TopTop
Begin typing your search above and press return to search.

Explainer | അധികാര വികേന്ദ്രീകരണത്തിന്റെ ആളുകള്‍ കേന്ദ്രീകരണത്തിന് വേണ്ടി ചട്ടം മാറ്റുന്നോ? മുഖ്യമന്ത്രിയെ സർവാധികാരിയാക്കുന്നുവെന്ന് പറയുന്ന ചട്ടഭേദഗതി എന്ത്?

Explainer | അധികാര വികേന്ദ്രീകരണത്തിന്റെ ആളുകള്‍ കേന്ദ്രീകരണത്തിന് വേണ്ടി ചട്ടം മാറ്റുന്നോ?  മുഖ്യമന്ത്രിയെ സർവാധികാരിയാക്കുന്നുവെന്ന് പറയുന്ന ചട്ടഭേദഗതി എന്ത്?

പിണറായി വിജയന്‍ സര്‍ക്കാറിന്റെ മറ്റൊരു നിക്കം വലിയ വിവാദമായിരിക്കുകയാണ്. അധികാര വികേന്ദ്രീകരണത്തിന് വേണ്ടി വലിയ നീക്കങ്ങള്‍ നേരത്തെ നടത്തിയിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ അധികാര കേന്ദ്രീകരണത്തിനായുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് ആക്ഷേപം. ഇതിനെതിരെ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയരുന്നത്. ഘടകകക്ഷികള്‍ക്ക് തന്നെ ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രിസഭ ഉപസമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞത്.

എന്ത് മാറ്റമാണ് ഭരണതലത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്.

ഭരണഘടനയുടെ 166-ാം വകുപ്പ് അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണം സൗകര്യപ്രദമായ രീതിയില്‍ നടപ്പിലാക്കുന്നതിന് വേണ്ടി ചട്ടങ്ങളുണ്ടാക്കാന്‍ ഗവര്‍ണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇത് സ്വതന്ത്ര്യമായി ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരമാണ് അദ്ദേഹം ഇത് ചെയ്യുന്നത്. ഈ ചട്ടങ്ങളാണ് ട്രാന്‍സാക്ഷന്‍സ് ഓഫ് ബിസിനസ് ( പിഡിടി ആചാരി- മാതൃഭൂമി 11.10.2020). ഇത് ഭേദഗതി ചെയ്യാനാണ് കേരളത്തില്‍ നടപടികൾ ആരംഭിച്ചത്. ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് പരിശോധിക്കാൻ സെക്രട്ടറിതല സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മന്ത്രിതല സമിതിയുടെ പരിഗണനയിലുള്ളത്.

എപ്പോഴാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്

റൂള്‍സ് ഓഫ് ബിസിനസ് പരിഷ്‌ക്കരണത്തിന് 2018 ഡിസംബര്‍ 22-നാണ് അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു ചെയര്‍മാന്‍. നിയമവകുപ്പ് സെക്രട്ടറി, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി, ഐടി സെക്രട്ടറി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. ഈ സമിതിയുടെ ശുപാര്‍ശകള്‍ കഴിഞ്ഞ ആഗസ്റ്റ് 26 ന് മന്ത്രിസഭ പരിഗണിച്ചു. കമ്മിറ്റിയുടെ ചെയര്‍മാന്‍ ആണ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത.

എന്തായിരുന്നു സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍

മന്ത്രിമാരുടെ അധികാരം കുറയ്ക്കുന്നതാണ് ഈ സമിതിയുടെ ശുപാര്‍ശകള്‍ എന്നതാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മുഖ്യമന്ത്രിക്ക് ബന്ധപ്പെട്ട മന്ത്രിമാരറിയാതെ ഏത് വകുപ്പിലേയും ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടാകും. ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍ എന്ന നിലയിലേക്ക് അധികാര ഘടന മാറുമെന്നാണ് കരുതുന്നത്. മന്ത്രിമാര്‍ക്ക് തുല്യമായ അധികാരം സെക്രട്ടറിമാര്‍ക്ക് ഇതോടെ ലഭിക്കും. സെക്രട്ടറിമാരുടെ ഉത്തരവുകള്‍ മന്ത്രിമാര്‍ക്ക് തിരുത്താന്‍ കഴിയാതെ വരും. മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി സെക്രട്ടറിമാര്‍ ഭരണം നടത്തുന്ന അവസ്ഥ ഇതോടെ ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഭരണം ഫലത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.

ഇതിലൂടെ എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.

മുഖ്യമന്ത്രിയിലേക്ക് മാത്രമായി അധികാരം കേന്ദ്രീകരിക്കപ്പെടുകയും മന്ത്രിമാരുടെ അധികാരത്തില്‍ കാര്യമായ കുറവ് ഉണ്ടാകുകയും ചെയ്യും. സമന്മാരില്‍ മുമ്പന്‍ എന്ന പദവിയില്‍ നിന്ന് മുഖ്യമന്ത്രി സര്‍വ വകുപ്പുകളിലും ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ഇടപെടാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാറും. അതുപോലെ ചീഫ് സെക്രട്ടറിയിലേക്കും അധികാരം കേന്ദ്രീകരിക്കും.

നിലവിലുളള വ്യവസ്ഥ പ്രകാരം ഒരു വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്കാണ് പ്രസ്തുത വകുപ്പിന്റെ പ്രഥമിക ഉത്തരവാദിത്തം. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം വകുപ്പ് സെക്രട്ടറിയെ കൂടി പ്രാഥമിക ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുത്തുന്നു.

ഈ നിർ‌ദ്ദേശങ്ങള്‍ ഏത് ഘട്ടത്തിലാണ്

ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ പരിഗണിക്കുന്നതിന് പകരം ഒരു മന്ത്രിസഭ ഉപസമിതിയെ ഇതിനായി ചുമതലപ്പെടുത്തിയിരിക്കയാണ് സര്‍ക്കാര്‍. ഈ സമിതി സെപ്റ്റംബര്‍ 21നും ഒക്ടോബര്‍ ഏഴിനും യോഗം ചേര്‍ന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് മന്ത്രി എ കെ ബാലന്‍ പറഞ്ഞത്. ഭരണത്തിന് വേഗം കൂട്ടാനും സുതാര്യമാക്കാനുമാണ് ഭേദഗതികള്‍ നടപ്പിലാക്കുന്നതെന്ന് ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ അധികാരം കേന്ദ്രീകരിക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണവും ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷം മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിച്ചതിനെക്കാള്‍ കൂടുതലാണ് ഇതുമുലം സംഭവിക്കുകയെന്ന് പ്രതിപക്ഷ നേതാവും പറയുന്നു.

ഇനി ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ പരിശോധിക്കും. അതിനു ശേഷം ഇക്കാര്യത്തില്‍ ഘടകകക്ഷി മന്ത്രിമാര്‍ എന്ത് തീരുമാനമെടുക്കുമെന്നത് നിര്‍ണായകമാണ്.


Next Story

Related Stories