TopTop
Begin typing your search above and press return to search.

EXPLAINER: വരിഞ്ഞു മുറുക്കി ഹോങ്കോങ്ങിനെ ചൈന ഇല്ലാതാക്കുമോ?

EXPLAINER: വരിഞ്ഞു മുറുക്കി ഹോങ്കോങ്ങിനെ ചൈന ഇല്ലാതാക്കുമോ?

കോവിഡുകാലത്തെ അന്താരാഷ്ട്ര വാര്‍ത്തകളില്‍ ചൈനയാണ് കേന്ദ്ര സ്ഥാനത്ത്. കോവിഡ് രോഗബാധ തുടങ്ങിയത് ചൈനയില്‍ നിന്നായതുകൊണ്ടുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അമേരിക്കയും ചില യുറോപ്യന്‍ രാജ്യങ്ങളും ചൈനയ്ക്ക് മേല്‍ ഇപ്പോഴും സംശയം ചൊരിയുന്നു. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം ലോക സമ്ബദ് വ്യവസ്ഥയ്ക്ക് മേലുണ്ടാക്കുന്ന ആഘാതം വേറെ. ഈ പ്രതിസന്ധികള്‍ക്കപ്പുറം ചൈന കേന്ദ്രീകൃതമായ ഒരു ലോക സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഇനിയുണ്ടാകുന്ന ശീതയുദ്ധത്തില്‍ ഒരു ഭാഗത്ത് ചൈനയായിരിക്കുമെന്നുമുള്ള വിശകലനങ്ങളും ഉണ്ടാകുന്നു. അങ്ങനെ കോവിഡ് കാലത്ത് വാര്‍ത്തകളില്‍ ചൈന നിറഞ്ഞുനില്‍ക്കുമ്ബോഴാണ് മറ്റൊരു വിഷയം ഉടലെടുക്കുന്നത്. അത് ഹോങ്കോങ്ങുമായി ബന്ധപ്പെട്ടാണ്. ഹോങ്കോങ്ങിന്റെ ഭാവി പൂര്‍ണമായും മാറ്റുന്ന നിയമത്തിനാണ് ചൈന തയ്യാറെടുക്കുന്നത്. ഒരു പ്രത്യേക സംവിധാനമായി ഹോങ്കോങ് എത്രകാലം ഇനിയുണ്ടാകുമെന്ന സംശയവും ഈ നിയമ നിര്‍മ്മാണം ഉയര്‍ത്തുന്നു.

ഹോങ്കോങ്ങുമായുള്ള ചൈനയുടെ ബന്ധമെങ്ങനെയാണ്?

ഒരു രാഷ്ട്രം രണ്ട് വ്യവസ്ഥിതി എന്ന നിലയിലാണ് ഹോങ്കോങ്ങും ചൈനയും മുന്നോട്ട് പോകുന്നത്. ഹോങ്കോങ് ചൈനയുടെ ഭാഗമാണ്. എന്നാല്‍ ഹോങ്കോങ്ങിന് അതിന്റെതായ രാഷട്രീയ, നിയമ സംവിധാനമുണ്ട്. ഇത് സങ്കീര്‍ണമാണ്. ആ സങ്കീര്‍ണതയെ തങ്ങളുടെ നിയന്ത്രണം വര്‍ധിപ്പിച്ച്‌ ഇല്ലാതാക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നത്. അതിന്റെ ഭാഗമായാണ് പുതിയ നിയമം - നാഷണല്‍ സെക്യൂരിറ്റി നിയമം - പാസ്സാക്കാന്‍ ചൈന ഒരുങ്ങുന്നത്.

എങ്ങനെയാണ് ഹോങ്കോങ്ങ് ഇത്തരമൊരു വ്യവസ്ഥയില്‍ ഉള്‍പ്പെട്ടത്

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങ് 1997-ലാണ് ചൈനയ്ക്ക് കൈമാറിയത്. അതു കൈമാറുമ്ബോള്‍ ഉള്ള വ്യവസ്ഥയായിരുന്നു മറ്റൊരു സംവിധാനത്തില്‍ കീഴിലാവും ഹോ്‌ങ്കോങ് പ്രവര്‍ത്തിക്കുകയെന്ന്. അതിനൊരു വ്യവസ്ഥയുണ്ടാക്കി. അതാണ് ബേസിക് ലോ എന്നറിയപ്പെടുന്നത്. 1984 ല്‍ ചൈനയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ സംയുക്ത പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിലവില്‍ വന്നത്. ഹോങ്കോങ്ങിന്റെ പ്രത്യേക രാഷ്ട്രീയ നിയമ സംവിധാനങ്ങള്‍ നിലനിര്‍ത്തുമെന്നായിരുന്നു ചൈന നല്‍കിയ ഉറപ്പ്. 1997 മുതല്‍ 50 വര്‍ഷത്തേക്ക് അതില്‍ ഒരു മാറ്റം വരുത്തില്ലെന്നാണ് ചൈന അന്ന് പരസ്യമായി സമ്മതിച്ചത്.

ഇക്കാര്യം ചൈന എല്ലായ്‌പ്പോഴും പാലിക്കാറുണ്ടോ?

ഇല്ല. ഹോങ്കോങ്ങില്‍ അതുമായി ബന്ധപ്പെട്ട് നിരവധി തവണ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്തു. 1997 ലെ കൈമാറ്റത്തിന് ശേഷം 2003 ല്‍ തന്നെ ആദ്യത്തെ പ്രക്ഷോഭം നടന്നു. പിന്നീട് 2014 ല്‍ വലിയ പ്രക്ഷോഭമാണ് അരങ്ങേറിയത്. അംബ്രല്ല റവല്യുഷന്‍ അരങ്ങേറിയത് ചൈന ജനാധിപത്യ പരിഷ്‌ക്കാരങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു ഹോങ്കോങ്ങിലെ ജനങ്ങള്‍ തെരുവിലറിങ്ങിയത്.

2019 ലെ പ്രക്ഷോഭം എന്തിനായിരുന്നു?

കുറ്റവാളികളെ കൈമാറുന്ന നിയമത്തിനെതിരെ ആയിരുന്നു കഴിഞ്ഞ വര്‍ഷം ആരംഭിച്ച പ്രക്ഷോഭം. ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്. ഈ സമരത്തിന്റ ഒരു പ്രത്യേകത, അത് കുറ്റവാളികളെ കൈമാറുന്ന നിയമത്തിനെതിരെ ആയിരുന്നുവെങ്കിലും ആ നീക്കം പിന്‍വലിച്ചിട്ടും അത് തുടര്‍ന്നുവെന്നതാണ്. വമ്ബിച്ച ജനമുന്നേറ്റത്തിന് മുന്നില്‍ ആ നിയമം പിന്‍വലിക്കപ്പെട്ടു. എന്നാല്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരമായി അത് വീണ്ടും ശക്തിപ്പെട്ടു. ഇത് ചൈനയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു.

എന്താണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നാഷണല്‍ സെക്യുരിറ്റി ലോ?

ഹോങ്കോങ്കിലെ ബേസിക്ക് നിയമമനുസരിച്ച്‌ രാജ്യദ്രോഹത്തിനും വിഘടനവാദത്തിനും വിദേശ രാഷ്ട്രീയ സംഘടനകളുടെ ഇടപെടലിനുമെതിരെ നിയമ നിര്‍മാണം നടത്താം. 2003 ല്‍ ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് വേണ്ടിയുള്ള ശ്രമമുണ്ടായതാണ്. അന്ന് വലിയ പ്രക്ഷോഭമുണ്ടായി. ബേസിക്ക് ലോയുടെ അനുബന്ധം മൂന്നില്‍ പെടുത്തിയാല്‍ ചൈനയ്ക്ക് ഹോങ്കോങ്ങുമായി ബന്ധപ്പെട്ട നിയമമുണ്ടാക്കാമെന്നാണ് ചൈന പറയുന്നത്. വിദേശ നയം, പ്രതിരോധം എന്നീ വിഷയങ്ങളുമായി ചേര്‍ന്നുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ ചൈനയ്ക്ക് ഹോങ്കോങ്ങിന് ബാധകമായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയൂ. ഇത്തരം നിയമങ്ങളാണ് അനുബന്ധം മൂന്നില്‍ പെടുത്തുക. അതില്‍പ്പെടുത്തി പുതിയ നിയമങ്ങള്‍ കൊണ്ടുവരാനാണ് ഇപ്പോള്‍ ചൈന ശ്രമിക്കുന്നത്. ഇതിലുള്ള ഒരു വ്യവസ്ഥ ചൈനയ്ക്ക് ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അവിടെ സൈനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്നതാണ്. അത് ഫലത്തില്‍ ഹോങ്കോങ്ങില്‍ ചൈനയുടെ സൈന്യത്തിന് പ്രവര്‍ത്തിക്കാമെന്ന വ്യവസ്ഥ തന്നെയാണ്. ഇതോടെ ഹോങ്കോങ്ങിലെ സമരങ്ങള്‍ അടിച്ചമര്‍ത്താനും മറ്റും ചൈനയ്ക്ക് നേരിട്ട് ഇടപെടാന്‍ കഴിയും. ഇതോടെ ഫലത്തില്‍ രണ്ട് സംവിധാനം എന്നത് പേരില്‍ മാത്രമാകുമോ എന്ന സംശയമാണ് ന്യായമായും ഉന്നയിക്കപ്പെടുന്നത്.

എന്താണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത്

മേഖലയില്‍ സ്ഥിരത നടപ്പിലാക്കാന്‍ ഈ നിയമം വേണമെന്നാണ് ചൈനയുടെ നിലപാട്. ഭരണഘടനയും ബേസിക്ക് നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള സമീപനം സ്വീകരിക്കുമെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശദീകരിച്ചത്. ചൈനീസ് പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ ദിവസം തുടങ്ങി. അവിടെ വിവാദ നിയമം അവതരിപ്പിച്ച്‌ പാസ്സാക്കുമെന്നാണ് കരുതുന്നത്. ചൈന തങ്ങളുടെതെന്ന് അവകാശപ്പെടുന്ന തായ്വാനിലും ഇതിന്‍്റെ പ്രതിഫലനം ഉണ്ടായേക്കാം

2003-ലും 2014-ലും 2019-ലും ജനാധിപത്യ സമരം നടത്തി വിജയിച്ച ഹോങ്കോങ് ജനത ഇതിനെ എങ്ങനെ നേരിടുമെന്നതാണ് പ്രധാനം

ചിത്രം: ചൈനീസ് പാര്‍ലമെന്റ്റ് /എപി


Next Story

Related Stories