് പറയാം. ആം ആദ്മി പാര്‍ട്ടി രൂപികരിക്കപ്പെടുന്നത് അന്നാ ഹസാരെയുടെ സമരത്തിന് ശേഷമാണെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇപ്പോഴത്തെ സമരം എന്നതാണ് ഇതിനെ വ്യത്യസ്താമാക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തേത് ഒരു രാഷട്രീയ സമരമാണ്. എന്നുമാത്രമല്ല, ഈ സമരം നടത്തുന്നത് മുഖ്യമായും ദളിത് മുസ്ലീം സാമുഹ്യ വിഭാഗത്തില്‍പ്പെടുന്നവരാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമരത്തോട് ഐക്യപെടാനാല്ലാതെ അതിന്റെ നേതൃത്വത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുമില്ല. ചന്ദ്രശേഖര്‍ ആസാദിനെപോലുളള ദളിത് അംബേദ്ക്കറൈറ്റ് നേതാക്കളാണ് ഭരണഘടന സംരക്ഷണം ആവശ്യപ്പെട്ട് സമരത്തിലെത്തിയത്. അതുകൊണ്ട് തന്നെ പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന്റെ ഭാവി, ഇന്ത്യയുടെ തുടര്‍ന്നുള്ള രാഷ്ട്രീയത്തെയും നിര്‍ണയിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പുകളുടെ 2020

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മോദിക്കുണ്ടായ വന്‍ വിജയത്തിന് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാരിനെ ഉലച്ചുകൊണ്ടുള്ള പ്രക്ഷോഭം രാജ്യത്ത് ആളിപടരുന്നത്. നിലപാടുകള്‍ മാറ്റാനും പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാനും ഇത് ബിജെപി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. രാജ്യം മുഴുവന്‍ പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കുമെന്ന പറഞ്ഞ സര്‍ക്കാര്‍ അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്ന് മാറ്റി പറയേണ്ടിവന്നു. അഞ്ചര വര്‍ഷത്തെ ഭരണത്തിനിടയില്‍ ഇതുപോലെ മോദി സര്‍ക്കാര്‍ ഉലഞ്ഞുപോയ സമയം വേറെയുണ്ടായില്ല. എന്നുമാത്രമല്ല, പൊതു തെരഞ്ഞെടുപ്പിന് ശേഷം നടന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമാകുകയും ചെയ്തു. അതുകൊണ്ടു തന്നെ ബിജെപിയെ സംബന്ധിച്ച് ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ പ്രധാനമാണ്. ഡല്‍ഹിയും ബിഹാറുമാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കേണ്ട പ്രധാന സംസ്ഥാനങ്ങള്‍. ഇരു സംസ്ഥാനങ്ങളിലും ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയമാണ് നേടിയത്. എന്നാല്‍ ഡല്‍ഹിയില്‍ ഈയിടെ പുറത്തുവന്ന അഭിപ്രായ സര്‍വെകള്‍ സൂചിപ്പിക്കുന്നത് ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തില്‍ ജനങ്ങള്‍ പൊതുവില്‍ തൃപ്തരാണെന്നാണ്. 70 സീറ്റുകളില്‍ 67 നേടിയാണ് കഴിഞ്ഞതവണ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. കോൺഗ്രസിനെ സംബന്ധിച്ചും ഡൽഹി നിർണായകമാണ്. ബിഹാറില്‍ സ്ഥിതിഗതികള്‍ കുറച്ചുകൂടെ സങ്കീര്‍ണമാണ്.പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം അവിടുത്തെ രാഷട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 2015 ലെ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായി മല്‍സരിച്ച ആര്‍ജെഡിയെ ഉപേക്ഷിച്ച് ബിജെപി പാളയത്തിലേക്ക് പോയാണ് നിതിഷ് കുമാര്‍ ഇപ്പോള്‍ ബിഹാര്‍ ഭരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ട്ടിയില്‍നിന്നുതന്നെയുള്ള എതിര്‍പ്പും, മുസ്ലീം ദളിത് വിഭാഗങ്ങളിലുണ്ടാക്കിയ രോഷവും നിതീഷിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന സംശയം രാഷ്ട്രീയ നീരീക്ഷകരില്‍ പലരും ഉയര്‍ത്തുന്നു. മുരടിപ്പില്‍നിന്ന് മാന്ദ്യത്തിലേക്ക് നീങ്ങുന്ന സമ്പദ് വ്യവസ്ഥ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി മോദി നടത്തിയ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന് ഇന്ത്യയെ 2022 ഓടുകൂടി അഞ്ച് ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയാക്കുമെന്നതാണ്. പ്രഖ്യാപനത്തിന് പിന്നിലെ സാമ്പത്തിക യുക്തി മോദി അനുകൂലിക്കുന്നവര്‍ പോലും അംഗീകരിച്ചിട്ടില്ല. എന്നുമാത്രമല്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എല്ലാ സൂചികകളിലും പിറകോട്ട് പോകുന്ന സാഹചര്യമാണ് ഉണ്ടായതും. സാധാരണ ഗതിയിലുള്ള മുരടിപ്പില്ല, വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്. മൊത്തം ആഭ്യന്തര ഉത്പാദാനം ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.5 ശതമാനായി കുറഞ്ഞു. കാറുകളുടെ വിപണനത്തില്‍ 18 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജിഎസ്ടി വരുമാനത്തിലും കുറവുണ്ടായി. ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രത്യക്ഷത്തില്‍ കാണുന്നതിനെക്കാള്‍ വലിയ പ്രതിസന്ധിയിലാണെന്നാണ് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയത്. ഈ പ്രതിസന്ധി രൂക്ഷമാകുകയാണെങ്കില്‍ അത് വലിയ പ്രത്യാഘാതം രാഷ്ട്രീയ രംഗത്തും ഉണ്ടാക്കും. മോദിയുടെ പിന്തുണക്കാരില്‍ വലിയ വിഭാഗം മധ്യവര്‍ഗക്കാരെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ ബാധിക്കുമെന്ന്ത് രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. കോടതികള്‍ എന്തു പറയും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് കോടതികളുടെ പ്രവര്‍ത്തനങ്ങളാണ്. സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് കോടതി വഴങ്ങുകയാണോ എന്ന ചോദ്യം നിയമവിദഗ്ദകരുടെ ഭാഗത്തുനിന്ന് തന്നെ ഉന്നയിക്കപ്പെട്ടു. ഈ വര്‍ഷവും നിര്‍ണായക കോടതി ഇടപെടലുകളെയാണ് രാജ്യം കാത്തിരിക്കുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടി, പൗരത്വ നിയമഭേദഗതി എന്നിവയുടെ കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക ഈ വര്‍ഷമാണ്.


Next Story

Related Stories