TopTop

EXPLAINER: ക്രിമിനല്‍ കേസിലെ പ്രതികള്‍ അയോധ്യ രാമക്ഷേത്ര ട്രസ്റ്റില്‍, സര്‍ക്കാര്‍ തന്ന ഭൂമിയില്‍ പള്ളി പണിയുന്നതില്‍ തര്‍ക്കം

EXPLAINER: ക്രിമിനല്‍ കേസിലെ പ്രതികള്‍ അയോധ്യ രാമക്ഷേത്ര ട്രസ്റ്റില്‍, സര്‍ക്കാര്‍ തന്ന ഭൂമിയില്‍ പള്ളി പണിയുന്നതില്‍ തര്‍ക്കം

2019 നവംബര്‍ ഒമ്പതിനാണ് സുപ്രീം കോടതി ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിധികളില്‍ ഒന്ന് പുറപ്പെടുവിച്ചത്. നൂറ്റാണ്ടായി തുടരുകയും ഇന്ത്യയുടെ സാമുഹ്യ ജീവിതത്തെ തകിടം മറിക്കുകയും ചെയ്ത അയോധ്യയിലെ പ്രശ്‌നത്തില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചത് അന്നാണ്. ക്ഷേത്രം തകർത്താണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ അയോധ്യയില്‍ മസ്ജിദ് പണിതതെന്ന് കോടതി തീര്‍പ്പാക്കുകയും അവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഭരണഘടനാ ബഞ്ച് ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപികരിക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതുകൊണ്ടും വിവാദവും തര്‍ക്കവും തീരുന്നില്ലെന്ന് വേണം സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

എന്താണ് പുതിയ വിവാദം
ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപികരിച്ച വിവരം പ്രധാനമന്തി നരേന്ദ്ര മോദിയാണ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു ട്രസ്റ്റ് രൂപീകരിച്ചത്. രാമജന്മഭൂമി തിര്‍ത്ത ക്ഷേത്ര ട്രസ്റ്റ് എന്നായിരുന്നു അതിന്റെ പേര്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനായിരുന്നു ട്രസ്റ്റിലെ ആദ അംഗം. ഇദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വീട്ടിലായിരുന്നു ട്രസ്റ്റിന്റെ ആദ്യ യോഗം 19 -ാം തീയതി നടന്നത്.
ട്രസ്റ്റിന്റെ ആദ്യ യോഗത്തിലെ തീരുമാനങ്ങള്‍ എന്തൊക്കെ
ട്രസ്റ്റിന്റെ ആദ്യ യോഗത്തിലാണ് വിവാദങ്ങളായ തീരുമാനങ്ങള്‍ ഉണ്ടായത്. ട്രസ്റ്റിലെ പുതിയ നിയമനങ്ങളാണ് വിവാദമായത്. രാം ജന്മഭൂമി ന്യാസ് തലവന്‍ നൃത്യ ഗോപാല്‍ ദാസ്, വിശ്വ ഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ചംപത്ത് റായ്, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ മിശ്ര എന്നിവരെയാണ് പുതുതായി ട്രസ്റ്റില്‍ നിയമിച്ചത്. ഇതില്‍ നിപേന്ദ്ര മിശ്രയായിരിക്കും ക്ഷേത്രനിര്‍മ്മാണത്തിന്റെ കമ്മിറ്റിയുടെ തലവന്‍. നൃത്യ ഗോപാല്‍ ദാസിനെ ട്രസ്റ്റിന്റെ പ്രസിഡന്റായും ചപത്ത് റായിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇതില്‍ നൃത്യ ഗോപാല്‍ ദാസിന്റെയും ചമ്പത് റായിയുടെയും നിയമനങ്ങളാണ് വിവാദത്തിലായത്.
എന്താണ് വിവാദത്തിന് കാരണം
ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളാണ് ഇരുവരും എന്നതാണ് വിവാദത്തിന് കാരണം. ഇവരെ ആദ്യം തന്നെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് വിശ്വഹിന്ദു പരിഷത്തിന്റെ എതിര്‍പ്പിനിടയാക്കിയിരുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. കൂടുതല്‍ പേരെ പിന്നീട് ഉള്‍പ്പെടുത്തുമെന്നായിരുന്നു അന്ന് കേന്ദ്ര സര്‍ക്കാര്‍ ഇവരെ അറിയിച്ചിരുന്നതെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. ഇവര്‍ കേസില്‍ പ്രതികളായത് നിയമ പ്രശ്‌നമുണ്ടാക്കുമോ എന്നതാണ് ആദ്യം ട്രസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമായി പറയുന്നത്.
1992 ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെ കുറിച്ചുള്ള സിബിഐ കേസില്‍ പ്രതികളാണ് ഇരുവരും. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. കേസിന്റെ വിചാരണ ഇപ്പോള്‍ ലക്‌നൗ പ്രത്യേക കോടതിയില്‍ നടക്കുകയാണ്.
ദാസിന്റെ നേതൃത്വത്തിലുള്ള രാമജന്മഭൂമി ന്യാസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് ട്രസ്റ്റിന്റെ ഭാഗമായി മാറിയിരുന്നു. ന്യാസിന്റെ സ്വത്തുക്കളെല്ലാം ട്രസ്റ്റിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.
ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അനുവദിച്ചെങ്കിലും പള്ളി പൊളിച്ചത് തെറ്റായ നടപടിയാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ ട്രസ്റ്റ് അംഗങ്ങളാക്കിയത് വിവാദമായത്.
പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നൃപേന്ദ്ര മിശ്ര. .കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്ദേഹം വിരമിച്ചത്. 1992 ല്‍ ഇദ്ദേഹം അന്നത്തെ ബിജെപി മുഖ്യമന്ത്രി കല്യാണ്‍ സിംങിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു. ഇദ്ദേഹമാണ് ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റിയുടെ തലവന്‍. ആ നിലയില്‍ ക്ഷേത്രനിര്‍മ്മാണത്തില്‍ ഇദ്ദേഹത്തിന് വലിയ പങ്കുണ്ടാവുകയും ചെയ്യും
പള്ളിയുടെ കാര്യത്തിലുള്ള തീരുമാനം എന്താണ്
അയോധ്യയിലെ സോഹാവല്‍ താലൂക്കിലെ ധാനിപൂരിലാണ് സുപ്രീം കോടതി വിധി അനുസരിച്ച് പള്ളി പണിയാനുള്ള അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിരിക്കുന്നത്. ബാബ്‌റി മസ്ജിദിന് പകരം നല്‍കുന്ന ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ മുസ്ലീം സംഘടനകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സര്‍ക്കാരില്‍നിന്ന് കിട്ടിയ ഭൂമിയില്‍ പള്ളി പണിയരുതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതുണ്ടെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
ഏതായാലും അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കാന്‍ യു പി സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂമി വേണ്ടെന്ന് പറയാന്‍ സുപ്രീം കോടതി വിധി അനുസരിച്ച് സാധിക്കില്ലെന്ന് പ്രസിഡന്റ് സുഫര്‍ ഫാറുഖി പറഞ്ഞു. അനുവദിച്ച ഭൂമി കൈപ്പറ്റിയതായാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ മാസം 24 ന് യോഗം ചേര്‍ന്ന് പള്ളി നിര്‍മ്മാണവുമായി എങ്ങനെ മുന്നോട്ടുപോകുമെന്ന് തീരുമാനിക്കുമെന്നുമാണ് സുന്നി വഖഫ് ബോര്‍ഡിന്റെ തീരുമാനം


Next Story

Related Stories