TopTop
Begin typing your search above and press return to search.

EXPLAINER: ചൈന, നേപ്പാൾ പാകിസ്താൻ, അതിർത്തികളിൽ എന്താണ് സംഭവിക്കുന്നത്?

EXPLAINER: ചൈന, നേപ്പാൾ പാകിസ്താൻ, അതിർത്തികളിൽ എന്താണ് സംഭവിക്കുന്നത്?

രാജ്യം കോവിഡിനെ നേരിടുമ്പോള്‍ അതിര്‍ത്തികള്‍ സമീപകാലത്തൊന്നും ഇല്ലാത്ത രീതിയില്‍ സംഘര്‍ഷത്തിലേക്ക് പോവുകയാണോ? ചൈന, പാകിസ്താന്‍ നേപ്പാള്‍ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തികളിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ വീണ്ടും സജീവമായിരിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മുതലുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് അതിർത്തികളിൽ നിലനിൽക്കുന്നത്. എങ്കിലും നേപ്പാളുമായിവാക്കുതര്‍ക്കത്തിലേക്ക് പോകുന്ന രീതിയില്‍ അത് വികസിക്കുന്നത് ഇപ്പോഴാണ്.

എന്താണ് ഇന്ത്യയുടെ അതിര്‍ത്തികളിലെ സംഘർഷങ്ങൾക്ക് കാരണം?ചൈനീസ് അതിര്‍ത്തികളില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ചൈനയുമായി ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നത് ഇന്നും ഇന്നലെയുമല്ല. എന്നാല്‍ 2017-ലെ ദോക്ലാം സംഭവത്തിന് ശേഷമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഇപ്പോഴുണ്ടായ പ്രശ്‌നം ലഡാക്കിലെ അതിര്‍ത്തിയിലാണ്. ഇന്ത്യ അതിര്‍ത്തിയുടെ സ്വഭാവം (എല്‍എസി) മാറ്റുന്നുവെന്നാരോപിച്ച് ചൈനീസ് സൈന്യത്തെ ഈ മേഖലയില്‍ വിന്യസിച്ചതാണ് പ്രശ്‌നത്തിന് കാരണം. ഇതുപോലെ വടക്കൻ സിക്കിമിലും ചൈന സൈനിക നീക്കം നടത്തി. ഇന്ത്യ ലഡാക്ക് മേഖലയില്‍ നിര്‍മ്മിക്കുന്ന റോഡാണ് ചൈന പ്രകോപിപ്പിക്കപ്പെടാന്‍ കാരണം. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി, പ്രത്യേകിച്ച് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്. ലേയില്‍നിന്ന് കാറക്കോരം പാസിലേക്കുളള റോഡാണ് ഇന്ത്യ അടുത്ത് നിര്‍മ്മിച്ചത്. അതിര്‍ത്തിയില്‍ ചൈനയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇന്ത്യ അങ്ങനെ ചെയ്യുന്നത് അതിര്‍ത്തി രേഖയുടെ സ്വാഭാവം മാറ്റുന്നതിനാണെന്നാരോപിച്ചാണ് ചൈനയുടെ സൈനിക നീക്കം. 2017 ല്‍ ഭൂട്ടാന്‍ - ഇന്ത്യ - ചൈന സന്ധി മേഖലയായ ദോക്ലാം ആയിരുന്നു പ്രശ്‌നമേഖല. അവിടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പ്രശ്‌നമായത്. ആ പ്രദേശം ഭൂട്ടാന്‍ - ചൈന അതിര്‍ത്തിയാണെന്നും ഇന്ത്യയ്ക്ക് അവകാശമില്ലെന്നുമുള്ള നിലപാടാണ് ബെയ്ജിംങ് സ്വീകരിച്ചത്. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ചര്‍ച്ച നടത്തുകയും അതിര്‍ത്തി പ്രശ്‌നം മുന്‍ ധാരണകളുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാമെന്ന തീരുമാനിക്കുകയും ചെയ്തിരുന്നു. 2003ലും 2005 ലും ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ ധാരണകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു ധാരണ. പിന്നീട് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് ഇപ്പോള്‍ വീണ്ടും സമാന സ്വഭാവമുളള പ്രശ്‌നം ഉണ്ടായിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന സംഘര്‍ഷമായി മാറാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇരു രാജ്യങ്ങളും നടത്തുന്നത്.ഇതേക്കുറിച്ച് അമേരിക്ക എന്ത് നിലപാടാണ് എടുത്തത്. ചൈന - അമേരിക്ക ബന്ധം സമീപകാലത്തെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍. അതുകൊണ്ട് അമേരിക്കന്‍ നിലപാട് ചൈനയ്ക്ക് എതിരാകുന്നത് സ്വാഭാവികവുമാണ്. ഇന്ത്യക്കെതിരെ ചൈന നടത്തിയ സൈനിക നീക്കത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രതികരിച്ചത്. സൗത്ത് ചൈന സീയുമായി ബന്ധപ്പെട്ട് അമേരിക്ക എടുക്കുന്ന നിലപാടുകള്‍ തന്നെയാണ് ഇതെന്നും അവര്‍ ആരോപിച്ചു. നേപ്പാള്‍ അതിര്‍ത്തിയില്‍ എന്താണ് പുതിയ പ്രശ്‌നംഇവിടെയും പ്രശ്‌നം റോഡു തന്നെ. മാനസസരോവര്‍ തീര്‍ത്ഥയാത്രയ്ക്കു പോകുന്നവര്‍ക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിന് ഇന്ത്യ പണിത റോഡാണ് പ്രശ്‌നമായത്. ഉത്തരാഖണ്ഡിലെ ധാര്‍ച്ചൂല മുതൽ ടിബറ്റ് അതിര്‍ത്തിയിലെ ലിപുലേഖ് പാസ് വരെയാണ് റോഡ് പണിതത്. ഈ പ്രദേശം തങ്ങളുടെതാണെന്നാണ് നേപ്പാളിന്റെ അവകാശവാദം.ഇന്ത്യയുടേത് 'ഏകപക്ഷീയ'മായ നടപടിയാണെന്നാരോപിച്ച് നേപ്പാള്‍ പ്രതിഷേധിച്ചതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രസ്താവനാ യുദ്ധത്തിലേക്കാണ് അതെത്തിയത്.നേപ്പാളിന്റെ എതിര്‍പ്പിന് പിന്നില്‍ മറ്റൊരുടെയോ പ്രേരണ ഉണ്ടെന്നാണ് ഇന്ത്യയുടെ കരസേന മേധാവി എംഎം നരവണെ പറഞ്ഞത്. ചൈനയെ ഉദ്ദേശിച്ചാണ് കരസേന മേധാവി ഈ പ്രസ്താവന നടത്തിയതെന്നത് വ്യക്തമാണ്. ലിപുലേഖ് മാത്രമല്ല, ലിംപിയാധുര, കാലപാനി എന്നി പ്രദേശങ്ങളും നേപ്പാളിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരി പറയുന്നു. ഈ പ്രദേശങ്ങളൊക്കെ ചേര്‍ത്ത് പുതിയ ഭൂപടം നേപ്പാള്‍ പുറത്തിറക്കിയതിനെ ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ സംഭവംകാലി നദിക്ക് കിഴക്കുള്ള പ്രദേശം തങ്ങളുടെയാണെന്ന നേപ്പാളിന്റെ അവകാശവാദത്തില്‍ തര്‍ക്കമില്ലെന്ന് പറഞ്ഞ കരസേന മേധാവി, ഇന്ത്യ നിര്‍മ്മിച്ച റോഡ് കാലി നദിക്ക് പടിഞ്ഞാറാണെന്നും അവകാശപ്പെട്ടു. ഇപ്പോള്‍ ഈ അവകാശം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പറഞ്ഞാണ് അദ്ദേഹം, ചൈനീസ് സ്വാധീനം ഇതിന് പിന്നിലുണ്ടാകാമെന്ന് പറഞ്ഞത്. എന്നാല്‍ സിക്കിം അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ പ്രശ്നങ്ങളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഉത്തരാഖണ്ഡിലെ ഘടിയാബാഗില്‍നിന്നും ലിപുലേഖ് പാസിലേക്കാണ് ഇന്ത്യ പാത പണിതത്. ഇന്ത്യ- ചൈന - നേപ്പാള്‍ ത്രികോണ അതിര്‍ത്തിയുടെ സമീപത്താണത്. ഇന്ത്യയുമായി 1800 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാള്‍. ഇപ്പോള്‍ നേപ്പാള്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്ന കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങളും ഇപ്പോള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ഇവിടെ ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിരിക്കയാണ്. ബ്രിട്ടീഷുകാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കാലി നദിയായിരുന്നു നേപ്പാളുമായുള്ള അതിര്‍ത്തി എന്നും പറയുന്നു. 1962-ലാണ് നേപ്പാള്‍ ആദ്യമായി ഈ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഒരിക്കലും ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നമായി ഇത് വളര്‍ന്നിരുന്നില്ല. ഭൂപടമിറക്കാന്‍ നേപ്പാളിന് കഴിയാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കരുതുന്ന വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരും അവിടെയുണ്ട്.തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ അംബാസിഡര്‍ വിനയ് മോഹന്‍ ക്വാത്രയെ നേപ്പാള്‍ വിദേശകാര്യ വകുപ്പ് വിളിപ്പിച്ചിരുന്നു.കാലാപാനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ഇന്ത്യ ഭൂപടം പ്രസിദ്ധീകരിച്ചത് നേപ്പാളിലെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.പാകിസ്താന്‍ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നത്സ്ഥിരം സംഭവിക്കുന്നത് തന്നെയാണ് ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇപ്പോഴും സംഭവിക്കുന്നത്. പുഞ്ച്, ബാരമുള്ള, നൗഷേര, കുപ്വാര, ഉറി, ആര്‍.എസ് പുര എന്നിവിടങ്ങളിലെ അതിര്‍ത്തികളിലാണ് പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉള്ളത്. കാശ്മീരിലേക്ക് ഭീകരരെ കടത്തി വിടുന്നതിന്റെ ഭാഗമാണ് ആക്രമണം നടത്തുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം. കഴിഞ്ഞ രണ്ട് മാസത്തോളമായി പാകിസ്താന്‍ ഷെല്ലാക്രമണം നടത്തുന്നുണ്ടെന്നും ഇന്ത്യ പറയുന്നു. അതേസമയം, പ്രകോപനം ഇന്ത്യയുടെ ഭാഗത്തുനിന്നാണെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്.


Next Story

Related Stories